18 December 2024, Wednesday
KSFE Galaxy Chits Banner 2

ട്രംപ് രണ്ടാമനും ലോകവും

പി എ വാസുദേവൻ
കാഴ്ച
November 16, 2024 4:40 am

ഒരാള്‍, പല സംശയങ്ങള്‍. അടുത്ത ജനുവരിയില്‍ ഡൊണാള്‍‍ഡ് ട്രംപ് ‘ശ്വേതഗൃഹ’ (വൈറ്റ് ഹൗസ്)ത്തിലേക്കു കയറുമ്പോള്‍ ലോകത്തിന് അതൊരു വലിയ സംഭവമാണ്. ഒരുപാട് രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പിന്നെ ലോകത്തിനുതന്നെയും ഒരു ആരംഭമോ അവസാനമോ ആകുന്നു. കാരണം രാജ്യം അമേരിക്കയാണ്, വ്യക്തി ട്രംപാണ്. അദ്ദേഹം സകല കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്. ഒരു കൂട്ടര്‍ക്ക് അദ്ദേഹം ഉരുക്കുമനുഷ്യനാണ്. ‘പ്രൊ അമേരിക്ക’നാണ്. മറ്റൊരു കൂട്ടര്‍ക്ക് ഒരു തരം ‘വട്ട’നും. പലരും അദ്ദേഹത്തെ നോക്കിക്കാണുന്നത് പല വഴിക്കാണ്. ഈയിടെ ഞാന്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ചെലവഴിച്ച കാലത്ത്, കോളജ് വിദ്യാര്‍ത്ഥിയായ എന്റെ പേരമകന്‍ വൃഷികേശനോട് സംസാരിച്ചു. അവന്‍ കടുത്ത ‘ട്രംപിസ്റ്റ്’ ആണ്. അയാള്‍ അമേരിക്കയ്ക്കുവേണ്ടി വാദിക്കുന്നു. അയര്‍ലന്‍ഡ് അമേരിക്കയുടെ സുഹൃദ് രാജ്യവും.
ഇതൊരു കാഴ്ചപ്പാട്. എങ്ങനെയായാലും ട്രംപ് ഒരു വിടവുകാലത്തിനുശേഷം, വൈറ്റ്ഹൗസിലെത്തി. എല്ലാവരും പറയുന്ന പ്രഥമകാരണം ബൈഡന്റെ ദൗര്‍ബല്യം. അവസാനകാലമായപ്പോഴേക്കും ഏറെ ദുര്‍ബലനായിരുന്നു- ഭരണപരമായും ശാരീരികമായും. വൈറ്റ് ഹൗസിന്റെ കാര്യം വരുമ്പോള്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ എല്ലാം മറക്കും. എഴുപത്തെട്ടാം വയസിലും ട്രംപ് ഊര്‍ജസ്വലനാണ്. വളര്‍ത്താനും കൊല്ലാനുമറിയാം. ‘അമേരിക്ക ഫസ്റ്റ്’ എന്നതാണ് ലക്ഷ്യം. പിന്നെ കമലാ ഹാരിസ്. അമേരിക്കയിലെ വൈസ് പ്രസിഡന്റിന് ഒരു വീട്ടിലെ മുത്തശിയുടെ സ്ഥാനമേയുള്ളു. അവര്‍ക്ക് ഒരിക്കലും അവിടുത്തെ പൊതുരാഷ്ട്രീയത്തില്‍ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അവരുടെ കുറ്റമല്ല. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഒരു പദവി മാത്രമാണ്, രാഷ്ട്രീയ പങ്കാളിയല്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കമല ജയിക്കുന്നത് ഒരു വികാരസാഫല്യമായിരിക്കാം. അതിനപ്പുറം അവര്‍ക്ക് ജയിച്ചാലും ഒന്നും ചെയ്യാനാവില്ല. നിലവിലെ സാമ്പത്തിക നയങ്ങള്‍, പശ്ചിമേഷ്യന്‍ സമീപനം, രാഷ്ട്രാന്തര സമവാക്യങ്ങള്‍, ഇന്ത്യയുമായുള്ള ബന്ധങ്ങള്‍, ചൈന‑അമേരിക്ക വ്യാപാരബന്ധങ്ങള്‍ തുടങ്ങി ഒന്നിലും കാര്യമായ മാറ്റം വരുത്താവുന്ന തരത്തിലുള്ള നിര്‍ണായകത്വം അവര്‍ക്കില്ല. അതിന് അമേരിക്ക സമ്മതിക്കുകയുമില്ല. യുഎസ് വോട്ടര്‍ക്ക് എന്നും ‘അമേരിക്കയ്ക്ക് ഫസ്റ്റ്’ എന്നതാണ് പ്രധാനം. മറ്റെന്തിലുമധികം ഈ തെരഞ്ഞെടുപ്പ് തെളിയിച്ചത് അതായിരുന്നു. ഒരു കാര്യമോര്‍ക്കണം അമേരിക്ക തെരഞ്ഞെടുത്തത് അവരുടെ പ്രസിഡന്റിനെയായിരുന്നു. പരാജയപ്പെട്ട നാലു വര്‍ഷങ്ങളായിരുന്നു ബൈഡന്റേത്. ട്രംപിന്റെ ലക്കുകെട്ട അഡ്വഞ്ചറിസം മാത്രം അധികാരത്തിലേറ്റിയതാണ് ബൈഡനെ. അതുകൊണ്ട് ട്രംപിന്റെ കാലത്തെ എങ്ങനെ നമുക്കനുകൂലമാക്കാമെന്ന് ബാക്കി ലോകവും ഇന്ത്യയും ചിന്തിക്കുന്നതാവും ബുദ്ധി. 

ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ട്രംപിന്റെ ഭരണരീതിയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കാര്യമായി സ്വാധീനിക്കാത്തവിധം കേന്ദ്രീകൃതമായൊരു വ്യക്തിത്വമാണദ്ദേഹത്തിന്റെ. അവിടെ അതൊക്കെ പ്രസിഡന്റെന്ന വ്യക്തിയുടെയും അയാളുടെ അനുചരന്മാരുടെയും കാര്യം മാത്രമാണ്. ട്രംപാണെങ്കില്‍ തീവ്രമായ അധികാര കേന്ദ്രീകരണത്തിന്റെ വക്താവാണ്. സ്വന്തം തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതാവുക എന്നതാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വഭാവം. എന്നും അതങ്ങനെയായിരുന്നു. ട്രംപിന്റെ ഇത്തവണത്തെ ജയം ഒരു ഭൂകമ്പത്തിന് (ടെക്റ്റോണിക്) തുല്യമാണ് എന്നാണ് വിദേശ പത്രങ്ങള്‍ വിശേഷിപ്പിച്ചത്. അവിടുത്തെ 2,367 കൗണ്ടികളില്‍ 90 ശതമാനം കൂടെപ്പോയി. നിലവില്‍ നാലു ക്രിമിനല്‍ കുരുക്കുകളിലാണദ്ദേഹം. ഒരു സിനിമാ നടിയുമായി അവിഹിതത്തിലായിരുന്നു. കലാപാഹ്വാനത്തിന് കേസ് വേറെ.
ഒന്നു തീര്‍ച്ച. താരിഫ് ഉപയോഗിച്ച് വ്യാപാരം അമേരിക്കയ്ക്ക് അനുകൂലമാക്കും. ചൈനയ്ക്കെതിരെ താരിഫ് ശക്തമായി കൊണ്ടുവന്ന് അമേരിക്കന്‍ വ്യാപാരത്തിന് ലാഭമുണ്ടാക്കും. കോര്‍പറേറ്റ് ടാക്സ് കുറച്ച് സിലിക്കന്‍ വാലിയെ ഉഷാറാക്കും. ആ കൂട്ടത്തില്‍ സാധാരണ പൗരന്മാര്‍ പ്രസിഡന്റിന് പ്രശ്നമാവില്ല. അത് ഇന്നത്തെ അമേരിക്കന്‍ വിലക്കയറ്റത്തെ കുറയ്ക്കുകയുമില്ല. ട്രംപിന്റെ റൂട്ട് ഇതാവാനാണ് വഴി. സായുധ യുദ്ധം മാത്രമല്ല, താരിഫ് യുദ്ധവും ഡൊണാള്‍ഡ് ട്രംപ് പുറത്തെടുക്കും.
അത് വിടുക. ‘പോസ്റ്റ് ട്രംപ്’ ഇന്ത്യയുടെ അവസ്ഥയെന്താവും. അഞ്ചുകൊല്ലം മുമ്പ് ഹൂസ്റ്റണ്‍ പ്രസംഗത്തില്‍ മോഡി ട്രംപിനെ കയ്യയച്ച് പ്രശംസിച്ചിരുന്നു. അന്നുമുതല്‍ അവര്‍ക്കിടയില്‍ ഒരു അടിയൊഴുക്കുണ്ട്. എന്നാലും സായുധ‑വ്യാപാര കാര്യങ്ങളുടെ ലാഭക്കണക്കുവരുമ്പോള്‍ ട്രംപ് ഇന്ത്യയെയും സമര്‍ദത്തിലാക്കും. വ്യാപാര രംഗത്ത് വിട്ടുവീഴ്ചക്ക് സാധ്യത കുറവാണ്. ‘ബ്രിക്സ്’ സമ്മിറ്റില്‍ ഉയര്‍ന്ന സ്വരഭേദങ്ങള്‍, ഒരു സമാന്തര ആഗോളശക്തി ഉണ്ടാവുമോ എന്ന ഭയം അദ്ദേഹത്തിലുണ്ടാക്കിയിട്ടുണ്ട്. അതിനെതിരെ അദ്ദേഹം താക്കീതും നല്‍കിയിട്ടുണ്ട്. ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമിതാണ്. ലോക രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ ലളിതവും രേഖീയവുമല്ല. ഡൊണാള്‍ഡ് ട്രംപ് രണ്ട്, ട്രംപ് ഒന്നില്‍‍ നിന്ന് വ്യത്യസ്തനുമാവാം. ഇത്തവണ ജയിച്ചപ്പോള്‍ ഇന്ത്യയുമായുള്ള പഴയ ബന്ധത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാപാരബന്ധം, കൂടുതല്‍ ടെക്നോളജി, പ്രതിരോധത്തിന് കൂടുതല്‍ സാമഗ്രികള്‍ തുടങ്ങിയതൊക്കെ അതില്‍പെടുമെന്ന് കരുതാം.
ഇന്ത്യ‑കാനഡ ബന്ധം മോശമായ ഈ ഘട്ടത്തില്‍ അമേരിക്കന്‍ ഇടപെടല്‍ അതിലുണ്ടാവാനും സാധ്യതയില്ല. കാരണം ട്രംപ്-ട്രൂഡോ ബന്ധവും സുഖകരമല്ല. എന്നാലും പ്രശ്നങ്ങള്‍ ലളിതമാവില്ല. ഇസ്രയേല്‍ പ്രശ്നത്തില്‍ ഇന്ത്യക്ക് യുഎസ് സഹായത്തോടെ എന്തെങ്കിലും ചെയ്യാനാവുമോ? റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ പങ്ക് എന്താവും. പുടിനും ട്രംപിനുമിടയില്‍ മോഡിക്ക് സമാധാനത്തിന്റെ പാലം പണിയാനാവുമോ? പ്രത്യേകിച്ചും ഇസ്രയേലിന് അമേരിക്ക യുദ്ധസഹായം വാഗ്ദാനം ചെയ്ത സാഹചര്യത്തില്‍.

നമ്മുടെ അയല്‍രാജ്യങ്ങളിലെ അസ്വാസ്ഥ്യങ്ങളും കണക്കിലെടുക്കണം. പാകിസ്ഥാന് പുതിയ ഭരണം ഹിതകരമാവില്ല. അവര്‍ക്കു കിട്ടേണ്ട ഐഎംഎഫ് ലോണിനുമേല്‍ അമേരിക്ക നിയന്ത്രണം വയ്ക്കും. ബംഗ്ലാദേശുമായും ഉരസലുണ്ടാവാം. കാരണം അവര്‍ ബൈഡന്‍ സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. ട്രംപിന്റെ കാര്യത്തില്‍ പലരും നിശ്ചയിക്കുന്നത് വ്യക്തിവൈരാഗ്യങ്ങളിലാണ്. ബൈഡനുമായി നല്ല ബന്ധത്തിലായിരുന്ന നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കും അനിശ്ചിതത്വമുണ്ടാവാം.
ലോക ജിഡിപിയുടെ നാലിലൊന്ന് ഉല്പാദിപ്പിക്കുന്ന യുഎസിന്റെ ഉല്പാദന, വ്യാപാരനയങ്ങള്‍, ലോക സമ്പദ്ഘടനയെ കാര്യമായി ബാധിക്കും. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയും അവരാണ്. അമേരിക്കയുമായി ഇന്ത്യക്ക് വ്യാപാരമിച്ചമുണ്ടെന്നത് ശ്രദ്ധേയമാണ്. ഏകപക്ഷീയമായി ഇറക്കുമതി താരിഫ് ചുമത്തി, അതിനെ നേരിടാനും ട്രംപ് മടിക്കില്ല. വ്യാപാര ബന്ധങ്ങളുടെ ദുരുപയോഗക്കാരനാണ് ഇന്ത്യ എന്നദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. വലിയ ആഘാതം വരാന്‍ പോകുന്നത് യുഎസുമായുള്ള വന്‍ വ്യാപാരമിച്ചമുള്ള ചൈനയ്ക്കാവും. ഉടന്‍ അവരുടെ ഉല്പന്നങ്ങള്‍ക്ക് ഇറക്കുമതി താരിഫുണ്ടാവാം.
എന്തായാലും ‘ട്രംപ് രണ്ടാമന്‍’ മറ്റൊരു ഭരണാധികാരിയായേക്കും. ഇത് നാം ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.