19 November 2024, Tuesday
KSFE Galaxy Chits Banner 2

പുതിയ മെഡിക്കല്‍സീറ്റ് നിര്‍ണയരീതി വിവേചനപരം

Janayugom Webdesk
October 5, 2023 5:00 am

അതാത് സംസ്ഥാനങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തില്‍ മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചാല്‍ മതിയെന്നും മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തുന്ന മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഭീമമായ പിഴ ഈടാക്കുമെന്നുമുള്ള ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. പത്തു ലക്ഷം ജനസംഖ്യക്ക് 100 മെഡിക്കല്‍ സീറ്റുകളെന്ന അനുപാതത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റ് അനുവദിച്ചാല്‍ മതിയെന്നാണ് ഓഗസ്റ്റ് 16ന് പുറപ്പെടുവിച്ച നിര്‍ദേശത്തിലുള്ളത്. ഇത് കേരളത്തെ മാത്രമല്ല ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളെയും ദോഷകരമായി ബാധിക്കും. കേരളത്തിലെ സ്ഥിതിയെടുത്താല്‍ നമ്മുടെ ജനസംഖ്യ ശരാശരി മൂന്നര കോടിയാണ്. പുതിയ മാനദണ്ഡമനുസരിച്ച് 3500 മെഡിക്കല്‍ സീറ്റുകള്‍ക്ക് മാത്രമേ സംസ്ഥാനത്തിന് അര്‍ഹതയുണ്ടാകൂ. നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ കോളജുകളിലായി 4600ലധികം മെഡിക്കല്‍ സീറ്റുകള്‍ ഇവിടെ നിലവിലുണ്ട്. അടുത്ത അക്കാദമിക വര്‍ഷം നിലവില്‍ വരുന്ന പുതിയ നിര്‍ദേശം അതേപടി നടപ്പിലാക്കപ്പെടുകയാണെങ്കില്‍ 1100ലധികം സീറ്റുകള്‍ കുറയ്ക്കേണ്ടിവരുമെന്നര്‍ത്ഥം. തമിഴ്‌നാട്ടിൽ 11,600 സീറ്റുള്ളത്‌ 7600, 11,695 സീറ്റുള്ള കർണാടകത്തില്‍ 6700, ആന്ധ്രയിൽ 6435 സീറ്റുള്ളത്‌ 5300, തെലങ്കാനയിൽ 8540ല്‍ നിന്ന് 3700 എന്നിങ്ങനെ എണ്ണം കുറയ്ക്കേണ്ടിവരും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഇതേ സ്ഥിതി നേരിടും. ഇപ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും സീറ്റ് അനുവദിക്കുകയെന്ന രീതിയാണ് അവലംബിക്കുന്നത്. പ്രതിവര്‍ഷം 150 വരെ സീറ്റുകള്‍ അതനുസരിച്ച് അനുവദിക്കാറുണ്ട്.

 


ഇതുകൂടി വായിക്കൂ; ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; ഭരണഘടനയ്ക്കെതിരെയുള്ള ഭരണകൂട ആക്രമണം


വിജ്ഞാനസമൂഹമായി വികസിക്കുകയും മെഡിക്കല്‍ രംഗത്തടക്കം വിദഗ്ധരായവര്‍ക്ക് വിദേശത്തുള്‍പ്പെടെ തൊഴില്‍ സാധ്യതകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ നിര്‍ദേശം വളരെ ദോഷകരമായി ബാധിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരിക്കും. ഉന്നത പഠനത്തിനുള്ള സാധ്യതകള്‍ സംസ്ഥാനത്തുതന്നെ ഒരുക്കണമെന്ന നിലപാടുള്ളതിനാല്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകളും എന്‍ജിനീയറിങ് കോളജുകളും സ്ഥാപിക്കണമെന്ന നിലപാടിന് തടസം നില്‍ക്കാനിടയാക്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ പുതിയ നിര്‍ദേശം. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവയെ ഉന്നത പഠനത്തിന് ആശ്രയിക്കേണ്ടിയിരുന്ന സാഹചര്യത്തിന് മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഇവിടെ തന്നെ പഠന സൗകര്യമൊരുക്കണമെന്ന ലക്ഷ്യത്തോടെ കൂടുതല്‍ മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകള്‍ ആരംഭിക്കുന്ന സ്ഥിതിയുണ്ടായത്. ഒട്ടേറെ വിവാദങ്ങള്‍ക്കും എതിര്‍പ്പിനും കാരണമായെങ്കിലും സ്വാശ്രയ കോളജുകളെന്ന പേരില്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വാണിജ്യവല്‍ക്കരണ സാധ്യത കൂടുതലാണെങ്കിലും മെരിറ്റ് ലിസ്റ്റില്‍ സ്ഥാനം നേടുന്ന, സാധാരണക്കാരിലെ ഒരു വിഭാഗത്തിനും ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതിനും സാധിക്കുന്നു. പുതിയ നിര്‍ദേശം നിരവധി പേര്‍ക്ക് പഠനത്തിനുള്ള അവസരം നഷ്ടപ്പെടുത്താനിടയാക്കും. പ്രധാനമായും ഇത് സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് ബാധിക്കുക. സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് കാരണം പുതിയതും വ്യത്യസ്തവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിനും തടസമുണ്ടാക്കും.


ഇതുകൂടി വായിക്കൂ; ഭരണഘടനയോടുള്ള വെല്ലുവിളികൾ


 

ഉണ്ടാകുവാന്‍ പോകുന്ന മറ്റൊരു പ്രശ്നം പഠനച്ചെലവ് വര്‍ധിക്കുമെന്നതാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുമ്പോള്‍ സ്ഥാപനം നടത്തിപ്പിന്റെ ചെലവ് ആകെയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി വിഭജിക്കപ്പെടും. എണ്ണം കുറയുമ്പോള്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്ന അവസ്ഥയാണുണ്ടാവുക. പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍. ഇതും സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അധികബാധ്യതയുണ്ടാക്കുക. ജനസംഖ്യ കൂടുതല്‍ ഉണ്ട് എന്നതുകൊണ്ട് അധിക സീറ്റുകള്‍ നല്‍കപ്പെടുമ്പോള്‍ അത്തരം സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് നേട്ടമുണ്ടാക്കുമെന്ന മറുവശവും കാണാതിരുന്നുകൂടാ. അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ അനുവദിക്കുമ്പോള്‍ പ്രവേശനം നേടുന്നതിന് അതാത് സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ വരും. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കല്പിക്കപ്പെടുന്നതും ജനസംഖ്യ കുറവുള്ളതുമായ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് കച്ചവടം പൊടിപൊടിക്കുവാന്‍ വലിയ സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് സാധിക്കും. ഇതിന് പുറമേ മാനദണ്ഡങ്ങള്‍ പാലിക്കിതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്ന കോളജ് അധികൃതരില്‍ നിന്ന് ഭീമമായ പിഴ ഈടാക്കുന്നതിനുള്ള തീരുമാനവും പഠിതാക്കളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതിനാണ് ഇടയാക്കുക. ചട്ടങ്ങള്‍ പാലിക്കാത്ത കോളജുകളില്‍ നിന്ന് ഒരു കോടിരൂപവരെ പിഴയിനത്തില്‍ ഈടാക്കാം. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നപക്ഷം വ്യക്തികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപവരെ പിഴ അടയ്ക്കാന്‍ നിര്‍ദേശിക്കാമെന്നും പുതിയ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. ഫലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കാനെത്തുന്നവര്‍ കൂടുതല്‍ തുക വിനിയോഗിക്കുകയും സ്ഥാപനങ്ങളും വ്യക്തികളും അധികബാധ്യത ഏറ്റെടുക്കേണ്ടിയും വരുന്ന വ്യവസ്ഥകളാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അനിവാര്യതയും മുന്നില്‍കണ്ടല്ല, വാണിജ്യ താല്പര്യം മാത്രമാണ് ഈ നിര്‍ദേശത്തിനു പിന്നിലെന്ന് വ്യക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.