November 26, 2022 Saturday

Related news

November 26, 2022
November 18, 2022
November 15, 2022
November 15, 2022
November 13, 2022
November 12, 2022
November 11, 2022
November 11, 2022
November 10, 2022
November 9, 2022

പരിഷത്തിന്റെ 60 വര്‍ഷങ്ങള്‍; ശാസ്ത്രസാഹിത്യ പ്രചാരത്തിന്റെയും

എം സി പോള്‍
September 3, 2022 5:45 am

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ശാസ്ത്ര സംഘടന രൂപീകരിച്ചിട്ട് അറുപതാണ്ട് പൂര്‍ത്തിയാകുന്നു. ശാസ്ത്ര ക്ലാസുകളിലൂടെയും ശാസ്ത്ര കലാജാഥകളിലൂടെയുമാണ് പരിഷത്തിന്റെ ജനങ്ങളുമായുള്ള നാഭിനാളബന്ധം ദൃഢീകരിച്ചത്. ശാസ്ത്രസാഹിത്യം മലയാള ഭാഷയില്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1962ലാണ് പരിഷത്ത് രൂപവല്ക്കരിച്ചത്. ഡോ. എന്‍ വി കൃഷ്ണവാരിയര്‍, ഡോ. എം പി പരമേശ്വരന്‍, ഡോ. കെ ജി അടിയോടി, പി ടി ഭാസ്ക്കരപ്പണിക്കര്‍, സി പി നാരായണന്‍ തുടങ്ങി ഒട്ടനവധി ശാസ്ത്രസാഹിത്യ പ്രതിഭകള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഘടനയുടെ രൂപവല്ക്കരണത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ആദ്യഘട്ടത്തില്‍ അക്കാദമിക്കുകളായ ശാസ്ത്രസാഹിത്യകാരന്‍മാര്‍ക്കു മാത്രമായിരുന്നു അംഗത്വം നല്കിയത്. എന്നാല്‍ പി ടി ഭാസ്ക്കരപ്പണിക്കര്‍ സംഘടനയുടെ നേതൃത്വത്തിലേക്ക് വന്നതോടെ അംഗത്വത്തിന് നടപ്പാക്കിയിരുന്ന അക്കാദമിക‍ സ്വഭാവം തിരുത്തുകയും ശാസ്ത്ര അഭിരുചിയും പുരോഗമന സ്വഭാവമുള്ള എല്ലാ വ്യക്തികള്‍ക്കും അംഗത്വം നല്‍കുന്ന രീതി സ്വീകരിക്കുകയും ചെയ്തു. അതോടൊപ്പം ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാനും ആനുകാലികങ്ങളില്‍ ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും ശാസ്ത്ര ഗ്രന്ഥങ്ങള്‍ അന്യഭാഷകളില്‍ നിന്നും പരിഭാഷപ്പെടുത്തുവാനും ആരംഭിച്ചു. മലയാള ഭാഷയില്‍ ശാസ്ത്ര സാങ്കേതിക പദാവലികള്‍ കണ്ടെത്താനും മൗലികകൃതികള്‍ പ്രസിദ്ധീകരിക്കാനും തുടങ്ങി. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി പരിഷത്ത് 1970കളോടെ രൂപാന്തരപ്പെട്ടു.

1966ല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ശാസ്ത്രഗതി മാസികയും 1969ല്‍ ഹെെസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര കേരളം മാസികയും 1970ല്‍ എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായി യുറീക്കാ മാസികയും പ്രസിദ്ധീകരണം ആരംഭിച്ചു. ഏറെ ബാലാരിഷ്ടതകള്‍ ഉണ്ടായെങ്കിലും ഇന്നും മലയാളിയുടെ ശാസ്ത്രബോധത്തെ തട്ടിയുണര്‍ത്തി ഈ പ്രസിദ്ധീകരണങ്ങള്‍ സജീവമായി നമ്മുടെ വായനാ സംസ്കാരത്തിന്റെ ഭാഗമായി നില്‍ക്കുന്നു. നൂറുകണക്കിന് ശാസ്ത്രഗ്രന്ഥങ്ങളാണ് പരിഷത്ത് ഓരോ വര്‍ഷവും മലയാളി വായനാസമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സംഘടന നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1979ല്‍ തുടങ്ങിയ സൈലന്റുവാലി പ്രക്ഷോഭം ഇതിന് ഉത്തമ നിദര്‍ശനമാണ് ഡോ. എന്‍ വി കൃഷ്ണവാരിയര്‍, പ്രൊഫ. എം കെ പ്രസാദ്, സുഗതകുമാരി അങ്ങനെ എത്രയോ ശാസ്ത്രകാരന്മാര്‍, സാഹിത്യ, സാംസ്കാരിക പ്രതിഭകള്‍ ആ സമരത്തില്‍ അണിചേര്‍ന്നു എന്നത് പരിഷത്തിന്റെ നെറുകയിലെ ഒരു പൊന്‍തൂവല്‍ കൂടിയാണ്.

 


ഇതുകൂടി വായിക്കു; സംഘ്പരിവാറിന് വേണ്ടി വാദിക്കുന്ന ഇന്ദു മല്‍ഹോത്ര | Janayugom Editorial


1989ല്‍ നടന്ന എറണാകുളം ജില്ലാ സമ്പൂര്‍ണ സാക്ഷരതായജ്ഞം പരിഷത്ത് പ്രവര്‍ത്തനത്തിന് ജനകീയ മുഖം തുറന്നുതന്നു. സാക്ഷരതാ പ്രസ്ഥാനം ഒരു സമരമാര്‍ഗമായി മാറി. സി ജി ശാന്തകുമാറിനെ പോലുള്ളവരുടെ സാക്ഷരതാ രംഗത്തെ സംഭാവന നിസ്തുലമായിരുന്നു. ത്രിതല പഞ്ചായത്തു ഭരണത്തിലും ജനകീയാസൂത്രണ രംഗത്തും പരിഷത്തിന്റെ പങ്ക് ഗണനീയമായിരുന്നു. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി യാതൊരു സുരക്ഷാ മാര്‍ഗങ്ങളുമില്ലാതെ പ്രവര്‍ത്തിപ്പിച്ചതിന്റെ ഫലമായി ടാങ്കുകള്‍ പൊട്ടിത്തെറിച്ച് അതില്‍ നിന്നു ബഹിര്‍ഗമിച്ച മീതൈല്‍ ഐസോസെെനറ്റ് എന്ന രാസവാതകം ശ്വസിച്ച് മൂവായിരത്തിലധികം മനുഷ്യര്‍ ഭോപ്പാല്‍ തെരുവുകളിലും ചേരികളിലും‍ പിടഞ്ഞു വീണു മരിക്കുകയും അതിലുമെത്രയോ ആയിരക്കണക്കിനു പേര്‍ നിത്യരോഗികളായി മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര അമേരിക്കന്‍ കുത്തക ഭീമന്റെ ഉല്പന്നമായ എവറെഡി ബാറ്ററി വില്ക്കാതിരിക്കാനും വാങ്ങാതിരിക്കാനും നിരോധിക്കാനും പരിഷത്ത് രാജ്യവ്യാപകമായി പ്രതിരോധ പ്രക്ഷോഭമാര്‍ഗങ്ങള്‍ സംഘടിപ്പിച്ചത് ചരിത്രം. 1987ല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ സമയത്ത് ട്രെയിനില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡിനു മുന്നിലേക്ക് മാര്‍ച്ച് ചെയ്തതും അവിടത്തെ ജെ പി നഗര്‍ ചേരിയിലെ മാരകമായ രോഗങ്ങള്‍ ബാധിച്ച് ജീവിക്കുന്ന രക്തസാക്ഷികളായ കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും സന്ദര്‍ശിച്ചതും അവര്‍ക്ക് മരുന്നുകള്‍ നല്‍കിയതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്കിയതും ജാഥാംഗമായ ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ക്ക് വിസ്മരിക്കാനാവുന്നതല്ല. ഇതെല്ലാം പരിഷത്തിന്റെ ജനകീയ മുഖം തുറന്നുകാട്ടുന്ന പ്രവര്‍ത്തനങ്ങളാണ്.

 


ഇതുകൂടി വായിക്കു; ഭരണഘടനയെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക


പതിനായിരക്കണക്കിന് ശാസ്ത്ര ക്ലാസുകളാണ് പരിഷത്ത് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചത്. ഇത് സംഘടനയുടെ ജനകീയ അടിത്തറ വികസിപ്പിച്ചു. കൂടാതെ വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകള്‍ ജനകീയാരോഗ്യ രംഗത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിഷത്തിന്റെ സ്ത്രീപക്ഷ ഇടപെടലുകളും ജന്‍ഡര്‍ ഇക്വാലിറ്റിയുടെ പഠന പ്രവര്‍ത്തന സാധ്യതകളും പരിസ്ഥിതി രംഗത്തെ ജനാധിപത്യവല്ക്കരണവും അഖിലേന്ത്യാ തലത്തിലെ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂടിച്ചേരലുകളും അതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ഭാരതജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും ഇവിടെ അനുസ്മരണീയമാണ്.
ഇതില്‍ ഡോ. എം പി പരമേശ്വരന്‍, വിനോദ്റയ്‌ന എന്നിവരുടെ നേതൃപരമായ പങ്ക് നിസ്തുലമാണ്. അജ്ഞതയ്ക്കും അനാചാരങ്ങള്‍ക്കും എതിരെ പരിഷത്ത് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. മതനിരപേക്ഷ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സംസ്ഥാനത്തെ സുമനസുകളില്‍ ചിരപ്രതിഷ്ഠിതമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.