12 January 2025, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2022
June 15, 2022
April 9, 2022
April 2, 2022
March 17, 2022
March 9, 2022
February 22, 2022
February 8, 2022
January 18, 2022
December 21, 2021

തദ്ദേശീയ വാക്സിന്‍: വസ്തുതകള്‍ പുറത്തുവരണം

Janayugom Webdesk
November 19, 2022 5:00 am

യാഥാര്‍ത്ഥ്യബോധവും വസ്തുതാപരമായ പരിശോധനകളുമില്ലാതെ ലോകത്തിന് മുന്നില്‍ മേനി നടിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്തെ നാണം കെടുത്തിയ സംഭവങ്ങള്‍ നരേന്ദ്രമോഡി അധികാരത്തിലെത്തിയതിനുശേഷം പലതവണ ഉണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു നോട്ടുനിരോധനം. രാജ്യത്തെ ജനങ്ങളെ തീരാദുരിതത്തിലാക്കുന്നതിനും സമ്പദ്ഘടന വന്‍ പ്രതിസന്ധിയിലാകുന്നതിനുമാണ് നിരോധനം കാരണമായതെന്ന് മോഡിക്കും സ്തുതിപാഠകര്‍ക്കും മാത്രമാണ് മനസിലാകാത്തത്. ആര്‍ബിഐയിലെ ഉന്നതര്‍ പോലും അത് പരാജയപ്പെട്ട പരീക്ഷണമായിരുന്നുവെന്നാണ് വിലയിരുത്തിയത്. സമാനമായ മറ്റൊന്നായിരുന്നു ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുത്തിയത്. സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയ്ക്ക് ആ തീരുമാനം ഉണ്ടാക്കിയ ആഘാതം ഇപ്പോഴും പരിഹരിച്ചിട്ടില്ല. ഉല്പാദനക്കുറവും ആഗോള സാഹചര്യങ്ങളുടെ ഫലമായുണ്ടായ ക്ഷാമ സാധ്യതകളും നിലനില്ക്കുമ്പോഴാണ് ഗോതമ്പ് കയറ്റുമതി ചെയ്ത് ലോകത്തെ ഊട്ടുമെന്ന് പ്രധാനമന്ത്രി മേനി നടിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിലക്കയറ്റവും ദൗര്‍ലഭ്യവും വളരെ പെട്ടെന്നുതന്നെ സംജാതമായപ്പോള്‍ ദിവസങ്ങള്‍ക്കകം ഗോതമ്പ് കയറ്റുമതി നിരോധിക്കേണ്ടിവന്ന അനുഭവം സമീപകാലത്താണുണ്ടായത്. അരി, പഞ്ചസാര എന്നിവയ്ക്കും ഇതേ സാഹചര്യമുണ്ടായി. യാഥാര്‍ത്ഥ്യം മനസിലാക്കിയപ്പോള്‍ അവയുടെ കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നു. ലോകത്തെ വിറപ്പിച്ച കോവിഡിനെ നേരിടുന്നതിലും പ്രതിരോധമരുന്ന് വികസിപ്പിക്കുന്നതിലും ഇതേ അനുഭവമാണുണ്ടായത്. വൈറസിനെ പിടിച്ചുകെട്ടുന്നതിന് മുന്നറിയിപ്പുകളൊന്നുമില്ലാതെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതങ്ങള്‍ പറഞ്ഞറിയിക്കുവാന്‍ സാധിക്കാത്തതാണ്. അടച്ചുപൂട്ടലും നിയന്ത്രണങ്ങളും കൊണ്ടുമാത്രം ദുരിതത്തിലായവരുടെ എണ്ണം കോടിക്കണക്കിനായിരുന്നു. ലോകത്ത് ഏറ്റവുമധികം പേര്‍ മരിച്ചുവീണ, ശവസംസ്കാരം നടത്തുന്നതിനുപോലും പ്രതിസന്ധി നേരിട്ട രാജ്യങ്ങളില്‍ ആദ്യപട്ടികയില്‍ ഇന്ത്യയുടെ പേരും ഇടംപിടിച്ചു.


ഇതുകൂടി വായിക്കൂ: തദ്ദേശീയ കോവിഡ് മരുന്ന് രാഷ്ട്രീയ വാക്സിന്‍


കോവിഡ് വാക്സിന്റെ കാര്യത്തിലും കുറ്റകരമായ നടപടികളാണ് ഉണ്ടായതെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. അതിന് മുമ്പ് ചില പശ്ചാത്തല സംഭവങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. 2019 ഒടുവില്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട്, 2020 ജനുവരിയോടെ പടര്‍ന്നു തുടങ്ങിയ വൈറസ് ഫെബ്രുവരിയോടെയാണ് മാരകമാണെന്ന കണ്ടെത്തലുണ്ടാകുന്നത്. പിന്നീട് വളരെ വേഗത്തിലായിരുന്നു രോഗ വ്യാപനം. മാര്‍ച്ച് മാസം മഹാമാരിയായി പ്രഖ്യാപിക്കപ്പെടുകയും മാര്‍ച്ച് അവസാനത്തോടെ പല രാജ്യങ്ങളും ആദ്യപ്രതിരോധമാര്‍ഗമായി അടച്ചിടല്‍ നടപ്പിലാക്കുകയും ചെയ്യുന്നു. പിന്നീടുള്ള രണ്ടുമാസം എല്ലാ രാജ്യങ്ങളും അടച്ചുപൂട്ടലിലൂടെയും നിയന്ത്രണങ്ങളിലൂടെയും വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളെടുക്കുകയായിരുന്നു. പക്ഷേ, അതിനിടയില്‍ 2020 ജൂണ്‍ മാസത്തില്‍തന്നെ ഇന്ത്യ തദ്ദേശീയ വാക്സിന്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുകയും ഓഗസ്റ്റില്‍ പുറത്തിറക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ജൂലൈ രണ്ടിന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അപ്പോള്‍തന്നെ ആരോഗ്യശാസ്ത്രപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് പ്രതിരോധ വാക്സിന്‍ പുറത്തിറക്കുന്നതെന്ന ആശങ്ക വിദഗ്ധര്‍ ഉന്നയിച്ചിരുന്നതാണ്. ലോകത്തിന് മുന്നില്‍ ആദ്യമായി പ്രതിരോധ മരുന്ന് വികസിപ്പിച്ച രാജ്യമെന്ന കീര്‍ത്തിക്കുവേണ്ടിയുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നുള്ള ആരോപണവുമുയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെയാണ് ഓഗസ്റ്റില്‍ വാക്സിന്‍ പുറത്തിറക്കുന്നതിനുള്ള നീക്കം മാറ്റിവച്ചത്. എങ്കിലും മറ്റ് ചില രാജ്യങ്ങള്‍ക്കുമൊപ്പം കോവിഡിനെതിരായ തദ്ദേശീയ പ്രതിരോധമരുന്നായി കോവാക്സിന്‍ പുറത്തിറക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ഭോപ്പാല്‍ ദുരന്ത ബാധിതരിൽ കോവാക്സിന്‍ പരീക്ഷിക്കരുത്


തദ്ദേശീയ വാക്സിന്‍ പുറത്തിറക്കുന്നതിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്നും മതിയായ ക്ലിനിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയില്ലെന്നുമാണ് കഴി‍ഞ്ഞ ദിവസം വെളിപ്പെടുത്തലുണ്ടായത്. ധൃതിപിടിച്ച് പുറത്തിറക്കുന്നതിന് ചില ഘട്ടത്തിലുള്ള പരീക്ഷണങ്ങള്‍ ഒഴിവാക്കി, സുരക്ഷാ പരിശോധനകളില്‍ ചിലത് ഒഴിവാക്കുകയും ചെയ്തു. നടത്തിയെന്ന് അവകാശപ്പെട്ടിരുന്ന പല പരീക്ഷണങ്ങളുടെയും വിവരങ്ങള്‍ യഥാര്‍ത്ഥമായിരുന്നില്ലെന്നും കമ്പനിയുടെ ഉന്നതനെ ഉദ്ധരിച്ചാണ് ആരോഗ്യ മാധ്യമമായ സ്റ്റാറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ആളുകളുടെ എണ്ണം ആധികാരിക പ്രസിദ്ധീകരണ രേഖകളില്‍ വ്യത്യസ്തമായാണ് പ്രസിദ്ധീകരിച്ചതെന്ന വസ്തുതയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അവ പരിശോധിച്ചാല്‍ത്തന്നെ വസ്തുത ബോധ്യപ്പെടാവുന്നതാണ്. കൂടാതെ ഉന്നത വ്യക്തിയുടെ സ്ഥാനവും പേരുമുള്‍പ്പെടെ ആധികാരിക സ്വഭാവത്തോടെയാണ് വാര്‍ത്ത തയാറാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കും അക്കാര്യം നിഷേധിച്ചിട്ടുണ്ട്. എങ്കിലും ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്കും ആരോഗ്യ — പൊതുരംഗങ്ങളിലെ വിദഗ്ധര്‍ക്കും ഉണ്ടായ സംശയങ്ങളും ആശങ്കകളും ശരിവയ്ക്കുന്നതാണ് ഇപ്പോഴുണ്ടായ വെളിപ്പെടുത്തല്‍. സ്വന്തം ജനതയുടെ ആരോഗ്യസുരക്ഷ പോലും പരിഗണിച്ചില്ലെന്ന വെളിപ്പെടുത്തല്‍ വളരെയധികം ഗൗരവമുള്ളതാണ്. അതുകൊണ്ട് വാക്സിന്‍ വികസിപ്പിച്ചതിന്റെ വസ്തുതകള്‍ പുറത്തുവിടാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.