28 April 2024, Sunday

Related news

April 28, 2024
April 19, 2024
April 15, 2024
April 11, 2024
April 7, 2024
March 27, 2024
March 5, 2024
March 1, 2024
February 22, 2024
February 11, 2024

ഇന്ത്യന്‍ തൊഴിലില്ലായ്മയും ഇസ്രയേല്‍ വാഗ്ദാനവും

സുരേന്ദ്രന്‍ കുത്തനൂര്‍
November 14, 2023 4:45 am

ഇന്ത്യയിൽ യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങളില്ല എന്ന റിപ്പോര്‍ട്ടുകള്‍ സുലഭമാണ്. അത്യാവശ്യത്തിനെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടത്തിന് കഴിയുന്നുമില്ല. പ്രതിവർഷം രാജ്യത്തെ തൊഴിൽവിപണിയിൽ ദശലക്ഷക്കണക്കിന് യുവാക്കളാണ് പ്രവേശിക്കുന്നത്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കിലേക്ക് കൂപ്പുകുത്തി ഇന്ത്യയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അധികനാളായില്ല. രാജ്യത്തിന്റെ ആത്മാവായ ഗ്രാമീണ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ പാകത്തിലുള്ള സാഹചര്യമാണ് നിലവിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ദേശീയ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറില്‍ 10.05 ശതമാനമായി ഉയര്‍ന്നതായി കാണിക്കുന്നു. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. സെപ്റ്റംബറില്‍ നിരക്ക് 7.09 ശതമാനമായിരുന്നു. തൊഴിലില്ലായ്മ, ദേശീയതലത്തില്‍ പരിഹരിക്കാന്‍ പദ്ധതികളില്ലാത്ത മോഡി ഭരണകൂടം തൊഴില്‍ശക്തിയെ കയറ്റുമതിചെയ്യാനാണ് പ്രാമുഖ്യം നല്‍കുന്നത്. ഗാസയില്‍ അക്രമം നടത്തുന്ന ഇസ്രയേലിലേക്ക് രാജ്യത്തുനിന്ന് തൊഴിലാളികളെ അയയ്ക്കാനുള്ള നീക്കം അതിന്റെ ഭാഗമായി വിലയിരുത്തണം. ജപ്പാൻ, ഫ്രാൻസ്, യുകെ എന്നിവയുൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യ തൊഴിൽക്കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നെതർലാന്റ്സ്, ഗ്രീസ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് എന്നിവരുമായും സമാനമായ ചർച്ചകൾ നടക്കുകയാണ്. കരാറിന്റെ ഭാഗമായി ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ തായ്‌വാൻ തയ്യാറായിട്ടുണ്ട്. ഫാക്ടറികൾ, ഫാമുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ അടുത്ത മാസത്തോടെ നിയമിച്ചേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബറോടെ ഇരുരാജ്യങ്ങളും തൊഴിൽ മൊബിലിറ്റി കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.


ഇതുകൂടി വായിക്കൂ:ഹമാസ്-ഇസ്രയേല്‍ യുദ്ധം മോഡിയുടെ പ്രതികരണം ഏകപക്ഷീയം


കരാർ പ്രകാരം ഇന്ത്യൻ തൊഴിലാളികൾക്ക് തായ്‌വാനിൽ മൂന്ന് വർഷം വരെ തങ്ങാനും കുടുംബത്തെ കൂടെനിര്‍ത്താനും അനുവാദമുണ്ട്. മിനിമം വേതനം, സാമൂഹിക സുരക്ഷ, വേതനത്തോടുകൂടിയ അവധി തുടങ്ങി തദ്ദേശീയതൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇന്ത്യൻ തൊഴിലാളികൾക്ക് ലഭിക്കും. ഇസ്രയേലിലേക്ക് തൊഴിലാളികളെ അയയ്ക്കാന്‍ തീരുമാനമെടുത്താല്‍ അതുയര്‍ത്തുന്ന രാഷ്ട്രീയ ധാര്‍മ്മികതയും തൊഴില്‍ സുരക്ഷയും ഗൗരവമായി ചര്‍ച്ചചെയ്യുകതന്നെ വേണം. ഹമാസിന്റെ പേരില്‍ പലസ്തീനെതിരെ നടത്തുന്ന അക്രമത്തിന്റെയും ഉപരോധത്തിന്റെയും പേരിലാണ് ഇസ്രയേലില്‍ തൊഴിലാളിക്ഷാമമുണ്ടായത്. വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട പലസ്തീനിയന്‍ തൊഴിലാളികൾക്ക് പകരം ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയാണെന്ന് വോയ്സ് ഓഫ് അമേരിക്കയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഗാസയ്ക്കുനേരെ ആക്രമണം ആരംഭിച്ചതിനും ശേഷം നിർമ്മാണ മേഖല മാന്ദ്യത്തിലാണെന്നും ഒരു ലക്ഷത്തോളം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കണമെന്നും ഇസ്രയേലിലെ നിർമ്മാണ വ്യവസായികള്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇസ്രയേൽ ബിൽഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹൈം ഫെയ്ഗ്ലിൻ പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക വെളിപ്പെടുത്തി. ഇങ്ങനെയാെരു വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിനകത്തും പുറത്തും നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഇസ്രയേലിലേക്ക് ഇന്ത്യന്‍ പൗരന്മാരെ അയയ്ക്കരുതെന്ന് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയായ ഫെയർസ്ക്വയർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇത് യുദ്ധക്കുറ്റങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്ന നടപടിയാകുമെന്നും മുന്നറിയിപ്പ് നല്‍കി. ‘സംഘർഷം ആരംഭിച്ചതിന് പിന്നാലെ ആയിരക്കണക്കിന് പലസ്തീനികളുടെ വർക്ക് പെർമിറ്റുകൾ ഏകപക്ഷീയമായി റദ്ദാക്കപ്പെട്ടു; ആയിരക്കണക്കിന് തൊഴിലാളികളെ ഇസ്രയേലിൽ അനധികൃതമായി തടങ്കലിൽ വച്ചു പീഡിപ്പിക്കുകയാണ്’ ‑കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന പറയുന്നു. പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ അയയ്ക്കരുതെന്ന് രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതുകൂടി വായിക്കൂ:അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊടുംക്രൂരതകള്‍


എഐടിയുസി, സിഐടിയു, ഐഎൻടിയുസി തുടങ്ങിയ സംഘടനകളോടൊപ്പം സംഘ്പരിവാര്‍ അനുകൂല സംഘടനയായ എച്ച്എംഎസും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ട്രേഡ് യൂണിയനുകൾ, 2023 മേയ് മാസത്തിൽ ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹന്റെ സന്ദർശന വേളയിൽ 42,000 തൊഴിലാളികളെ അയയ്ക്കാൻ ഒപ്പിട്ട കരാർ റദ്ദാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയയ്ക്കരുതെന്നാവശ്യപ്പെട്ട് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിട്ടുണ്ട്. ‘ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ, ഗാസാ മുനമ്പില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംഘര്‍ഷഭരിതമായ പ്രദേശത്തേക്ക് അയയ്ക്കുമ്പോള്‍ പൗരന്മാരുടെ സുരക്ഷ പ്രധാനമാണ്. തുച്ഛവരുമാനമുള്ള ജോലികള്‍ക്കാവും ഇവരെ പരിഗണിക്കുക. താങ്കളുടെ ഭരണത്തിന്‍ കീഴിലുള്ള രാജ്യത്തെ തൊഴിലില്ലായ്മയില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപ്പെടാനാണ് അവര്‍ വിദേശത്തേക്ക് പോകുന്നത്. യുദ്ധം കാരണം നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തേക്ക് ദാരിദ്ര്യത്തില്‍ കഴിയുന്ന പൗരന്മാരെ അയയ്ക്കുന്നത് നാണക്കേടാണ്’- കത്തില്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി പലസ്തീനിനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരാണ് ഈ നടപടിയെന്നും ഇത് രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. അതേസമയം രാജ്യത്തെ പൗരന്മാർക്ക് ആഗോളതലത്തില്‍ തൊഴില്‍പ്രവേശനം നൽകുന്നതിനാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. നിരവധി രാജ്യങ്ങളുമായി മൊബിലിറ്റി കരാറുകള്‍ക്കായി ചർച്ചകൾ നടക്കുന്നുണ്ട്. ഇസ്രയേലിൽ ഇപ്പോഴും ഇന്ത്യയിൽ നിന്നുള്ള നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ടെക് മേഖലയിൽ. അവിടെ നിന്ന് അഭ്യർത്ഥനകൾ വന്നിട്ടുണ്ട്. എന്നാൽ, അതൊരു കൃത്യമായ എണ്ണം ജീവനക്കാരെയാണെന്ന് പറയാൻ കഴിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിൽ ഇന്ത്യക്കാർക്ക് ലഭിച്ചേക്കാവുന്ന ജോലികളുടെ സ്വഭാവം അവ്യക്തമാണ്. യുദ്ധമെന്ന അസാധാരണ സാഹചര്യത്തിന്റെയും പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയതിന്റെയും ഫലമാണ് നിലവിലെ തൊഴില്‍ സാധ്യത.

വാഗ്ദാനം ചെയ്യുന്ന ജോലികൾ സ്ഥിരമാേ ദീർഘകാല സ്വഭാവമുള്ളതാണോ എന്നതിൽ വ്യക്തതയില്ല. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, ഈ തൊഴിലാളികൾക്ക് എന്ത് സംഭവിക്കുമെന്നും പ്രവചിക്കാനാകില്ല. യുദ്ധാനന്തരം തൊഴിലാളികൾ ഒഴിവാക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിന്റ നേട്ടത്തിനായി നമ്മുടെ തൊഴിലാളികളുടെ ജീവിതം എന്തിന് ചൂതാട്ടം നടത്തണമെന്ന് ഭരണകൂടം ആലോചിക്കണം. പലസ്തീനിയന്‍ തൊഴിലാളികളോട് ഇസ്രയേൽ അധികാരികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം ലോകം കണ്ടതാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ഇസ്രയേൽ നടത്തിയ ഹിംസയുടെ ചരിത്രം കാണിക്കുന്നത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, വർണവിവേചന നയങ്ങളുമായി ബന്ധപ്പെട്ട അക്രമത്തിന്റെ ഭാഗമാണ് എന്നാണ്. ഇതേ അധികാരികളിൽ നിന്ന് ഇന്ത്യൻ തൊഴിലാളികൾ സമാനമായ പെരുമാറ്റത്തിന് വിധേയരാകില്ലെന്ന് എന്താണുറപ്പ്. ഇന്ത്യയുടെ ഭരണാധികാരികളായ തീവ്രവലതുപക്ഷവും ഇസ്രയേലും തമ്മിൽ ‘അവിശുദ്ധ’ ഐക്യമുണ്ടായിട്ടും വിഗ്രഹാരാധനയുടെ പേരില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തോടുള്ള സയണിസ്റ്റുകളുടെ വെറുപ്പും വംശീയ ആരോപണങ്ങളും കുറഞ്ഞിരുന്നില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ ഒരിക്കലും മനുഷ്യാവകാശ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ തൊഴിലാളികളെ അവര്‍ക്ക് വിട്ടുകൊടുക്കാന്‍ ഭരണകൂടം തയ്യാറാകുമെങ്കില്‍ അത് വലിയ ആശങ്ക തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.