26 April 2024, Friday

Related news

February 6, 2024
November 19, 2023
October 20, 2023
September 28, 2023
May 18, 2023
November 29, 2022
July 1, 2022
May 18, 2022
April 27, 2022
April 22, 2022

നിക്ഷേപം വർദ്ധിപ്പിച്ച് കേരള ബാങ്ക്; 1,06,396 കോടിയുടെ ഇടപാട്, 18200 കോടി വായ്പ

Janayugom Webdesk
തിരുവനന്തപുരം
September 29, 2021 6:30 pm

കേരള ബാങ്കിൽ നിക്ഷേപ വർദ്ധന. 2020- 2021 സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപത്തിൽ 9.27 ശതമാനത്തിന്റെ വർദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയർന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൂർണ സാമ്പത്തിക വർഷമായിരുന്നു 2020–21. 2021 മാർച്ച് 31 വരെ 1,06,396 കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. അറ്റാദായം 61.99 കോടി രൂപയാണ്. ലയന സമയത്ത് 25 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 14.40 ശതമാനമായി കുറച്ചു. 5738 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ നിഷ്‌ക്രിയ ആസ്തി. കോവിഡ് മഹാമാരിക്കിടയിലാണ് ആകെ ബിസിനസിൽ 9.27 ശതമാനം വർദ്ധന വരുത്തിയത്.

നബാർഡ് വഴിയുള്ള പുനർവായ്പ സൗകര്യം ലഭ്യമാക്കുന്നതിലും വൻ നേട്ടമാണ് സൃഷ്ടിച്ചത്. 2019 ‑20 സാമ്പത്തിക വർഷം 4315 കോടി രൂപയായിരുന്ന പുനർവായ്പ സഹായം 6058 കോടി രൂപയായി ഉയർന്നു. 40.39 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. ലയന സമയത്തെ സഞ്ചിത നഷ്ടം 1151 കോടി രൂപയായിരുന്നു. ഇത് 714 കോടി രൂപയായി കുറച്ചു. മൂലധന സ്വയം പര്യാപ്തത ലയന സമയത്ത് 6.26 ശതമാനമായിരുന്നു. ഇപ്പോൾ 10.18 ശതമാനമായി വർദ്ധിപ്പിച്ചു. റിസർവ് ബാങ്ക് നിബന്ധന 9 ശതമാനം മാത്രമാണ്. കേരള സർക്കാർ നടത്തിയ 400 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിൻബലത്തിലാണ് മൂലധന സ്വയം പര്യാപ്തത വർദ്ധിപ്പിക്കാൻ കഴിഞ്ഞത്.

കേരള ബാങ്ക് രൂപീകരണത്തിന് ശേഷം മുൻഗണനാ മേഖലകളായ കൃഷി, സർവീസ്, കച്ചവടം, ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങൾ, മൈക്രോ ഫിനാൻസ്, ഗ്രാമീണ ഭവന നിർമ്മാണം മേഖലകളിലെ ചെറുകിട വായ്പകൾക്കാണ് ഊന്നൽ നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സഹകരണ സംഘങ്ങൾ വഴിയും നേരിട്ടും 18,200 കോടി രൂപയാണ് വായ്പയായി നൽകിയത്. ബാങ്കിന്റെ ഓഹരി ഉടമകളായ 1500‑ൽ പരം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിൽ കൂടി സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങൾ (MSME), ഗ്രാമീണ വ്യവസായങ്ങൾ, വാണിജ്യ മേഖല എന്നിവയ്ക്ക് വായ്പകൾ നൽകുന്നു.

കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം,സംസ്‌കരണം, വിപണനം, മൂല്യവർദ്ധനവ് എന്നിവ സാധ്യമാക്കുകയും അതുവഴി കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയെ നേരിടാനുള്ള ശക്തമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നിബന്ധനകൾ പാലിക്കുന്ന പദ്ധതികൾക്ക് രണ്ട് കോടി രൂപ വരെ നാല് ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകും. സഹകരണ സംഘങ്ങൾക്ക് ഒരു ശതമാനം നിരക്കിൽ വായ്പ ലഭ്യമാകും.

പുതുതായി കെബി മൈക്രോ ഫുഡ് പ്രോസസിങ് സ്‌കീം നടപ്പാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലുള്ള മൈക്രോ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിലേയ്ക്കായി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് എംഎസ്എംഇ ഫിനാൻസ് പദ്ധതി, സ്‌കൂൾ കുട്ടികൾക്കായി രക്ഷിതാക്കൾക്ക് കൂടി പ്രയോജനപ്രദമായ സേവിങ്സ് അക്കൗണ്ട് കെ.ബി. വിദ്യാനിധി എന്നിവ വൈകാതെ ആരംഭിക്കും.
സഹകരണ മേഖല കാലാകാലങ്ങളിൽ നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൂടാതെ റിസർവ് ബാങ്ക് അനുശാസിക്കുന്നത് പോലുള്ള സ്ഥിരം സംവിധാനമായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടപ്പിലാക്കും.

ഐടി ഇന്റഗ്രേഷനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി പർച്ചേസ് ഓർഡർ നൽകി കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ, മൊബൈൽ ബാങ്കിംഗ് സംവിധാനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കും. ഇന്റഗ്രേഷൻ പൂർത്തിയാകുമ്പോൾ കേരളത്തിലെ മികച്ച ബാങ്കുകളിൽ പ്രഥമ സ്ഥാനത്ത് കേരള ബാങ്കുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

Eng­lish Sum­ma­ry : deposits increased in ker­ala bank 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.