27 April 2024, Saturday

കർഷകരുടെയും തൊഴിലാളികളുടെയും ദേശീയ പ്രക്ഷോഭം

ടി ജെ ആഞ്ചലോസ്
എഐടിയുസി സംസ്ഥാന പ്രസിഡന്റ് 
February 15, 2024 4:12 am

സംയുക്ത കർഷക മോർച്ചയും ദേശീയ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ ഗ്രാമീൺ ബന്ദ് നാളെയാണ്. കേരളത്തിൽ തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചും മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ഉപരോധവുമാണ് സംഘടിപ്പിക്കുന്നത്. കർഷക സംഘടനകളും തൊഴിലാളി സംഘടനകളും പൊതുമുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിൽ യോജിപ്പോടെ മുന്നേറുകയാണ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയ നാൾ മുതൽ തുടരുന്ന തൊഴിലാളി-കർഷകവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് പ്രക്ഷോഭം. വിളകൾക്ക് ഡോ. എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില തീരുമാനിക്കുക, കർഷകസമരത്തെ ചോരയിൽ മുക്കി അടിച്ചമർത്തുവാൻ ശ്രമിച്ച കേന്ദ്ര മന്ത്രി അജയ് മിശ്ര തേനിയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യുക, കേസെടുക്കുക, കാർഷികകടങ്ങൾ എഴുതിത്തള്ളുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും മാസം 26,000 രൂപ മിനിമം കൂലി പ്രഖ്യാപിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഏകപക്ഷീയമായ ക്രിമിനൽ നിയമഭേദഗതി പിൻവലിക്കുക, തൊഴിലവകാശം മൗലികാവകാശമാക്കുക, ഇൻഷുറൻസ്, ബാങ്ക്, ഊർജം, റയിൽവേ, പ്രതിരോധം, ഓയിൽ, ടെലികോം, പോസ്റ്റ്, ട്രാൻസ്പോർട്ട്, എയർപോർട്ട്, തുറമുഖം, എന്നിങ്ങനെ അടിസ്ഥാന മേഖലയുടെയും മറ്റ് പൊതുമേഖലയുടെയും സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ കച്ചവടവൽക്കരണം തടയുക, തൊഴിലിന്റെ കരാർവൽക്കരണം അവസാനിപ്പിക്കുക, നിശ്ചിതകാല തൊഴിൽ നിയമം റദ്ദ് ചെയ്യുക, 600 രൂപ വേതനം തീരുമാനിച്ച് 200 തൊഴിൽദിനങ്ങൾ ഉറപ്പാക്കി തൊഴിലുറപ്പ് പദ്ധതി തുടരുക, പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, എല്ലാ ജനവിഭാഗങ്ങൾക്കും സാമൂഹ്യസുരക്ഷയും സാമൂഹ്യ പെൻഷനും ഉറപ്പാക്കുക, ഭാരതീയ ന്യായ സംഹിതയിലെ 104-ാം വകുപ്പ് റദ്ദാക്കുക, എല്ലാ വിഭാഗം അസംഘടിത തൊഴിലാളികൾക്കും ക്ഷേമനിധി നടപ്പിലാക്കുക, ഭൂമി കൈമാറ്റത്തിന് 2013ലെ എൽഎആർആർ നിയമം കർശനമായി നടപ്പിലാക്കി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക, ചുരുങ്ങിയ ഇപിഎഫ് പെൻഷൻ 9,000 രൂപയാക്കുക, കർഷകത്തൊഴിലാളികൾക്ക് മതിയായ സാമൂഹ്യസുരക്ഷയ്ക്കായി നിയമം പാസാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ദേശീയ പ്രക്ഷോഭത്തിൽ ഉയർത്തുന്നത്. ജനങ്ങളുടെ ദുരിതത്തിന് സമാധാനം പറയാതെ ഒളിച്ചോടുവാൻ, വർഗീയതയുടെ വാൾമുന ഉയർത്തി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്ന ബിജെപിയുടെ കാപട്യം തുറന്നുകാണിക്കുന്നതിനും തൊഴിലാളികൾ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിലേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കർഷകരുടെ മുന്നേറ്റം ആരംഭിച്ചിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ; വേണ്ടത് ചരിത്ര ബോധവൽക്കരണം


2020 സെപ്റ്റംബർ 20നാണ് ലോക്‌സഭയും രാജ്യസഭയും കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുവാൻ നിയമം പാസാക്കിയത്. പാർലമെന്റ് അംഗങ്ങളുടെ അവകാശങ്ങൾ കവർന്ന്, കൂട്ട സസ്പെൻഷൻ നടപ്പിലാക്കിക്കൊണ്ടാണ് പാർലമെന്റിൽ നിയമം പാസാക്കിയത്. അതിനെതിരെ ഇന്നത്തേതുപോലെ അന്നും കർഷകർ നടത്തിയ സമരം ലോകശ്രദ്ധ ആകർഷിച്ചു. കനത്ത മഞ്ഞും കൊടുംചൂടും താങ്ങാനാവാതെ നൂറുകണക്കിന് കർഷകരാണ് രക്തസാക്ഷികളായത്. കോവിഡ് വ്യാപന നാളുകളിൽ ആരും സമരത്തിനെത്തില്ല എന്ന ഭരണാധികാരികളുടെ വിശ്വാസം തകർന്നു.
2021 നവംബർ 19ന് പ്രധാനമന്ത്രി കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. പിന്നീട് ഒത്തുതീർപ്പ് വ്യവസ്ഥകളും ഉണ്ടായി. അതൊന്നും നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് മാസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയ പ്രകാരം കർഷകർ ഡൽഹി സമരത്തിനെത്തുന്നത്. 2021 ഡിസംബർ ഒമ്പതിന് കർഷക സംഘടനകൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. മിനിമം താങ്ങുവിലയ്ക്ക് നിയമാനുസൃതമായ സംരക്ഷണം ഉറപ്പാക്കുക, കർഷകകടങ്ങൾ എഴുതിത്തള്ളുക, വൈദ്യുതി നിരക്കുകൾ കൂട്ടാതിരിക്കുക, സ്മാർട്ട്മീറ്ററുകൾ പിൻവലിക്കുക, കർഷകർക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സമഗ്രമായ വിള ഇൻഷുറൻസ് പദ്ധതി, ലഖിംപൂരിൽ കർഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിക്കുന്നുണ്ട്. ഡൽഹിയിൽ കർഷക സമരത്തെ നേരിടുന്നതിനായി ഇന്റർനെറ്റ് വിച്ഛേദിച്ചു. അതിർത്തിയിൽ ബാരിക്കേഡുകളും മുള്ളുവേലികളും ഉയർത്തി പൊലീസ് നിരന്നു. റോഡുകൾ വഴി ട്രാക്ടറുകൾ വരാതിരിക്കുവാൻ മുള്ളാണികൾ വിതറിയിരിക്കുന്നു. ആകാശത്ത് നിന്നും ഡ്രോണുകൾ ഉപയോഗിച്ചാണ് കണ്ണീർ വാതകം പ്രവഹിപ്പിക്കുന്നത്. ഇതുകൊണ്ടൊന്നും കർഷകർ പിന്തിരിയില്ലെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കർഷകരും തൊഴിലാളികളും ഉയർത്തുന്ന ആവശ്യങ്ങൾ അവർക്കുവേണ്ടി മാത്രമല്ല രാജ്യത്തിനും വേണ്ടിയുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.