‘ആകാശം മനോഹരമാണ്, നിറയെ നക്ഷത്രങ്ങളും ചന്ദ്രനും. പക്ഷേ കാഴ്ചയുടെ മനോഹാരിതയെ വിശ്വസിക്കേണ്ടതില്ല, ഉപ്പ് പോലും പഞ്ചസാരയായി തോന്നാം’ ഇന്നലെ സര്‍ക്കാര്‍ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആമുഖം തുടങ്ങുന്നതിങ്ങനെയാണ്. അടിമുടി സ്ത്രീവിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലെന്നും ക്രിമിനലുകളുടെ നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നും വെളിപ്പെുത്തുന്ന റിപ്പോര്‍ട്ടില്‍ സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. സിനിമയില്‍ അവസരം ലഭിക്കാൻ ശരീരം പങ്കുവയ്ക്കേണ്ടിവരുന്നുവെന്നും അതൊരു കീഴ്‌വഴക്കമായി ‘കാസ്റ്റിങ് കൗച്ച്’ എന്ന പേരില്‍ ആചരിക്കപ്പെടുന്നുവെന്നുമുള്ള നാണിപ്പിക്കുന്ന വിവരവും ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പരാതിപരിഹാര സംവിധാനങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങൾ നടക്കുന്ന ഇടമായിരിക്കുന്നു സിനിമാ വ്യവസായം. ഒരുപിടി നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും പ്രൊഡക്ഷൻ കൺട്രോളർമാരും അടങ്ങുന്ന ഒരു ശക്തികേന്ദ്രമാണ് മലയാള ചലച്ചിത്ര വ്യവസായത്തെ നിയന്ത്രിക്കുന്നത്. അധികാരബന്ധമുള്ളവരുടെ ലൈംഗികാതിക്രമം ചെറുത്താല്‍ മേഖലയില്‍ നിന്നുതന്നെ പുറത്താക്കപ്പെടും. അതുകൊണ്ട് നിലനില്പുഭയത്താല്‍ സ്ത്രീകൾ പരാതിപ്പെടാൻ ഭയക്കുന്നു. പ്രമുഖ നടന്റെ നേതൃത്വത്തിലുള്ള ശക്തമായ ഈ ലോബിയെ ‘മാഫിയ’ എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ കഴിയും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച്, പ്രമുഖരായ സംവിധായകരെയും നിർമ്മാതാക്കളെയും അഭിനേതാക്കളെയുമുള്‍പ്പെടെ വിലക്കാൻ കഴിയുന്ന സംഘത്തിൽ സംവിധായകരും നടന്മാരും നിർമ്മാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളതെന്ന റിപ്പോർട്ട് സിനിമാ മേഖലയ്ക്ക് മാത്രമല്ല, മലയാളി സമൂഹത്തിനാകെ ലജ്ജാകരമാണ്.
സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ 233 പേജുകളുള്ള റിപ്പോർട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 49-ാം പേജിലെ 96-ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിട്ടിട്ടില്ല. നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങേണ്ടി വരുന്ന രീതിയിൽ അധികാരക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന് മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പേര്‍ മൊഴി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും അടിമുടി ആൺകോയ്മയാണെന്നും അടിവരയിടുന്നു. ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിക്കുമ്പോള്‍, സ്ത്രീയെ കുറഞ്ഞമൂല്യമുള്ളയാളായി കണക്കാക്കുന്നുവെന്ന് 281-ാം പേജിലുണ്ട്. വഴിവിട്ട കാര്യങ്ങൾക്കായി സംവിധായകരും നിർമ്മാതാക്കളുമാണ് സ്ത്രീകളെ നിർബന്ധിക്കുന്നത്. വഴങ്ങാത്തവർക്ക് അവസരം കുറയുമെന്നും പലതവണ ഷോട്ടുകൾ ചിത്രീകരിച്ച് ബുദ്ധിമുട്ടിക്കുമെന്നും മൊഴികളുണ്ട്. കരാറിലില്ലാത്ത രീതിയില്‍ നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിക്കുമെന്നും ഒറ്റയ്ക്ക് ഹോട്ടല്‍ മുറികളില്‍ താമസിക്കാന്‍ പോലും ഭയമാണെന്നും മൊഴി നല്‍കിയവരുണ്ട്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന ദുരിതവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ തീര്‍ത്തും മനുഷ്യത്വരഹിതമായാണ് പരിഗണിക്കുന്നത്. നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൾ മലയാള സിനിമയില്‍ ജോലിചെയ്യുന്നുണ്ടെങ്കിലും നടീനടന്മാരുടെ സംഘടന ഇവരെ അഭിനേതാക്കളായി പരിഗണിക്കാറില്ല. ടെക്നീഷ്യന്മാരായി പരിഗണിക്കാത്തതിനാല്‍ ഫെഫ്കയിലും അംഗത്വമില്ല. കമ്മിറ്റിക്ക് പോലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ നേരിട്ടുകാണുന്നതിന് ബുദ്ധിമുട്ട് നേരിട്ടതായും അടിമകളെക്കാന്‍ മോശമായ രീതിയിലാണ് മലയാള സിനിമ അവരെ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്, വനിതകൾക്ക് സുരക്ഷിതമായ താമസമടക്കമുള്ള സൗകര്യങ്ങൾ നിർമ്മാതാവ് നൽകണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഹേമ കമ്മിറ്റി നല്‍കിയിട്ടുണ്ട്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം, പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം പരാതിപരിഹാര ട്രിബ്യൂണൽ രൂപീകരിക്കണമെന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയതിന് സർക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാന്‍ എല്‍ഡിഎഫ് സർക്കാറാണ് കമ്മിറ്റിയെ നിയോഗിച്ചത്. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. രണ്ട് മാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ല. ലെെംഗികാതിക്രമങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സ്ത്രീ സുരക്ഷ ചലച്ചിത്ര മേഖലയില്‍ മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലും അനിവാര്യമാണ്. ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് അതിനനുകൂലമായ നിലപാടുകള്‍ ഉണ്ടാവുമെന്നുതന്നെ പ്രതീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.