5 July 2024, Friday
KSFE Galaxy Chits

അച്യുതം; ഈ സ്വാതന്ത്ര്യം

സുരേഷ് കീഴില്ലം
September 5, 2021 6:00 am

ഇൻസ്പെക്ടർ മുറിയിലേക്ക് വന്നു. പിന്നെ ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു.
ഞാൻ നിന്നിടത്തുതന്നെ നിന്നു. എന്നാൽ മുറിയിലുണ്ടായിരുന്ന പോലീസുകാർ എന്നെ നിർബന്ധമായി ഒരു സ്റ്റൂളിൽ ഇരുത്തി.
പാക്കറ്റിൽ നിന്ന് രണ്ടു സിഗററ്റുകൾ എടുത്ത് ഒന്ന് എനിക്ക് നീട്ടി ഇൻസ്പെക്ടർ പറഞ്ഞു.
‘വലിച്ചോളു. ’
ഞാൻ വേണ്ടെന്ന് പറഞ്ഞു.
സിഗററ്റ് രണ്ടിനും തീപിടിപ്പിച്ച ഇൻസ്പെക്ടർ അതിലൊന്ന് മുറിയിലുണ്ടായിരുന്ന പോലീസുകാരിൽ ഒരാൾക്ക് നൽകി. മറ്റേത് വലിച്ച് ഊതി പുകവിട്ടുകൊണ്ട് എന്നോട് ചോദിച്ചു.
‘ഇ. എം. എസ് ഇപ്പോൾ എവിടെയുണ്ട്? ’
സത്യത്തിൽ ഇ. എം. എസ്സിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഇപ്പോൾ എവിടെയുണ്ടെന്ന് അറിയാനും വയ്യ. സഖാക്കൾ എവിടെയാണ് ഒളിവിൽ കഴയുകയെന്ന് അത്രയേറെ രഹസ്യമാണ്.
അറിയില്ലെന്ന് പറഞ്ഞു.
ഇൻസ്പെക്ടർ പോലീസുകാരന്റെ മുഖത്തുനോക്കി. പോലീസുകാരൻ എന്റെ അടുത്തേക്ക് വന്ന് ഉടുമുണ്ട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. ആകെ ഒറ്റമുണ്ടേയുള്ളു. അത് അഴിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. പക്ഷെ, ആ ഉദ്യോഗസ്ഥൻ ബലമായി എന്റെ മുണ്ട് ഉരിഞ്ഞുമാറ്റി. ഇപ്പോൾ ഞാൻ പൂർണ്ണ നഗ്നനാണ്.
ഇൻസ്പെക്ടർ വീണ്ടും ചോദിച്ചു.
‘ഇ. എം. എസ് ഇപ്പോൾ എവിടെയുണ്ട്? ’
അറിയില്ലെന്ന് വീണ്ടും പറഞ്ഞു.
പോലീസുകാരൻ അയാളുടെ കയ്യിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗററ്റിന്റെ തീത്തുമ്പ് എന്റെ ജനനേന്ദ്രിയത്തിലേക്ക് അമർത്തി. പച്ചമാസം കരിയുന്നതിന്റെ ഗന്ധം. ഞാൻ പുളഞ്ഞുപോയി.
വീണ്ടും പലചോദ്യങ്ങൾ. 

ഉത്തരംകിട്ടാതെ വന്നപ്പോഴൊക്കെ മർദ്ദനം. സിഗററ്റുകൊണ്ടുള്ള പൊള്ളിക്കൽ.
ഒടുവിൽ ഇൻസ്പെക്ടർ വളരെ സൗമ്യനായി പറഞ്ഞു.
‘നമുക്ക് ഈ പാർട്ടി വേണ്ട. ഒരു രാജിയെഴുതിക്കൊടുക്കു. ചെറുപ്പമല്ലേ? ഒരു മാപ്പപേക്ഷ എഴുതിത്തരൂ. നല്ല ഭാവിയുണ്ട് തനിക്ക. ‘്
പലരും ഇതിനോടകം തന്നെ മാപ്പപേക്ഷ എഴുതിനൽകി ജയിൽമോചിതരായി. പക്ഷെ, എനിക്കത് പറ്റുമോ. ഞാൻ പാർട്ടിയുടെ സെക്രട്ടറിയാണ്. സെക്രട്ടറി അത് ചെയ്താൽ പാർട്ടിയുടെ അവസ്ഥ എന്താവും? പാവപ്പെട്ട കുറേ മനുഷ്യരിൽ പണിതുപൊക്കിയ സ്വപ്നങ്ങളുടെ അവസ്ഥയെന്താവും?
പറ്റില്ലെന്ന് പറഞ്ഞു ഞാൻ.
മുഖമടച്ചൊരു അടിയായിരുന്നു മറുപടി. അത്രയും നേരം സൗമ്യമായി സംസാരിച്ചിരുന്ന ഇൻസ്പെക്ടറുടെ യഥാർത്ഥഭാവം ഞാൻ കണ്ടു.
ലിംഗാഗ്രത്തിലെ പൊള്ളലുകൾ പിന്നെ പഴുത്തു. അത് ഉണങ്ങിക്കിട്ടാൻ മാസങ്ങൾ എടുത്തു. ശരീരത്തിനേറ്റ ക്ഷതങ്ങളും വേദനകളും തീരാനും.
പക്ഷെ, അച്യുതൻ നായരുടെ മനസ്സിൽ വീണ മുറിവുകൾ ഇപ്പോഴും ഉണങ്ങതെ നിൽക്കുന്നു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതം നുകരുമ്പോഴും കേരളത്തിൽ ഇടതുപ്രസ്ഥാനം എല്ലാ എതിരാളികളേയും നിഷ്പ്രഭരാക്കി അശ്വമേഥം നടത്തുമ്പോഴും നടന്നുവന്ന വഴികളിലെ കനലുകൾ അദ്ദേഹം 91-ാം വയസ്സിലും ഓർമ്മയിൽ സൂക്ഷിക്കുന്നു.
ഇതെഴുന്നയാളും സി. പി. ഐ പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി കെ. പി റെജിമോനും ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് അച്യുതൻ നായരുടെ വീട്ടിലേക്ക് ചെല്ലുന്നത്. അപ്പോൾ അവിടെ കുറുപ്പംപടി എം. ജി. എം ഹയർസെക്കന്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ഉണ്ട്. സഖാവ് പുതിയ തലമുറയോട് സംവദിക്കുകയായിരുന്നു. 

അവർ പോയതിനു ശേഷമാണ് ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചുതുടങ്ങുന്നത്. ഓർമ്മക്കുറവേതുമില്ലാതെ, വളരെ വ്യക്തമായി സംസാരിച്ചുതുടങ്ങി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടം. അച്യുതൻ നായരും സമരത്തിലേക്ക് ആകർഷിക്കപ്പെട്ടു. കോൺഗ്രസിൽ ചേർന്നു.
പക്ഷെ, ആ കാലഘട്ടത്തിൽ സമരസേനാനികളിൽ രണ്ടു പക്ഷമുണ്ടായിരുന്നു. രാജഭരണത്തേയും സർ സി പി രാമസ്വാമിയേയും അംഗീകരിക്കുന്ന ഒരു വിഭാഗം. പൂർണ്ണജനാധിപത്യം ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടർ. അവർ തികച്ചും ന്യൂനപക്ഷമാണ്.
ആ ന്യൂനപക്ഷത്തിലായിരുന്നു അച്യുതൻ നായർ. അങ്ങനെയാണ് പെരുമ്പാവൂരിലെ സ്വാതന്ത്ര്യസമരക്കാരിൽ അഞ്ചുപേർ ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നത്.
പി. കെ. പി നമ്പൂതിരി, ഇ. ആർ നീലകണ്ഠൻ നായർ, കെ. പി ഗംഗാധരൻ, എസ് ശിവശങ്കരപ്പിള്ള, അച്യുതൻ നായർ എന്നിവരായിരുന്നു ആ അഞ്ചംഗഗ്രൂപ്പ്. 

അത് കുന്നത്തുനാട് താലൂക്കിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകമ്മിറ്റിയായി മാറുകയായിരുന്നു. 1946 ലാണ് ഇത്.
എറണാകുളം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരോട്ടം തുടങ്ങും മുമ്പ്, പിന്നീട് കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ വിഖ്യാതമായ പുല്ലുവഴി ചിട്ടയുടെ തുടക്കത്തിനും മുമ്പ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ പി. ജിക്കും പി. കെ. വിക്കും മുമ്പ്…
പെരുമ്പാവൂർ ഗവ. ബോയ്സ് സ്കൂളിലും ആശ്രമം സ്കൂളിലും എ. ഐ. എസ്. എഫ് രൂപീകരിച്ചുകൊണ്ട്, ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട്, കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ഈ അഞ്ചംഗസംഘം ഇവിടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ പാവുകയായിരുന്നു.
സ്വാതന്ത്ര്യസമരപ്രക്ഷോഭങ്ങളുടെ ഭാഗമായി 1946 ൽ പെരുമ്പാവൂരിൽ ഒരു സമ്മേളനം നടന്നു. വിവിധമേഖലകളിൽ നിന്ന് ജാഥകളായിട്ടാണ് പ്രവർത്തകർ സമ്മേളനകേന്ദ്രത്തിലേക്ക് വന്നത്.
അച്യുതൻ നായർ ഉൾപ്പെടുന്ന കുറുപ്പംപടി ഭാഗത്തുനിന്നുള്ള ജാഥയിലായിരുന്നു ഏറ്റവും കൂടുതൽ അംഗങ്ങൾ. പക്ഷെ, പാതിവഴിയിൽ പോലീസ് ജാഥ തടഞ്ഞു. എല്ലാവരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ജാഥാംഗങ്ങൾ കൂട്ടാക്കിയില്ല. അവർ നടുറോഡിൽ കുത്തിയിരുന്നു.
കുത്തിയിരുന്നു പ്രതിഷേധിച്ച ജാഥാംഗങ്ങൾക്ക് മേൽ പോലീസ് നിർദ്ദയം ലാത്തിവീശി. അച്യുതൻനായർ ഉൾപ്പടെ പതിനാറുപേരെ അറസ്റ്റു ചെയ്തു.
സംഭവം അറിഞ്ഞതോടെ ജനം പോലീസ് സ്റ്റേഷൻ വളഞ്ഞു. ജാഥാംഗങ്ങൾ ചെയ്ത അപരാധമെന്തെന്ന് അറിയണമെന്നായി.
ഒടുവിൽ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസ് ചാർജ്ജ് ചെയ്തു. ആ കേസിൽ പിടിക്കപ്പെട്ടവർക്ക് ഓരോ രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷയായി ലഭിച്ചു. അച്യുതൻ നായർ എന്ന സമരപോരാളിയുടെ ആദ്യ അറസ്റ്റ്. ആദ്യ ശിക്ഷ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം തുടങ്ങിയതോടെ അച്യുതൻ നായരും സംഘവും പോലീസിന്റെ നോട്ടപ്പുള്ളികളായി. സംഘടനാപ്രവർത്തനം കഴിഞ്ഞ് ഉള്ളുവഴികളിലൂടെയായി സഞ്ചാരം. കാലടിപ്പുഴ കടന്നാണ് യാത്ര. കടത്തുകാരിൽ പലരും പാർട്ടി അനുഭാവികളാണ്. അതുകൊണ്ടുതന്നെ സഖാക്കൾക്ക് കടത്തുകൂലി വേണ്ട.
പാർട്ടി പ്രവർത്തനം തുടങ്ങുമ്പോൾ എല്ലാമേഖലകളിൽ നിന്നും എതിർപ്പായിരുന്നു. ദൈവവിശ്വാസമില്ലാത്തവർ, അമ്മ പെങ്ങൻമാരില്ലാത്തവർ, കൊല്ലുംകൊലയും നടത്തുന്നവർ എന്നിങ്ങനെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളായിരുന്നു പാർട്ടി പ്രവർത്തകർക്ക് നേരിടേണ്ടി വന്നത്. അയിത്തത്തിനെതിരെ പ്രവർത്തിച്ചത് സവർണ്ണ വിഭാഗക്കാരിൽ വലിയ എതിർപ്പുണ്ടാക്കി.
അതുകൊണ്ടുതന്നെ അടിസ്ഥാനജനവിഭാഗങ്ങൾക്കൊപ്പമായിരുന്നു പ്രവർത്തനം. അവരുടെ വീടുകളിൽ ചെല്ലാനും അവർക്കൊപ്പം ഭക്ഷണം കഴിക്കാനും തയ്യാറായതോടെ ആ വിഭാഗക്കാർക്കിടയിൽ പാർട്ടി പ്രവർത്തകരോടുള്ള വിശ്വാസം വളർന്നു.
ഒരിക്കൽ പുലിമല കോളനിയിലെ ഒരു വീട്ടിൽ എത്തിയത് അച്യുതൻ നായർ ഇന്നും ഓർക്കുന്നു. ഉച്ചസമയമാണ്. സഖാവിന് എന്താണ് ഭക്ഷണം നൽകുക. വീട്ടുകാർക്ക് ഉത്കണ്ഠയായി. നിങ്ങൾക്കെന്താണ് കഴിക്കാനുള്ളത് എന്നായി സഖാവ്. കപ്പയും ഇറച്ചിയും. വീട്ടുകാർ മടിച്ചുമടിച്ച് പറഞ്ഞു.
അച്യുതൻ നായർ സത്യത്തിൽ ഇറച്ചി കഴിക്കില്ല. എന്നാലും പറഞ്ഞു. അതുതന്നെ മതി എനിക്കും. നന്നേ വിഷമിച്ചാണ് അന്ന് ആ ഭക്ഷണം കഴിച്ചത്. പക്ഷെ, അതോടെ ആ വീട്ടിൽ ഒരു അംഗമായി അച്യുതൻ നായർ.
കുന്നത്തുനാട് താലൂക്ക് കർഷക സംഘം രൂപീകരിച്ചതോടെ കർഷകത്തൊഴിലാളികൾക്കും പാർട്ടിയിൽ വിശ്വാസമായി. അന്ന് രൂപീകരിച്ച കർഷക സംഘടനക്ക് പാർട്ടി നേതൃത്വവുമായി ബന്ധമൊന്നുമില്ലായിരുന്നു. പ്രാദേശികമായ കർഷകരുടെ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്ന സംഘടനയുടെ പ്രവർത്തനം. പാട്ടം കൂട്ടുക, കൊയ്ത്തുമെതികളുടെ അളവു കൂട്ടുക എന്നിങ്ങനെ.
മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ, ആഭരണ തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളും ഈ കാലത്തുണ്ടായി.
കൽക്കട്ടയിൽ 1948 ൽ നടന്ന ഇന്ത്യയിലെ പാർട്ടി കോൺഗ്രസിന് ശേഷമാണ് പോലീസ് കമ്മ്യൂണിസ്റ്റുകാരെ കായികമായി നേരിട്ടുതുടങ്ങിയത്. സായുധ വിപ്ലവം ആഹ്വാനം ചെയ്ത കൽക്കട്ട തിസിസിനെ തുടർന്ന് ഭരണകൂടം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തീവ്രവാദികളെന്ന പോലെ വീക്ഷിക്കാൻ തുടങ്ങി. 1949 ൽ ശൂരനാട് കർഷകകലാപത്തെ തുടർന്ന് കമ്മ്യൂണിസ്റ്റുകാരെ പോലീസ് തെരഞ്ഞുപിടിക്കൻ തുടങ്ങി. 1950 ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം കൂടി കഴിഞ്ഞതോടെ കമ്മ്യൂണിസ്റ്റുകാരെ അടിച്ചമർത്താൻ തീരുമാനമായി.
എന്നാൽ 1947 ൽ തന്നെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരാണെന്ന ഒറ്റ കാരണം കാണിച്ച് അച്യുതൻ നായരേയും കൂട്ടരേയും പോലീസ് അറസ്റ്റ് ചെയ്തു.
ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സിഐഡി അടുത്ത് വന്നിരുന്ന് കയ്യിൽ പിടിക്കുന്നത്. അത് പോലീസാണെന്ന് അച്യുതൻ നായർക്ക് മനസ്സിലായി. കൈ വിടുവിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസുകാർ വേറെയും കൂടെയുണ്ടെന്ന് അറിഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു.
അദ്ദേഹവും സംഘവും പെരുമ്പാവൂർ സ്റ്റേഷനിൽ ലോക്കപ്പിലായി. പ്രത്യേകിച്ച് ചോദ്യം ചെയ്യലൊന്നുമില്ല. കാണുമ്പോൾ തന്നെ തല്ലാൻ തുടങ്ങും. ഭക്ഷണം കഴിക്കുന്നതിനിടയിൽ പോലും തല്ലും. കൈമുട്ടുകൊണ്ട് പുറത്തിടിക്കുക, കൈ രണ്ടും കെട്ടി നിലത്തിരുത്തിയ ശേഷം കാൽവെള്ളയിൽ ചൂരലുകൊണ്ട് നിർത്താതെ തല്ലുക, രണ്ടുപോലീസുകാർ ലാത്തി നീട്ടിപ്പിടിച്ച ശേഷം അതിനു മുകളിൽ ചാടിക്കുക തുടങ്ങിയ പീഡനമുറകൾ.
ഇതിനു പുറമെ പ്രലോഭനങ്ങൾ വേറെ. അന്ന് റയോൺസ് കമ്പനി തുടങ്ങാൻ പോകുന്ന സമയമാണ്. പാർട്ടി വിട്ടാൽ റയോൺസിൽ നല്ല ജോലി വാങ്ങിക്കൊടുക്കാമെന്നായിരുന്നു ഒരു പ്രലോഭനം.
ഏഴുമാസത്തോളം ഈ വിചാരണ തടവ് തുടർന്നു. പിന്നെ, പറവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടികൾക്കായി പറവൂർ പോലീസ്റ്റ് സ്റ്റേഷനിലായി ലോക്കപ്പ്. പറവൂർ ശിവൻ പിള്ളയുടെ സ്വാധീനമുണ്ടായിരുന്നതിനാൽ അവിടെ നിന്ന് മർദ്ദനമുറകളൊന്നും കാര്യമായി ഏൽക്കേണ്ടി വന്നില്ല. പിന്നീട് കോടതി ആറു മാസത്തെ തടവിന് വിധിച്ചതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് ഇവരെ മാറ്റി.
തിരുവനന്തപുരത്ത് ജയിൽവാസകാലത്താണ് തെരഞ്ഞെടുപ്പ്. ജയിലിൽ എല്ലാവർക്കും വായിക്കാനായി ഒരു പത്രമാണ് വരുന്നത്. പലപ്പോഴും വായിക്കാൻ കിട്ടില്ല.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാർക്കുള്ള ഭക്ഷണം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അച്യുതൻ നായർ 14 ദിവസം നിരാഹാരം കിടന്നു. ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ പോലീസ് ഡോക്ടറെ കൂട്ടിവന്ന് ബലമായി ട്യൂബ് വഴി മൂക്കിൽക്കൂടി പാൽ നൽകുകയായിരുന്നു. അതോടെ സഖാവിന് സമരം അവസാനിപ്പിക്കേണ്ടി വന്നു.
എന്തായാലും പിന്നീട് ജയിൽ അധികതർ ഭക്ഷണം കുറച്ചുകൂടി നന്നാക്കി. തടവുകാർക്ക് ആഴ്ചയിലൊരിക്കൽ മീൻ കറി കിട്ടിത്തുടങ്ങി.
തിരുവിനന്തപുരത്തെ ജയിൽവാസം കഴിഞ്ഞപ്പോൾ നാട്ടിലേക്ക് പോരാനുള്ള ഏറ്റവും കുറഞ്ഞ വണ്ടിക്കാശാണ് ജയിൽ അധികൃതർ നൽകിയത്. അതിൽ നിന്ന് ഒരു ചായ കുടിക്കൻ പോലും കഴിയില്ല. ധരിക്കാൻ മുണ്ടും ഷർട്ടും ഇല്ല.
തിരുവനന്തപുരത്തെ ചില പാര്‍ട്ടി പ്രവര്‍ത്തകരാണ് ഷർട്ടും മുണ്ടും വാങ്ങി നൽകിയതും ഭക്ഷണത്തിനുള്ള പണം നൽകിയതും.
1948 ൽ പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി പി ടി പുന്നൂസ് പങ്കെടുത്ത യോഗത്തെ പറ്റി ഇപ്പോഴും ഓർക്കുന്നു. അന്ന് ആളുകൾ ഏറെ പങ്കെടുത്തു. പക്ഷെ ആരും സമ്മേളനം നടക്കുന്നിടത്തേക്ക് വരുന്നില്ല. വന്നാൽ പോലീസ് കൊണ്ടുപോകുമോ എന്നാണ് പേടി. പിന്നെ പതുക്കെ എല്ലാവരും സമ്മേളന സ്ഥലത്തേക്ക് എത്തി. ആ സമ്മേളനം കഴിയുന്നതോടെയാണ് പെരുമ്പാവൂർ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ധൈര്യത്തോടെ പ്രവർത്തിക്കാമെന്നായത്.
ഇരിങ്ങോൾ കരിമ്പിൻചേരിൽ വീട്ടിൽ മർമ്മാണി ചികിത്സയിൽ വിദഗ്ദ്ധനായിരുന്ന കൃഷ്ണൻ നായരുടേയും പാറുക്കുട്ടിയമ്മയുടേയും മകനായി പിറന്ന അച്യുതൻ നായർക്ക് ഒരു സഹോദരിയാണുള്ളത് കാർത്ത്യായനിയമ്മ.
ഇപ്പോൾ ഭാര്യ സരസ്വതിയമ്മക്കും ഇളയമകനുനൊപ്പം വിശ്രമജീവിതത്തിലാണ്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും അദ്ധ്യാപികയുമായ സുമ, കീഴില്ലം സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ സരിത, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പോക്സോ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സിന്ധു, കുറുപ്പംപടി സഹകരണ ബാങ്ക് ജീവനക്കാരനായ അജയൻ എന്നിവരാണ് മക്കൾ.
ബിസിനസുകാരനായ രാധാകൃഷ്ണൻ, ജിടിഎൻ കമ്പനി ജീവനക്കാരനായ ജയപ്രകാശ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ കെ കെ അഷറഫ്, തൊടുപുഴ സഹകരണ ബാങ്ക് ഉദ്യോഗസ്ഥയായ മിനി എന്നിവരാണ് മരുമക്കൾ. 

TOP NEWS

July 5, 2024
July 5, 2024
July 4, 2024
July 4, 2024
July 4, 2024
July 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.