6 May 2024, Monday

സിനിമയിലെ കറുപ്പും വെളുപ്പും

നീലേശ്വരം സദാശിവന്‍
January 9, 2022 3:15 am

ചലച്ചിത്രം, ചാനല്‍, പത്രം എന്നീ മാധ്യമ രംഗങ്ങളില്‍ നാലുപതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാശാലിയാണ്‌ എം വേണുകുമാര്‍. മറക്കാന്‍ ശ്രമിച്ചിട്ടും മനസ്സില്‍ തെളിഞ്ഞ ചില ഓര്‍മകള്‍ക്ക്‌, ജീവിതത്തിന്റെ ഗന്ധവും വര്‍ണവും സാഹിത്യ മേന്മയും നല്‍കി അദ്ദേഹം രചിച്ച ഗ്രന്ഥമാണ്‌ ‘സിനിമ ജീവിതങ്ങള്‍ സ്വപ്‌നങ്ങള്‍.’
തങ്കക്കിനാക്കളുമായി താരസിംഹാസനം മോഹിച്ച്‌ സിനിമാരംഗത്തുവന്നവരുടെ തിക്താനുഭവമാണ്‌ ഗ്രന്ഥത്തില്‍ ഹൃദയസ്‌പര്‍ശിയായി പ്രതിപാദിച്ചിരിക്കുന്നത്‌. ചലച്ചിത്രവേദിയില്‍ കുറെക്കാലം ശോഭിച്ചവര്‍, പാതിവഴിയില്‍ തകര്‍ന്നടിഞ്ഞവര്‍, പിടിച്ചുനില്‍ക്കാന്‍ നിര്‍വാഹമില്ലാതെ ആത്മഹത്യ ചെയ്‌തവര്‍, ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലപോലെ വലിച്ചെറിയപ്പെട്ടവര്‍ ഇവരെയെല്ലാം വായനയില്‍ നമുക്കടുത്തറിയാം. മണ്‍മറഞ്ഞെങ്കിലും അവരില്‍ പലരും ഇന്നും മനസ്സില്‍ ജ്വലിച്ചു നില്‍ക്കുന്നവരാണ്‌.

ഗ്രന്ഥം വായിക്കുമ്പോള്‍ നാം നെടുവീര്‍പ്പിടും, കണ്ണുതുടക്കും, തത്ത്വശകലങ്ങള്‍ ഉരുവിടും. വള്ളിയക്കയുടെ തട്ടുകട, യുവതലമുറയുടെ ഹരം, തെരുവില്‍ അനാഥ, രണ്ടു പെണ്‍കുട്ടികള്‍, സില്‍ക്‌ സ്‌മിത പാഴായിപ്പോയ ജന്മം തുടങ്ങിയ പത്ത്‌ അദ്ധ്യായങ്ങളാണ്‌ പ്രഭാത്‌ബുക്ക്‌ഹൗസ്‌ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തില്‍. സിനിമ പത്രപ്രവര്‍ത്തകനായിട്ടാണ്‌ ഗ്രന്ഥകാരന്‍ മദ്രാസില്‍ സ്ഥിരതാമസമാക്കിയത്‌. ആര്‍ കെ ലോഡ്‌ജിലായിരുന്നു താമസിച്ചിരുന്നത്‌. ഒരു രാത്രിയില്‍ തന്റേടിയായ വള്ളി എന്ന സ്‌ത്രീ വാതില്‍ തള്ളിത്തുറന്ന്‌ അകത്തുകയറി വാതിലടച്ചു. അവളുടെ കണ്ണ്‌ ചുവന്നു കലങ്ങിയിരുന്നു. ഭര്‍ത്താവ്‌ കത്തിയുമായി കൊല്ലാന്‍ വരുന്ന വിവരം അവള്‍ പരിഭ്രമത്തോടെ പറഞ്ഞു.

വള്ളിയുടെ പൂര്‍വ്വകഥ വിവരിക്കുന്നത്‌ ചലച്ചിത്രത്തിലെ ഒരു രംഗം പോലെയാണ്‌. യൗവനം നിറഞ്ഞുതുളുമ്പിയ കാലം. സിനിമാക്കമ്പവുമായി മധുരയില്‍നിന്നു കോടമ്പക്കത്തുവന്നതാണ്‌ വള്ളി. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്‌ടനായ പ്രൊഡക്ഷന്‍ മാനേജര്‍ അവളുടെ സിനിമാ മോഹങ്ങള്‍ക്കു ചിറകുനല്‍കി. മദ്രാസ്‌ നഗരത്തില്‍ കൂട്ടിക്കൊണ്ടുപോയി. പതിനട്ടുകാരി വള്ളിയും അമ്പതുകാരന്‍ പ്രൊഡക്ഷന്‍ മാനേജരും ദമ്പതികളെപോലെ ജീവിതം ആസ്വദിച്ചു. മല്ലികപ്പൂവിന്റെ മാദകഗന്ധവും ചെഞ്ചുണ്ടില്‍ പുഞ്ചിരിയുമുള്ള നടികളെ വള്ളി കൊതിയോടെ നോക്കിനിന്നു. അവരുടെ ആഡംബര ജീവിതം അവളും സ്വപ്‌നംകണ്ടു. കാലംകടന്നുപോയി, മാനേജര്‍ അവളെ ഉപേക്ഷിച്ചു. വിവിധഭാഷാ ചിത്രങ്ങള്‍ക്ക്‌ എക്‌ട്രാ നടിമാരെ സംഭാവന ചെയ്യുന്ന സാവിത്രിയുടെ താവളത്തില്‍ അവളെത്തി. ചില സിനിമകളില്‍ മാദക നൃത്തത്തിനവസരം കിട്ടി. പിന്നീട്‌ അധഃപതനത്തിന്റെ കാലമായിരുന്നു. ഇതെല്ലാമാണ്‌ ‘വള്ളിയക്കയുടെ തട്ടുകട’ എന്ന അദ്ധ്യായത്തിലെ ഉള്ളടക്കം.

‘ഏവര്‍ക്കും സഹായി, അന്ത്യത്തില്‍ ദുരന്തവും’ എന്ന അദ്ധ്യായത്തെപ്പറ്റി അല്‌പം സൂചിപ്പിക്കട്ടെ. ‘നാന’യുടെ മദ്രാസ്‌ ലേഖകനായി ഗ്രന്ഥകര്‍ത്താവ്‌ മദ്രാസില്‍ താമസിക്കുന്ന കാലം. തിരുവനന്തപുരത്തുള്ള മണികണ്‌ഠന്‍ എന്ന മണിയണ്ണനെ അവിടെവച്ചു പരിചയപ്പെട്ടു. താന്‍ സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലെ കോടീശ്വരപുത്രിയായ മാദകത്തിടമ്പുള്ള നടിയുടെ ചിത്രമെടുക്കാന്‍ മണിയണ്ണന്‍ ‘നാന’യുടെ ഓഫീസിലെത്തി. ആദ്യത്തെ ഫോട്ടോ സിനിമയിലെ വേഷത്തില്‍ത്തന്നെയായിരുന്നു. പിന്നീട്‌ ഇറുകിയ വസ്‌ത്രവും, അല്‌പവസ്‌ത്രവുമായിരുന്നു. നടി തെലുങ്കില്‍ ഒച്ചവച്ച്‌ എതിര്‍ത്തു. ഗ്ലാമര്‍ ചിത്രങ്ങള്‍ക്കു നിന്നുകൊടുത്തേ മതിയാകൂ. അല്ലെങ്കില്‍, ചിത്രത്തില്‍നിന്നു ഔട്ടാകും. എന്നു മണിയണ്ണന്‍ പറഞ്ഞതും നടി അതനുസരിച്ചതും അനുവാചകര്‍ക്ക്‌ ഉള്‍ക്കാഴ്‌ച നല്‍കും.

ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ വണ്ടികാത്തിരിക്കുമ്പോള്‍, പൂത്തുമ്പിപോലൊരു പതിനാറു വയസ്സുകാരി വേണുവിനെ സമീപിച്ചു. ബക്കറ്റുനിറച്ചുള്ള വില്‌പന സാധനം ഏല്‌പിച്ച്‌, അമ്മയ്‌ക്കു മരുന്നുവാങ്ങി ഉടനെ വരാമെന്നുപറഞ്ഞുപോയി. അവള്‍ വരാന്‍ വൈകിയതിനാല്‍, ഉടനെ സ്റ്റേഷനില്‍ വന്ന ട്രയിനില്‍ പോകാനും കഴിഞ്ഞില്ല. സീതാലക്ഷ്‌മി എന്ന ആ പെണ്‍കുട്ടി സിനിമയില്‍ എത്തിപ്പെടുന്നതും പിന്നീട്‌ അവള്‍ക്കുണ്ടായ അനുഭവങ്ങളുമാണ്‌ ‘എരിയും വേനലിലും കരയാത്ത പെണ്‍കുട്ടി’ എന്ന അദ്ധ്യായത്തിലെ പ്രതിപാദ്യം. ഈ അദ്ധ്യായം വായിക്കുമ്പോള്‍, ജീവിതത്തിന്റെ തിരക്കഥ ഈശ്വരന്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതോ എന്ന്‌ വായനക്കാര്‍ ചിന്തിച്ചുപോകും.

ലോകത്തിന്റെ നെറുകയിലെത്തി പതിനാറുവര്‍ഷം ജ്വലിച്ചുനിന്ന സില്‍ക്കുസ്‌മിതയെ സിനിമാസ്വാദകര്‍ ഒരിക്കലും മറക്കില്ല. 36 വര്‍ഷത്തെ ജീവിതം ആത്മഹത്യയിലൂടെ മതിയാക്കി, അരങ്ങില്‍നിന്നും ലോകത്തുനിന്നും വിടവാങ്ങി. ആന്ധ്രയില്‍ ജനിച്ച്‌ മദ്രാസിലെ ഒരു ബന്ധുവീട്ടില്‍ അടുക്കളജോലിക്കെത്തി. ഒടുവില്‍ ഒരു സിനിമാക്കാരന്റെ അടുക്കളയിലേക്കും പിന്നീട്‌ ചലച്ചിത്രലോകത്തേക്കും എത്തിച്ചേര്‍ന്നു. വെള്ളിത്തിരയിലെ അവളുടെ മാദകനൃത്തം ആസ്വദിക്കാന്‍ ഒരേ സിനിമതന്നെ പലരും പലപ്രാവശ്യം കണ്ടു. അവള്‍ സമ്പന്നയും പ്രശസ്‌തയുമായി. ‘സില്‍ക്ക്‌സ്‌മിത പാഴിയിപ്പോയ അനാഥജന്മം’ എന്ന അദ്ധ്യായം ഗ്രന്ഥകാരന്‍ അവസാനിപ്പിക്കുന്ന ഇങ്ങനെയാണ്‌. ‘സ്‌മിതയെ തകര്‍ത്തെറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല, പക്ഷേ, ജീവിതത്തില്‍നിന്നും ആത്മഹത്യയിലേക്ക്‌ കൊണ്ടെത്തിക്കാന്‍ പലര്‍ക്കും കഴിഞ്ഞു.’

സംഭവങ്ങള്‍ നേരില്‍കാണുന്ന പ്രതീതി ജനിപ്പക്കുന്നതാണ്‌ ഈ ഗ്രന്ഥത്തിന്റെ ആഖ്യാനരീതി. സിനിമാരംഗത്തു കമ്പമുള്ളവര്‍ ഈ ഗ്രന്ഥം തീര്‍ച്ചയായും വായിക്കണം. ചിത്രശലഭം ദീപംകണ്ട്‌ മോഹിച്ച്‌ അതില്‍പ്പെട്ട്‌, ചിറകിനും ജീവനും ഹാനിവരുത്താറുണ്ട്‌. സിനിമാരംഗത്തെപ്പറ്റി നല്ലൊരു ധാരണ ലഭിക്കാനും അബദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാനും യുവതീയുവാക്കള്‍ക്കു മാത്രമല്ല, സകലര്‍ക്കും ഇതിന്റെ വായന പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.

സിനിമ ജീവിതങ്ങള്‍ സ്വപ്‌നങ്ങള്‍
എം വേണുകുമാര്‍
പ്രഭാത്‌ ബുക്ക്‌ഹൗസ്‌
വില :  150 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.