July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

കുതിച്ചുയരുന്ന പണപ്പെരുപ്പം: രാജ്യം വറചട്ടിയിലേക്ക്

Janayugom Webdesk
May 28, 2022

പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചു നിർത്തുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കാൻ ഏറ്റവുമൊടുവിൽ കേന്ദ്ര സർക്കാർ നിർബന്ധിതമായി. ഇതനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് തീരുവ ഇനത്തിൽ കുറയുന്നത്. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ തുടർച്ചയായ വിലവർധനയും അതിന്മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഉയർന്ന തീരുവയുമാണ് നമ്മുടെ രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കിയത്. റഷ്യ‑ഉക്രെയ്ൻ യുദ്ധവും ഈ പ്രശ്നത്തെ കൂടുതൽ വഷളാക്കി. പെട്രോൾ ഡീസൽ വിലവർധനവിനെതിരെയും വിലക്കയറ്റത്തിനെതിരെയും രാജ്യവ്യാപകമായി ഇടതുപക്ഷകക്ഷികൾ ഉൾപ്പടെയുളള പ്രതിപക്ഷങ്ങൾ പ്രക്ഷോഭം നടത്തിവരികയാണ്. രാജ്യം ഇന്ന് നേരിടുന്ന പണപ്പെരുപ്പം പ്രതിരോധിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നടപടികൾ തീരെ അപര്യാപ്തമാണ്. ലോകമിന്ന് വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും പിടിയിലാണ്. കോവിഡ് മൂലം വിതരണ ശൃംഖലയിൽ വന്ന തടസങ്ങൾ, മഹാമാരിയെ തുടർന്നുണ്ടായ മാന്ദ്യത്തെ നേരിടാൻ സമ്പന്ന രാജ്യങ്ങളിലെ ബാങ്കുകൾ നടത്തിയ വൻതോതിലെ പണമൊഴുക്ക്, റഷ്യ‑ഉക്രെയ്ൻ യുദ്ധം ഊർജ-ഉല്പന്നങ്ങളുടെ വൻതോതിലുള്ള വിലക്കയറ്റം എന്നിവ ലോക വ്യാപകമായി വിലക്കയറ്റവും പണപ്പെരുപ്പവും ഉണ്ടാക്കി.

കഴിഞ്ഞ ഏപ്രിൽ മാസത്തെ കണക്കനുസരിച്ച് മൊത്തവില പണപ്പെരുപ്പം 15.08 ശതമാനമായും ചില്ലറ ഉപഭോക്തൃ പണപ്പെരുപ്പം 7.79 ശതമാനമായും ഉയർന്നുകഴിഞ്ഞു. മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ 31 വർഷത്തെയും ചില്ലറ ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വർഷത്തെയും ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റമാണ് പണപ്പെരുപ്പം വർധിക്കുന്നതിലൂടെ ഉണ്ടാകുന്നത്. മൊത്തവില പണപ്പെരുപ്പം കണക്കാക്കുന്നത് കമ്പനികൾ, വ്യവസായങ്ങൾ എന്നിവ മൊത്തമായി വാങ്ങുന്ന അസംസ്കൃത വസ്തുക്കളുടെ ശരാശരി വിലയെ അടിസ്ഥാനപ്പെടുത്തിയാണ്. ധാതു എണ്ണ, പ്രകൃതി വാതകങ്ങൾ, ലോഹങ്ങൾ, ഭക്ഷ്യ ഉല്പന്നങ്ങൾ, രാസവസ്തുക്കൾ, ഭക്ഷ്യേതര ഉല്പന്നങ്ങൾ എന്നിവയുടെ വില കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ ഉള്ളതിനേക്കാൾ വളരെ ഉയർന്ന നിലയിലാണ്. കഴിഞ്ഞ വർഷം ഇതേസമയം 7.89 ശതമാനമായിരുന്നതാണ് ഇരട്ടിയോളം വർധിച്ച് 15.8 ശതമാനമായത്. സാധാരണക്കാർക്ക് ഉല്പന്നങ്ങൾ ലഭ്യമാക്കുന്ന ചില്ലറ വിലയെ അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃ പണപ്പെരുപ്പം കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിബന്ധന അനുസരിച്ച് ഇത് നാല് ശതമാനത്തിൽ അധികരിക്കാൻ പാടില്ല. എന്നാൽ രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച് 2026 വരെ അത് ആറ് ശതമാനം ആകാമെന്ന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കാം; പുതുചമയങ്ങളണിഞ്ഞ ഭീഷണക്കോലങ്ങൾ


ഉപഭോക്താവിന്റെ കീശ കാലിയാക്കുന്ന പ്രക്രിയയാണ് പണപ്പെരുപ്പം. പണപ്പെരുപ്പനിരക്കുകൾ കൂടുമ്പോൾ നിത്യോപയോഗ സാധനങ്ങൾ മുതൽ ആഡംബര വസ്തുക്കൾ വരെയുള്ള എല്ലാത്തിന്റെയും വില വർധിക്കും. നിത്യനിദാന ചെലവുകളിൽ വർധനവുണ്ടാകും, സമ്പാദ്യം ഇല്ലാതാക്കും, വാങ്ങൽ ശേഷി കുറയും. ഫലത്തിൽ ഉപഭോക്താവിന്റെ കീശ കാലിയാക്കൽ പ്രക്രിയയാണ് പണപ്പെരുപ്പം. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ മിൽട്ടൻ ഫ്രീഡ്മാൻ അഭിപ്രായപ്പെടുന്നത് ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ ജനങ്ങളെ പിഴിയുന്ന പ്രക്രിയയാണ് പണപ്പെരുപ്പമെന്നാണ്. പണപ്പെരുപ്പത്തിന് കാരണമായി കേന്ദ്ര സർക്കാർ പറയുന്നത് റഷ്യ‑ഉക്രെയ്ൻ യുദ്ധവും അതിനെ തുടർന്നുണ്ടായ ആഗോള വിപണിയിലെ എണ്ണവില വർധനവും ആണെന്നാണ്. എന്നാൽ ഇതിന് മുമ്പ് തന്നെ രാജ്യത്ത് എണ്ണയുടെയും പാചക വാതകത്തിന്റയും വില കേന്ദ്രസർക്കാർ അടിക്കടി വർധിപ്പിച്ചിരുന്നു. ഇതുകൊണ്ട് തന്നെ രാജ്യത്ത് പണപ്പെരുപ്പം വർധിക്കുന്നതിന്റെയും വിലക്കയറ്റം ഉണ്ടാകുന്നതിന്റെയും പ്രവണതകൾ പ്രകടമായിരുന്നു. ആഗോള വിപണിയിലെ എണ്ണവിലയുടെ വർധനവ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ആഗോള എണ്ണവില വർധനവിന്റെ മുഴുവൻ ആഘാതവും കേന്ദ്ര സർക്കാർ പൊതുജനങ്ങളുടെ ചുമലിലേക്കിടുകയാണുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എണ്ണ വിലയിൽ ലിറ്ററിന് 25 രൂപയിലധികം വർധനവാണ് വരുത്തിയത്. തീരുവ വർധനയിലൂടെ കേന്ദ്ര സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം നാല് ലക്ഷം കോടിയോളം രൂപയാണ് അധികമായി സമാഹരിച്ചത്.

പണപ്പെരുപ്പമുണ്ടാക്കുന്നതിന്റെ മറ്റൊരു ഘടകം ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റമാണ്. നമുക്ക് ആവശ്യമുള്ള ഭക്ഷ്യ എണ്ണയുടെ അമ്പത് ശതമാനത്തോളം ആഗോള വിപണിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണിയിലെ ഇതിന്റെ വിലക്കയറ്റം മൂലം ഇതിന്റെ പണപ്പെരുപ്പം കഴിഞ്ഞ ജനുവരിയിൽ തന്നെ 18.7 ശതമാനമായിരുന്നു. ഭക്ഷ്യ എണ്ണയുടെ കസ്റ്റംസ് തീരുവയിലും വ്യാവസായിക ആവശ്യങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയിൽ കാര്യമായ നികുതി ഇളവ് നൽകുന്ന കാര്യം കേന്ദ്ര സർക്കാർ ആലോചിച്ചില്ല. പാം ഓയിലിന്റെ ഇറക്കുമതി തീരുവ കുറച്ചെങ്കിലും ഇറക്കുമതി ചെയ്യുന്ന മറ്റു ചില കാർഷികോല്പന്നങ്ങളുടെ സെസുകളിൽ ഇളവുനൽകുന്ന കാര്യം പരിഗണിച്ചില്ല. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ ആഭ്യന്തര വിപണിയിലെ ഭക്ഷ്യ എണ്ണയുടെ ലഭ്യത വർധിപ്പിക്കണം. ഇതിനായി കടുക്, നിലക്കടല, സൂര്യകാന്തി, എള്ള് എന്നിവയുടെ കൃഷി ഊർജ്ജിതമാക്കാനും വിപുലപ്പെടുത്താനും അവ താങ്ങുവിലയിൽ സംഭരിക്കാനുമുള്ള കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യമായിരുന്നുവെങ്കിലും അതുണ്ടായില്ല. കാർഷികോല്പന്നങ്ങളുടെ വിലക്കയറ്റം തടയണമെങ്കിൽ അവയുടെ ഉല്പാദനം സുസ്ഥിരമായ വിധത്തിൽ ഗണ്യമായി വർധിപ്പിക്കാൻ കഴിയണം. എങ്കിൽ മാത്രമെ ദീർഘകാലാടിസ്ഥാനത്തിൽ ഇവയുടെ വില പിടിച്ചുനിർത്താൻ കഴിയുകയുള്ളു. ഇപ്പോൾ തന്നെ വളത്തിന്റെ വില ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ഇതുമൂലം കൃഷിച്ചെലവ് കുത്തനെ ഉയരുകയും കൃഷി ലാഭകരമല്ലാതായി തീരുകയും ചെയ്യുന്നു. ആവശ്യമായ സബ്സിഡികളും സാമ്പത്തിക സഹായങ്ങളും നൽകി കൃഷി വിപുലപ്പെടുത്താൻ സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാകേണ്ടതുണ്ട്. അതിനായി ന്യായമായ താങ്ങുവില നൽകി കാർഷികോല്പന്നങ്ങൾ സംഭരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഭക്ഷ്യ സാധനങ്ങളുടെ വില കുറയ്ക്കാനും അതുവഴി മറ്റു ആവശ്യ സാധനങ്ങളുടെ ഡിമാന്റ് വർധിപ്പിക്കാനും സമ്പത്ത് വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും സുസ്ഥിര കാർഷിക വികസനത്തിലൂടെ നമുക്ക് കഴിയും. പെട്രോളിയം ഉല്പന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന നിർദേശം നിരാകരിക്കുകയും അവയുടെ വില അടിക്കടി വർധിപ്പിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ മാത്രമാണ് ഇന്ധനവിലയിൽ ചെറിയ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തയാറായത്.


ഇതുകൂടി വായിക്കാം; പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കണം


 

പണപ്പെരുപ്പം വർധിക്കുന്ന ഘട്ടത്തിൽ പലിശനിരക്ക് കൂട്ടി പണലഭ്യത കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ റിസർവ് ബാങ്കിനോട് സാമ്പത്തിക വിദഗ്ധർ ഓർമ്മിപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടാൻ തീരുമാനിച്ചപ്പോൾ മാത്രമാണ് പലിശനിരക്ക് (റിപ്പോറേറ്റ്) 0.4 ശതമാനം വർധിപ്പിക്കാൻ റിസർവ് ബാങ്ക് തയാറായത്. ഇത് പര്യാപ്തമല്ലെന്നും പണപ്പെരുപ്പം നിയന്ത്രിക്കാൻ ഒരു ശതമാനമെങ്കിലും പലിശ ഉയർത്തേണ്ടതുണ്ടെന്നും ആണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു ഡോളറിന് ഏകദേശം 77 രൂപ കവിയുമെന്നതാണ് സ്ഥിതി. രൂപയുടെ മൂല്യം ഇടിയുമ്പോൾ ഇറക്കുമതി ചെലവ് ഉയരുന്നു. അതുവഴി ഇറക്കുമതി ഉല്പന്നങ്ങളുടെ വിലയിൽ വലിയ വർധനവ് ഉണ്ടാകുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിക്കുന്ന പശ്ചാത്തലത്തിൽ വിദേശ നിക്ഷേപകർ നമ്മുടെ രാജ്യത്ത് നിന്നും അവരുടെ നിക്ഷേപം വൻതോതിൽ പിൻവലിക്കുകയാണ്. ക്രൂഡോയിലിന്റെയും സ്വർണത്തിന്റെയും ഉയർന്ന വില രാജ്യത്തിന്റെ ഇറക്കുമതി ചെലവിൽ വലിയ വർധനവാണ് വരുത്തിയിട്ടുള്ളത്. നിലവിൽ കയറ്റുമതിയും കുറഞ്ഞുവരികയാണ്. ഇതെല്ലാം തന്നെ ഗണ്യമായ വ്യാപാരകമ്മിയാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് വരുത്തിവച്ചിരിക്കുന്നത്. വിദേശ നിക്ഷേപം പിൻവലിക്കലും വ്യാപാര കമ്മിയും (ട്രേഡ് ഡെഫിസിറ്റ്) രാജ്യത്തെ വലിയ ധനകമ്മിയിലേക്കും അതുവഴി വലിയ സാമ്പത്തിക ഞെരുക്കത്തിലേക്കുമാണ് എത്തിക്കുന്നത്. ഇക്കാര്യങ്ങളിലൊന്നിലും ഫലപ്രദമായി ഇടപെടാൻ റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും കഴിഞ്ഞില്ല.

നമ്മുടെ രാജ്യം അതീവ ഗുരുതരമായ വിധത്തിൽ പണപ്പെരുപ്പ വർധനവിന്റെയും വിലക്കയറ്റത്തിന്റെയും കയത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇത് സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ജീവിത ചെലവ് പൂർണമായും ഭക്ഷ്യാവശ്യങ്ങൾക്കായി നീക്കിവയ്ക്കേണ്ടി വരുന്നതിനാൽ മറ്റൊരു ആവശ്യവും നിർവഹിക്കാൻ കഴിയാതെ കടക്കെണിയിലേക്കാണ് എത്തിച്ചേരുന്നത്. അസംഘടിത തൊഴിലാളികളും ദിവസക്കൂലിക്കാരുമാണ് ഇതിന്റെ കെടുതികൾ ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്. ഇവരിൽ ഭൂരിഭാഗത്തിനും തൊഴിലില്ല എന്നതാണ് നിലവിലെ അവസ്ഥ. കോവിഡ് കാലത്ത് തൊഴിലില്ലാതെ കടകെണിയിലായവരാണ് ഇവർ. ന്യായവില കിട്ടാതെയും വിള നാശവും മൂലം പൊറുതി മുട്ടിയിരിക്കുകയാണ് രാജ്യത്തെ കർഷകർ. ഇപ്പോൾ അവർ രാസവളത്തിന് വൻ വിലക്കയറ്റവും നേരിടുന്നു. ഇക്കാര്യങ്ങളിലെല്ലാം ക്രൂരമായ നിസംഗത പുലർത്തുകയാണ് മോഡി ഭരണകൂടം. സാധാരണക്കാരെയല്ല സമ്പന്നരെയാണ് പണപ്പെരുപ്പം ബാധിച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്റെയും അമേരിക്കയെക്കാൾ മെച്ചപ്പെട്ട വിധത്തിലാണ് ഇന്ത്യ പണപ്പെരുപ്പത്തെ നേരിട്ടതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രസ്താവനകൾ തെളിയിക്കുന്നത് ഇക്കാര്യത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പരിഹാസ്യമായ നിലപാടുകളെയാണ്. എണ്ണവിലയിൽ ചെറിയ കുറവ് മാത്രം വരുത്താനാണ് കേന്ദ്ര സർക്കാർ ഇപ്പോഴും ശ്രമിച്ചത്. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കുതിക്കുന്ന പണപ്പെരുപ്പത്തെ പിടിച്ചുനിറുത്താൻ ഇനിയും ഗൗരവമായ ഇടപെടൽ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.