10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 5, 2024
December 30, 2023
November 2, 2023
September 5, 2023
September 2, 2023
June 18, 2023
April 11, 2023
March 13, 2023
February 14, 2023
April 21, 2022

ഐഐടികള്‍ തളരുന്നു: അടിസ്ഥാന വികസനരംഗത്തെ മെല്ലെപ്പോക്ക് തിരിച്ചടി

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2023 11:06 pm

രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ ഉന്നത സ്ഥാപനങ്ങളായ ഐഐടികള്‍ ഇപ്പോഴും ബാലാരിഷ്ടതകളില്‍ തുടരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിലെ താമസം, അധ്യാപകനിയമനത്തിലെ മെല്ലെപ്പോക്ക്, ഉയര്‍ന്ന മറ്റുചെലവുകള്‍ എന്നിവ ഐഐടികളെ ബാധിക്കുന്നതായി പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി)ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഭൂവനേശ്വര്‍, ഗാന്ധിനഗര്‍, ഹൈദരാബാദ്, ഇൻഡോര്‍, ജോദ്പൂര്‍, മാണ്ഡി, പട്ന, റോപാര്‍ ഐഐടികളെ അടിസ്ഥാനമാക്കിയുള്ള 2021ലെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഎസിയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി അധ്യക്ഷനായ സമിതി, വിദ്യാഭ്യാസ മന്ത്രാലയത്തോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ട്, അടിസ്ഥാന സൗകര്യത്തിലെ വെല്ലുവിളികള്‍, കുട്ടികളുടെ എണ്ണത്തിനനുയോജ്യമായി അധ്യാപക നിയമനമില്ലാത്തത്, സീറ്റ് അനുസരിച്ച് പ്രവേശനം ഇല്ലാതിരിക്കല്‍, സംവരണ വിഭാഗം കുട്ടികളുടെ പ്രാതിനിധ്യക്കുറവ്, സ്ഥിരം കാമ്പസ് നിര്‍മ്മിക്കുന്നതിലെ കാലതാമസം എന്നിവയെല്ലാം ഐഐടികളുടെ മികച്ച പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
സ്ഥിരം കാമ്പസുകള്‍ നിര്‍മ്മിക്കാൻ ഹൈദരാബാദ് ‑56, മാണ്ഡി-41, രൂപാര്‍-39, ഗാന്ധിനഗര്‍-37, ഇന്‍ഡോര്‍-37 മാസം എന്നിങ്ങനെ വേണ്ടിവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിട മാതൃക അന്തിമരൂപത്തിലെത്തിക്കുന്നതിനും അനുമതി നേടുന്നതിലും പോലും അനാസ്ഥ തുടരുന്നു. വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കുന്നതിലുമുള്ള താമസം, തൊഴിലാളികളുടെ കുറവ് തുടങ്ങിയവയും പദ്ധതി പൂര്‍ത്തീകരണം നീണ്ടു പോകാൻ കാരണമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കാമ്പസ് പ്ലേസ്‌മെന്റിലും വന്‍ ഇടിവ്

ന്യൂഡല്‍ഹി: ഐഐടികളിലെ വിദ്യാര്‍ത്ഥികളുടെ കാമ്പസ് പ്ലേസ്‌മെന്റിലും വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 30 ശതമാനത്തിന്റെ കുറവുണ്ടായി. മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ പ്രതീക്ഷ നല്‍കുന്നതല്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സാങ്കേതിക വിദ്യ, കണ്‍സള്‍ട്ടിങ് ഉള്‍പ്പെടെ പല മേഖലകളിലും സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ കാണാം. ഡല്‍ഹി, മുംബൈ, കാണ്‍പൂര്‍, മദ്രാസ്, ഖരക്പൂര്‍, റൂര്‍ക്കി, ഗുവാഹട്ടി, വാരാണസി (ബിഎച്ച്‌യു) സര്‍വകലാശാലകളില്‍ സ്ഥിതി ദുഷ്കരമാണ്. രാജ്യത്തെ 23 ഐഐടികളില്‍ ഇവയാണ് ഏറ്റവും മികച്ചതായി പറയപ്പെടുന്നത്.
കാണ്‍പൂര്‍ ഐഐടിയില്‍ 1500 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 891 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഐഐടി ബോംബെയില്‍ 2000 വിദ്യാര്‍ത്ഥികളില്‍ 840 പേര്‍ക്കാണ് ജോലി വാഗ്ദാനം ലഭിച്ചതെന്നും കണക്കുകള്‍ പുറത്തുവന്നു. 

Eng­lish Sum­ma­ry: IITs lan­guish: Slow­ness in infra­struc­ture devel­op­ment set back

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.