27 April 2024, Saturday

Related news

April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024

വൃത്തികെട്ട സംസ്കാരം: കോണ്‍ഗ്രസിനെപ്പറ്റി കെ സുധാകരന്‍

Janayugom Webdesk
കോഴിക്കോട്
September 29, 2021 10:06 pm

ഇത്രയേറെ വൃത്തികെട്ട സംസ്കാരം പേറുന്ന പാർട്ടി കോൺഗ്രസിനെപ്പോലെ ഇന്ത്യാ രാജ്യത്ത് വേറെയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിനെപ്പോലെ അച്ചടക്കവും സംസ്കാരവുമില്ലാത്ത പാർട്ടി ലോകത്ത് മറ്റൊന്നുണ്ടാവില്ല. നേതാക്കളെ ചീത്തവിളിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും തയ്യാറാകുന്നവര്‍ എന്തു കോൺഗ്രസുകാരാണ്. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ തോൽപ്പിക്കുന്ന നേതാക്കൻമാരെ പാർട്ടിക്ക് വേണമോയെന്ന് ആലോചിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ പുറത്തുനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ നിഷ്ക്രിയരായ നേതാക്കൻമാർ ആറുമാസത്തിനപ്പുറം പോകില്ലെന്നും കെ സുധാകരൻ ഡിസിസി പ്രസിഡന്റുമാർക്കും ഭാരവാഹികൾക്കും മുന്നറിയിപ്പും നൽകി. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്ക് വിധേയരായി പ്രവർത്തിക്കാത്തവരെ വച്ചുപൊറുപ്പിക്കില്ല. അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. എ കെ ആന്റണിയെയും രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും ഉൾപ്പെടെയുള്ളവരെ സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുകയാണ്. ഇതെല്ലാം കാണുന്ന പൊതുജനങ്ങൾക്ക് പാർട്ടിയെക്കുറിച്ച് എന്ത് മതിപ്പാണ് ഉണ്ടാവുകയെന്ന് ചോദിച്ച അദ്ദേഹം അച്ചടക്കം പാലിക്കാൻ പ്രവർത്തകർക്ക് കൈപുസ്തകം നൽകുമെന്നും പറഞ്ഞു.


ഇതുകൂടി വായിക്കൂ : കെ സുധാകരന്‍ എഐസിസിക്ക് നല്കിയ ശുപാർശ ചോർന്നു; മുതിർന്ന നേതാക്കളുടെ പ്രതിഷേധം അണപൊട്ടി


കാലാകാലങ്ങളായി പാർട്ടിക്കൊപ്പം നിന്നവരെല്ലാം കൈവിട്ടു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലെല്ലാം ഒപ്പമുണ്ടായിരുന്ന സാമൂഹ്യവിഭാഗവും കൈവിട്ടു. ആലപ്പുഴയിലും തിരിച്ചടി നേരിട്ടു. കോഴിക്കോട് ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവുന്നില്ല. കെപിസിസി നടത്തിയ സർവേയിൽ അറുപത് ശതമാനം നേതാക്കളും വിശ്വാസ്യതയില്ലാത്തവരാണെന്നാണ് കണ്ടെത്തിയത്. 46 ശതമാനം ബൂത്തുകളിലും കമ്മിറ്റികൾ പ്രവർത്തിക്കുന്നില്ല. പുതിയ ഡിസിസി പ്രസിഡന്റുമാർക്ക് ആറുമാസം സമയം നൽകിയിട്ടുണ്ട്. പ്രവർത്തനക്ഷമമല്ലാത്തവരെ മാറ്റും.
തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ തോൽപിക്കാൻ ശ്രമിച്ചവരെക്കുറിച്ച് ഘടകകക്ഷികൾ ഉള്‍പ്പെടെ പരാതി ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾ പലതും ചില വ്യക്തികളുടെ പേരിലാണ് അറിയപ്പെടുന്നത്. പാർട്ടിക്ക് ദൗർബല്യം ഉണ്ടായിട്ടുണ്ട്. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്തതും പാർട്ടിക്ക് തിരിച്ചടിയായി. ഇത് മറികടന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളാണ് ആരംഭിച്ചിട്ടുള്ളത്.


ഇതുകൂടി വായിക്കു: സെമി കേഡറിന് തിരിച്ചടിയായി കലാപനീക്കങ്ങൾ; കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തില്‍


സെമി കേഡർ സ്വഭാവത്തിലേക്ക് കോൺഗ്രസിനെ മാറ്റുമെന്ന് പറഞ്ഞപ്പോൾ എന്താണ് കേഡർ എന്നറിയില്ലെന്ന് പരിഹസിച്ചവരുണ്ട്. കേഡർ എന്ന പദം താൻ ഉണ്ടാക്കിയതല്ല. രാജ്യത്തിനും പാർട്ടിക്കും വേണ്ടി ജീവൻ സമർപ്പിക്കാൻ തയ്യാറായവരാണ് കേഡർമാരെന്നും കെ സുധാകരൻ പറഞ്ഞു.

Eng­lish Sum­ma­ry : con­gress is a dirty cul­ture says k sudhakaran

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.