27 April 2024, Saturday

Related news

April 26, 2024
March 14, 2024
January 13, 2024
January 11, 2024
December 22, 2023
November 23, 2023
November 22, 2023
November 17, 2023
October 16, 2023
October 15, 2023

വിവാദ പരാമര്‍ശങ്ങള്‍ മുന്‍ കരസേനാ മേധാവിയുടെ ആത്മകഥ പുറത്തിറങ്ങാന്‍ വൈകും: ആമസോണ്‍ ഓഡറുകള്‍ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2024 7:06 pm

അഗ്നിപഥ് ഉള്‍പ്പെടെ വിവാദ പരാമര്‍ശങ്ങളുള്‍പ്പെട്ട മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ ആത്മകഥ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡസ്റ്റിനി പുറത്തിറങ്ങാന്‍ വൈകും. ജനുവരി 15നാണ് പുസ്തകത്തിന്റെ പ്രകാശനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആമസോണ്‍ ജനുവരിയിലെ ഓഡറുകള്‍ റദ്ദാക്കി. ഏപ്രില്‍ 30ന് ശേഷമായിരിക്കും പുസ്തകം ലഭിക്കുകയെന്ന് ആമസോണ്‍ വ്യക്തമാക്കുന്നു. 

പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാശ്യമന്ത്രാലയത്തിന്റെയും പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും പുസ്തകം പുറത്തിറക്കുക.
ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ‑ചൈന സൈനികരുടെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി നരവനെ നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പുസ്തകത്തിലെ ഏതാനും ഭാഗങ്ങള്‍ വാർത്താ ഏജൻസിയായ പിടിഐ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ പുസ്തകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന് പ്രസാധകർക്ക് സൈന്യം നിർദേശം നൽകിയതായാണ് വിവരം. പെൻഗ്വിൻ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടൽമുതൽ കരസേനയിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിപഥ് പദ്ധതിവരെയുള്ള വിഷയങ്ങളിൽ കരസേനാമേധാവിയായിരുന്ന കാലത്ത് തനിക്കുണ്ടായ അനുഭവങ്ങളാണ് നരവനെയുടെ ഓർമക്കുറിപ്പുകളുടെ ഉള്ളടക്കം.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്കുസമീപം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി 2020 ഓഗസ്റ്റിൽ നടത്തിയ സൈനികനീക്കമാണ് ഔദ്യോഗികജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, നരവനെ പറയുന്നു. വിഷയത്തിന്റെ ഗൗരവം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ‘ഉചിതമെന്ന് തോന്നുന്നത് ചെയ്യുക’ എന്നുമാത്രമായിരുന്നു തനിക്കുലഭിച്ച മറുപടിയെന്നും പുസ്തകത്തില്‍ പറയുന്നതായാണ് വിവരം. പിന്നീടുനടന്ന ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യത്തിനേറ്റ പ്രഹരം ഷി ജിൻപിങ് ഉടനൊന്നും മറക്കാനിടയില്ലെന്നും തികച്ചും അപ്രതീക്ഷിതമായാണ് അഗ്നിപഥ് പദ്ധതി നടപ്പിലാക്കിയതെന്നും പ്രസ്താവനയിലുണ്ട്. 

നരവനെയുടെ അഗ്നിപഥ് പരാമര്‍ശം തെറ്റാണെന്നും ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയെന്നും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറ‍ഞ്ഞിരുന്നു. 2022 ഏപ്രില്‍ 30നാണ് കരസേനാ മേധാവി സ്ഥാനത്തുനിന്ന് നരവനെ വിരമിച്ചത്. 

Eng­lish Sum­ma­ry: Con­tro­ver­sial remarks delay release of ex-army chief’s autobiography

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.