15 June 2024, Saturday

എരുത്തിൽ

പൂന്തോട്ടത്ത് വിനയകുമാർ
കഥ
March 14, 2022 8:38 pm

ഗൾഫിലെ കട്ടികൂടിയ തണുപ്പുള്ള ഒരു ദിവസം മരുഭൂമിയിലെ മണൽപ്പരപ്പിൽ ഹിന്ദിക്കാരൻ സൂപ്പർവൈസറുടെ കണ്ണ് വെട്ടിച്ചു അല്പം വിശ്രമിക്കാമെന്നു വച്ച് അടുത്തുള്ള താൽക്കാലിക റസ്റ്റ് ഷെൽറ്ററിലേക്കു സുബൈർ വന്നപ്പോഴാണ് കമ്പിളി കുപ്പായത്തിനടിയിൽ ധരിച്ചിരിക്കുന്ന നീല ടാങ്കരിയുടെ (നീല കുപ്പായം) അറയിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന, തണുപ്പുകൊണ്ട് മരച്ചിരിക്കുന്ന മൊബൈൽ ഫോൺ നിലവിളിച്ചത്. അതിൽ വരുന്ന ഓരോ കോളും അവനെ സംബന്ധിച്ചിടത്തോളം രക്ത സമ്മർദ്ദം കൂട്ടുന്ന നിലവിളികൾ തന്നെയാണ്. ചുട്ടുപഴുത്ത മണലാരണ്യത്തെക്കുറിച്ചു ഒരുപാട് വായിച്ചിട്ടുണ്ട്, പറഞ്ഞു കേട്ടിട്ടുമുണ്ട്. എന്നാൽ മരുഭൂമിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.

മരംകോച്ചുന്ന, എല്ലിന്റെ ഉള്ളിൽ പോലും സൂചികൊണ്ട് കുത്തുന്ന തരത്തിലുള്ള തണുപ്പുള്ള, ദുരിതക്കടലായ മരുഭൂമി.
മരുഭൂമിയിൽ വിരളമായി ലഭിക്കുന്ന മഴ. ആ മഴ കൊടിയ തണുപ്പിന്റെ തുടക്കമാണ്. ആകാശ മേഘങ്ങൾ ഉരുണ്ടു കൂടും.
കട്ടക്കലിപ്പിൽ കാറ്റ് ആഞ്ഞുവീശി നെഞ്ചിൻ കൂടിനുള്ളിലേക്ക് മൂർച്ച വാളുപോലെ ആഴ്ന്നിറങ്ങും. അപ്പോൾ അപസ്മാരം ബാധിക്കുന്നതുപോലെ പല്ലുകൾ കൂട്ടിയിടിക്കും, ശരീരം വിറക്കും. രണ്ടോ മൂന്നോ സ്വെറ്റർ ധരിച്ചാലും ഒന്നുമാകില്ല. കാതുകൾക്കുള്ളിലേക്ക് ഒരുതരം മരവിച്ച ഈർച്ചവാളുപോലെയുള്ള തണുവ് അരിച്ചിറങ്ങും. കട്ടപിടിച്ച മഞ്ഞിൽ കൊടും മരുഭൂമിയിലെ മണൽപ്പരപ്പിലാകെ തൂവെള്ള നിറം പടർത്തുന്നതോടൊപ്പം ധരിക്കുന്ന വസ്ത്രങ്ങളെ നനയിപ്പിക്കും. 

എന്തൊക്കെയായാലും വെളുപ്പിന് മൂന്നര‑നാല് ആകുമ്പോൾ പല്ലു കൂട്ടിയിടിക്കുന്നുണ്ടെങ്കിലും എഴുന്നേൽക്കും. പാടുപെട്ട് മുഖം ഒന്ന് കഴുകും. മരവിച്ച വെള്ളം മുഖത്തേക്ക് തെറ്റുമ്പോൾ മുഖത്തെ മാംസം അടർന്നു പോകുന്ന തോന്നൽ. അങ്ങനെയുള്ള മരുഭൂമിയിലെ കള്ളി മുൾച്ചെടികൾ പോലും കോച്ചുന്ന തണുപ്പുള്ള ശരീരത്തിലേക്ക് സൂചി തുളയ്ക്കുന്ന തണുപ്പിൽ സൂപ്പർവൈസർ കാണാതെ പഴകി ജീർണ്ണിച്ച നിറം മങ്ങിയ ഗ്രീൻ നെറ്റ് ചുറ്റിയ താല്ക്കാലിക റസ്റ്റ് ഷെൽറ്ററിൽ ഇരിക്കുമ്പോഴാണ് മൊബൈൽ ഫോൺ നിലവിളിച്ചത്.
സൂപ്പർവൈസർ ഹിന്ദിക്കാരൻ കണ്ടാൽ തെറി പറയുമെന്നുറപ്പ്.

ചുരുണ്ടു കൂടി റസ്റ്റ് ഷെൽറ്ററിലെ പഴകിയ പലകയിൽ ഇരുന്ന് അവൻ മൊബൈൽ എടുത്തു നോക്കി. വീട്ടിൽ നിന്ന് ഉമ്മയാണ്. തിരികെ വീട്ടിലേക്ക് വിളിച്ചു. ഓരോ ഫോൺ കോളും അവന് ആധിയാണ്, എന്തായിരിക്കും. ‘ഹലോ. സുബൈറെ.., ഇന്ന് ഒരു കൂട്ടർ റംലത്തിനെ കാണാൻ എത്തിയിരുന്നു.’“കേൾക്കാമോ…? ഉമ്മയ്ക്ക് ഇന്ന് പറയാനുണ്ടായിരുന്നത് റംലത്തിന് വന്ന പുതിയ ആലോചനയുടെ കാര്യം. ‘അവർ പൊന്നും പണ്ടവുമൊന്നും ചോദിച്ചില്ലെങ്കിൽ കൂടി നമ്മൾ അറിഞ്ഞു കൊടുക്കണമല്ലോ.’
സുബൈറിന്റെ അഭിപ്രായം ചോദിക്കാതെ ഉമ്മ വാക്കുകൊടുത്തു പോലും. ഓൻ ഗൾഫിലായതുകൊണ്ടു കൊഴപ്പമില്ലത്രേ. പുതിയാപ്ളക്കും ഒരു വിസയ്ക്ക് കൂടി ചാൻസുണ്ടെന്ന് പറഞ്ഞപ്പോൾ അത് അങ്ങുറപ്പിച്ചിരിക്കുന്നു…!!
‘കേൾക്കുന്നുണ്ടല്ലോ.:
ഉമ്മ ചോദിക്കുന്നു…
അവൻ ഓർത്തു…
പടച്ച തമ്പുരാൻ കനിഞ്ഞു ചെവിക്ക് കുഴപ്പമൊന്നുമില്ലല്ലോ. പിന്നെങ്ങനെ കേൾക്കാതിരിക്കും. തന്റെ അഭിപ്രായം ആർക്കു വേണം. ഉമ്മയും കൂട്ടരും സർവ്വതും തീരുമാനിച്ചു കഴിഞ്ഞു. ആകെയുള്ള തന്റെ പങ്കെന്നുപറയുന്നത്.‘അറബി നാട്ടിലുള്ള പണം പൊഴിക്കുന്ന മരത്തിൽ കയറണം. കുലുക്കി പണം കൊഴിക്കണം. പെറുക്കി നാട്ടിലേക്ക് അയക്കണം. അന്തക്കരണം പിടിച്ച ഏർപ്പാട് തന്നെ.’
ഇന്നത്തെ ഉള്ള സമാധാനം കൂടി പോയിക്കിട്ടി. ഇനി എപ്പോഴും ഉമ്മ വിളിച്ചു കൊണ്ടിരിക്കും. മിസ്സ്ഡ് വന്നാൽ അപ്പോൾ തിരികെ വിളിച്ചോണം. അല്ലെങ്കിൽ ഉമ്മ പറയുന്നത് ‘ഗൾഫിൽ ചെന്ന് കഴിഞ്ഞു ഈ ഞങ്ങളെ മറന്നു’ എന്നായിരിക്കും. ഇവിടുത്തെ ജീവിതത്തെക്കുറിച്ച് ആര് മനസിലാക്കാൻ?
ആർക്ക് വേണം ഇവിടുത്തെ പരിദേവനങ്ങൾ?
താൻ ഇന്ന് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല.
ചിലയാളുകൾ എന്നും അങ്ങനെയാണ്, എന്നും മറ്റുള്ളവർക്ക് മാത്രം വേണ്ടി ജീവിച്ചു കൊണ്ടിരിക്കുന്നു.
സങ്കടങ്ങൾ അലയടിക്കുമ്പോൾ അവ നിശബ്ദമായി മരുഭൂമിയുടെ ആഴങ്ങളിൽ ആരുമറിയാതെ ഒടുങ്ങുന്നു.!
സ്വയം എരിഞ്ഞടങ്ങുന്ന നിസഹായാവസ്ഥയിൽ ഒരിറ്റു സമാധാനത്തിനായാണ് വീട്ടിലേക്ക് വിളിക്കുന്നത്.
എങ്ങനെയെങ്കിലും ഈ നരകത്തിൽ നിന്ന് ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞു നിർത്തി നാട്ടിൽ പോയി വല്ല ഓട്ടോയും ഓടിച്ചു സുഖമായി ജീവിക്കാമെന്ന് കൊതിച്ചിരിക്കുമ്പോഴാണ്, ഇടി വെട്ടിയവന്റെ കാലിൽ മൂർഖൻ കടിച്ചതുപോലെ കാര്യങ്ങൾ എത്തിയത്.
മൊബൈൽ ഫോണിന്റെ ഓരോ മുഴക്കങ്ങളും ഓരോ നില വിളികളായാണ് അവന് തോന്നിയിരുന്നത്.

ഇവിടെയാണെങ്കിൽ സൂപ്പർവൈസറുടെ വക കാതടിച്ചു പോകുന്ന തെറിവാക്കുകളുടെ കുത്തൊഴുക്കുകൾ, ആക്രോശങ്ങൾ…
വീട്ടിൽ നിന്നാണെകിൽ ഇങ്ങനെയുംയ അതാണ് ശരിക്കും പേടി. മിക്കവാറും എന്തെങ്കിലും സാമ്പത്തികാവശ്യം പറഞ്ഞുള്ള വിളികളായിരിക്കും. രണ്ടായാലും ഉള്ള മനഃസാമാധാനം നഷ്ട്ടപ്പെടുത്തുന്നവ. ഉമ്മ, അവന്റെ വിശേഷങ്ങളൊന്നും തന്നെ ചോദിക്കാതെ നേരെ കാര്യത്തിലേക്ക് കടക്കുകയാണ് പതിവ്. ‘ഇളയപ്പന്റെ വീടിന്റെ പാലുകാച്ചലാണ്. എന്തെങ്കിലും കനത്തിന് കൊടുക്കണം. നമ്മടെ വില കളയാൻ പാടുണ്ടോ മോനേ.?
താജൂന്റെ നിക്കാഹാത്തിനും അവൻ നല്ലതു പോലെ സഹായിച്ചതല്ലേ.’
ഒരിക്കൽപോലും തനിക്കിവിടെ സുഖമാണോന്ന് ഉമ്മ ചോദിച്ചിട്ടില്ലല്ലോയെന്നവൻ വിഷമത്തോടെ ഓർത്തു.
അല്ലെങ്കിലും സ്വർഗത്തിൽ എന്ത് വിശേഷം.!
എല്ലാം തന്റെതന്നെ തെറ്റാണ്.
ഗൾഫിലെത്തിയ നാൾ ആദ്യംമുതലേ സ്വന്തം വിഷമങ്ങൾ മൂടി വച്ച് വീട്ടുകാരോട് സംസാരിച്ചു. പിന്നെ, ഉമ്മയെയും കൂടപ്പിറപ്പുകളെയും വിഷമിപ്പിക്കാൻ മനസും വന്നില്ല. അപ്പോൾ കഴിക്കുന്നത് പച്ച കുബ്ബൂസാണെകിലും വെറുതെ പറഞ്ഞു ചിക്കൻ, മട്ടൻ…
ജോലിയോ കെങ്കേമമെന്നും. ഒട്ടും അലയേണ്ട.
തണുത്ത എസിയിൽ ഇരുന്നാൽ മതിയെന്ന്. അത് പറഞ്ഞ അന്നും കനത്ത ഇരുമ്പു പൈപ്പുകൾ ചുമന്നു മാറ്റിയതാണ്.
ഇപ്പൊ സത്യം പറഞ്ഞാലും അവർ വിശ്വസിക്കില്ല.

അകത്തു നിന്നും മൂത്ത സഹോദരിയുടെ സൈനബയുടെ മകൻ ഉറക്കെ എന്തോ വിളിച്ചു പറയുന്നു.
“അവനു മട്ടൻ ബിരിയാണി മതീന്ന്. കാലത്തുണ്ടാക്കിയ അപ്പവും കോഴിക്കറിയും പോരെന്ന്.”
ഉമ്മ അത് നിസ്സാരമായി പറഞ്ഞപ്പോൾ അവൻ കാലത്തു ഇതുവരെ കഴിച്ചിട്ടില്ലാത്ത തന്റെ വിശന്നുകത്തുന്ന വയറിനെക്കുറിച്ചു ഒരു നിമിഷം ചിന്തിച്ചു പോയി. വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റു സ്റ്റീൽ ബോക്സിനുള്ളിൽ വച്ച ഒരു പാക്കറ്റ് കുബ്ബൂസ് ഇപ്പൊ തണുത്തു മരവിച്ചിട്ടുണ്ടാവും. പിന്നെ, കൂടെയുള്ള ഒരു ചെറിയ പാക്കറ്റ് തൈരും. അതാണ് കാലത്തെയും ഉച്ചക്കത്തെയും ഭക്ഷണം.
ഇവിടെ വന്നപ്പോൾ മുതലിതാണ്. വൈകുന്നേരങ്ങളിൽ തിരികെ ക്യാമ്പിലെത്തി പത്തുപേർ വീതം, ഒരുമിച്ചു താമസിക്കുന്ന കുടുസു മുറിയുടെ പുറത്തെ ഇടവഴിയും കടന്നു ചെല്ലുന്ന കിച്ചണിൽ ക്യൂ നിന്ന് ഉണ്ടാകുന്ന ഒരു നേരത്തെ ആഹാരമാണ് അല്പം രുചിയോടെ അകെ ദിവസത്തിൽ കഴിക്കുന്നത്. കുത്തരിച്ചോർ തിന്ന കാലം മറന്നു പോയിരിക്കുന്നു.
പെട്ടെന്ന് വേവുന്ന വെള്ള ചോറ്. അത് നോക്കി നിന്നില്ലെങ്കിൽ വെന്തു കലങ്ങുകയും ചെയ്യും.
ഈ ആഴ്ചയെങ്കിലും ഒരു നല്ല ഡ്രസ്സ് എടുക്കണെമെന് വിചാരിച്ചതാ.
അടുത്ത കോള് അപ്പോഴേക്കും വന്നു കഴിഞ്ഞു.
ഗൾഫ് സ്വപ്നം കണ്ടു പോരുമ്പോൾ ഇതൊന്നും ഓർത്തില്ലല്ലോ. ആരും ഒരിക്കൽ പോലും പറഞ്ഞു തന്നിട്ടുമില്ല.
എല്ലാവരുടെയും സങ്കൽപ്പങ്ങളിൽ ഗൾഫ് സ്വർഗ്ഗമാണെന്നാണ്.
പൊന്ന് വിളയുന്ന അറബികളുടെ നാട്.
ഇവിടെ നിന്നും പൊന്ന് വാരാനായി ഓടിയെത്തുന്നവർ. കഷ്ടം തന്നെ.!
എന്തൊക്കെ തെറ്റിധാരണകൾ.
വീട്ടിലും ഉമ്മറത്തും ഇത്തിരി ചെളി പിടിച്ചാൽ കിടന്നു ബഹളം ഉണ്ടാക്കിയിരുന്നവനാണ്.
ഊണ് മേശയിലെ വൃത്തിയെക്കുറിച്ചു പിന്നെ പറയുകയും വേണ്ട.
ഇവിടെ, ഈ തണുത്തുറഞ്ഞ മരുഭൂമിയിൽ, പൊടിക്കാറ്റടിക്കുന്ന മരുഭൂമിയിൽ,
നൂറുകണക്കിനാളുകൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിലെ ഇരുണ്ട വൃത്തിഹീനമായ, നിന്ന് തിരിയാനിടമില്ലാത്ത കുടുസു മുറിയിൽ കിടന്നു ബുദ്ധിമുട്ടുന്നു നാട്ടിലെ ജീർണിച്ച കന്നുകാലിത്തൊഴുത്ത് (എരുത്തിൽ) ഇതിലും എത്രയോ ഭേദം. ഇതും ജീവിതം.
പക്ഷെ, പെട്ടെന്ന് തന്നെ എല്ലാം യാന്ത്രികമായി മാറുന്നു.
ആദ്യം സഹോദരിമാരിലൊരാളുടെ നിക്കാഹിന് ആധാരംവച്ചെടുത്ത വസ്തുവിന്റെ കടം വീട്ടലായി. പിന്നെ അടുത്ത സഹോദരിയുടെ വിവാഹം. പുരയൊന്നു അൽപ്പം വലുതാക്കി മോടി പിടിപ്പിക്കൽ.
ഓരോ മാസവും ഉറച്ച തീരുമാനമെടുക്കും അയ്യായിരം ഉറുപ്പികയെങ്കിലും വീതം മിച്ചം വയ്ക്കണമെന്ന്. അറബിക്ക് കനിവില്ലാതെ വന്നാൽ അപ്പോൾ തിരികെ നാട്ടിലേക്ക് കയറ്റി വിടും. എന്തെങ്കിലും ചെയ്തു ജീവിക്കാൻ അല്പം പൈസ കയ്യിൽ വേണ്ടേ, അടുത്ത ഫോൺ വീട്ടിൽ നിന്നും വരുന്നതുവരെയെ ആഗ്രഹങ്ങളുടെ ആയുസിന്റെ ദൈര്‍ഘ്യം ഉണ്ടായിരിക്കുകയുള്ളു.
സുഹറയുടെ പുതിയ വീടിന്റെ പാലുകാച്ചൽ. നബീസത്തിന്റെ നിക്കാഹ്. അയലത്തെ നിമിഷയുടെ കൊച്ചിന്റെ നൂല് കെട്ട്. മൂത്തോന്റെ ഇളയമകന്റെ പഠിപ്പ്. ഓരോന്ന് തീരുന്നതിന് മുമ്പ് അടുത്തത് വന്നു കഴിയും.
ചാപിള്ളയായിപ്പോകുന്ന ആഗ്രഹങ്ങൾ.!
ഉമ്മയെ പറഞ്ഞെങ്ങനെ വിശ്വസിപ്പിക്കും. ഉമ്മ പറയുന്നത്, ഓൻ “അവിടെ സുഖിക്കുവല്ലേ, പിന്നെ കൂടപ്പിറപ്പുകൾക്കൊക്കെ കുറച്ചു കൊടുത്താൽ എന്താണെന്നാ”
വർഷങ്ങൾ അഞ്ചായിരിക്കുന്നു ഗൾഫിലെത്തിയിട്ട്. ഓരോ വർഷവും വിചാരിക്കും ഈ വര്‍ഷം എന്താണെങ്കിലും അവധിക്കു പോകണമെന്ന്.
എങ്ങനെ നടക്കാൻ ഉമ്മ പുതിയ പുതിയ പ്ലാനുമായി വന്നിരിക്കും അപ്പോഴൊക്കെയും. ഒരുപാട് കഷ്ടപ്പെട്ട ഉമ്മയെ വിഷമിപ്പിക്കുവാനുമാകുന്നില്ല.
മൂത്ത സഹോദരിയോട് ഇവിടുത്തെ കാര്യം പറഞ്ഞപ്പോൾ അവൾക്ക് അത് മനസിലായിട്ടോ, അതോ മനസിലാകാത്തതുപോലെ അഭിനയിച്ചിട്ടോ പറഞ്ഞു. “എന്റെ, സുബീ, ഇയ്യ് ഇങ്ങനെ പുലമ്പിയാൽ, ഞമ്മളെന്തു പറയാൻ. ഈയ് കൂടി പണിയും തുണിയുമില്ലാതെ പുരേലോട്ടു വന്നാൽ. പിന്നെ എല്ലാ ഗൾഫുകാരും ഇങ്ങനൊക്കെ പറയൂ”. അവൾ എന്തോ അർത്ഥം വച്ച് പറഞ്ഞു.
ഇനി ഒരു പക്ഷെ, ഇവിടെ പരമാനന്ദ സുഖമെന്നായിരുക്കും.
അവരുടെയെല്ലാം സംസാരത്തിൽ ആ ധ്വനിയുണ്ടെന്നവന് തോന്നിയിരുന്നു.
“സാലേ…,” ഉണ്ട കണ്ണുള്ള ബീഹാറി സൂപ്പർവൈസറുടെ അലർച്ച കേട്ട് നടുങ്ങിയ അവൻ ചാടി എഴുന്നേറ്റ് ഭാരമേറിയ ലോഹ പൈപ്പു മെടുത്തു തണുത്തമരച്ച മരുഭൂമിയിലെ പണിസ്ഥലത്തേക്ക് തിടുക്കത്തിൽ നടന്നു. മരുഭൂമിയിലെ സ്വർഗത്തിലെ നൂറുകണക്കിലൊരാളായി വീണ്ടും അലിഞ്ഞുചേരാൻ. അപ്പോഴും ഉമ്മയുടെ ആവശ്യങ്ങൾ മൊബൈലിലേക്ക് ഇടമുറിയാതെ പെയ്തു വീഴുന്നുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.