പ്രൊഫ. കെ അരവിന്ദാക്ഷന്‍

November 17, 2021, 4:00 am

കാലാവസ്ഥാവ്യതിയാനവും ആഗോള താപനവും മാനവരാശി നേരിടുന്ന വെല്ലുവിളികളും

Janayugom Online

സമീപകാലത്ത് ഗ്ലാസ്ഗോവില്‍ ചേര്‍ന്ന യുണൈറ്റഡ് നേഷന്‍സ് ഫ്രേം വര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്-കോപ്-26 ഒരുക്കിയ വേദിയില്‍ സജീവമായി പങ്കെടുത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉണ്ടായിരുന്നല്ലോ. ഈ യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ‘പൂജ്യം പുറംതള്ളല്‍’ ലക്ഷ്യം 2070ല്‍ രാജ്യം കൈവരിക്കുമെന്നും 2030 ല്‍ എന്നെന്നും ‘ഹരിത ഇന്ത്യ’ എന്ന നിലയിലേക്കെത്തുമെന്നും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗ്ലാസ്ഗോ ഉന്നതതലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലക്ഷ്യത്തിലെത്താന്‍ മൂന്നു പതിറ്റാണ്ടിലേറെ സമയമുണ്ടെങ്കിലും ലഭ്യമായ വിവരങ്ങള്‍ നല്കുന്ന സൂചനയനുസരിച്ച് നമ്മുടെ രാജ്യം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ വലിയൊരളവോളം മുന്നേറിയിട്ടുണ്ടെന്നാണ് നിഗമനം. 2009 മുതല്‍ ക്രമേണ ഈ പുറന്തള്ളല്‍ നിരക്ക് കുറഞ്ഞുവരികയുമാണ്. 2009ല്‍ ഇത് 7.5 ശതമാനം ആയിരുന്നു. 2019ല്‍ 3.7 ശതമാനമായി. എന്നാല്‍ ഇത്തരം മാനങ്ങളില്‍ ഇന്ത്യക്ക് അഭിമാനത്തിനുള്ള വക വലിയ തോതില്‍ അവകാശപ്പെടാനില്ലെന്നതാണ് വസ്തുത. മറ്റു വികസിത രാജ്യങ്ങളുടേതുമായി തുലനം ചെയ്യുമ്പോള്‍ നാം ഏറെ മുന്നിലാണ്. ചൈനയുടെ കാര്യമെടുത്താല്‍ ഇന്ത്യയുടേതിലും നാലിരട്ടി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലാണ് നടന്നിരുന്നതെങ്കിലും 2019 ലെ വളര്‍ച്ചാനിരക്ക് വെറും 0.7 ശതമാനമാണ്. അമേരിക്ക പുറന്തള്ളിയത് ഇന്ത്യയുടേതിന്റെ ഇരട്ടി കാര്‍ബണ്‍ ഡൈ ഓക്സൈഡാണെങ്കിലും ആ രാജ്യത്തില്‍ ഈ നിരക്ക് 2019ല്‍ ഒരു ശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞു. ‘ബ്രിക്സ്’ രാജ്യ കൂട്ടായ്മയില്‍ ബ്രസീലിന്റേത് 2.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെങ്കില്‍ ദക്ഷിണാഫ്രിക്കയുടേത് 0.1 ശതമാനമായിരുന്നു. ഇന്നത്തെ നിലയില്‍ ഇന്ത്യയുടെ പുറന്തള്ളല്‍ നിരക്ക് ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലിന്റെ 7.2 ശതമാനം വരെയായി തുടരുന്നതായി കാണപ്പെടുന്നു. അതായത് ചൈനയ്ക്കും യുഎസിനുശേഷം മൂന്നാംസ്ഥാനത്ത് ഭൂമിശാസ്ത്രപരമായ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് എത്തി നില്ക്കുന്നത്. ആളോഹരി പുറന്തള്ളല്‍ നിരക്ക് കണക്കാക്കിയാല്‍ മറ്റു നിരവധി രാജ്യ സമ്പദ്‌വ്യവസ്ഥകളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയാണ് മെച്ചപ്പെട്ട നിലവാരത്തില്‍ എത്തി നില്‍ക്കുന്നത്.

ഇന്ത്യ പ്രതിവര്‍ഷം പുറന്തള്ളുന്നത് 1.91 ടണ്‍ മാലിന്യമാണെങ്കില്‍ ചൈനയുടെ ശരാശരി 7.8 ടണ്ണും യുഎസിന്റേത് 16.06 ടണ്ണും വീതമാണ്. ചെറിയ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, റഷ്യ, വിയറ്റ്നാം എന്നിവ‍ ഇതിലേറെ പുറന്തള്ളല്‍ നടത്തിവരുന്നു. അതായത്, യഥാക്രമം 8.17 ടണ്‍, 11.50 ടണ്‍, 2.56 ടണ്‍ എന്നിങ്ങനെ. സ്വാഭാവികമായും ഇന്ത്യക്ക് വേണമെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ കുറയ്ക്കുന്നതിന് കൂടുതല്‍സമയം ആവശ്യപ്പെടാന്‍ അവകാശമുണ്ടായിരുന്നു. കാലാവസ്ഥാവ്യതിയാനം ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്പിക്കുന്ന തുടര്‍ച്ചയായ ആഘാതം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം എന്ന ഭീഷണിക്ക് വിരാമമിടാനും ഇന്ത്യന്‍ ഭരണകൂടത്തിന് താല്പര്യവും ഉണ്ടായിരുന്നു. അക്കാര്യം സാധൂകരിക്കുന്ന അപ്രതീക്ഷിതമായൊരു പ്രഖ്യാപനമാണ് നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2030 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളല്‍ ഒരു ബില്യന്‍ ടണ്ണിലേക്കു താഴ്ത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തുടര്‍ന്നാണ് 2070ല്‍ ‘സീറോ’ പുറന്തള്ളലിലേക്ക് രാജ്യം ചെന്നെത്തുന്നുമെന്നും നരേന്ദ്രമോഡി വ്യക്തമാക്കി. ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കര്‍ എന്ന പേരിലുള്ള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പിന്‍തുടര്‍ന്നു പരിശോധനാ വിധേയമാക്കുന്ന ഏജന്‍സിയുടെ അഭിപ്രായത്തില്‍ നിലവില്‍ ഇന്ത്യ പിന്‍തുടര്‍ന്നുവരുന്ന വികസനനയങ്ങള്‍ കണക്കിലെടുക്കുന്ന പക്ഷം 2030 ആകുമ്പോഴേക്ക് രാജ്യം ഉല്പാദിപ്പിക്കുന്ന കാര്‍ബണ്‍ നാല് ബില്യന്‍ ടണ്‍ വരെയായിരിക്കുമെന്നാണ്. ലോകജനത മൊത്തത്തില്‍ അങ്ങേയറ്റം പ്രതീക്ഷകളോടെയാണ് കോപ്26 സമ്മേളനത്തെ നോക്കിക്കണ്ടിരുന്നത്. അതിന് ഒന്നിലേറെ കാരണങ്ങളുമുണ്ട്. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിനോടൊപ്പം കോപ് 26 എന്ന ആഗോള നേതൃത്വ ഉന്നതതല സമ്മേളനം പ്രകൃതികോപത്തിന് വ്യാപകമായ സാധ്യതകളുള്ള ദ്വീപ് സമൂഹ രാജ്യങ്ങളുടെ ആന്തരഘടനാ വികസന പദ്ധതികളും ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ റെസിലിയന്റ് ഐലന്റ് സ്റ്റേറ്റ്സ് (ഐആര്‍ഐഎസ്) പ്രത്യേകം പരിഗണിക്കപ്പെടുമെന്നതാണ് പ്രധാനം. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നാഷണലി ഡിറ്റര്‍മിന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സ്, അതായത് ദേശീയതലത്തില്‍ നിര്‍ണയിക്കപ്പെടുന്ന സംഭാവനകള്‍ ഉള്‍പ്പെടുന്ന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു പദ്ധതി(എന്‍ഡിസി‍)യും നരേന്ദ്രമോഡിയുടേതായ അഞ്ച് ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘പ‍ഞ്ചാമൃത്’ പദ്ധതിയും ജനശ്രദ്ധ ഏറെ ആകര്‍ഷിക്കാന്‍ പര്യാപ്തമാവുകയും ചെയ്തു.

 


ഇതുകൂടി വായിക്കാം : ദുരന്തങ്ങള്‍ തടയുക എന്നതാണ് പുതിയ വെല്ലുവിളി


 

1997ല്‍ രൂപമെടുത്ത ക്യോട്ടോ പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധമായ ആഗോള സമ്മേളനത്തില്‍ പങ്കെടുത്ത 84 രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യയും ഉണ്ടായിരുന്നു. വ്യാവസായിക വിപ്ലവത്തെ തുടര്‍ന്ന് ഭൂമിയുടെ താപനില 1.3 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണുണ്ടാക്കിയതെങ്കില്‍ തുടര്‍ന്നുള്ള 100 വര്‍ഷക്കാലയളവില്‍ തന്നെ വികസിത വികസ്വര രാജ്യങ്ങള്‍ പിന്‍തുടര്‍ന്ന ഭാവനാശൂന്യമായ വികസന പരിപാടികളെ തുടര്‍ന്ന് അതിവേഗം താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന ക്യോട്ടോ ഉടമ്പടിയുടെ മുന്നറിയിപ്പാണ് ഇന്നും അവഗണിച്ചുവരുന്നതെന്നോര്‍ക്കണം. ഇതേതുടര്‍ന്ന് 2015 ല്‍ 192 രാജ്യങ്ങള്‍ പങ്കെടുത്ത് ഒപ്പുവച്ച പാരിസ് ഉടമ്പടിയിലും ഇന്ത്യന്‍ പങ്കാളിത്തമുണ്ടായിരുന്നു. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്കെങ്കിലും എത്തിക്കണമെന്നായിരുന്നു ഈ ഉടമ്പടിയുടെ കേന്ദ്ര ബിന്ദുവായിരുന്നത്. 2021 ലെ ഗ്ലോബല്‍ ക്ലൈമറ്റ് റിസ്ക് ഇന്‍ഡക്സില്‍ (ആഗോള കാലാവസ്ഥാ സാഹസികതാ സൂചിക) ലോകത്താകമാനമുള്ള രാജ്യങ്ങളില്‍ 10 രാജ്യങ്ങളെടുത്താല്‍ അതില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്നുണ്ടെന്നു കാണുന്നു. മൊത്തം 23 ചുഴലിക്കാറ്റുകളില്‍ 20 എണ്ണവും അപകടം വിതച്ചത് ബംഗാള്‍ ഉള്‍ക്കടല്‍ മേഖലാപ്രദേശങ്ങളിലായിരുന്നു എന്നാണ് മറ്റൊരു സര്‍വേയുടെ കണ്ടെത്തല്‍. നിലവിലുള്ള വിധത്തില്‍ തികച്ചും അലംഭാവപൂര്‍വമായ സമീപനമാണ് ആഗോളതാപനമെന്ന വിഷയത്തില്‍ പിന്‍തുടരുകയെങ്കില്‍ ദക്ഷിണ ഏഷ്യന്‍ മേഖലാ രാജ്യങ്ങളുടെ ജിഡിപിയില്‍ 11 ശതമാനം ഇടിവായിരിക്കും 2100 ആകുമ്പോഴേക്ക് ഉണ്ടാവുക എന്നാണ് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) നല്കുന്ന മുന്നറിയിപ്പ്. അതായത് ഹൈഡ്രജന്‍ വാതകം പുറന്തള്ളല്‍ എന്ന ഗുരുതരമായ പ്രശ്നം കൈകാര്യം ചെയ്യേണ്ടത് ഒരിക്കലും ‘ബിസിനസ് ആസ് യൂഷ്വല്‍‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കരുത്. അങ്ങനെയെങ്കില്‍ അതിന് വലിയൊരു വിലയായിരിക്കും ആഗോള ജനത നല്കാന്‍ നിര്‍ബന്ധിതരാവുക. ലോക ബാങ്ക് സമീപകാലത്ത് തയാറാക്കിയ രേഖയില്‍ ദക്ഷിണേഷ്യന്‍ മേഖലയിലാകെ കാലാവസ്ഥാ അനുകൂല നിക്ഷേപങ്ങള്‍ മൊത്തം 3.4 മില്യന്‍ ഡോളറിലേറെ വരുമെന്നും ഇതില്‍ ‘ഊര്‍ജ കാര്യക്ഷമതയുള്ള ഹരിത നിര്‍മ്മിതികള്‍‘ക്കായി മാത്രം 1.5 മില്യന്‍ ഡോളറിലധികം ഉള്‍പ്പെടുമെന്ന് പറയുന്നു. ഇക്കൂട്ടത്തില്‍ ഹരിത ഗതാഗത കണക്ടിവിറ്റിയും ആന്തരഘടനാ സൗകര്യങ്ങളും വൈദ്യുതി വാഹനങ്ങളും ലഭ്യമാക്കുന്നതിന് ഇതിനുപുറമെ 950 ബില്യന്‍ ഡോളര്‍ നിക്ഷേപ സാധ്യതകളും ഉണ്ടായിരിക്കുമത്രെ. 2030 ആകുമ്പോഴേക്ക് ഈ വിധം നിക്ഷേപ സാധ്യതകളോടൊപ്പം സൗരോര്‍ജ്ജ പദ്ധതികളും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദന പദ്ധതികളും ജലവിഭവ വിനിയോഗം വഴിയുള്ള ഊര്‍ജ ലഭ്യതയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാധ്യതകള്‍ പരമാവധി വിനിയോഗിക്കാന്‍ നമുക്കു കഴിയണം. ദക്ഷിണേഷ്യന്‍ മേഖലാ വികസനത്തില്‍ ഇന്ത്യക്ക് നേതൃത്വപരമായ പങ്ക് വഹിക്കുന്നതിന് പ്രതിബന്ധമായിരിക്കുന്ന നിരവധി കാരണങ്ങളിലൊന്ന് ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കങ്ങളും ചൈന കൂടെക്കൂടെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്ന പ്രകോപനങ്ങളും മറ്റുമാണ്. ഇന്ത്യ ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തില്‍ ചൈന മുന്‍കയ്യെടുത്ത് നടപ്പാക്കി വരുന്ന ഏതാനും ആന്തരഘടനാ വികസന പദ്ധതികള്‍ പരിസ്ഥിതി സംരക്ഷണത്തിന് കോട്ടം വരുത്തുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളതെന്ന ആക്ഷേപമാണ് ഇന്ത്യ ഉയര്‍ത്തുന്നത്. ഇതിലൊന്നാണ് ‘ബെല്‍റ്റ് ആന്റ് റോഡ് ഇനിഷിയേറ്റീവ്’ (ബിആര്‍ഐ) എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി. ഇന്ത്യാ-പാക് സംഘട്ടനങ്ങളും ഈ മേഖലയിലെ സാമ്പത്തിക സഹകരണത്തിന് മറ്റൊരു പ്രധാന വിലങ്ങുതടിയായി വര്‍ത്തിക്കുന്നുണ്ട്. ആഗോളവല്ക്കരണം വിവിധ രാജ്യ സമ്പദ്‌വ്യവസ്ഥകളെ സമഗ്രമായി സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ തന്നെയും ഇതിന്റെ ഗുണഫലങ്ങള്‍ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളിലോ പ്രാദേശികതല സാമ്പത്തിക സഹകരണത്തിലോ വാര്‍ത്താവിനിമയ ബന്ധങ്ങളിലോ വേണ്ടത്ര പ്രതിഫലിച്ചു കാണുന്നില്ല. മാത്രമല്ല, വികസന പദ്ധതികള്‍ക്ക് രൂപം നല്കുന്ന അവസരത്തില്‍ അവയുടെ പാരിസ്ഥിതിക ആഘാത സാധ്യതകള്‍ കണക്കിലെടുക്കപ്പെടുന്നുമില്ല. ഇത്തരം വിഷയങ്ങളെല്ലാം തന്നെ ദക്ഷിണേഷ്യന്‍ മേഖലാ രാജ്യങ്ങളിലെ ജനങ്ങള്‍ ഏറെയും പഴിചാരുന്നത് ഇന്ത്യന്‍ ഭരണകൂടം ഇക്കാര്യത്തില്‍ പ്രകടമാക്കിവരുന്ന നിസംഗതാ മനോഭാവത്തോടാണ്. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങള്‍ക്ക് സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടതിലേറെ ഇടം ഒരുക്കപ്പെടുകയും ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനം ഉളവാക്കുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്നതില്‍ മുന്നിട്ടിറങ്ങേണ്ടത് ഇന്ത്യയാണെന്നിരിക്കെ ഇതിലേക്കാവശ്യമായ ധനസമാഹരണം ഹരിത സാങ്കേതികവിദ്യയും വിപണികളും തേടിപ്പിടിക്കല്‍ ഊര്‍ജ പുനര്‍വിനിയോഗ വ്യാപനം, സൗരോര്‍ജ വിനിയോഗ സാധ്യതകള്‍ കണ്ടെത്തല്‍ തുടങ്ങിയ കാതലായ മേഖലകളിലെല്ലാം മുന്‍നിരയില്‍ ഇടം കണ്ടെത്താനുള്ള അര്‍ഹത ഇന്ത്യക്ക് തന്നെയാണ്. “ഒരു സൂര്യന്‍ ഒരു ലോകം, ഒരു ഗ്രിഡ്” എന്ന ‘പഞ്ചാമൃത്’ പദ്ധതികള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ “ആത്മനിര്‍ഭര്‍ ഭാരത്” എന്നതിലും മുന്തിയ പ്രാധാന്യത്തോടെ സാര്‍വദേശീയ വേദികളില്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ത്താനുള്ള ആര്‍ജവവും സന്നദ്ധതയും നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രകടമാക്കണം. മറിച്ചാണെങ്കില്‍ “ഏക ദക്ഷിണേഷ്യ” എന്ന മുദ്രാവാക്യം തീര്‍ത്തും അര്‍ത്ഥശൂന്യമായൊരു അഭ്യാസമായിരിക്കും.