21 December 2024, Saturday
KSFE Galaxy Chits Banner 2

ഭരണകൂട ഭീകരതയുടെ ശബ്ദമാണ് പുറത്തുവരുന്നത്

Janayugom Webdesk
January 24, 2022 5:00 am

വര്‍ണത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള അക്രമാസക്ത തീവ്രവാദം, ഹിംസാത്മക ദേശീയവാദം, വലതുപക്ഷ തീവ്രവാദം എന്നിവ ആഗോള രാഷ്ട്രീയത്തില്‍ പുതിയ പ്രതിഭാസങ്ങളല്ല. എന്നാല്‍ സമകാലിക ലോക രാഷ്ട്രീയത്തില്‍ അവ ഭീകരവാദത്തിന്റെ രൂപം കെെവരിക്കുന്നതും നിക്ഷിപ്ത രാഷ്ട്രീയ താല്പര്യങ്ങള്‍ അത്തരം പ്രവണതകളെ ദുരുപയോഗം ചെയ്യുന്നതും അനിഷേധ്യ സാര്‍വത്രിക യാഥാര്‍ത്ഥ്യങ്ങളായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആഗോള ഭീകരവാദ നിര്‍വചനത്തിലും പ്രതിരോധ തന്ത്രത്തിലും അവയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഐക്യരാഷ്ട്രസഭാ വേദികളടക്കം ഉന്നതതല ചര്‍ച്ചകളില്‍ ശക്തമാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഭീകരവാദ വിരുദ്ധ സമിതി (സിടിസി)യിലും ആ ആവശ്യം ഉയര്‍ന്നുവരിക സ്വാഭാവികമാണ്. യുഎസും യൂറോപ്പും ഇന്ത്യയുമടക്കം രാഷ്ട്രങ്ങള്‍ ഭീകരവാദത്തിന്റെ ഈ പുതിയ പ്രവണതയുടെയും രൂപാന്തരങ്ങളുടെയും ഇരകളുമാണ്. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ ഡൊണാള്‍ഡ് ട്രംപ് അത്തരം ഭീകരവാദ പ്രവണതകളെ പ്രകോപിപ്പിച്ചാണ് ക്യാപിറ്റോള്‍ അതിക്രമത്തിലേക്ക് നയിച്ചത്. യുഎസിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വെള്ളക്കാരുടെ സംഘടിത അതിക്രമങ്ങള്‍ക്കും ലോകം സാക്ഷ്യം വഹിക്കുകയാണ്. വംശീയതയുടെയും വര്‍ണത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള അക്രമ പരമ്പരകള്‍ അവഗണിക്കാനാവാത്ത സമകാലിക യൂറോപ്യന്‍ യാഥാര്‍ത്ഥ്യമാണ്.

 


ഇതുംകൂടി വായിക്കാം;ഇന്ത്യൻ വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പ്


 

ഇസ്‌ലാമിന്റെ പേരില്‍ കുര്‍ദുകള്‍ക്കും യസ്ദികള്‍ക്കും നേരെ നടന്ന കൊടുംക്രൂരതകള്‍, രോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ ഇരകളാക്കപ്പെട്ട ദുരിതപര്‍വം തുടങ്ങിയവയൊന്നും മറച്ചുവയ്ക്കാവുന്ന ഭീകരതകള്‍ അല്ല. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിത് ആദിവാസി ജനവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന ഹിന്ദുത്വ ഭീകരവാദവും സമകാലിക ആഗോള ഭീകരവാദത്തിന്റെ പെെശാചികതയുടെ ഭാഗമാണ്. ഈ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ടസഭയിലെ ഇന്ത്യയുടെ അംബാസിഡര്‍ ഭീകരവാദത്തെ പുനര്‍നിര്‍വചിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. ഡല്‍ഹി ആസ്ഥാനമായുള്ള ആഗോള ഭീകരപ്രതിരോധ കേന്ദ്രം നടത്തിയ വിര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ ഇന്ത്യയുടെ യുഎന്നിലെ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ഭീകരവാദത്തിന്റെ നിര്‍വചനത്തില്‍ ‘അക്രമാസക്ത ദേശീയത, വലതുപക്ഷ തീവ്രവാദം’ തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം ‘ഹിന്ദുഫോബിയ’ (ഹിന്ദു വിദ്വേഷം), ബുദ്ധ‑സിഖ് മത വിരോധം എന്നിവ ഭീകരവാദ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപ്പുവര്‍ഷം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗമായ ഇന്ത്യയുടെ പ്രതിനിധി എന്ന നിലയില്‍ അതിന്റെ ഭീകരവാദ വിരുദ്ധ കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് തിരുമൂര്‍ത്തി.

അക്രമാസക്ത ദേശീയത, വലതുപക്ഷ തീവ്രവാദം എന്നിവ ഭീകരവാദത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ നരേന്ദ്രമോഡി നേതൃത്വം നല്കുന്ന ഇന്ത്യാ ഗവണ്മെന്റ് ആഗോള വേദിയില്‍ നേരിടേണ്ടിവരുന്ന അപമാനകരമായ അവസ്ഥ മുന്നില്‍ കണ്ടുതന്നെയാണ് തിരുമൂര്‍ത്തിയുടെ അഭിപ്രായ പ്രകടനം. മതത്തിന്റെയും ജാതിയുടെയും വംശാവലിയുടെയും പേരില്‍ മോഡി ഭരണത്തില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ ലോകവ്യാപകമായി രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അത്തരം അക്രമങ്ങള്‍ തടയുന്നതിനു പകരം തീവ്ര ഹിന്ദുത്വവാദികളുടെ ഉന്മൂലനാഹ്വാനത്തിനു പ്രോത്സാഹനവും കുറ്റവാളികള്‍ക്ക് സംരക്ഷണവും നല്കുകയാണ് ഭരണകൂടം. ‘പൗരന്മാര്‍ക്കെതിരെ കൊലപാതകം, ശാരീരിക ക്ഷതമേല്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ജനങ്ങളെ ഭയപ്പെടുത്തുക, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും അതില്‍നിന്നും സര്‍ക്കാരിനെയും അന്താരാഷ്ട്ര സംഘടനകളെയും തടയുക’ തുടങ്ങിയവയെല്ലാം യുഎന്‍ നിര്‍വചനത്തില്‍ ഭീകരവാദമാണ്. മോഡി ഭരണകൂടത്തിന്റെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങേറുന്നത് ഭീകരവാദമല്ലെങ്കില്‍ മറ്റെന്താണ്? അതിന് അനുമതിയും സംരക്ഷണവും നല്കുന്ന ഭരണകൂട നടപടി ഭരണകൂട ഭീകരതയാണ്. ആ ഭരണകൂട ഭീകരതയെ വെള്ളപൂശാനും അതിന്റെ തുടര്‍ച്ചക്കുള്ള വഴിയൊരുക്കാനുമാണ് തന്റെ വാദമുഖങ്ങളിലൂടെ തിരുമൂര്‍ത്തി ശ്രമിക്കുന്നത്. അത് ലോകരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായക്ക് കൂടുതല്‍ മങ്ങലേല്പിക്കുകയും ആഗോള രാഷ്ട്രീയത്തില്‍ രാജ്യത്തിന്റെ ഒറ്റപ്പെടലിന് വഴിയൊരുക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.