9 May 2024, Thursday

ഗർഭശ്രീമാൻമാരെ സൃഷ്ടിക്കാൻ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
June 18, 2023 4:45 am

സംസ്കാര സമ്പന്നരായവർക്ക് ജന്മം കൊടുക്കുന്ന ”ഗർഭസംസ്കാർ” എന്നൊരു നൂതന പരിപാടിക്ക് ആർഎസ്എസ് രൂപം കൊടുത്തിരിക്കുന്നു. വാർത്ത വായിച്ചപ്പോൾ വളരെയധികം കൗതുകവും അതിലേറെ ആശങ്കയുമുണ്ടായി. ഒരു രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്കാരവും വക്രീകരിക്കുകയും പുതിയ ചരിത്ര നിർമ്മിതിയെക്കുറിച്ച് മാത്രം സ്വപ്നം കാണുകയും ചെയ്യുന്ന ഒരു സംഘടന, നിലവിലുള്ള യുവതലമുറയെ മാത്രമല്ല പിറക്കാൻ പോകുന്ന പുതിയ തലമുറയെക്കൂടി വർഗീയ വിദ്വേഷം കുത്തിനിറച്ച് മസ്തിഷ്ക പ്രക്ഷാളനം നടത്താൻ തയ്യാറാകുകയാണ് എന്നതാണ് വാർത്തയിൽ നിന്നും മനസിലാകുന്നത്. ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സംഘുമായി ബന്ധപ്പെട്ട ഡോക്ടർമാരാണ് പോലും ഈ പരിപാടിയിൽ പങ്കെടുത്ത് ഗർഭിണികളെ യോഗ ചെയ്യിപ്പിക്കാനും ഭഗവദ്ഗീത, രാമായണം തുടങ്ങിയ ഇതിഹാസ കഥകൾ പറഞ്ഞുകൊടുക്കാനും എത്തുന്നത്. ഭ്രൂണാവസ്ഥ മുതൽ പ്രസവം വരെയുള്ള ദിവസങ്ങളിൽ ഗർഭപാത്രത്തിൽ കിടന്നുകൊണ്ട് സംസ്കൃത പഠനവും യോഗാഭ്യാസവും ഗർഭസ്ഥ ശിശുവിനെ ഇവർ പരിശീലിപ്പിക്കും.
ഗർഭിണികൾക്കായാലും അല്ലാത്ത സ്ത്രീകൾക്കാേ പുരുഷന്മാർക്കാേ ആയാലും യോഗ ചെയ്യുന്നതും സംസ്കൃതം ഉൾപ്പെടെയുള്ള ഭാഷാപഠനം നടത്തുന്നതും നല്ലതുതന്നെ. എന്നാൽ അത് സംഘ്പരിവാർ ശക്തികളുടെ അജണ്ടയായി രൂപപ്പെടുകയും ഗർഭസംസ്കാർ ഹിന്ദുത്വ വർഗീയതയുടെ പ്രചാരണമായി മാറുകയും ചെയ്യുമ്പോൾ ഒരു ജനാധിപത്യ‑മതേതര രാജ്യത്തിന്റെ ചങ്കാണ് പിടയുന്നത്. സംസ്കാര സമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുന്നതിന് ഭൂരിപക്ഷ വർഗീയതയുടെ പ്രചാരണം തന്നെയാണ് അനിവാര്യം എന്ന സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.

 


ഇതുകൂടി വായിക്കു; രാജ്യം ഒരു വ്യക്തിയുടെതോ പാർട്ടിയുടെതോ അല്ല


തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിനെ ”ഗർഭശ്രീമാൻ” എന്നു വിളിച്ചിരുന്നു. അദ്ദേഹം അമ്മത്തമ്പുരാട്ടിയുടെ ഗർഭപാത്രത്തിൽ ഭ്രൂണാവസ്ഥയിൽ കിടക്കുമ്പോൾ തന്നെ രാജ്യാവകാശി ആയിരുന്നതുകൊണ്ടാണ് ഗർഭശ്രീമാൻ എന്ന് ആലങ്കാരികമായി വിളിച്ചിരുന്നത്. ഗർഭാവസ്ഥയിലും രാജാവായിരുന്ന സ്വാതി തിരുനാൾ ആ അവസ്ഥയിൽ കിടന്നുകൊണ്ട് സംഗീതവും ഭരണവും അമ്മയിൽ നിന്നും പഠിച്ചതായിട്ടറിവില്ല. ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിൽ അർജുന പുത്രനും ശ്രീകൃഷ്ണന്റെ സഹോദരീപുത്രനുമായ അഭിമന്യു ചക്രവ്യൂഹത്തിൽ അകപ്പെട്ടത് വ്യാസമഹർഷി അത്യന്തം ഭാവനാത്മകമായി വരച്ചു കാണിച്ചിട്ടുണ്ട്. മകരവ്യൂഹം, കൂർമവ്യൂഹം, സർപ്പവ്യൂഹം തുടങ്ങിയ സൈനിക വ്യൂഹങ്ങളിൽ പ്രവേശിക്കുന്നതും അവയെ തകർത്തതുമെല്ലാം അഭിമന്യു അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നുകൊണ്ട് അച്ഛനമ്മമാരുടെ സംഭാഷണത്തിൽക്കൂടി കേട്ടു. പക്ഷെ ചക്രവ്യൂഹത്തിൽ പ്രവേശിക്കുന്നതുവരെയുള്ള മാർഗം അർജുനൻ പറഞ്ഞുതീരുമ്പോഴേക്കും ഗർഭിണിയായ സുഭദ്ര ഉറങ്ങിപ്പോയി. ഗർഭസ്ഥ ശിശുവായ അഭിമന്യു അമ്മയുടെ ഉദരത്തിൽ കിടന്നു ഈ സംഭാഷണം കേൾക്കുന്നുണ്ടാവും എന്ന് ചിന്തിക്കാത്ത അർജുനൻ, ഭാര്യ ഉറങ്ങിയപ്പോൾ സംഭാഷണം നിർത്തി തന്റെ കിടക്കയിലേക്കു പോയി. അഭിമന്യു എന്ന വീരപുത്രന്റെ അന്ത്യം വ്യാസൻ സൃഷ്ടിച്ചത് ഈ ഒരനിശ്ചിതത്വത്തിൽക്കൂടിയാണ്. ഗർഭസ്ഥ ശിശുവിന് അച്ഛനമ്മമാരുടെ സംഭാഷണങ്ങൾ കേൾക്കാൻ കഴിയുമെന്ന് ഒരുപക്ഷെ ആദ്യം പറഞ്ഞത് വ്യാസമഹർഷിയായിരിക്കും.

പക്ഷെ അത് മഹാഭാരതം കഥ. ഇന്ത്യൻ ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും വേദോപനിഷത്തുകളിലെയും നന്മയുടെ സന്ദേശങ്ങളെ ബലികഴിച്ചുകൊണ്ടും ഹിന്ദു ധർമ്മത്തെയാകെ മനുസ്മൃതിയിൽക്കൂടി മാത്രം വ്യാഖ്യാനിച്ചുകൊണ്ടും വർണ വ്യവസ്ഥയിലേക്ക് ഇന്ത്യയെ കൊണ്ടുപോകാൻ ശ്രമിക്കുന്ന ബിജെപിയുടെ ഗർഭസംസ്കാർ രാജ്യത്ത് പുതിയ വിദ്വേഷ രാഷ്ട്രീയം വളർത്താൻ വേണ്ടി മാത്രമുള്ളതാണ്. രാജ്യവും രാജാവുമില്ലാത്ത, ദണ്ഡനീതിയില്ലാത്ത, എല്ലാ വിഭാഗം പ്രജകളും പരസ്പരം സഹായിച്ചും രക്ഷിച്ചും പോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് യുധിഷ്ഠിരനോട് ഭീഷ്മപിതാമഹൻ പറഞ്ഞ വാക്കുകൾ സംഘ്പരിവാറുകാർക്ക് അറിയാമോ എന്നറിഞ്ഞുകൂടാ, പക്ഷെ അവരത് പ്രചരിപ്പിക്കുകയില്ല. ചാർവാകനും ബൃഹസ്പതിയും കണാദനും ഗൗതമനും നാസ്തിക വാദികളായിരുന്നു എന്നും അവർ ഭാരതീയ പൈതൃകത്തിന്റെ പ്രതീകങ്ങളായിരുന്നു എന്നും ഒരു സംഘ്പരിവാറുകാരനും പ്രചരിപ്പിക്കുകയില്ല. സഹിഷ്ണുതയുടെയും വിശാലവീക്ഷണങ്ങളുടെയും പര്യായമായിരുന്നു ഭാരതീയ സംസ്കൃതി എന്നും അവർ ആരോടും പറയുകയില്ല. ഘോരവനത്തിലാണെങ്കിൽ പോലും തപസനുഷ്ഠിച്ചതിന് ശൂദ്രമുനിയായ ശംബുകനെ ശിരഛേദം ചെയ്ത സനാതന ധർമ്മത്തെക്കുറിച്ചോ ക്ഷത്രിയ കുലജാതിയിൽപ്പെട്ട തന്റെ അരുമശിഷ്യനെക്കാൾ അസ്ത്രവിദ്യയിൽ പ്രാവീണ്യം നേടിയ ആദിവാസി യുവാവായ ഏകലവ്യന്റെ പെരുവിരൽ മുറിച്ചുവാങ്ങിയ ഗുരുവിനെക്കുറിച്ചോ അവർ ആരോടും മിണ്ടില്ല. മറിച്ച് ഹിന്ദുത്വ രാഷ്ട്രീയം വീടുകളിൽ വലിയ തോതിൽ വിളമ്പാനുള്ള അവസരമായി ഉപയോഗിക്കാനേ സംഘ്പരിവാറുകാർ ശ്രമിക്കുകയുള്ളൂ.

 


ഇതുകൂടി വായിക്കു; കോവിന്‍ വിവരച്ചോര്‍ച്ച സത്യം മറയ്ക്കാന്‍ ശ്രമം


അതിനു ഡോക്ടർമാരെയും ഗർഭിണികളെയും അവർ ഉപയോഗിക്കുന്നു. ചാതുർവർണ്യ വ്യവസ്ഥിതിക്കു വെളിയിൽ നിൽക്കുന്ന തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ ജനവിഭാഗത്തെ പഞ്ചമർ എന്നുവിളിച്ചു മാറ്റിനിർത്തിയ ഹിന്ദുത്വ വർഗീയതയെ മഹത്വവൽക്കരിച്ച് പുതുതലമുറയുടെ മുമ്പിൽ അവതരിപ്പിക്കാനാണ് ആർഎസ്എസിന്റെ രാഷ്ട്ര സേവിക സംഘ് ശ്രമിക്കുന്നത്. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ നടന്നിട്ടുള്ള മുഗൾഭരണം സ്ഥാപിച്ചതുൾപ്പെടെയുള്ള ഇസ്ലാമിക വൈദേശിക ആക്രമണമാണെന്ന് പ്രചരിപ്പിക്കാനാണവർ ശ്രമിക്കുന്നത്. ആരോഗ്യ‑വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്തവ മിഷനറിമാർ നടത്തിയ മഹത്തായ സേവനങ്ങളെ തമസ്കരിച്ച് അവരെ നിർബന്ധിത മതപരിവർത്തനത്തിന്റെ പ്രതികളാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ആ ധാരയിൽ ഇല്ലാതിരുന്ന ഹിന്ദുത്വ വർഗീയതയുടെ ശക്തികൾക്ക് ഇന്ത്യയുടെ ചരിത്രനിർമ്മിതിയിൽ സ്ഥാനമില്ലെന്നത് മറച്ചുവയ്ക്കാൻ പുതിയ കഥകൾ മെനയുകയാണവർ. ബ്രിട്ടീഷധികാരികളോടൊപ്പം നിന്ന്, മാപ്പെഴുതിക്കൊടുത്ത് തങ്ങളുടെ പ്രാമാണികത്വവും മാടമ്പിത്തവും സംരക്ഷിച്ചവർ ദേശഭക്തിയുടെ പുതിയ ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ദളിതിനെയും മുസ്ലിമിനെയും ആൾക്കൂട്ടക്കൊല നടത്തി പകവീട്ടുന്ന സവർണ ജാതീയത നിലനിർത്താനുള്ള പ്രചരണമാണ് സംഘ്പരിവാർ നടത്താൻ ശ്രമിക്കുന്നത്. കഥകളും ഉപകഥകളും കൊണ്ട് സാധാരണക്കാരായ ജനങ്ങളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരകരായി മാറ്റാനുള്ള ശ്രമം ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ അജണ്ടയാണെന്ന് നമ്മൾ തിരിച്ചറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.