December 9, 2023 Saturday

Related news

December 3, 2023
November 29, 2023
October 8, 2023
September 23, 2023
September 21, 2023
September 21, 2023
September 20, 2023
September 14, 2023
September 12, 2023
September 10, 2023

ഇന്ത്യൻ സൂപ്പർലീഗിന് ഇന്ന് കിക്കോഫ്

കേരള ബ്ലാസ്റ്റേഴ്സ് — ബംഗളൂരു എഫ്‌സി പോരാട്ടം 
നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
September 21, 2023 11:21 am

കാത്തിരിപ്പുകൾക്കൊടുവിൽ ഇ­ന്ത്യൻ സൂപ്പർലീഗിന്റെ പത്താം സീസണ് കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സും ചിരവൈരികളായ ബംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ വിവാദ ഗോളിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചാണ് ബംഗളൂരു എഫ്‌സി ഫൈനൽ ബർത്തിന് യോഗ്യത നേടിയത്. ആ ചതിക്കുള്ള മറുപടി ഇന്ന് സ്വന്തം മൈതാനത്ത് മഞ്ഞക്കൊമ്പന്മാർ നൽകുമെന്ന വിശ്വാസത്തിലാണ് പതിനായിരക്കണക്കിന് ആരാധകർ കളികാണാൻ എത്തുന്നത്. രാത്രി എട്ടിനാണ് കിക്കോഫ്.

കഴിഞ്ഞകാര്യങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹെഡ്കോച്ച് ഇവാൻ വുക്കുമനോവിച്ച് പലകുറി ആവർത്തിച്ചുകഴിഞ്ഞെങ്കിലും അത്ര എളുപ്പം ക്ഷമിക്കാവുന്ന തെറ്റല്ല കഴിഞ്ഞ സീസണിൽ ബംഗളൂരിൽ നിന്ന് ഏറ്റത്. അന്ന് ടീമിനെ മൈതാനത്ത് നിന്ന് തിരികെ വിളിച്ച പരിശീലകൻ വുക്കുമനോവിച്ചിനെ പിന്നീടുളള മത്സരങ്ങളിൽ നിന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി സസ്പെൻഡ് ചെയ്തിരുന്നു. ഇനി നാല് മത്സരങ്ങൾ കൂടി കോച്ച് പുറത്തിരിക്കേണ്ടി വരും. മൈതാനത്ത് മഞ്ഞക്കടൽ ആർത്തിരമ്പുമ്പോൾ അവരുടെ പ്രിയപ്പെട്ട ആശാൻ കളത്തിലുണ്ടാകില്ലെന്ന് ചുരുക്കം. എങ്കിലും കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴസ് കുതിപ്പിന് മേൽനോട്ടം വഹിച്ച പല താരങ്ങളും ഇക്കുറിയും ടീമിനൊപ്പമുണ്ട്.

ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ബൂട്ടിലാണ് ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്നത്. മൈതാനമധ്യത്ത് കളി മെനയുന്നത് ഈ ഉറുഗ്വൻ മിഡ്ഫീൽഡറാണ്. അവശ്യസമയത്ത് പിന്നിലേക്ക് ഇറങ്ങിയും വേണ്ടിവന്നാൽ എതിരാളികളുടെ ബോക്സിലേക്ക് കയറി ഗോൾ കണ്ടെത്താനുമുളള ലൂണയുടെ മിടുക്ക് കഴിഞ്ഞ രണ്ട് സീസണിലും ആരാധകർ കണ്ടതാണ്. ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങൾ കളിച്ചിട്ടുള്ള ലൂണ പത്ത് ഗോളുകളും 13 അസിസ്റ്റുകളും നേടി കഴിഞ്ഞു. ഈ സീസണിലും മികവ് ആവർത്തിക്കുമെന്ന് ലൂണ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ ദിമിത്രിയോസ് ഡയമന്റകോസ് പരിക്ക് മാറി തിരികെ ടീമിലെത്തിയിട്ടുണ്ട്. എങ്കിലും ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ തർക്കമില്ല. ഇതിന് പുറമേ ടീമിലേക്ക് പുതിയതായി എത്തിയ ഘാന താരം ക്വാമെ പെപ്ര, ജപ്പാൻ മുന്നേറ്റതാരം ഡയസൂക് സക്കായി എന്നിവരും മികവ് പുറത്തെടുക്കാൻ പോന്നവരാണ്. മലയാളിതാരം കെ പി രാഹുൽ നിലവിൽ ഇന്ത്യൻ ടീമിനൊപ്പമാണ്. ഇന്ത്യൻ ക്യാമ്പ് അവസാനിക്കുന്ന മുറയ്ക്ക് രാഹുൽ ടീമിനൊപ്പം ചേരും. വിപിൻ മോഹൻ, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ് അടക്കമുള്ള മലയാളി താരങ്ങളും പ്രീതം കോട്ടാൽ, ജീക്സൺ സിങ്, പ്രബീർദാസ്, മാർക് ലെസ്കോവിച്ച അടക്കമുളള മറ്റ് താരങ്ങളും പ്രതീക്ഷയിലാണ്.

മറുവശത്ത് കണക്കിലെ കളികളിൽ ബംഗളൂരുവാണ് ബ്ലാസ്റ്റേഴ്സിനെക്കാൾ കേമൻ. ഇന്ത്യൻ സൂപ്പർലീഗിലും മറ്റ് ടൂർണമെന്റുകളിലുമായി ആകെ 14 തവണ ബ്ലാസ്റ്റേഴ്സിനെ നേരിട്ടപ്പോള്‍ എട്ടിലും ബാംഗ്ലൂർ തന്നെയാണ് വിജയിച്ചത്. കഴിഞ്ഞ സീസണിൽ കൊച്ചിയിൽ കളിച്ചപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. പക്ഷെ അവരുടെ മൈതാനത്ത് എത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് കളി മറക്കുകയും തോൽക്കുകയും ചെയ്തു. ഇക്കുറിയും സന്തുലിതമായ ടീമിനെയാണ് സൈമൺ ഗ്രേസൺ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് ലൂണ എങ്ങനെ­യോ അതുപോലെയാണ് ബാംഗ്ലൂരിന് ജവിയർ ഹെർണാണ്ടസ്. പ്രതിരോധത്തിൽ നിന്ന് സന്ദേശ് ജിങ്കൻ അടക്കമുള്ള താരങ്ങൾ ടീം വിട്ടുവെങ്കിലും ശിവശക്തി നാരായണനും ഹാളിചരൻ നാർസറിയും ഗോൾവല കുലുക്കാൻ കഴിവുള്ളവരാണ്. ഇന്ത്യൻ സ്ക്വാഡിനൊപ്പമുള്ള നായകൻ സുനിൽ ഛേത്രി ഇന്ന് കൊച്ചിയിൽ കളിക്കില്ല. ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിനേക്കാൾ എതിരാളികൾ ഭയക്കുന്നത് ഒഴുകി എത്തുന്ന പതിനായിരക്കണക്കിന് ആരാധകർ ഏൽപ്പിക്കുന്ന സമ്മർദ­മായിരിക്കും. ജവഹർലാൽ നെഹ്രു സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന കാര്യത്തിൽ തർക്കമില്ല.

Eng­lish Summary:Indian Super League kicks off today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.