7 May 2024, Tuesday

ആഴത്തിൽ പറയേണ്ട വർത്തമാനങ്ങൾ

വി അനിലാൽ
November 7, 2021 2:00 am

നിരന്തരം വിഷയങ്ങൾ അന്വേഷിക്കുകയും അത് വാർത്ത ആക്കുകയും ചെയ്യുന്നവരാണ് പത്രപ്രവർത്തകർ. ആഖ്യാന കലയിലാണ് വാർത്തയുടെ മികവ്. കഥാഖ്യാനത്തിന്റെ തനതുഭാഷ വാർത്തകളുടെ ജാതകമാക്കി കൊണ്ടു നടക്കുന്നവരാണവർ. അതുകൊണ്ടാണ് പത്രപ്രവർത്തകർക്ക് വാർത്തകളൊക്കെ സ്റ്റോറികളാകുന്നത്. നഗരത്തിന്റെയും നാടിന്റെയും വഴിത്താരകളിലൂടെ നിരന്തരം സഞ്ചരിച്ച അന്വേഷിയായ ഒരു പത്രപ്രവർത്തകൻ ശേഖരിച്ച സ്റ്റോറികളാണ് ‘പറയാൻ വയ്യ, പറയാതെ വയ്യ.’

അപ്രിയസത്യങ്ങളുടെ, വിളിച്ചു പറയലുകളാണ് മങ്ങാട് സുബിൻ നാരായണന്റെ ഈ പുസ്തകം. അതുകൊണ്ട് തന്നെ പുതിയ വാർത്ത ഉണ്ടാകുമ്പോൾ പഴയ വാർത്ത അപ്രസക്തമാകുന്നതുപോലെ ഇതിലെ ചെറുകുറിപ്പുകൾ ഭാവിയിൽ ഇല്ലാതാകുന്നതല്ല.
അധികാരികളുടെ, ഉദ്യോഗസ്ഥരുടെ, ഭരണസംവിധാനങ്ങളെയൊക്കെ നോക്കികണ്ട ഒരു പത്രപ്രവർത്തകന്റെ നിറയൊഴിക്കലുകളാണ് ഈ ലേഖനങ്ങൾ. ഇത് ചിലരെ ചിന്തിപ്പിക്കും, ചിലരെ മുറിവേല്പ്പിക്കും, മറ്റ് ചിലരെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുമെന്ന് തീർച്ചയാണ്. നിരീക്ഷണ പാടവം, വിമർശനബുദ്ധി, പ്രതിബദ്ധത, അതിലുപരി പാരായണ ക്ഷമമായ ആഖ്യാനം എന്നിവ ഈ പുസ്തകത്തെ വേറിട്ട അനുഭവമാക്കുന്നു. ഇവിടെയാണ് മങ്ങാട് സുബിൻ നാരായണന്റെ പത്രപ്രവർത്തനം സവിശേഷവേലയാകുന്നത്.

വാക്കുകളുടേയും പ്രയോഗങ്ങളുടെയും ക്ലിഷ്ടതയില്ലാതെ, അയന്നലളിതമായ ഭാഷയിൽ അദ്ദേഹം സമൂഹത്തിൽ നിലവിലുള്ള വ്യവസ്ഥിതിയെ, അനീതിയെ, പകൽകൊള്ളയെ, നീതിനിഷേധത്തെയൊക്കെ പൊളിച്ചെഴുതുന്നു. സാമൂഹിക നിലപാടുകളിലെ തീവ്രത, നിരീക്ഷണത്തിലെ അതിസൂക്ഷ്മത, രാഷ്ട്രീയ വിമർശനത്തിലെ തീക്ഷ്ണത എന്ന പുറച്ചട്ടയിലെ മുഖവുര അക്ഷരാർത്ഥത്തിൽ ശരിവെയ്ക്കുന്നതാണ് ഈ സമാഹാരത്തിലെ 40 കുറിപ്പുകളും.

പത്രപ്രവർത്തകനിലുപരി സാമൂഹ്യ പ്രവർത്തകൻ കൂടി ആയതുകൊണ്ടാവാം സാമൂഹ്യപ്രതിബന്ധതയുടെ തീപ്പൊരികൾ പലയിടത്തും കരുതിവയ്ക്കാൻ സുബിന് കഴിഞ്ഞത്. വിദ്യാലയം, ആനവണ്ടി, കുപ്പിവെള്ളം, ഗോവിന്ദച്ചാമി, മയക്കുമരുന്ന്, പോലീസ്, എടിഎം, കില്ലർഗെയിം, സ്പീഡ് ഗവേർണർ, മോഷണ പരമ്പര, പോഷക ആഹാരം, പ്രകൃതി പ്രതിഭാസം എന്നുവേണ്ട മനുഷ സമൂഹം പകച്ചു നിൽക്കുന്ന ഒരുപിടി പ്രശ്നങ്ങളെദീർഘകാലത്തെ പത്രപ്രവർത്തനത്തിലൂടെ മങ്ങാട് സുബിൻ ജനസമക്ഷം കൊണ്ട് വന്നിട്ടുണ്ട്. സാമൂഹ്യ സ്പന്ദനങ്ങളുടെ ഒരു കൂട്ടം ബൈലൈൻ സ്റ്റോറികളാണ് ‘പറയാൻ വയ്യ, പറയാതെ വയ്യ’.

പറയാൻ വയ്യ, പറയാതെ വയ്യ
മങ്ങാട് സുബിൻ നാരായൺ
ഹരിതം ബുക്സ് കോഴിക്കോട്
വില: 150 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.