27 April 2024, Saturday

സ്മാര്‍ട്ടായ കേരളം

Janayugom Webdesk
January 2, 2024 5:00 am

പുതിയ വർഷത്തിലേക്ക് കേരളം കടന്നത് പുതിയൊരു ചുവടുവയ്പോടെ. രാജ്യത്താദ്യമായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുസേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന സംവിധാനം യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നവകേരള സൃഷ്ടി കൂടുതൽ ഊർജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതിജ്ഞ ദൃഢമാക്കുന്നതിന്റെ തെളിവായി കെ-സ്മാര്‍ട്ട് സോഫ്റ്റ്‌വേര്‍ ഇന്നലെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങൾ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമാണ് കെ-സ്മാർട്ട്. തുടക്കത്തിൽ കോർപറേഷനുകളിലും നഗരസഭകളിലുമാണ് ഓൺലൈൻ സേവനം ലഭിക്കുകയെങ്കിലും ഏപ്രിൽ ഒന്നുമുതൽ മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. വെബ്പോർട്ടലിനു പുറമേ, മൊബൈൽ ആപ്ലിക്കേഷനായും കെ-സ്മാർട്ട് ലഭിക്കും. ഈ ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ തല്‍സ്ഥിതി പരിശോധിക്കാനും കഴിയും. അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്ആപ്പിലും ഇ‑മെയിലിലും ലഭ്യമാക്കുകയും ചെയ്യും. സുരക്ഷിതവും നൂതനവുമായ കെ-സ്മാർട്ട് സംവിധാനം ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) ആണ് തയ്യാറാക്കിയത്. തദ്ദേശസ്ഥാപനങ്ങൾ ഉപയോഗിക്കുന്ന 26 സോഫ്റ്റ്‌വേറുകൾ കെ-സ്മാർട്ടിൽ ലയിക്കും. വിവാഹ രജിസ്ട്രേഷനുകൾ, പൊതുജന പരാതികൾ, വസ്തു നികുതി അടയ്ക്കൽ, സർട്ടിഫിക്കറ്റുകൾ, കെട്ടിട നിര്‍മ്മാണ പെർമിറ്റ് തുടങ്ങിയ എല്ലാ ആവശ്യങ്ങളും ഇതിലൂടെയാകും ലഭിക്കുക. 3,000 ചതുരശ്രയടിയിൽ താഴെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് ഇനി മിനിറ്റുകൾക്കകം ലഭ്യമാകും. അതിനു മുകളില്‍ വിസ്തീര്‍ണമുള്ളവയുടേത് പരിശോധനകൾക്ക് ശേഷം അനുമതി നൽകും. ഇങ്ങനെ രാജ്യത്തിനു മാതൃകയായ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ സ്മാർട്ട്.

 


ഇതുകൂടി വായിക്കൂ; തൊഴിലില്ലായ്മാ വര്‍ധനവും ഘടനാപരമായ പ്രതിസന്ധിയും


സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ലോകവുമായി പങ്കുവയ്ക്കാനും ലോകത്തിൽ നിന്ന് കൂടുതല്‍ പഠിക്കാനുമായി നടത്തപ്പെട്ട കേരളീയം മഹോത്സവം, മന്ത്രിസഭ ഒന്നടങ്കം നാടിന്റെ മുക്കിലുംമൂലയിലും ചെന്നെത്തി ജനങ്ങളുമായി സംവദിച്ച നവകേരള സദസ് തുടങ്ങിയവയിലൂടെ ഭരണനിർവഹണം കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്നു കാട്ടിക്കൊടുത്തതിന്റെ തുടര്‍ച്ചയായാണ് കെ-സ്മാര്‍ട്ടും പ്രാവര്‍ത്തികമായിരിക്കുന്നത്. രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയാക്കാവുന്ന നിരവധി കാര്യങ്ങളാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ നടപ്പിലാക്കപ്പെട്ടത്. ജനകീയ പിന്തുണയോടെ വിദ്യാഭ്യാസമികവിലെത്തിയ പ്രിസം മാതൃക പഠിക്കാൻ തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയും സംഘവും കോഴിക്കോട്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഇന്ത്യയുടെ മാതൃകാ സംസ്ഥാനമായി ചിലര്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ഗുജറാത്തില്‍ ദിവസക്കൂലി വെറും 241.9 രൂപയും ദേശീയശരാശരി 393.30 രൂപയും ആയിരിക്കേ കേരളത്തിലെ 825.5 ആണ് ഏറ്റവും ഉയര്‍ന്നകൂലി എന്ന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടത് കഴിഞ്ഞമാസം. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ, ആരോഗ്യ, സേവന രംഗങ്ങളുള്ള സംസ്ഥാനമായി 2023ല്‍ കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തിയതും കേരളത്തെ. യു​ണിക്​ ഐ​ഡ​ന്റിഫി​ക്കേ​ഷ​ൻ അ​തോ​റി​ട്ടി ഓ​ഫ്​ ഇ​ന്ത്യ​യു​ടെ (​യുഐഡിഎഐ) നവംബറിലെ ക​ണ​ക്കു പ്ര​കാ​രം ആധാര്‍ അ​പ്​​ഡേ​ഷ​ൻ കാ​ര്യ​ത്തി​ൽ മു​ൻ​നി​ര​യി​ലു​ള്ള 20 ജി​ല്ല​ക​ളു​​ടെ പ​ട്ടി​ക​യി​ൽ 14 എണ്ണം കേ​ര​ള​ത്തി​ലേതാണ്. എന്നിട്ടും ഡിജിറ്റല്‍ ഇന്ത്യയെന്ന് ഉദ്ഘോഷിക്കുന്ന പ്രതിലോമശക്തികള്‍ രാഷ്ട്രീയവിരോധം കൊണ്ടുമാത്രം കേരളത്തെ തകര്‍ക്കാനും കരിതേച്ചുകാണിക്കാനും കൊണ്ടുപിടിച്ചു ശ്രമിക്കുന്നു.
മുഖ്യമന്ത്രി തന്നെ പറഞ്ഞതുപോലെ മുന്നാണ്ടുകളില്‍ പ്രകൃതിദുരന്തമാണ് വെല്ലുവിളികൾ ഉയർത്തിയതെങ്കിൽ കഴിഞ്ഞ വർഷം നാം നേരിടേണ്ടി വന്നത് മനുഷ്യനിർമ്മിതമായ വെല്ലുവിളികളെയാണ്. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്ന കേന്ദ്രത്തെയും വികസനത്തിന് തുരങ്കംവയ്ക്കുകയും രാഷ്ട്രീയമായി കേന്ദ്രസര്‍ക്കാരിന് അനുകൂലമായി നില്‍ക്കുകയും ചെയ്യുന്ന ഇവിടത്തെ പ്രതിപക്ഷത്തെയും ഒരേസമയം നേരിട്ടുകൊണ്ടാണ് രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും യാഥാർത്ഥ്യമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഷിപ്പിങ് ടെർമിനലാകാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനവും ആരംഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരുപക്ഷേ, അവരെ തോല്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്നിന്റെ വാക്കുകള്‍ അന്ധമായ രാഷ്ട്രീയവിരാേധം കൊണ്ട് വികസനം മുടക്കുന്നവര്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. കെ-സ്മാർട്ട് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നതിനു മുമ്പേ ഗ്രാന്റായി 22.5 കോടി രൂപ നല്‍കാന്‍ കേന്ദ്ര സർക്കാരിനു കീഴിലെ നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ തന്നെ തീരുമാനിച്ചിരുന്നു. കെ-സ്മാർട്ടിന്റെ ലക്ഷ്യങ്ങളും പുരോഗതിയും വിലയിരുത്തിയാണ് നടപടി. അപ്പോഴും സംസ്ഥാനത്തിന്റെ നേട്ടങ്ങളെ മനഃപൂര്‍വം കാണാതിരിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഓര്‍മ്മിക്കേണ്ടത്, ഇന്റർനെറ്റ് മനുഷ്യാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം എന്നതാണ്. ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് ഭരണത്തിലെങ്കില്‍ കുതര്‍ക്കങ്ങളെ ജനപങ്കാളിത്തത്തോടെ മറികടക്കുമെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.