22 December 2024, Sunday
KSFE Galaxy Chits Banner 2

ശ്രീലങ്കയെ ആര്‍ക്കാണ് രക്ഷിക്കാന്‍ കഴിയുക?

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 13, 2022 7:00 am

ഇന്ത്യയുടെ അയല്‍രാജ്യമെന്നതിനോടൊപ്പം കേരളത്തിന്റെയും സമീപത്തുള്ള ദ്വീപ് രാജ്യമായ ശ്രീലങ്ക ഇപ്പോള്‍ ഗുരുതരമായ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുവരുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി അതിന്റെ സകലവിധ സീമകളും ലംഘിച്ച അവസ്ഥയിലെത്തിയതോടെ രാജപക്സെ ഭരണകൂടം ദേശവ്യാപകമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദീര്‍ഘകാലമായി ശ്രീലങ്കയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പു മേഖലകളില്‍ ആധിപത്യം പുലര്‍ത്തിവന്നിരുന്ന രാജപക്സെ കുടുംബത്തിന് ജനരോഷത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നിരിക്കുന്നു എന്ന് കരുതുന്നതിലും അപാകതയില്ല. ഇത്തരമൊരു കീഴടങ്ങലിനു വഴിവച്ചതിന്റെ മുഴുവന്‍ ബാധ്യതയും രാജപക്സെമാരുടെമേല്‍ അടിച്ചേല്പിക്കുന്നതും ശരിയാവില്ല. വിശിഷ്യാ ഇന്നത്തെ പ്രസിഡന്റ് ഗോതബയയുടെ മേല്‍ 2019ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വമ്പിച്ച ജനപിന്തുണയോടെയാണ് രാജപക്സെമാരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ശ്രീലങ്കാ പൊതുജന പെരാമുന അധികാരത്തിലെത്തിയത്. ഗോതബയ പ്രസിഡന്റെന്ന നിലയില്‍ വന്‍തോതില്‍ ജനപിന്തുണയും ഞൊടിയിടയില്‍ തന്നെ നേടിയെടുത്തിരുന്നു. അദ്ദേഹം അധികാരത്തിലെത്തുമ്പോള്‍ തന്നെ ഈ ചെറിയ ജനാധിപത്യ രാജ്യം നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഇവയ്ക്ക് പരിഹാരം കാണുന്നതിന് കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് ഇടിത്തീപോലെ മഹാമാരി വന്നുപതിക്കുന്നതും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതും.

 


ഇതുകൂടി വായിക്കൂ: ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം; എസ്‌ബിഐ കരാര്‍ ഒപ്പിട്ടു


2022 ഏപ്രില്‍ ഒന്നിന് പെരുകി വന്നുകൊണ്ടിരുന്ന നിത്യജീവിത ക്ലേശങ്ങള്‍ മൂലം പൊറുതി മുട്ടിയ ശ്രീലങ്കന്‍ പൗരന്മാര്‍, സ്ത്രീകളും കുട്ടികളുമടക്കം, ഗോതബയയുടെ ലങ്കന്‍ തലസ്ഥാന നഗരമായ കൊളംബോയിലെ ഔദ്യോഗിക വസതിക്കു മുമ്പില്‍ ഒത്തുചേരുകയും പ്രസിഡന്റിന്റെ രാജിക്കായി മുറവിളികൂട്ടുകയും ചെയ്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. പ്രഖ്യാപനത്തില്‍ ഉയര്‍ത്തിക്കാട്ടിയത് പൊതു സുരക്ഷ ഉറപ്പാക്കുക, പൊതു നിയമസംവിധാനം സംരക്ഷിക്കുക, സമൂഹതാല്പര്യ സംരക്ഷണാര്‍ത്ഥം അവശ്യ സേവനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടേയും ലഭ്യതയും വിതരണവും സുഗമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു.
പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഈ അസ്വസ്ഥതയ്ക്കുള്ള പശ്ചാത്തലം കുറേക്കാലമായി ശ്രീലങ്കയില്‍ രൂപപ്പെട്ടു വന്നിരുന്നതാണെന്ന് നാം തിരിച്ചറിയാതിരുന്നുകൂടാ. ഇതിലേക്ക് വഴിവച്ചത് രണ്ടു കാതലായ സംഭവ വികാസങ്ങളായിരുന്നു. ഒന്ന്, 2019ല്‍ ഈസ്റ്റര്‍ ഞായര്‍ ദിവസം കൊളംബോയിലെ ഒരു പുരാതന ക്രിസ്തീയ ആരാധനാലയത്തിലുണ്ടായ ബോംബ് സ്ഫോടനം. രണ്ട്, 2020 ല്‍ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകുന്നതിലേക്ക് വഴിവച്ച പാന്‍ഡെമിക്കിന്റെ വരവ്. ഈ രണ്ട് സംഭവ വികാസങ്ങളും ഒന്നിനുപുറകെ ഒന്നായി വന്നതോടെ സ്വതവേ ബലഹീനമായ ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയെ അടിമുടി തളര്‍ത്തിക്കളയുകയും ചെയ്തു.
ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്കിടയാക്കിയ സാമ്പത്തിക സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന് പ്രധാന കാരണം കോവിഡിന്റെ വരവിനെ തുടര്‍ന്ന് മുഖ്യ റവന്യു വരുമാനമായിരുന്ന ടൂറിസ്റ്റ് മേഖലയുടെ തകര്‍ച്ചയായിരുന്നു. ഇതോടൊപ്പം കയറ്റുമതിയിലുണ്ടായ ഇടിവും വിദേശ നാണയ വരുമാനത്തിലുണ്ടായ തകര്‍ച്ചയും പ്രതിസന്ധി മൂര്‍ച്ഛിക്കാനിടയാക്കി. ഇത്തരം സാഹചര്യങ്ങള്‍ പിന്നിട്ട രണ്ടു വര്‍ഷക്കാലത്തിനിടയില്‍ അതിവേഗം രൂപപ്പെട്ടുവരികയുമായിരുന്നു. വിദേശ കടബാധ്യത പെരുകിവന്നതിനു ശേഷവും ആഭ്യന്തര മേഖലയിലെ ഉല്പാദന വര്‍ധനവിനും അതുവഴി കയറ്റുമതി വര്‍ധനവിനും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെടുകയുമായിരുന്നു.

2021 ഓഗസ്റ്റ് മാസത്തിലാണ് ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥ നേരിട്ടു വന്നിരുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആദ്യസൂചന ഭക്ഷ്യ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ പുറംലോകം അറിയുന്നത്. ഭക്ഷ്യധാന്യ ലഭ്യതയും വിതരണവും ആഭ്യന്തര വിപണിയില്‍ തീര്‍ത്തും നിശ്ചലാവസ്ഥയിലായി. ആഭ്യന്തര കലാപം ഒഴിവാക്കാന്‍ ഇറക്കുമതി പതിന്മടങ്ങ് ഉയര്‍ത്തേണ്ടതായും വന്നു. തന്മൂലം വിദേശ കടബാധ്യതയും കുതിച്ചുയരുകയാണുണ്ടായത്. 2021ല്‍ കടബാധ്യത കൃത്യതയോടെ നിറവേറ്റുന്നതില്‍ വീഴ്ച സംഭവിക്കുമെന്നത് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു.
ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയില്‍ അതിവേഗം ഉരുണ്ടുകൂടിക്കൊണ്ടിരുന്ന പ്രതിസന്ധിയുടെ ഏകദേശരൂപം മറച്ചുവയ്ക്കാന്‍ കഴിയാത്ത സാഹചര്യവും അപ്പോഴേക്ക് വ്യക്തമാക്കപ്പെട്ടുവന്നിരുന്നു. പെട്രോള്‍, ഡീസല്‍, എല്‍പിജി സിലിണ്ടറുകള്‍, മണ്ണെണ്ണ, പാല്‍, മുട്ട തുടങ്ങിയവയ്ക്കായി ദീര്‍ഘമായ ക്യൂ വിവിധ തെരുവുകളില്‍ നിത്യകാഴ്ചകളായി മാറുകയുമായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിക്കും തിരക്കും ശമിച്ചില്ലെങ്കിലും ചരക്കുകള്‍ ഷെല്‍ഫുകളില്‍ നിന്നും അതിവേഗം അപ്രത്യക്ഷമാവുകയും ചെയ്തത് നിത്യസംഭവങ്ങളായി. അവശേഷിക്കപ്പെട്ട ചരക്കുകള്‍ ഒന്നുകില്‍ ഗുണമേന്മ കുറഞ്ഞതോ അല്ലെങ്കില്‍ ഉയര്‍ന്ന വിലകള്‍ക്കു സമ്പന്ന ജനവിഭാഗങ്ങള്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നതോ ആയി രൂപാന്തരപ്പെടുകയും ചെയ്തു. പാചക വാതകം ഭക്ഷ്യഎണ്ണ, അരി, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഇറച്ചി തുടങ്ങിയവയ്ക്കെല്ലാം ഓരോ നിമിഷം കഴിയുന്തോറും വിലനിലവാരം കുതിച്ചുയര്‍ന്നു കൊണ്ടിരുന്നു. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് 13 മണിക്കൂര്‍ വരെ ‘ബ്ലാക്ക് ഔട്ട്’ പ്രഖ്യാപനം ശ്രീലങ്കയിലാകെ തന്നെ വല്ലാതെ പ്രകോപിതരാക്കുകയും ചെയ്തിരുന്നു. അവര്‍ കൂട്ടത്തോടെ തെരുവുകളിലിറങ്ങി, സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കാനും നിര്‍ബന്ധിതരാവുകയായിരുന്നു.
ഇതിന്റെയെല്ലാം പരിണിതഫലമെന്നോണം ശ്രീലങ്കന്‍ കറന്‍സിയായ റുപ്പിയുടെ വിനിമയ മൂല്യം യുഎസ് ഡോളറിനെ അപേക്ഷിച്ച് ഇന്ന് വിപണിയില്‍ 300 ആയും കറുത്ത വിപണിയില്‍ 400 ആയും ഇടിവു രേഖപ്പെടുന്നു. ഇറക്കുമതിക്കാര്‍ വല്ലാത്തൊരു പതനത്തിലെത്തുകയാണുണ്ടായത്. അതോടൊപ്പം വന്‍തോതില്‍ തൊഴിലവസരനഷ്ടം കൂടിയായതോടെ വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടാവുകയും വര്‍ധിച്ചുവന്നിരുന്ന ജീവിത ചെലവുകള്‍ താങ്ങാന്‍ കഴിയാതെ സാധാരണക്കാരും പാവപ്പെട്ട ജനതയും ജീവിതക്ലേശങ്ങള്‍ താങ്ങാനാവാതെ ഉഴലുകയുമായിരുന്നു.


ഇതുകൂടി വായിക്കൂ: ശ്രീലങ്കയുടെ പ്രതിസന്ധി


 

ശ്രീലങ്ക ഇപ്പോള്‍ നേരിട്ടുവരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവച്ചതില്‍ ചൈനീസ് സാമ്പത്തിക സഹായത്തെ അമിതമായി ആശ്രയിച്ചതാണെന്ന വാദത്തില്‍ അത്രയ്ക്ക് പ്രാധാന്യമൊന്നും കല്പിക്കേണ്ടതില്ല. 2022 ല്‍ തന്നെ ഇന്ത്യ നല്കിയ 2.4 ബില്യണ്‍‍ ഡോളര്‍ സഹായത്തിനു പുറമെ, ചൈനയാണെങ്കില്‍ പാന്‍ഡെമിക് ദുരിതാശ്വാസ സഹായമെന്ന നിലയില്‍ 2.8 മില്യണ്‍ ഡോളര്‍ സഹായവും നല്‍കിയത് കൂടാതെ ഏറ്റവുമൊടുവില്‍ 2.5 ബില്യണ്‍ ഡോളര്‍ സഹായം കൂടി പരിഗണിച്ചുവരുകയാണ്. ഐഎംഎഫിന്റെ ധനസഹായത്തെ ശ്രീലങ്കന്‍ ഭരണകൂടം കുറെയേറെ വര്‍ഷക്കാലമായി തുടര്‍ച്ചയായി തന്നെ ആശ്രയിച്ചുവരികയുമാണ്. ഇതിനെല്ലാം പുറമെ മറ്റ് നിരവധി ആഗോള വായ്പാ ഏജന്‍സികളുടേയും വായ്പകളെ ആശ്രയിക്കാന്‍ രാജപക്സെ സര്‍ക്കാര്‍ നിര്‍ബന്ധിതരായി വന്നിരുന്നതുമാണ്. സാഹചര്യം ഈ നിലയിലായിരിക്കെ ശ്രീലങ്കന്‍ പ്രതിസന്ധിക്കുള്ള മുഖ്യകാരണം “ചൈനീസ് കടക്കെണി“യാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുതന്നെ പറയേണ്ടിവരുന്നു. അതേ അവസരത്തില്‍ തുറമുഖ വികസനത്തിന്റെ പേരില്‍ ചൈനയില്‍ നിന്നും കടം വാങ്ങിയ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൊളംബോ തുറമുഖം ഈടുനല്കി ചൈനയില്‍ നിന്നും കൈപ്പറ്റിയ പണവും പാഴാക്കിക്കളയുകയാണ് ചെയ്തത്. ഇതിന്റെ അര്‍ത്ഥം ശ്രീലങ്കന്‍ ഭരണകൂടം കാര്യങ്ങളെല്ലാം നന്നായി കൈകാര്യം ചെയ്തുവരികയായിരുന്നു എന്നല്ല. സാമ്പത്തിക കെടുകാര്യസ്ഥതയും ധനകാര്യ ധാരാളിത്തവും പണനയം അശ്രദ്ധമായ നിലയില്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ പണപ്പെരുപ്പവും വിലവര്‍ധനവും ഒരിക്കലും പൊറുക്കാന്‍ കഴിയുന്ന പാളിച്ചകളായിരുന്നില്ല.

ആഗോളതലത്തില്‍ പ്രസിദ്ധി നേടിയ കാര്‍മെന്‍ റെയ്‌ന്‍ ഹാര്‍ട്ട്, ക്രിസ്റ്റഫര്‍ ട്രെബഷ് എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്, ശ്രീലങ്കയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍‍ പിന്നിട്ട നാലുദശകക്കാലയളവില്‍ ഐഎംഎഫില്‍ നിന്നും കടം വാങ്ങിയ പണം വിനിയോഗിച്ചാണ് 70 ശതമാനം വരുന്ന സമഗ്ര സാമ്പത്തിക സ്ഥിരതാ നയങ്ങള്‍ നടപ്പാക്കിയതെന്നാണ്. ദക്ഷിണേഷ്യയില്‍ ഇതിലേറെ പാകിസ്ഥാന്‍ മാത്രമാണ് ഐഎംഎഫ് ഫണ്ടിന്റെ വിനിയോഗം നടത്തിയിട്ടുള്ളത്. ബംഗ്ലാദേശില്‍ 56 ശതമാനത്തോളം ആശ്രിതത്വമായിരുന്നെങ്കില്‍ ഇന്ത്യ വിനിയോഗിച്ചത് വെറും 15 ശതമാനം മാത്രമായിരുന്നു. പിന്നീടിതുപോലും ഉപേക്ഷിക്കുകയാണ് ചെയ്തിരുന്നത്. 1995 മുതലാണ് അക്കാദമിക് സമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും അതിശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടം ബുദ്ധിപരമായ ഈ തീരുമാനമെടുത്തത്.
ധനശാസ്ത്ര ചിന്തകന്മാരുടെ പൊതുവിലുള്ള അഭിപ്രായം സാമ്പത്തിക അസ്ഥിരത യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്നത് സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ ഗുരുതരമായ അവസ്ഥാവിശേഷത്തെയാണ്. ഇക്കൂട്ടത്തില്‍ മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രത്യേകം പരാമര്‍ശിക്കുന്നത് പണപ്പെരുപ്പവും വില വര്‍ധനവും ഉളവാക്കുന്ന അസ്വസ്ഥതകളാണ്. ഈ ആശയഗതിയുടെ മുന്നണിയിലുള്ളവരുടെ ഗണത്തില്‍ ആര്‍ബെര്‍ട്ട് ഹെര്‍ഷ്മാനും മില്‍ട്ടണ്‍ ഫ്രീഡ്‌മാനും ഉള്‍പ്പെടുന്നുമുണ്ട്. പണമില്ലാതെ വന്നപ്പോള്‍ മുന്‍പിന്‍ നോക്കാതെ 1.2 ട്രില്യണ്‍ ശ്രീലങ്കന്‍ രൂപയ്ക്കുള്ള പണമാണ് കേന്ദ്രബാങ്ക് അടിച്ചിറക്കിയതും പണപ്പെരുപ്പം ഗുരുതരാവസ്ഥയിലെത്തിച്ചതും. കടം വാങ്ങിയ തുകയില്‍ 60 ശതമാനത്തിലേറെ വിപണിവായ്പയുടെ രൂപത്തിലായിരുന്നതിനാല്‍ കൊളളപ്പലിശ നല്കേണ്ടതായും വന്നു. കാതലായ ഇത്തരം സാമ്പത്തിക പ്രശ്നങ്ങളും അവ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാതിരിക്കുന്നതും അന്തിമ വിശകലനത്തില്‍ ചെന്നെത്തുക, താല്ക്കാലികമായി കെട്ടടങ്ങിയിരിക്കുന്ന വംശാധിഷ്ഠിത സ്പര്‍ധകളും മതാധിഷ്ഠിത വിഭാഗീയതയുടെ ശാക്തീകരണവുമായിരിക്കും. ഇത്തരമൊരു സ്ഥിതിവിശേഷമാണ് നിലവില്‍ വരുന്നതെങ്കില്‍ 2019ല്‍ ഒരു ഈസ്റ്റര്‍ ഞായറാഴ്ച അരങ്ങേറിയ ബോംബാക്രമണങ്ങള്‍ അവയുടെ ഒറ്റപ്പെട്ട സ്വഭാവം വിട്ട് സംഘടിതവും വ്യാപകവുമാകാനിടയുണ്ട്. തമിഴ് വംശജര്‍ക്കിടയിലും ഭീകരവാദികളുടെ സ്വാധീനം ഏതു നിമിഷവും പുതിയ രൂപത്തിലും ഭാവത്തിലും ഉത്ഭവിക്കാം. ഇസ്‌ലാം തീവ്രവാദികളും ഇത്തരം അവസരങ്ങള്‍ പാഴാക്കിക്കളയുമെന്ന് കരുതുന്നതും അബദ്ധമായിരിക്കും.


ഇതുകൂടി വായിക്കൂ: ശ്രീലങ്കയ്ക്കു പിറകേ മ്യാന്മറും സാമ്പത്തിക ദുരിതത്തിലേക്ക്


ചുരുക്കത്തില്‍ ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ ഭയപ്പെടുന്നതുപോലെ ശ്രീലങ്കയിലും അര്‍ജന്റിനയിലെ പെറോണിസത്തിന്റെ ആവര്‍ത്തനം നടക്കുമെന്നത് മാത്രമല്ല, ഇന്തോനേഷ്യയില്‍ ജനറല്‍ സുഹാര്‍ത്തോവിന്റെ ഭരണകാലത്ത് സംഭവിച്ചതുപോലെയും രാജപക്സെ കുടുംബത്തിന്റെ ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിന് ശ്രീലങ്കന്‍ പട്ടാളം മുന്നിട്ടിറങ്ങുമോ എന്നും ആശങ്കപ്പെടേണ്ടി വന്നിരിക്കുന്നു. സിവില്‍ഭരണം എപ്പോഴെല്ലാം പരാജയപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം സൈനിക ഇടപെടലുകളും ഉണ്ടായിട്ടുള്ളതായിട്ടാണ് മുന്‍കാല അനുഭവം നമ്മെ പഠിപ്പിക്കുന്നത്. മാക്രോ ഇക്കണോമിക് സ്റ്റെബിലിറ്റി എന്നത് നല്ല ആശയമാണെങ്കിലും ഇന്നത്തെ ഗുരുതരാവസ്ഥയില്‍ ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥക്കോ അവിടെ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനോ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്ന് ഇതിനകം തന്നെ വ്യക്തമായിരിക്കുകയുമാണ്. കടബാധ്യതയും കയറ്റുമതി വരുമാനവും തമ്മിലുള്ള അനുപാതം 270 ശതമാനം വരെ ആയി ഉയര്‍ന്നിരിക്കുന്ന സ്ഥിതിയില്‍ ഇനിയും കടംവാങ്ങുക അപ്രായോഗികമാണ്. സൗജന്യ നിരക്കുകളില്‍ ഒരു പരിധിവരെ വായ്പ നല്കാന്‍ ഇന്ത്യയെപ്പോലെ ചില രാജ്യങ്ങള്‍ തയാറായേക്കാം. തീര്‍ത്തും സൗജന്യമായി ഭക്ഷ്യധാന്യങ്ങളും പാല്‍, പച്ചക്കറികള്‍, മുട്ട അടക്കമുള്ള മറ്റു നിത്യോപയോഗ വസ്തുക്കള്‍ എത്തിച്ചുകൊടുക്കാനും നമുക്കു സാധ്യമായേക്കാം. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ല. നാളെ എന്തും സംഭവിക്കാം. കാത്തിരിക്കുകതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.