1 May 2024, Wednesday

തോപ്പില്‍ ഭാസി: എന്നും ദീപ്തമായ സ്മരണ

കെ ദിലീപ്
April 8, 2024 4:30 am

വ്യാപരിച്ച മേഖലകളിലെല്ലാം തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച, ഭാഗഭാക്കായ പ്രസ്ഥാനങ്ങളിലെല്ലാം നിസ്വാര്‍ത്ഥമായി, സാഹസികമായി പ്രവര്‍ത്തിച്ച മുന്‍ മാതൃകകളില്ലാത്ത മഹദ് വ്യക്തിത്വമായിരുന്നു തോപ്പില്‍ ഭാസി. 1924 ഏപ്രില്‍ എട്ട് മുതല്‍ 1992 ഡിസംബര്‍ എട്ട് വരെയുള്ള അദ്ദേഹത്തിന്റെ 68 വര്‍ഷത്തെ ജീവിതകാലം കേരളത്തിലും ഇന്ത്യയിലും സ്വാതന്ത്ര്യത്തിലേക്കും സാമൂഹ്യ പരിവര്‍ത്തനത്തിലേക്കും നയിച്ച വലിയ പ്രസ്ഥാനങ്ങളുടെയും ത്യാഗോജ്വലമായ സമരങ്ങളുടെയും മഹത്തായ കാലഘട്ടമായിരുന്നു. തോപ്പില്‍ ഭാസിയുടെ ദേഹവിയോഗത്തിന് രണ്ട് ദിവസം മുമ്പ് ഡിസംബര്‍ ആറിന് അയോധ്യയില്‍ പതിനാറാം നൂറ്റാണ്ട് മുതല്‍ നിലനിന്നിരുന്ന ബാബറി മസ്ജിദ് തകര്‍ത്തുകൊണ്ട് തീവ്രഹിന്ദുവാദികള്‍ ഇന്ത്യയില്‍ മതനിരപേക്ഷത തകര്‍ക്കുവാന്‍ ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന് നൂറാം ജന്മദിനത്തില്‍ സമൂഹത്തില്‍ അര്‍ബുദം പോലെ പ്രതിലോമശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ചെറുക്കുവാന്‍ ഇപ്പോഴും തോപ്പില്‍ ഭാസിയുടെ ജീവിതവും തൂലികയും നമുക്ക് വഴികാട്ടിയാവുന്നു. “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന ഒരു നാടകത്തിലൂടെ ഒരു നാടിനെയാകെ പുരോഗമനാശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ ആ തൂലികയുടെ അഭാവം ഇന്നത്തെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒരു വലിയ നഷ്ടം തന്നെയാണ്.


ഇതുകൂടി വായിക്കൂ: അരങ്ങിലെ ഇതിഹാസം @75


ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം എന്ന ഗ്രാമത്തില്‍ ഭൂവുടമയായിരുന്ന തോപ്പില്‍ പരമേശ്വരന്‍ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച തോപ്പില്‍ ഭാസ്കരപിള്ള, വള്ളിക്കുന്നം എസ്എന്‍ഡിപി സ്കൂള്‍ മുതല്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ നിന്ന് വൈദ്യകലാനിധി പരീക്ഷ പാസാവുന്നത് വരെ മികച്ച വിദ്യാര്‍ത്ഥി ആയിരുന്നു. അതേസമയം തന്നെ നാട്ടില്‍ നടക്കുന്ന സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായുള്ള സമരങ്ങളില്‍ ആകൃഷ്ടനുമായിരുന്നു. തിരുവനന്തപുരത്ത് ആയുര്‍വേദ കോളജ് വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് ലോഡ്ജിലെ മുതിര്‍ന്ന സഹവാസിയായിരുന്ന എന്‍ കൃഷ്ണപിള്ള എന്ന നാടകാചാര്യന്റെയും അവിടെ വന്നിരുന്ന പി കെ വിക്രമന്‍ നായര്‍, സി ഐ പരമേശ്വരന്‍ പിള്ള തുടങ്ങിയ പ്രമുഖരുടെയും നാടക ചര്‍ച്ചകളിലെ നിശബ്ദ ശ്രോതാവായിരുന്നു തോപ്പില്‍ ഭാസി. ഈ കാലത്താണ് നാടകം എന്ന കലാരൂപത്തെക്കുറിച്ച് ഭാസിക്ക് വ്യക്തമായ ധാരണകള്‍ ലഭിച്ചിരിക്കുക. പക്ഷെ ഒരു നാടിനെയാകെ മാറ്റിത്തീര്‍ത്ത നാടക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിത്തീരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒളിവിലെ ഓര്‍മ്മകള്‍ എന്ന ആത്മകഥയില്‍ ഭാസി ഇങ്ങനെ പറഞ്ഞു “ഞാനൊരു വൈദ്യനാവാന്‍ ശ്രമിച്ചു. ഞാനൊരു വിപ്ലവകാരിയായി.” മനുഷ്യരുടെ സാമൂഹിക ദൈന്യതകള്‍ക്ക് മരുന്ന് നിര്‍ദേശിച്ചുകൊണ്ട് ജീര്‍ണമായ സമൂഹത്തിനെ വാക്കും പ്രവ‍ൃത്തിയും കൊണ്ട് ചികിത്സിച്ച് തോപ്പില്‍ ഭാസി ഒരു വലിയ വൈദ്യനായി തന്നെ മാറി. “മുന്നേറ്റം” എന്ന ആദ്യ നാടകത്തില്‍ തന്നെ എന്‍ കൃഷ്ണപിള്ളയുടെ “ഏകലവ്യ ശിഷ്യനെന്ന്” സ്വയം വിശേഷിപ്പിക്കാറുണ്ടായിരുന്ന ഭാസി പരിവര്‍ത്തനത്തിന്റെ കാഹളമാണ് മുഴക്കിയത്. പിന്നീട് കാമ്പിശേരിയോടൊപ്പം കെപിഎസി എന്ന നാടക പ്രസ്ഥാനത്തിന്റെ ജീവാത്മാവായി മാറിയതും “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” മുതല്‍ പതിനെട്ടോളം കെപിഎസി നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചതും മലയാള നാടക പ്രസ്ഥാനത്തിനും തന്നെ ഒരു പുതിയ പന്ഥാവ് വെട്ടിത്തെളിച്ചതും ചരിത്രം. പലപ്പോഴും പറയാതെ പോകുന്ന കാര്യം മലയാള സിനിമയില്‍ തോപ്പില്‍ ഭാസിയുടെ ഇടപെടല്‍ കാരണം ഉണ്ടായ ഗുണപരമായ മാറ്റങ്ങളാണ്. തമിഴ് സിനിമകളുടെ സ്വാധീനത്തില്‍ നിന്ന് മുക്തമാവാതിരുന്ന മലയാള സിനിമയില്‍ തന്റെ നാടകങ്ങള്‍ക്ക് ചലച്ചിത്രഭാഷ്യം നല്കിക്കൊണ്ട് സിനിമയിലെത്തിയ ഭാസി പതിമൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തുകൊണ്ട് മലയാള സിനിമയെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമാക്കി.


ഇതുകൂടി വായിക്കൂ: കാലം നമിക്കുന്ന കാമ്പിശേരിയും ഭാസിയും


അതി സാഹസികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിതമായിരുന്ന കാലത്ത് ഒളിവിലിരുന്ന് പ്രവര്‍ത്തിക്കുകയും ശൂരനാട് കലാപത്തെ തുടര്‍ന്ന്, അതില്‍ പങ്കാളി അല്ലായിരുന്നെങ്കിലും തിരു-കൊച്ചി പൊലീസിന്റെ അതിക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയനാവേണ്ടി വരികയും ചെയ്തു. 1954ല്‍ തിരു-കൊച്ചി നിയമസഭയിലും 1957ല്‍ ആദ്യ കേരള നിയമസഭയിലും സിപിഐ എംഎല്‍എ ആയിരുന്ന ഭാസി മികച്ച നിയമസഭാ സമാജികനും ആയിരുന്നു.
ഒരേസമയം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനും സാഹിത്യ, സിനിമാ രംഗങ്ങളിലെ ഏറ്റവും പ്രമുഖ സാന്നിധ്യവുമായിരുന്നു തോപ്പില്‍ ഭാസി. മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി എന്നീ നാടകങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും അശ്വമേധത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയ ഭാസി ശരശയ്യയ്ക്ക് 1971ല്‍ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മൂലധനം മികച്ച കഥയ്ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തിലെ ഉജ്വലമായ ഒരു ചുവന്ന നക്ഷത്രമാണ് തോപ്പില്‍ ഭാസി. ഭാസിയുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് പന്ന്യന്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍, കേരളത്തിലെ നാടക, സിനിമാ പത്രപ്രവര്‍ത്തന മേഖലകളിലെ ഏറ്റവും മികച്ച പ്രതിഭകള്‍ക്കും വര്‍ഷം തോറും തോപ്പില്‍ ഭാസിയുടെ പേരില്‍ അവാര്‍ഡ് നല്‍കുന്നു. ശതാബ്ദി വര്‍ഷത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് തോപ്പില്‍ ഭാസി ഫൗണ്ടേഷന്‍ ആവിഷ്കരിച്ചിട്ടുള്ളത്. തോപ്പില്‍ ഭാസിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്ന കെപിഎസി ഭാസിയുടെ “ഒളിവിലെ ഓര്‍മ്മകള്‍” നാടകം പുനരാവിഷ്കരിച്ച് ഈ വര്‍ഷം അരങ്ങിലെത്തിക്കും. അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.