26 May 2024, Sunday

യുക്തിഭദ്രമല്ലാത്ത വാദങ്ങള്‍

അബ്ദുൾ ഗഫൂർ
തെരഞ്ഞെടുപ്പ് പരിഷ്കരണം-3
March 9, 2024 4:30 am

രു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ അഭിപ്രായ സമന്വയമില്ലെങ്കിലും ജനാധിപത്യ സ്നേഹികളില്‍ ആശങ്ക ശക്തമാണെങ്കിലും ഏകപക്ഷീയ നടപടികളുമായി മുന്നോട്ടു പോകുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നാം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പ്രസ്തുത ആശയം പൂര്‍ണരൂപത്തിലെത്തിക്കുന്നതിനുള്ള കഠിന പ്രയത്നങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുകയും അഭിപ്രായ സമന്വയം ഉണ്ടാക്കുവാന്‍ സാധിക്കാതെ വരികയും ചെയ്തതിനാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അത് നടപ്പിലാകില്ലെന്ന സ്ഥിതിയുണ്ടായി. എന്നാല്‍ വളരെ സമീപഭാവിയില്‍ പ്രസ്തുത ആശയം നടപ്പിലാക്കുന്നതിനുള്ള ദ്രുത നീക്കങ്ങളാണ് അവര്‍ നടത്തുന്നത്. അതിനുവേണ്ടിയാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രൂപീകരിച്ച് മുന്നോട്ടുപോകുന്നത്. പ്രസ്തുത സമിതി വീണ്ടും വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുകയുണ്ടായി. അവിടെയും മഹാഭൂരിപക്ഷം അഭിപ്രായങ്ങളും ഇതിനെ എതിര്‍ക്കുകയോ ആശങ്ക രേഖപ്പെടുത്തുകയോ ചെയ്യുന്നതായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിയമ കമ്മിഷന്റേതായി ചില വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്‌സഭയിലേക്ക് അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് എന്ന തങ്ങളുടെ ആശയം നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അതിന് ചില കടമ്പകള്‍ മുന്നിലുണ്ടായിരുന്നു. അത് പ്രധാനമായും ഭരണഘടനയും പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. അതിനെ മറികടക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ഭൂമിക നല്‍കുന്ന സന്ദേശം


അതാണ് ഇപ്പോള്‍ നിയമ കമ്മിഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 2029ല്‍ അതായത് അടുത്ത പൊതുതെരഞ്ഞെടുപ്പോടെ ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള നിര്‍ദേശമാണ് കമ്മിഷന്‍ നല്‍കിയതെന്നാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍. അതിനായി ഭരണഘടനയില്‍ പുതിയ അധ്യായമോ ഭാഗമോ ചേര്‍ക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിര്‍ദേശങ്ങള്‍ എന്തായാലും ഭരണഘടനാ ഭേദഗതി നടപ്പിലാകണമെങ്കില്‍ ഇരുസഭകളിലും ബിജെപി സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിരിക്കണം. ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ഇല്ലെന്നത് അവര്‍ക്ക് മുന്നിലെ തടസമാണ്. അതുകൊണ്ടാണ് കഴിഞ്ഞയാഴ്ച ആദ്യം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചലിലും യുപിയിലും എംഎല്‍എമാരെ വിലയ്ക്കെടുത്ത് തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുവാന്‍ ബിജെപി തുനിഞ്ഞത്. ഇനിയും മൂന്നോ നാലോ പേരെ കൂടി രാജ്യസഭയില്‍ അധികമായി നേടിയാല്‍ മാത്രമേ അവര്‍ക്ക് അവിടെ ഭൂരിപക്ഷം ഉണ്ടാക്കാനാകൂ എന്നതാണ് നിലവിലെ സ്ഥിതി. ഈ സാഹചര്യത്തില്‍ ഇനി നടക്കാനിരിക്കുന്ന രാജ്യസഭാ സീറ്റുകളിലും ബിജെപിയുടെ കുതിരക്കച്ചവടം നടക്കുമെന്നുറപ്പാണ്. അങ്ങനെ രാജ്യസഭയിലും ഭൂരിപക്ഷം നേടിയെടുത്താല്‍ മാത്രമേ ഭരണഘടനാ ഭേദഗതി വരുത്താനും ഈ ആശയം നടപ്പിലാക്കുവാനും സാധിക്കുകയുള്ളൂ. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയുടെ പ്രായോഗികത ഇത്തരം കുതിരക്കച്ചവടത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നതിന്റെ സ്വീകാര്യതയ്ക്ക് ഉന്നയിക്കപ്പെടുന്നതെല്ലാം യുക്തിരഹിതമായ വാദങ്ങളാണ്. ഇക്കാര്യം കാര്യകാരണ സഹിതം സിപിഐ ഉള്‍പ്പെടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും പ്രധാന വെല്ലുവിളി ജനാധിപത്യത്തില്‍ വോട്ടര്‍മാരുടെ അവകാശം സംബന്ധിച്ചാണ്. രാംനാഥ് കോവിന്ദ് സമിതിക്ക് മുന്നില്‍ സിപിഐ സമര്‍പ്പിച്ച കുറിപ്പില്‍ ഇതുസംബന്ധിച്ച ആശങ്കകളും സംശയങ്ങളും വിശദീകരിച്ചിട്ടുണ്ട്. അതില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങളാണ് ഉദാഹരിച്ചിട്ടുള്ളത് എന്നതിനാല്‍ അക്കാര്യം ഇവിടെ പരാമര്‍ശിക്കുന്നതായിരിക്കും ഉചിതം. നമ്മുടെ റിപ്പബ്ലിക്കിന്റെ ആവിര്‍ഭാവത്തിനു ശേഷം തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയിരുന്നുവെന്ന വാദമുണ്ട്. എന്തുകൊണ്ടാണ് ഒരേസമയം തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയുടെ തുടർച്ച പൊട്ടിപ്പോയതെന്ന് നാം ഓർക്കേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ബോണ്ട്: വസ്തുതകള്‍ തമസ്കരിക്കുന്നു


1957ലെ രണ്ടാം പൊതുതെരഞ്ഞെടുപ്പിനു ശേഷം സിപിഐ കേരളത്തിൽ മന്ത്രിസഭ രൂപീകരിച്ചു. അന്ന് കേന്ദ്രത്തിലും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ഭരണം വലിയ പ്രയാസമുണ്ടാക്കി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഒത്താശയില്‍ മത‑സാമുദായിക സംഘടനകളെയും പ്രതിലോമ ശക്തികളെയും ഉപയോഗിച്ച് വിമോചന സമരമെന്ന അക്രമ സമരം സംഘടിപ്പിച്ചതും ഭരണഘടനയുടെ അനുച്ഛേദം 356ന്റെ ആദ്യ ഇരകളിൽ ഒന്നായി കേരളത്തിലെ ആദ്യ സിപിഐ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതും ചരിത്രമാണ്. അതുകൊണ്ട് 1960ൽ നിയമസഭയിലേക്ക് വേറിട്ട് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. 1965ൽ കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ല. അതിനാല്‍ 1967ൽ കേരള നിയമസഭയിലേക്ക് ഒരിക്കല്‍കൂടി തെരഞ്ഞെടുപ്പുണ്ടായി. ആ മന്ത്രിസഭയ്ക്കും അധികനാള്‍ തുടരാനായില്ല. അങ്ങനെ 12 വര്‍ഷത്തിനിടെ മൂന്നിലധികം തെരഞ്ഞെടുപ്പുകളില്‍ കേരളീയര്‍ വോട്ട് ചെയ്യേണ്ടിവന്നിരുന്നു. പിന്നീട് 1977ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് 1980ലും ഇതേകാരണത്താല്‍ 1982ലും കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്ന സാഹചര്യമുണ്ടായി. ഈ സ്ഥിതിവിശേഷം മറ്റുപല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ സിപിഐ അതിന്റെ വിയോജനക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന രീതിയും തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സ്വഭാവവും കണക്കിലെടുക്കുമ്പോൾ ഈ പ്രക്രിയ സ്വാഭാവികമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് അടിച്ചേല്പിക്കുകയോ നിഷേധിക്കുകയോ ചെയ്യാനാകില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും സിപിഐ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനുപുറമേ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ നടപ്പിലാക്കുമ്പോള്‍ സംഭവിക്കാനിടയുള്ള വലിയ അപകടം കുതിരക്കച്ചവടവും അതുവഴിയുള്ള അധികാരമാറ്റങ്ങളും ക്രമവല്‍ക്കരിക്കപ്പെടുമെന്നതാണ്. ഇപ്പോള്‍തന്നെ ബിജെപി അത് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: കുചേലന്റെ അവിൽപ്പൊതിയും തെരഞ്ഞെടുപ്പ് ബോണ്ടെന്ന അഴിമതിപ്പൊതിയും


അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ജനങ്ങളെ സമീപിക്കേണ്ടതുള്ളൂ എന്നുവന്നാല്‍ അത് ഇന്നത്തെക്കാളും കൂടിയ അളവില്‍ സംഭവിച്ചുകൊണ്ടേയിരിക്കുമെന്നതില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും അല്ലാതെയും പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം വന്‍തോതില്‍ പണം സമ്പാദിച്ചുവച്ചിരിക്കുന്ന പാര്‍ട്ടി ബിജെപിയാണ് എന്നതിനാല്‍ എംപിമാരെയും എംഎല്‍എമാരെയും വിലയ്ക്കെടുക്കാനുള്ള ശേഷി കൂടുതല്‍ അവര്‍ക്കായിരിക്കുമെന്നതും സംശയരഹിതമാണ്. ജനങ്ങള്‍ വോട്ടുചെയ്യുന്നത് പ്രകടന പത്രികയുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിലാണെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതിനുശേഷം ജനങ്ങളോട് ബാധ്യതയില്ലാതെ വരികയും പണാധിപത്യത്തിന് പ്രമുഖ്യം ലഭിക്കുകയും ചെയ്യുമെന്ന ഭയാനകമായ അവസ്ഥയും ഇതിലൂടെ സംജാതമാകും. ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുവാനുള്ള എല്ലാ സാധ്യതകളും നടക്കാതെ വന്നാല്‍ രണ്ട് മാര്‍ഗങ്ങളാണ് സ്വീകരിക്കപ്പെടാറുള്ളത്. ഒന്നുകില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ ജനവിധിക്ക് നിര്‍ദേശിക്കുക. അഞ്ചുവര്‍ഷ ഭരണമെന്ന രീതി നടപ്പിലാക്കിയാല്‍ പുതിയ തെരഞ്ഞെടുപ്പ് എന്നത് അസാധ്യമാകുകയും രാഷ്ട്രപതി ഭരണം അനിവാര്യമാകുകയും ചെയ്യും. ഇത് ഫലത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതിനുള്ള അവസരം തുറന്നു നല്‍കുകയാണ് ചെയ്യുക. അതാകട്ടെ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകും. ഇപ്പോഴത്തെ സാഹചര്യത്തിലാണെങ്കില്‍ ബിജെപിയുടെ സര്‍വാധിപത്യത്തിന് വഴിയൊരുങ്ങുകയാണ് ഇതിലൂടെ സംഭവിക്കുക. തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍ എന്നതുകൊണ്ട് മുന്‍കാലങ്ങളില്‍ ഉദ്ദേശിച്ചത്, സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് പ്രക്രിയയും സമ്മതിദായകനെ മുഖ്യമായി പരിഗണിച്ചുള്ള ജനാധിപത്യ പ്രക്രിയയുമായിരുന്നു. എന്നാല്‍ ബിജെപിയുടെ ചിന്തകളില്‍ അത് സ്വേച്ഛാധിപത്യ സ്ഥാപനത്തിനുള്ള മാര്‍ഗമായാണ് രൂപപ്പെട്ടിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.