26 April 2024, Friday

കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധിക്ക് പരിഹാരമാകുമോ

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 20, 2021 6:00 am

ഇന്ത്യന്‍ ബാങ്കിങ് വ്യവസ്ഥ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഭിമുഖീകരിച്ചുവരുന്ന ഗുരുതരമായൊരു പ്രശ്നമാണ്, നിഷ്ക്രിയാസ്തി അഥവാ കിട്ടാക്കടം എന്ന പ്രതിഭാസം. ഏതാനും ചില പൊതുമേഖലാ ബാങ്കുകളുടെ നിലനില്പുപോലും ഭീഷണിയിലകപ്പെടുന്നൊരു സ്ഥിതിവിശേഷമാണ് ഇതിലൂടെ ഉളവായിരിക്കുന്നതും. വായ്പയായി കൈപ്പറ്റിയ കോടിക്കണക്കിനു രൂപയും അതിനുമേലുള്ള സാധാരണ നിരക്കുകളിലുള്ള പലിശാ ബാധ്യതക്ക് പുറമെ, തുടര്‍ച്ചയായ തിരിച്ചടവു വീഴ്ച, കരുതിക്കൂട്ടിയോ അല്ലാതെയോ വരുത്തിയതിന്റെ ഫലമായി ചുമത്തപ്പെടുന്ന പിഴപ്പലിശയും ചേര്‍ന്നാല്‍ പലപ്പോഴും ഈ കിട്ടാക്കട ബാധ്യത 10 ലക്ഷം മുതല്‍ 12 ലക്ഷം കോടി രൂപവരെയാണെന്നായിരുന്നു ഏകദേശ കണക്ക്. ഈ പ്രശ്നത്തിനുള്ള പരിഹാരങ്ങളുടെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുതല്‍ തിരിച്ചടവു കാലാവധി നീട്ടിക്കൊടുക്കലും പലിശ ഇളവുകളും വായ്പാ എഴുതിത്തള്ളല്‍ വരെയും നടത്തിയതിനു ശേഷവും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മാറ്റമില്ലാതെ തുടരുകയാണിന്നും. ചില പൊതുമേഖലാ ബാങ്കുകള്‍ക്ക് ബജറ്ററി വിഹിതം നല്കി മൂലധന ശാക്തീകരണ നടപടികളും സ്വീകരിക്കപ്പെട്ടുവരുന്നുണ്ട്. ഈ നയവും പ്രായോഗികമായി തുടരാന്‍ കേന്ദ്ര ഭരണകൂടങ്ങള്‍ക്കും കഴിയാറില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേന്ദ്ര ക്യാബിനറ്റ് 2021 സെപ്റ്റംബറില്‍ ചേര്‍ന്ന യോഗത്തില്‍ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎന്‍) എന്ന സംവിധാനത്തിന്റെ പ്രവര്‍ത്തന സഹായമെന്ന നിലയില്‍ 30,000 കോടി രൂപ മൂല്യമുള്ള സെക്യൂരിറ്റികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്കാന്‍ തീരുമാനത്തിലെത്തിയത്. ഈ സംവിധാനം ഫലത്തില്‍ സഹായം നല്കുക ഒരു ബാഡ് ബാങ്ക് — മോശം ബാങ്ക് — എന്ന നിലയില്‍ അറിയപ്പെടുന്ന ബാങ്കിങ് സ്ഥാപനത്തിനുമായിരിക്കും.

 


ഇതുംകൂടി വായിക്കാം: വായ്പാ മൊറട്ടോറിയം: കേന്ദ്ര സർക്കാരും ആർബിഐയും; മലക്കം മറിഞ്ഞു


 

കിട്ടാക്കടം മുഴുവനായും സ്വരൂപിക്കുകയും അതെല്ലാം ‘മോശം’ വായ്പകളായി പരിഗണിക്കുകയും ചെയ്യുകയാണ് ബാങ്കിന്റെ ചുമതല. അതായത് ‘മോശം ബാങ്ക്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ബാങ്കുകളുടെ കിട്ടാക്കട ബാധ്യതകള്‍ ഏറ്റെടുക്കുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഒരു ധനകാര്യ സ്ഥാപനം എന്നുതന്നെയാണ്. കിട്ടാക്കടം അഥവാ നിഷ്ക്രിയാസ്ഥികള്‍ (എന്‍പിഎ) കുമിഞ്ഞുകൂടിയിട്ടുള്ള ബാങ്കുകള്‍ ഇത്തരം ആസ്തികള്‍ പുതുതായി നിലവില്‍ വരുന്ന ബാഡ് ബാങ്കിന് വില്പന നടത്തുകയും അങ്ങനെ മോശം വായ്പകളില്‍ നിന്നും സ്വയം രക്ഷപ്പെടുകയും ചെയ്യുക എന്നതാണ് ആദ്യഘട്ടത്തിലെ നടപടി. എന്‍എആര്‍സിഎല്‍ എന്ന ധനകാര്യ സംവിധാനം സ്ഥാപിതമാക്കപ്പെടുക, വായ്പാദാതാക്കളുടെ സഹായത്തോടെയായിരിക്കുന്നതിനു പുറമെ അതിന്റെ 51 ശതമാനം ഉടമസ്ഥാവകാശവും പൊതുമേഖലാ ബാങ്കുകള്‍ക്കുതന്നെ ആയിരിക്കുകയും ചെയ്യുമെന്നാണ് വിവക്ഷിക്കപ്പെടുന്നത്. ഇതിലേക്കായി തിരിച്ചടവു വീഴ്ചമൂലം കനത്ത സമ്മര്‍ദ്ദത്തിലായിരിക്കുന്ന ആസ്തികളുടെ നിയന്ത്രണം 90,000 കോടി രൂപ വരെ ആദ്യഘട്ടത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ തന്നെ നിക്ഷിപ്തമായിരിക്കുകയും ചെയ്യുമത്രെ. പുതുതായി മോഡി സര്‍ക്കാരിന്റെ ഭാവനയില്‍ രൂപപ്പെട്ടുവരുന്ന ഈ ആശയം അനുസരിച്ച് സഹായം ലഭിക്കുക ചെറുകിട വായ്പാ ബാധ്യതയുള്ളവര്‍ക്കായിരിക്കില്ല എന്നത് ശ്രദ്ധേയമായി കാണണം. മറിച്ച് അതിന്റെ നേട്ടം ‘ബിഗ് ടിക്കറ്റ്’ വായ്പകള്‍ — അതായത് 500 കോടി രൂപയോ അതിലേറെയോ കൈപ്പറ്റിയവര്‍ക്കായിരിക്കും. ക്രമേണ ഇതിന്റെ വ്യാപ്തി താഴോട്ട് നീങ്ങുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശ്വാസം ലഭ്യമാവുകയും ചെയ്യുക രണ്ടു ലക്ഷം കോടി രൂപവരെ കിട്ടാക്കട ബാധ്യതയുള്ളവര്‍ക്കായിരിക്കും. ഇതിലും താഴോട്ടുള്ളവര്‍ക്കായി പദ്ധതിയുടെ രണ്ടാംഘട്ടംവരെ കാത്തിരിക്കേണ്ടതായിവരും.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന 30,000 കോടി രൂപയുടെ ഗ്യാരന്റി അഞ്ചുവര്‍ഷത്തേക്കു മാത്രമായിരിക്കും. മോശം ബാങ്ക് ആസ്തികള്‍ ഏറ്റെടുക്കുക, കിട്ടാക്കട ബാധ്യതക്ക് ചുമതലയുള്ള വായ്പാ ദാതാക്കളും ഈ പദ്ധതിക്ക് നേതൃത്വം നല്കുന്ന ബാങ്കും അതായത് ‘ലീഡ് ബാങ്ക്’ ചേര്‍ന്ന് രൂപം നല്കുന്ന ഒരു ഗ്രൂപ്പിന്റെ സഹായത്തോടെയായിരിക്കും. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറയുന്നത്, എന്‍എആര്‍സിഎല്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് മൂല്യനിര്‍ണയത്തിനുശേഷം 15 ശതമാനം പണമായി നല്കുമെന്നും ശേഷിക്കുന്ന തുകയ്ക്കുള്ള സെക്യൂരിറ്റി രസീതുകളും നല്കുമെന്നാണ്. ഈ രസീതുകള്‍ക്കാണെങ്കില്‍ സര്‍ക്കാര്‍ വാഗ്ദാനമായ 30,600 കോടി രൂപയുടെ സഹായമുണ്ടായിരിക്കും. എന്‍എആര്‍സിഎല്ലിന്റെ സഹായത്തിനായി പൊതു സ്വകാര്യമേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സംവിധാനം ഇന്ത്യ ഡെറ്റ് റെസല്യൂഷന്‍ കമ്പനി ലിമിറ്റഡ് നിലവില്‍ വരുകയും ചെയ്യും. ഈ കടബാധ്യത പരിഹാര കമ്പനിയായിരിക്കും അന്തിമമായ പ്രശ്ന പരിഹാരാര്‍ത്ഥം ഏറ്റെടുക്കപ്പെടുന്ന ആസ്തിവകകളുടെ മൂല്യം മെച്ചപ്പെടുത്താന്‍ പരിശ്രമങ്ങള്‍ നടത്തുക. ഇത്തരമൊരു പ്രശ്നപരിഹാര പ്രക്രിയ പൂര്‍ത്തീകരിക്കപ്പെടുന്നതോടെ ശേഷിക്കുന്ന സെക്യൂരിറ്റി രസീതുകളുടെ രൂപത്തിലുള്ള 85 ശതമാനം തുകയും ബാങ്കുകള്‍ക്ക് ലഭ്യമാക്കപ്പെടും. ഏതായാലും ഏറെക്കാല താമസത്തിനും സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന് അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് എന്‍പിഎകളുടെ പ്രശ്നത്തിന് കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പുകല്പിക്കാന്‍ ഇപ്പോഴെങ്കിലും ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടം വന്നതോടെയാണ് നിലവിലുള്ള ഡെബ്റ്റ് റിക്കവറി സംവിധാനങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു എന്ന പരോക്ഷ കുറ്റസമ്മതം കൂടിയായി വ്യാഖ്യാനിക്കപ്പെടാവുന്നൊരു പുതിയ സംവിധാനത്തിന് രൂപം നല്കാന്‍ മോഡി സര്‍ക്കാര്‍ സന്നദ്ധമായത്. ഇതോടെ ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക് റപ്സികോഡ് എന്ന നിയമവും അപ്രസക്തമാകും.
മാത്രമല്ല, ഡോ. രഘുറാം രാജന്‍ കമ്മിറ്റി വായ്പാ തിരിച്ചടവു വീഴ്ചക്ക് കരുതിക്കൂട്ടി രംഗത്ത് നിലകൊള്ളുന്നവരും യഥാര്‍ത്ഥ പ്രശ്നങ്ങളെ തുടര്‍ന്ന് വീഴ്ച വരുത്തിയവരും ഉണ്ടെന്ന് തുറന്ന് പ്രഖ്യാപിച്ച സാഹചര്യവും ഈ പുതിയ നീക്കത്തിനുള്ള പ്രേരകശക്തിയായിരിക്കാമെന്നും കരുതേണ്ടിവരുന്നു. ഇതിനോടൊപ്പം ബാങ്ക് ജീവനക്കാരെ കിട്ടാക്കടമെന്ന ഒഴിയാബാധക്കു കാത്തുനിന്നും പുറത്തു കടക്കാന്‍ വാതില്‍ തുറന്നുകിട്ടാനും പുതിയ വായ്പാ സാധ്യതകള്‍ തേടി അവ വിനിയോഗിച്ച് സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാനും കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ വിദ്യ സഹായകമാകുമോ എന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. കാരണം ബാങ്കുകള്‍ക്ക് ഇന്ന് അനിവാര്യമായിരിക്കുന്ന മൂലധന ലഭ്യത ഉറപ്പാക്കുക എന്നതാണ്. ഈ ഉറപ്പ് ഉടനടി പാലിക്കപ്പെടാന്‍ സാധ്യതകള്‍ വിരളവുമാണ്. പുനര്‍മൂലധനവല്ക്കരണവുമായി ഏറെനാള്‍ മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിനും കഴിയില്ല.

 


ഇതുംകൂടി വായിക്കാം: കിട്ടാക്കടവും ബാഡ് ബാങ്കും


 

ഇവിടെയാണ് എന്‍സിഎകളുടെ മൊത്തത്തിലുള്ള വലുപ്പവും ഓരോ ബാങ്കിന്റെയും പ്രത്യേകമായുള്ളവയുടെ വലുപ്പവും സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിക്കുന്നത്. താല്ക്കാലികമായ ആശ്വാസ നടപടികളെങ്കിലും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കാതെ തരമില്ല. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഗ്യാരന്റി, അത് അഞ്ചു വര്‍ഷത്തേക്കാണെങ്കില്‍ തന്നേയും വലിയൊരു ആശ്വാസമായിരിക്കും മോശം ബാങ്കുകള്‍ക്ക് നല്കുക. ഈ ഗ്യാരന്റി തുക അവയ്ക്ക് ലഭ്യമാക്കുക പ്രശ്നം പരിഹാരത്തോടടുക്കുന്ന ഘട്ടത്തിലോ ബാങ്കിങ് സ്ഥാപനം തന്നെ ലിക്വിഡേറ്റ് ചെയ്യുന്ന ഘട്ടത്തിലോ ആയിരിക്കും. ഈ സഹായ തുകയാണെങ്കിലോ സെക്യൂരിറ്റി രസീതുകളുടെ മൂല്യവും യഥാര്‍ത്ഥത്തില്‍ തിരികെ കിട്ടുന്ന തുകയും തമ്മിലുള്ള വ്യത്യാസത്തെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുക. കേന്ദ്ര സര്‍ക്കാരിന്റെ ഈ ഗ്യാരന്റി — ഉറപ്പ് — രസീതുകളുടെ ലിക്വിഡിറ്റി ഉയര്‍ത്തുമെന്നു മാത്രമല്ല, അവയുടെ കൈമാറ്റം സുഗമമാക്കുകയും ചെയ്യും. ആസ്തികള്‍ വേറിട്ട നിലയിലായിരിക്കില്ല കൈകാര്യം ചെയ്യപ്പെടുക. ആസ്തികളുടെ കൂട്ടമായിട്ടായിരിക്കും. ഇക്കാരണത്താല്‍ തന്നെ ലഭ്യമാകുന്ന മൂല്യം അത് നേടിയെടുക്കാന്‍ ആവശ്യമായ ചെലവിനേക്കാള്‍ ഏറിയിരിക്കാനാണ് കൂടുതല്‍ സാധ്യത. സര്‍ക്കാര്‍ ഗ്യാരന്റി തന്നെ വേണ്ടിവന്നേക്കില്ല. ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ ഭാവി എന്തായിരിക്കുമെന്നതാണ് പരിശോധിക്കേണ്ട മറ്റൊരു വിഷയം. ദേശീയ ആസ്തി പുനഃസംഘടനാ കമ്പനി ലിമിറ്റഡ് (എന്‍എആര്‍സിഎല്‍) ഇന്ത്യ കടബാധ്യതാ പരിഹാര കമ്പനി ലിമിറ്റഡ് (ഐഎആര്‍സിഎല്‍) എന്നിങ്ങനെയുള്ള രണ്ട് സംവിധാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ കടക്കെണിയില്‍ അകപ്പെട്ടിരിക്കുന്ന ബാങ്കുകളുടെ മൂലധന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ ഗ്യാരന്റിയുടെ പിന്‍ബലമുള്ളതിനാല്‍ സമ്മര്‍ദ്ദത്തിലായ ആസ്തികള്‍ക്ക് ആശ്വാസം കാലതാമസമില്ലാതെ പകര്‍ന്നുനല്കാന്‍ സാധ്യമാകുമെന്നാണ്. സ്വാഭാവികമായും കിട്ടാക്കടത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സെക്യൂരിറ്റി രസീതുകളുടെ സഹായത്തോടെ കുമിഞ്ഞുകൂടിയിരിക്കുന്ന ബാധ്യതകള്‍ ക്രമേണ കുറച്ചുകൊണ്ടുവരാനും സ്വയം പ്രവര്‍ത്തന സജ്ജമാക്കാനും കഴിയുമെന്ന് ധനമന്ത്രാലയം കണക്കുകൂട്ടുന്നുണ്ട്. തത്വത്തില്‍ ഇത്തരം വാദഗതികളും പ്രതീക്ഷകളും സാധൂകരിക്കാന്‍ കഴിയുമെങ്കിലും ‘മോശം ബാങ്ക് എന്ന ചീത്തപ്പേരില്‍ നിന്നും നിരവധി പൊതുമേഖലാ ബാങ്കുകള്‍ക്ക് മോചനം കിട്ടുക അത്ര എളുപ്പമുള്ള കാര്യമാണെന്നു തോന്നുന്നില്ല. മാത്രമല്ല, ഇന്ത്യയിലെ കുത്തക കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് വായ്പകള്‍ നല്കാന്‍ കേന്ദ്രത്തില്‍ മാറിമാറി അധികാരത്തിലെത്തിയ ഭരണകൂടങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ശീലിച്ചുവന്നിട്ടുള്ള ബാങ്ക് മേധാവികള്‍ തങ്ങളുടെ മുന്‍കാല ശീലങ്ങള്‍ അത്ര എളുപ്പത്തില്‍ ഉപേക്ഷിച്ചേക്കില്ല. ഡോ. രഘുറാം രാജന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തിരിച്ചടവു വീഴ്ചവരുത്തിയ കോര്‍പറേറ്റുകളെ കൂടുതല്‍ കര്‍ശനമായ നടപടികളിലൂടെതന്നെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമെന്ന വ്യക്തമായൊരു മുന്നറിയിപ്പുകൂടി ബന്ധപ്പെട്ടവര്‍ക്ക് നല്കുന്നത് പ്രശ്നപരിഹാര നടപടികളുടെ ഭാഗമാക്കുന്നതായിരിക്കും കരണീയമായിരിക്കുക. മറിച്ചാണെങ്കില്‍ അധികൃത സ്ഥാനത്തിരിക്കുന്നവരുടെ അലംഭാവം തുടരുകതന്നെ ചെയ്യും.

2020 ജനുവരിയില്‍ ബാങ്ക് ഫോര്‍ ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ്സ് എന്ന സ്ഥാപനം തയ്യാറാക്കിയ ‘മോശം ബാങ്കുകളുടെ പ്രശ്ന പരിഹാരങ്ങളും ബാങ്ക് വായ്പയും’ എന്ന ഒരു പ്രബന്ധം തയാറാക്കിയിരുന്നു. 15 യൂറോപ്യന്‍ ബാങ്കിങ് വ്യവസ്ഥകളുടെ ഭാഗമായി 135 ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധമായ വിശദമായ പഠനത്തിനും വിശകലനത്തിനും ശേഷമായിരുന്നു ഇത്. 2000 – 2016 കാലയളവിലേക്കായിരുന്നു ഈ പഠനപ്രക്രിയ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ബാങ്കിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ഫലപ്രദവും ലാഭകരവുമാകണമെങ്കില്‍ സമഗ്രവും സര്‍വതല സ്പര്‍ശിയും സുതാര്യവുമായൊരു രീതി ശാസ്ത്രം അനിവാര്യമാണെന്നാണ്. മൂലധന ശാക്തീകരണം മാത്രം ഇതിനു പര്യാപ്തമാവില്ല. ഈ രണ്ടു വശങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. ഏറ്റവുമൊടുവില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍കൈയെടുത്ത് മുന്നോട്ടുവച്ചിരിക്കുന്ന കിട്ടാക്കട പ്രശ്നപരിഹാര നടപടികള്‍ സമഗ്ര സ്വഭാവമുള്ളവയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിന്റെ ഫലപ്രാപ്തി തൃപ്തികരമാവണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നിതാന്തജാഗ്രതയും ഇടതടവില്ലാതെയുള്ള മോണിറ്ററിങും ഒഴിച്ചുകൂടാനാവാത്തതാണ്. ഇതെത്രമാത്രം നടക്കുമെന്ന് കാത്തിരുന്നു കാണുകതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.