5 May 2024, Sunday

കേരളം വഴികാട്ടി

കാനം രാജേന്ദ്രൻ
September 11, 2023 4:21 am

അതിവേഗം ഇന്ത്യ കൂടുതല്‍ കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കോര്‍പറേറ്റ് ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങള്‍ ഒന്നിനുപുറകെ ഒന്നായി രാജ്യത്തിനുമേല്‍ അഗ്നിപാതംപോലെ നിപതിക്കുകയാണ്. ആഗോളീകരണ നയങ്ങളുടെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റുതുലയ്ക്കുന്നു. തന്ത്രപരവും അതിസുരക്ഷാ മേഖലകളായ ഡിആര്‍ഡിഎ, സെെനിക മേഖലപോലും ആത്മനിര്‍ഭര്‍ ഭാരത് മോണിറ്റെെസേഷന്‍ പെെപ്പ്‌ലെെന്‍ (എന്‍എംഎസ്) എന്നീ പദ്ധതികള്‍ വഴി കോര്‍പറേറ്റുകള്‍ക്കു വില്ക്കുന്നു. രാജ്യത്ത് വില്പന നടത്തിയ പൊതുസ്വത്തുക്കളിലധികവും നരേന്ദ്രമോഡിയുടെ മാനസപുത്രനായ അഡാനിയാണ് കെെക്കലാക്കിയിരിക്കുന്നത്. അഡാനിയുടെ വരുമാനം 850 ശതമാനത്തിലധികം കണ്ടാണ് ഇക്കാലയളവില്‍ വളര്‍ച്ച നേടിയത്.
നരേന്ദ്രമോഡി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങള്‍ക്കും രാജ്യം പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍ക്കുമെതിരെയുള്ള ബദല്‍ നയസമീപനങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനുതന്നെ മാതൃകയാകുന്ന ക്ഷേമ‑വികസന പദ്ധതികളുമായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു.


ഇതുകൂടി വായിക്കൂ; സാമ്പത്തിക അസമത്വവും ദുസഹമാകുന്ന ജനജീവിതവും


എല്ലാ ജനവിഭാഗങ്ങളുടെ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, വീട്, മികച്ച ആരോഗ്യപരിരക്ഷ, മെച്ചപ്പെട്ട വിദ്യാഭ്യാസം, ശുദ്ധജലം, ഗതാഗത സൗകര്യങ്ങളുമൊക്കെ ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി മുന്നേറുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയത് മുതല്‍ കേട്ടിരുന്ന പൊതുമേഖല, പൊതു ഉടമസ്ഥത എന്ന വാക്കുകളെല്ലാം ഇന്ത്യയിലിപ്പോള്‍ പാഴ്‌വാക്കുകളായി മാറിയിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഭരണകൂടം പിന്‍വലിയുകയും അതൊക്കെ മുതലാളിത്ത ധനകാര്യ സാമ്രാജ്യത്വ സ്ഥാപനങ്ങളായ ഐഎംഎഫും ലോകബാങ്കും നിഷ്കര്‍ഷിക്കുന്ന സ്വകാര്യ ഏജന്‍സികളെ ഏല്പിക്കുകയും ചെയ്യുകയാണ് ആഗോളീകരണത്തിന്റെ സവിശേഷത. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, കാര്‍ഷികമേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുക, സബ്സിഡികള്‍ ഇല്ലാതാക്കുക, ആരോഗ്യ വിദ്യാഭ്യാസ മേഖലയാകെ കമ്പോളവല്‍കരിക്കുക, സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ നിന്ന് പിന്‍മാറുക ഇതൊക്കെയാണ് നവലിബറല്‍ പരിഷ്കാരങ്ങള്‍ അഥവാ ഘടനാപരമായ പരിഷ്കാരങ്ങള്‍. ഇത്തരം ആഗോളവല്‍കരണ നയങ്ങള്‍ക്ക് ബദലായ ഭരണനിര്‍വഹണമാണ് കേരളത്തില്‍ മുന്നേറുന്നത്. 2024ലെ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെയും കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തെയും തമ്മില്‍ ജനങ്ങള്‍ താരതമ്യം ചെയ്യുക സ്വാഭാവികമാണ്. മാത്രവുമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാനുള്ള ഒരായുധം കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇതപര്യന്തമുള്ള ഭരണനേട്ടങ്ങള്‍. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്താണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഏറ്റവും വലിയ തൊഴിലില്ലായ്മാ രൂക്ഷതയാണ് രാജ്യം നേരിടുന്നത്.

കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനനിരോധനം നീക്കി പിഎസ്‌സി കൃത്യമായി ഒഴിവുകള്‍ നികത്തുന്നു. ഒഴിവുകള്‍ നികത്താത്ത ഉദ്യോഗസ്ഥരുടെ പേരില്‍ അച്ചടക്കനടപടി സ്വീകരിക്കുന്നു. കൂടാതെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 82, കൊച്ചി സെെബര്‍ പാര്‍ക്കില്‍ 28 ഉള്‍പ്പെടെ 281 ഐടി കമ്പനികളാണ് പുതുതായി ആരംഭിച്ചത്. ഇതിലൂടെ‍ പുതിയതായി നൂറുകണക്കിന് പേര്‍ക്ക് ജോലി ലഭിച്ചു. ഐടി രംഗത്തും തൊഴില്‍ അന്വേഷകര്‍ക്കും ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ ഡെസ്റ്റര്‍ ഓഫ് എക്സലന്‍സി ഇന്‍ ഫ്യൂച്ചര്‍ ടെക്നോളജി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. 1,40,000 സ്വയം സംരംഭക‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികളാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതുപോലെ മനുഷ്യന്റെ ഏറ്റവും വലിയ അടിസ്ഥാന ആവശ്യങ്ങളാണ് ഭൂമിയും വീടും. കേരളത്തിലെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ 1,21,604 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. എല്ലാവര്‍‍ക്കും ഭൂമി, എല്ലാവര്‍ക്കും ഭൂരേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് റവന്യു വകുപ്പ്. കേന്ദ്രം കാര്‍ഷികമേഖലയെ കയ്യൊഴിയുമ്പോള്‍ കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കുന്നത്. 2018, 2019ലെ പ്രകൃതിക്ഷോഭങ്ങള്‍, 2020ലെ കോവിഡ് മഹാമാരി എന്നിവ കാര്‍ഷികമേഖലയെ തകര്‍ച്ചയിലേക്കും കര്‍ഷകനെ വലിയ പ്രതിസന്ധിയിലേക്കുമാണ് നയിച്ചത്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും 2021–22 കാലയളവില്‍ 4.64 ശതമാനം വളര്‍ച്ച കാര്‍ഷികമേഖലയില്‍ കെെവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും വിപണന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ്. എന്നാല്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി ഒരു കാര്‍ഷിക കമ്പനി രൂപീകരിച്ചിരിക്കുന്നു. പാലിനും മുട്ടയ്ക്കും വേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുകൊണ്ടിരുന്ന കേരളം ഇക്കാര്യങ്ങളില്‍ അടുത്തുതന്നെ സ്വയംപര്യാപ്തതയിലെത്തുമെന്ന് നമുക്ക് ആശിക്കാം. കേന്ദ്രം എല്ലാം വിറ്റുതുലയ്ക്കുന്നതിന്റെ ഭാഗമായി വില്പനയ്ക്ക് വച്ചിരുന്ന വെള്ളൂര്‍ ന്യൂസ്‌പ്രിന്റ് ഫാക്ടറി കേരളം ഒട്ടേറെ കടമ്പകള്‍ കടന്നുകൊണ്ട് ഏറ്റെടുക്കുകയും ഉല്പാദനം ആരംഭിക്കുകയും ചെയ്തു. മറ്റൊരു സംസ്ഥാനത്തും കാണാത്ത മാതൃയാണ് ഇക്കാര്യത്തില്‍ കേരളം സൃഷ്ടിച്ചിരിക്കുന്നത്. റബ്ബര്‍ കര്‍ഷകന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ സര്‍ക്കാരിന്റെ ഇടപെടലാണ് 160 കോടി ചെലവഴിച്ചുകൊണ്ട് കോട്ടയത്ത് സ്ഥാപിക്കുന്ന റബ്ബര്‍ ലിമിറ്റഡ്.


ഇതുകൂടി വായിക്കൂ; പ്രതിപക്ഷ ഐക്യം, ബിജെപിക്കെതിരായ തുറന്ന യുദ്ധം


 

സാമൂഹ്യസുരക്ഷയ്ക്കും ക്ഷേമപദ്ധതികള്‍ക്കും മികച്ച സംസ്ഥാനമാണ് കേരളമെന്ന് നിതി ആയോഗ് സാക്ഷ്യപത്രം നല്കി. അതിദാരിദ്ര്യം ഇല്ലാതാക്കിയ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. എല്ലാപേര്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരുവോരത്ത് താമസിക്കുന്ന അഗതിമന്ദിരങ്ങളിലുള്ളവര്‍, വാടകവീട്ടിലുള്ളവര്‍, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ തുടങ്ങി എല്ലാപേര്‍ക്കും സമയബന്ധിതമായി റേഷന്‍കാര്‍ഡ് നല്കുകയുണ്ടായി. അടിസ്ഥാനവികസന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യസുരക്ഷയിലും ബദലായി കുതിക്കുമ്പോള്‍ത്തന്നെ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വന്‍കിട വികസന പദ്ധതികള്‍ക്കും ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്കുന്നത്. 1136 കോടി ചെലവഴിച്ചാണ് കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. ടൂറിസത്തിനും ഗതാഗതത്തിനും ഒരുപോലെ പ്രാധാന്യം നല്കുന്ന ഈ പദ്ധതി ഇതിനോടകംതന്നെ ആഗോളശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ദേശീയപാതാ വികസനം കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെങ്കിലും 5580 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ഇതിനുവേണ്ടി ചെലവഴിക്കുന്നത്. തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 625 കിലോമീറ്റര്‍ നീളുന്ന തീരദേശ ഹെെവേയ്ക്ക‌് വേണ്ടി 6500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ 3500 കോടി രൂപ ചെലവില്‍ പാറശാലയെയും കാസര്‍കോട് നന്ദാര പടപ്പിനെയും ബന്ധിപ്പിക്കുന്ന 1251 കിലോമീറ്റര്‍ നീളമുള്ള മലയോര ഹെെവേയും നിര്‍മ്മാണ പുരോഗതിയിലാണ്. കേന്ദ്രത്തിന്റെ തികഞ്ഞ അവഗണനയിലും കഴിഞ്ഞ ഓണനാളുകള്‍‍ മലയാളിക്ക് ആഹ്ലാദവും സന്തോഷവും പ്രദാനം ചെയ്ത ഉത്സവനാളുകളായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും 2021–22ലെ സാമ്പത്തികവളര്‍ച്ചയുടെ പ്രത്യേകത കേരളത്തിന്റെ ആഭ്യന്തര ഉല്പാദന സ്ഥിരവിലയില്‍ 12.01 ശതമാനവും മുന്‍വര്‍ഷങ്ങളെക്കാള്‍ കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7, വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനം വീതവും വളര്‍ച്ച പ്രകടിപ്പിച്ചു എന്നതാണ്.


ഇതുകൂടി വായിക്കൂ; കെട്ടുകാഴ്ചകള്‍ കൊട്ടിഘോഷങ്ങളാക്കുന്നവര്‍


 

അച്യുതമേനോന്‍ സര്‍ക്കാരിനുശേഷം ആദ്യമായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടര്‍ഭരണം നേടിയത് കേന്ദ്രസര്‍ക്കാരിന്റെയും യുഡിഎഫും ബിജെപിയും ഉള്‍പ്പെട്ട പ്രതിപക്ഷത്തിന്റെയും ശത്രുതാപരമായ നിലപാടുകളെയും സമീപനങ്ങളെയും ചെറുത്തുതോല്പിച്ചാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും യുഡിഎഫും ബിജെപിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ട് സര്‍ക്കാരിനുണ്ടാകുന്ന പ്രതിബന്ധങ്ങളെ തട്ടിമാറ്റാനുള്ള ഇച്ഛാശക്തിയും ജനപിന്തുണയുമാണ് ഈ സര്‍ക്കാരിന്റെയാകെ കെെമുതല്‍. കേരളത്തിനര്‍ഹതപ്പെട്ട നിരവധി വിഷയങ്ങളില്‍, പ്രത്യേകിച്ച് റെയില്‍വേ വികസനം, നാഷണല്‍ ഹെെവേ, റേഷന്‍ വിഹിതം, കേന്ദ്ര സാമ്പത്തിക വിഹിതം, എയിംസ് തുടങ്ങിയ വിഷയങ്ങളില്‍ ലോക്‌സഭയിലേക്ക് കഴിഞ്ഞ തവണ തെരഞ്ഞെടുത്തയച്ച എംപിമാരുടെ മൗനം ബോധപൂര്‍വമാണ്. മാത്രവുമല്ല വികസന പദ്ധതികള്‍ക്ക് ഇടംകോലിടുകയാണ് യുഡിഎഫ്. വര്‍ഗീയതയും മതാന്ധതയും മുഖമുദ്രയാക്കിയ ബിജെപിയോട് ചേര്‍ന്ന് നിന്നുകൊണ്ട് കേരളത്തില്‍ രാഷ്ട്രീയലാഭം കൊയ്യാമെന്ന മിഥ്യാധാരണയിലാണ് യുഡിഎഫ് നേതൃത്വം. കേരളത്തിലെ യുഡിഎഫും ബിജെപിയും തീവ്ര ഹിന്ദുത്വത്തിനെതിരെയെടുത്ത മൃദുസമീപനം അവസരവാദപരവും ദേശീയ രാഷ്ട്രീയത്തിനെതിരുമാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നവോത്ഥാനമൂല്യങ്ങളെ നെഞ്ചിലേറ്റി നവകേരള നിര്‍മ്മിതിക്കായി ജാതിമതഭേദമന്യേ ജനങ്ങളെ ഒപ്പം നിര്‍ത്താനാണ് ശ്രമിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്‍ഡിഎഫ് എന്ന ബദല്‍രാഷ്ട്രീയ സംവിധാനത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുക എന്നതാണ് സിപിഐയുടെയും മറ്റിടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ആത്യന്തികമായ കടമ. എങ്കില്‍ മാത്രമേ കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്തുകൊണ്ട് ഇവിടെ അവസരവാദ രാഷ്ട്രീയം പയറ്റുന്ന യുഡിഎഫിനെയും വര്‍ഗീയ ചേരിതിരിവിനും ധ്രവീകരണത്തിനുംവേണ്ടി അഹോരാത്രം പണിപ്പെടുന്ന ബിജെപിയെയും പരാജയപ്പെടുത്താന്‍ കഴിയൂ.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.