23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 7, 2025
December 28, 2024
March 11, 2024
October 26, 2023
October 2, 2023
June 2, 2023
May 31, 2023
May 21, 2023
May 17, 2023
April 1, 2023

സിയാലില്‍ ഏഴ് മെഗാ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

Janayugom Webdesk
നെടുമ്പാശേരി
October 2, 2023 2:14 pm

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വികസന കുതിപ്പിന് ആക്കം കൂട്ടി ഏഴ് മെഗാ പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഏഴ് വന്‍കിട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫ്റ്റ്‌വേർ, വിമാനത്താവള രക്ഷാസംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം, രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ, 0484 ലക്ഷ്വറി എയ്റോ ലോഞ്ച്, ഗോൾഫ് റിസോർട്സ് ആന്റ് സ്പോർട്സ് സെന്റർ, ഇലക്ട്രോണിക് സുരക്ഷാവലയം എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് ഇന്ന് നടക്കുന്നത്.
സിയാൽ കാർഗോ ടെർമിനലിന് മുമ്പിലെ വേദിയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, അഡ്വ. പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാവുന്ന ചടങ്ങിൽ എംപിമാർ, എംഎൽഎമാർ, എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും. ആകെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിർമ്മാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി നടത്തുന്നത്. 

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ സിയാൽ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ്. വൻ വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ്, ടൂറിസത്തിന്റെ വളർച്ച, കാർഷിക മേഖലയുടെ ഉന്നമനം എന്നിവ മുൻനിര്‍ത്തിയാണ് സിയാൽ പുതിയ പദ്ധതികൾക്ക് രൂപം നൽകിട്ടുള്ളത്. നിലവിലുള്ള രാജ്യാന്തര ടെർമിനലിന്റെ വികസനമാണ് പ്രധാനമായും നടപ്പിലാക്കുന്നത്. രാജ്യാന്തര ടെർമിനലിന്റെ വടക്കുവശം 15 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മറ്റൊരു എപ്രൺ നിർമ്മിക്കും. അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രാജ്യാന്തര ടെർമിനലും വികസിപ്പിക്കും. എട്ട് എയിറോ ബ്രിഡ്ജുകൾ പുതിയതായി സ്ഥാപിക്കുന്നതാണ്. പാർക്കിങ് ബേയുടെ എണ്ണം 44 ആയി വർധിപ്പിക്കും.

പുതിയ ഇറക്കുമതി കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതോടെ പ്രവർത്തനശേഷി രണ്ട് ലക്ഷം മെട്രിക് ടണ്ണാകും. നിലവിലുള്ള കാർഗോ ടെർമിനൽ കയറ്റുമതിയ്ക്ക് മാത്രമായി ഉപയോഗിക്കും. കാർഷികോല്പന്നങ്ങളുടെ ആ­ഗോള വിപണിയിലുള്ള സാധ്യതകൾ മുൻനിര്‍ത്തിയാണ് പുതിയ ടെർമിനൽ തയ്യാറാക്കിട്ടുള്ളത്. യാത്രക്കാർക്ക് താൽക്കാലികമായി വിശ്രമിക്കുന്നതിന് ടി 2 വിൽ സൗകര്യം ഉണ്ടായിരിക്കും. ലക്ഷ്വറി എയ്റോ ലോഞ്ച്, 0484 എന്നാണ് ഇതിന് നാമകരണം ചെയ്തിട്ടുള്ളത്. 42 ആഡംബര ഗസ്റ്റ് മുറികൾ, റസ്റ്റോറന്റുകൾ, മിനി കോൺഫ്രറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായ ഇതിന് അരലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ടായിരിക്കും.
വിമാനങ്ങളുടെ പുറപ്പെടൽ കൃത്യവും കാര്യക്ഷമവും ആക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘ഡിജി’ യാത്ര തയ്യാറാക്കിട്ടുള്ളത്. 

Eng­lish Summary:Inauguration of sev­en mega projects in Sial today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.