26 April 2024, Friday

സാങ്കല്പിക ഭീഷണികളും വാചാടോപവും

Janayugom Webdesk
October 6, 2022 5:00 am

ർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് നാഗ്പൂരിൽ സംഘടനയുടെ സ്ഥാപകദിനമായ വിജയദശമി ദിനാഘോഷത്തിൽ നടത്താറുള്ള പതിവ് പ്രഭാഷണത്തിൽ ഇത്തവണയും ഭൂരിപക്ഷ മതത്തിനെതിരായ സാങ്കല്പിക ഭീഷണികളെപ്പറ്റി പരാമർശിക്കുകയുണ്ടായി. ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞ ഭാഗവത് അത് എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണമെന്ന് ആവശ്യപ്പെട്ടു. ‘മതാടിസ്ഥാനത്തിലുള്ള അസന്തുലിതാവസ്ഥയും’ ‘നിർബന്ധിത മതപരിവർത്തനവും’ രാജ്യത്തെ ശിഥിലീകരണത്തിലേക്കു നയിക്കുന്നുവെന്ന മുന്നറിയിപ്പ് ആരെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് വ്യക്തമാണ്. അത്തരം വസ്തുതാവിരുദ്ധമായ സാങ്കല്പിക ഭീഷണികൾ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന് ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘ്പരിവാറിന്റെയും പ്രചാരവേലകൾ നിരീക്ഷിച്ചുപോരുന്ന ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. അവ ലഭ്യമായ സെൻസസ് കണക്കുകളുടെയോ മറ്റ് ആധികാരിക പഠനങ്ങളുടെയോ പിൻബലമില്ലാത്ത, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങൾ മാത്രമാണ്. 2019–2021 ലെ ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്) പ്രകാരം ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകൾക്ക് ശരാശരി 1.94 കുട്ടികൾ ജനിക്കുമ്പോൾ മുസ്‌ലിം സ്ത്രീകൾക്ക് 2.36 കുട്ടികളാണ് ജനിക്കുന്നത്. വ്യത്യാസം കേവലം 0.42 മാത്രം. 1992 ൽ ഹിന്ദു, മുസ്‌ലിം സ്ത്രീകൾക്ക് ജനിച്ചിരുന്ന കുട്ടികൾ തമ്മിൽ ഉണ്ടായിരുന്ന 1.1 എന്ന അന്തരത്തിൽനിന്നും ഗണ്യമായ കുറവ് ഉണ്ടായതായി ഈ കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടയിൽ ഹിന്ദു സ്ത്രീകൾക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 30 ശതമാനവും മുസ്‌ലിം സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ 35 ശതമാനവും വീതം കുറവുവന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ജനസംഖ്യ വിസ്ഫോടനം എന്ന ആശങ്ക അസ്ഥാനത്താണെന്ന് തെളിയിക്കുന്നു.


ഇതുകൂടി വായിക്കൂ: മോഡിയുടെ ശബ്ദം നാസിയുടേതുതന്നെ


എൻഎഫ്എച്ച്എസ് റിപ്പോർട്ട് ജനസംഖ്യാ വിസ്ഫോടനത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം ഹിന്ദുത്വനേതാക്കൾ ഉന്നയിക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നവയാണ്. രാജ്യത്തിന്റെ മൊത്ത പ്രത്യുല്പാദന നിരക്ക് 2016 ലെ 2.2 ൽ നിന്നും രണ്ടായി ചുരുങ്ങിയതായാണ് സർവേ റിപ്പോർട്ട് പറയുന്നത്. അത് അ­ഭിലഷണീയമായ 2.1 എന്നതിലും താഴെ എ­ത്തിനിൽക്കുന്നു. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ജനസംഖ്യാ വളർച്ചാനിരക്ക് ഒരുശതമാനത്തിലും താഴെയാണെന്ന് ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു. പ്രത്യുല്പാദന നിരക്ക് കൂടുതലുള്ള ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ജനനനിരക്കുകൾ പോലും കുറഞ്ഞുവരുന്ന പ്രവണതയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പ്രവണത തുടർന്നാൽ ഹിന്ദു, മുസ്‌ലിം സമുദായങ്ങളിലെ ജനനനിരക്ക് ഒരേതലത്തിൽ 2030 ഓടെ എത്തിനിൽക്കുമെന്നും പഠനങ്ങൾ കണക്കാക്കുന്നു. ഇതിനു പുറമെയാണ് മതപരിവർത്തനത്തെപ്പറ്റിയുള്ള ആശങ്കകൾ. സമ്മർദ്ദം ചെലുത്തിയും പ്രലോഭനങ്ങളിലൂടെയും മതപരിവർത്തനം എന്ന ആരോപണം മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് ക്രിസ്ത്യൻ മതന്യൂനപക്ഷത്തെയാണ്. അതും സെൻസസ് അടക്കമുള്ള പഠനങ്ങളും റിപ്പോർട്ടുകളും അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്നു. രാജ്യത്ത് ക്രിസ്ത്യൻസമൂഹത്തിന്റെ ജനസംഖ്യ വര്‍ധിക്കുകയല്ല, മറിച്ച് കുറഞ്ഞുവരുന്നതായാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. 2017 ലെ സെൻസസ് കണക്കുപ്രകാരം ജനസംഖ്യയിൽ 2.6 ശതമാനമായിരുന്നു ക്രിസ്ത്യാനികൾ എങ്കിൽ 2001 ൽ അവരുടെ ജനസംഖ്യ 2.3 ശതമാനമായി കുറഞ്ഞിരുന്നു. 2011 ലെ ജനസംഖ്യാ കണക്കുകൾ മതാടിസ്ഥാനത്തിൽ പുറത്തുവന്നിട്ടില്ല. എന്നാൽ, ചോർന്നുകിട്ടിയ കണക്കുകൾ അവരുടെ സംഖ്യയില്‍ വീണ്ടും കുറവുണ്ടായതായാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം തങ്ങളുടെ ഗൂഢരാഷ്ട്രീയലക്ഷ്യങ്ങൾക്കും പദ്ധതികൾക്കുമായി ഭൂരിപക്ഷ മതത്തിനു ന്യൂനപക്ഷം ഒരു ഭീഷണിയാണെന്നു വരുത്തിത്തീർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്.


ഇതുകൂടി വായിക്കൂ: യുഎന്‍ വജ്രജൂബിലിയും മോഡിയുടെ വാചാടോപവും


മോഹൻ ഭാഗവത് തന്റെ പ്രഭാഷണത്തിൽ ഹിന്ദുമതത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ചില അനീതികളെ പറ്റിയും വിവേചനങ്ങളെപ്പറ്റിയും പരാമർശം നടത്തുകയുണ്ടായി. അവ സ്ത്രീകളും ദളിത് ജനവിഭാഗങ്ങളും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയായിരുന്നു. ക്ഷേത്രപ്രവേശനം, പൊതു ഇടങ്ങളിൽനിന്നും കുടിവെള്ളം ശേഖരിക്കാനുള്ള അവകാശം, പൊതുശ്മശാനങ്ങളിൽ മൃതശരീരങ്ങൾ സംസ്കരിക്കാനുള്ള അവകാശം എന്നിവയെപ്പറ്റി ഭാഗവത് സംസാരിക്കുകയുണ്ടായി. പ്രശ്നങ്ങൾ ഉന്നയിക്കുന്നതുകൊണ്ടുമാത്രം അവ പരിഹരിക്കപ്പെടുന്നില്ല. സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശന വിഷയത്തിൽ ആർഎസ്എസും ബിജെപിയും സംഘ്പരിവാറും എവിടെയായിരുന്നു എന്ന് കേരളം കണ്ടതാണ്. ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്നതും മർദ്ദനമേൽക്കുന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അപൂർവമല്ല. ജാതിയുടെ പേരിൽ കുടിവെള്ളം നിഷേധിക്കപ്പെടുന്നതും ശവസംസ്കാരം തടയപ്പെടുന്നതും അപൂർവ സംഭവമല്ല. പ്രഭാഷണത്തിൽ അംബേദ്കറുടെ പേര് പരാമർശിച്ചതുകൊണ്ടുമാത്രമായില്ല, ജാതി ഉന്മൂലനം എന്ന അദ്ദേഹത്തിന്റെ മഹത്തായ ലക്ഷ്യസാക്ഷാത്ക്കാരത്തിൽ ആർഎസ്എസ് എവിടെനിൽക്കുന്നു എന്നതാണ് പ്രശ്നം. പ്രവൃത്തിയിലൂടെ തെളിയിക്കാനാവാത്തവയെപ്പറ്റി പ്രഭാഷണം നടത്തിയതുകൊണ്ട് സാമൂഹിക അനീതികൾ തുടച്ചുനീക്കാനാവില്ല. അത്തരം പ്രഭാഷണങ്ങൾക്ക് വാചാടോപത്തിന് അപ്പുറം യാതൊരു മൂല്യവും ഇല്ലതന്നെ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.