27 April 2024, Saturday

ആകാശ രാജാവിന് വിട

Janayugom Webdesk
October 17, 2021 5:00 am

മോഡിയുടെ ആത്മനിർഭർ ഭാരത് അതിന്റെ കിരീടത്തിൽ മറ്റൊരു ‘തൂവൽ’ കൂടി ചാർത്തിയിരിക്കുന്നു. രാജ്യത്തിന്റെ വിമാനക്കമ്പനിയായ എയർ ഇന്ത്യ കുത്തക കമ്പനിയായ ടാറ്റായ്ക്ക് കൈമാറി. എയർ ഇന്ത്യ വിറ്റഴിക്കാനുള്ള നീക്കങ്ങൾ അങ്ങനെ വിജയകരമായി പൂർത്തിയാക്കി! എയർ ഇന്ത്യയും ഉടസ്ഥതയിലുള്ള 125 വിമാനങ്ങളും ടാറ്റയ്ക്ക് നല്‍കി. 30ലധികം രാജ്യങ്ങളിലെ 103 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ റൂട്ടുകളും വിമാന കമ്പനിയുടെ പുതിയ മുതലാളിക്ക് സമ്മാനിച്ചു. 58 കേന്ദ്രങ്ങളിലേക്കുള്ള 100ലധികം ആഭ്യന്തര റൂട്ടുകളും സമർപ്പിച്ചു. വ്യോമ ഗതാഗത വ്യവസായത്തിൽ പാർക്കിങ് സ്ലോട്ടുകൾ (വിമാനത്താവളങ്ങളിൽ നിശ്ചിത സമയത്ത് പ്രവർത്തിക്കാനുള്ള അവകാശം) വിലയേറിയതാണ്. എയർ ഇന്ത്യക്ക് ആഭ്യന്തര സർവീസുകളിൽ 4400 പാർക്കിങ് സ്ലോട്ടുകളുണ്ട്. രാജ്യാന്തര സർവീസുകളിൽ 1800 എണ്ണവും. ന്യൂയോർക്ക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരീസ് എന്നിവയുൾപ്പെടെ ഒന്നിലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 900ലധികം സ്ലോട്ടുകളും. ഈ സൗകര്യങ്ങളെല്ലാം പുതിയ ഉടമകൾക്ക് നൽകി. 18,000 കോടിയായിരുന്നു വില്പനയിലെ തുക. പക്ഷെ, ഭാരത സർക്കാരിന് 2100 കോടി രൂപ മാത്രമേ പണമായി ലഭിക്കൂ. വില്പനക്കരാർ അനുസരിച്ച് എയർ ഇന്ത്യയുടെ ബാധ്യതകളുടെ 15,300 കോടി ടാറ്റ ഏറ്റെടുക്കും. ഇത് കോർപറേറ്റുകൾക്ക് സ്വപ്നതുല്യമായ കൊയ്ത്തായിരുന്നു. വ്യവസായ ലോകത്തിലെ വിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു.
മോഡിയുടെ ആത്മനിർഭർ സർക്കാരാകട്ടെ 2018 മുതൽ തുടരുന്ന കഠിനാധ്വാനത്തെക്കുറിച്ചും ഫലമായുള്ള മഹത്തായ നേട്ടത്തിലും അഭിരമിക്കുന്നു! 76 ശതമാനം ഓഹരികൾ സ്വകാര്യ ഉടമകൾക്ക് കൈമാറുമെന്നായിരുന്നു ആദ്യതീരുമാനം. ക്രമേണ ആത്മനിർഭറിന്റെ പ്രവാചകന്മാർ 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ രാജ്യത്തിന് അഭിമാനമായിരുന്ന ദേശീയ വിമാനക്കമ്പനി ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിലല്ല. സർക്കാർ നടപ്പാക്കേണ്ട വ്യോമഗതാഗത നയം കോർപറേറ്റുകൾ നിശ്ചയിക്കും. ആത്മനിർഭർ എന്ന വാക്കിന് ബിജെപിയുടെ നിഘണ്ടുവിൽ മറ്റൊരു അർത്ഥമാണുള്ളത്. സംഘപരിവാറിന്റെ പ്രധാന ഘടകങ്ങളിലൊന്നായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്ജെഎം) ഈ നീക്കത്തെ ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ, ആർഎസ്എസിന്റെ പിൻബലത്തിൽ വിമർശകരെ കേൾക്കാറില്ല ബിജെപി സർക്കാർ. അവർ സംഘപരിവാറിനൊപ്പം സഞ്ചരിക്കുന്നവരാണെങ്കിൽ പോലും.


ഇതുംകൂടി വായിക്കൂ: എയർ ഇന്ത്യ വില്പന പുനഃപരിശോധിക്കണം: സിപിഐ


എയർ ഇന്ത്യയുടെ 12,000 ജീവനക്കാർക്കും എയർ ഇന്ത്യ എക്സ്പ്രസിലെ 1,400 ജീവനക്കാർക്കും തങ്ങളുടെ ഭാവിയെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലാതായിരിക്കുന്നു. ഒരു വർഷത്തിനുശേഷം അവർക്ക് വിആർഎസ് (സ്വയംവിരമിക്കൽ) വാഗ്ദാനം ചെയ്യുന്നു. വിആർഎസിന്റെ സ്വഭാവവും വ്യവസ്ഥകളും പുതിയ ഉടമകൾ തീരുമാനിക്കും. എയർ ഇന്ത്യയുടെ അനുബന്ധ കമ്പനിയെന്ന് കരുതുന്ന അലയൻസ് എയറിൽ നിശ്ചിതസമയ തൊഴിൽ പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ സേവന സാഹചര്യങ്ങളും തൊഴിൽ സുരക്ഷയും ഒരു പഴഞ്ചൻ സങ്കല്പമായി മാറും. തൊഴിലാളികളുടെ പ്രശ്നങ്ങളോടുള്ള കോർപറേറ്റ് സമീപനം മനസിലാക്കാൻ രാജ്യത്തിന് പാഠമായി ജെറ്റ് എയർവേയ്സിന്റെയും ജീവനക്കാരുടെയും ദുരവസ്ഥ കൺമുന്നിലുണ്ട്. സ്വകാര്യവൽക്കരണവും തൊഴിൽ അവകാശങ്ങളും മോരും മുതിരയും പോലെയാണ്. ഇക്കാര്യങ്ങളിൽ സ്വന്തം അംഗങ്ങളും അനുയായികളും ഉന്നയിച്ച ചോദ്യങ്ങൾക്ക് ബിഎംഎസിന്റെ നേതാക്കൾ എങ്ങനെ ഉത്തരം നൽകുമെന്നും ആർക്കും അറിയില്ല. ബിജെപി സർക്കാരിന്റെ അഭിപ്രായത്തിൽ എയർ ഇന്ത്യയുടെ കഥ പൊതുമേഖലയുടെ അനിവാര്യമായ പരാജയത്തിന്റെ സൂചികയാണ്. നിതി ആയോഗിലെ നയരൂപകർത്താക്കളും കോർപറേറ്റ് മാധ്യമങ്ങളിലെ അവരുടെ ചങ്ങാതിമാരും ഇക്കാര്യം പ്രചരിപ്പിക്കുന്നു. ഒഎൻജിസി, എൽഐസി എന്നിവയുൾപ്പെടെ പൊതുമേഖലയുടെ നിരവധി വിജയഗാഥകൾ അവർ കണ്ടില്ലെന്നു നടിക്കുന്നു. എയർ ഇന്ത്യ പോലും പല പതിറ്റാണ്ടുകളായി ലാഭത്തിലായിരുന്നു പ്രവർത്തിച്ചത്. ആഗോള വ്യോമ വ്യവസായം കടുത്ത പ്രതിസന്ധിയിലായ 2001-03 ൽ പോലും എയർ ഇന്ത്യയുടെ ഓഡിറ്റ് റേറ്റിങ് വളരെ മികച്ചതായിരുന്നു. 2015–16 ൽ ഇത് 105 കോടിയുടെ പ്രവർത്തന ലാഭം നേടി, കമ്പനിയുടെ ലാഭം അന്ന് കണക്കാക്കിയത് 300 കോടിയായിരുന്നു. 2016–17 കാലയളവിൽ മോഡി സർക്കാർ സ്വയപര്യാപ്തത ആർജ്ജിക്കാൻ സ്വകാര്യവൽക്കരണ ആശയവുമായി മുന്നോട്ടുവന്നു. 2018ൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി സ്വകാര്യവൽക്കരണം എന്ന ആശയം നിരസിക്കുകയും എയർ ഇന്ത്യയുടെ ഫലപ്രദമായ പ്രവർത്തനത്തിനായി ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ മോഡി സർക്കാരാകട്ടെ ആകാശത്തിനു കീഴിലുള്ള എല്ലാം സ്വകാര്യവൽക്കരിക്കാനുള്ള കമ്പോളാധിഷ്ഠിതമായ ആശയത്തിന് പൂർണമായും കീഴ്പ്പെട്ടവരാണ്. ചൂഷകരുടെ അത്യാഗ്രഹം നയിക്കുന്ന കേന്ദ്ര സർക്കാർ പൊതുമേഖലയെ മുച്ചൂടും മുടിപ്പിക്കാനുള്ള കാരണങ്ങൾ തേടിക്കൊണ്ടേയിരിക്കുന്നു. എയർ ഇന്ത്യയുടെ ബാധ്യതകൾ കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയ അഴിമതിയുടെയും അനന്തരഫലമാണ്. വിവിഐപികളുടെ പ്രത്യേക ഉപയോഗത്തിനായി കോടിക്കണക്കിനു രൂപ ചെലവഴിച്ച് എയർ ഇന്ത്യ രണ്ട് വിമാനങ്ങൾ കൂടി വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നഷ്ടത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽപ്പോലും പദ്ധതി മെനഞ്ഞു.


ഇതുംകൂടി വായിക്കൂ:എയര്‍ ഇന്ത്യ വിറ്റു; 18,000 കോടി രൂപയ്ക്ക് ടാറ്റാ സണ്‍സിന് ലേലമുറപ്പിച്ചു


എയർ ഇന്ത്യയുടെ വില്പന മോഡി സർക്കാരിന്റെ രാഷ്ട്രനിർമ്മാണ സങ്കല്പത്തിന്റെ ദിശ ചൂണ്ടിക്കാട്ടുന്നു. വില്പനയിലെ സാമ്പത്തികശാസ്ത്രം മാത്രമല്ല പരിഗണിക്കേണ്ടത്. രാഷ്ട്രീയവും നീതിശാസ്ത്രവും വിശകലനവിധേയമാക്കണം. പുരപ്പുറത്ത് ദേശീയതയും രാജ്യാഭിമാനവും പ്രസംഗിക്കുന്ന കേന്ദ്ര സർക്കാരിന് ഒരു കുത്തക സ്ഥാപനത്തിന് ദേശീയവാഹിനിയുടെ പതാക കൈമാറാൻ മടിയില്ല. ധനസമ്പാദന നീക്കങ്ങളുമായി ചേർന്നുള്ള ഈ പ്രവൃത്തിക്ക് കൂടുതൽ അർത്ഥങ്ങളുണ്ട്. കുത്തകകളുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ പ്രാഥമിക കടമയെന്ന് ബോധ്യപ്പെടുന്നു. ഈ പ്രതിജ്ഞയുടെ സാക്ഷാല്‍ക്കരത്തിനായി ഏതറ്റം പോകാനും മോഡി തയാറാണ്. എയർ ഇന്ത്യ തുടങ്ങി എയർപോർട്ടുകൾ, തുറമുഖങ്ങൾ, ബാങ്കുകൾ, ഐഎസ്ആർഒ, ഇൻഷുറൻസ് ദേശീയ പ്രാധാന്യം ഏറിയതും കുറഞ്ഞതുമാകട്ടെ എല്ലാം ലേലത്തിന് വച്ചിരിക്കുന്നു, എല്ലാം വില്പനയ്ക്കാണ്. വിറ്റഴിക്കുന്നത് ദേശീയ അഭിമാനം എന്ന് അവർ ആർത്തുവിളിക്കും. ലേലവും വില്പനയുമാണ് ദേശീയ അഭിമാനമാണെങ്കിൽ, രാഷ്ട്രത്തിന്റെ അർത്ഥമെന്താണെന്ന് അഭിമാനിയായ ഒരു ഇന്ത്യക്കാരൻ ബിജെപിയോട് ചോദിച്ചേക്കാം? ലാഭമോ ജനങ്ങളോ? ജനങ്ങളാണ് രാഷ്ട്രത്തിന്റെ ഉണ്മ. മോഡിക്കും കേന്ദ്ര സർക്കാരിനും കോർപറേറ്റുകളുടെ ലാഭമാണ് പരമമായ കർത്തവ്യം. എയർ ഇന്ത്യയുടെ മഹാരാജാവിന് വിട!

 

You may also like this video;

 

<iframe width=“560” height=“315” src=“https://www.youtube.com/embed/CeCh_zrTdjY” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.