23 December 2024, Monday
KSFE Galaxy Chits Banner 2

കേരള ബാങ്ക് നാലാം വർഷത്തിലേക്ക്

ഗോപി കോട്ടമുറിക്കൽ
(പ്രസിഡന്റ്, കേരള ബാങ്ക്)
November 29, 2022 4:30 am

കേരള ബാങ്ക് പ്രവർത്തനമാരംഭിച്ച് ഇന്ന് മൂന്ന് വർഷം പൂർത്തീകരിക്കുകയാണ്. രാജ്യത്തെ സഹകരണ ബാങ്കിങ് ചരിത്രത്തിൽ പുതിയ അധ്യായം തുറന്നു കൊണ്ടാണ് 2019 നവംബർ 29 ന് ബാങ്ക് രൂപീകരണം നടന്നത്. ആദ്യവർഷം ഉദ്യോഗസ്ഥ നേതൃത്വത്തിൽ ഇടക്കാല ഭരണസമിതിയും തുടർന്ന് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ജനാധിപത്യ ഭരണസമിതിയും ഇക്കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾ, ബാങ്കിനെ വളര്‍ച്ചയുടെ പടവുകളിലെത്തിച്ചു. ഇടതുപക്ഷ ജനാധ്യപത്യമുന്നണി സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായാണ് കേരള ബാങ്ക് രൂപീകരണമെന്ന വലിയ ദൗത്യം സാധ്യമായത്. മലപ്പുറം ജില്ലാ ബാങ്ക് ഒഴികെ പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകൾ കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരള ബാങ്കായി മാറുകയായിരുന്നു. പുതിയ ബാങ്കിന് റിസർവ് ബാങ്ക് ലൈസൻസ് ലഭിക്കുമോ, ബ്രാഞ്ചുകൾക്ക് ലൈസൻസ് അനുവദിക്കുമോ, ബ്രാഞ്ചുകളുടെ എണ്ണത്തിൽ വെട്ടിക്കുറവ് വരുത്തുമോ, ബാങ്കിന് സാമ്പത്തിക സ്ഥിരതയും മാനദണ്ഡ പ്രകാരമുള്ള മൂലധന പര്യാപ്‌തതയും ആർജിക്കാൻ കഴിയുമോ, ജീവനക്കാരുടെ സംയോജനം സാധ്യമാകുമോ, എണ്ണം വെട്ടിക്കുറയ്ക്കുമോ, ഏകീകൃത കോർ ബാങ്കിങ് സോഫ്റ്റ്‌വേർ ഏർപ്പെടുത്താൻ കഴിയുമോ, ജില്ലാ സഹകരണ ബാങ്കുകൾ നൽകിയ സേവനങ്ങളത്രയും നൽകാൻ കഴിയുമോ, പ്രാദേശിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുമോ തുടങ്ങി നിരവധി ആശങ്കകൾതന്നെ പല കോണുകളിൽ നിന്നും ഉയരുകയുണ്ടായി. ഒരേ സമയം ഈ ആശങ്കകളെ അഭിസംബോധന ചെയ്യുകയും അതോടൊപ്പം കേരള ബാങ്കിനെ പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്തമാണ് ഭരണ സമിതിക്ക് ഏറ്റെടുക്കേണ്ടി വന്നത്. ഒറ്റക്കെട്ടായി നടത്തിയ പരിശ്രമഫലമായി കേരള ബാങ്കിനും 769 ബ്രാഞ്ചുകൾക്കും റിസർവ് ബാങ്ക് പുതിയ ബാങ്കിങ് ലൈസൻസ് അനുവദിച്ചു. ബ്രാഞ്ചുകളുടെ എണ്ണത്തിൽ യാതൊരു കുറവും വന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ റിസർവ് ബാങ്ക് നടത്തിയ ഏറ്റവും വലിയ ലൈസൻസിങ് നടപടികളായിരുന്നു കേരള ബാങ്കിന്റേത്‌. കോവിഡ് മഹാമാരി മൂലം നാട് നേരിട്ട കടുത്ത പ്രതിസന്ധികൾക്കിടയിലും ബാങ്കിന് സാമ്പത്തിക സ്ഥിരതയും മികച്ച മൂലധന അടിത്തറയും കൈവരിക്കാനായി.


ഇതുകൂടി വായിക്കൂ: കേരളം ഭരണഘടനാ സാക്ഷരതയിലേക്ക്


രൂപീകരണ വേളയില്‍ ബാങ്കിന്റെ അറ്റ നഷ്ടം 1151 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തി 8834 കോടി രൂപയും (23.39%). ആദ്യത്തെ സാമ്പത്തിക വർഷത്തിൽ നാല് മാസവും തുടർന്ന് രണ്ട് പൂർണ സാമ്പത്തിക വർഷങ്ങളും പൂർത്തീകരിച്ചപ്പോൾ ബാങ്ക് നേടിയത് അഭിമാനകരമായ സാമ്പത്തിക പുരോഗതിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ തനത് ഫണ്ട് 2858 കോടിയും നിക്ഷേപം 69,907 കോടിയുമാണ്. 1,10,857 കോടി രൂപയുടെ മൊത്തം ബിസിനസ് ബാങ്കിന് നേടാൻ കഴിഞ്ഞു. നബാർഡിൽ നിന്നുമുള്ള കാർഷിക പുനർവായ്‌പയാണ് ബാങ്കിന്റെ പ്രധാന കടമെടുപ്പ്. 8982 കോടിയാണ് ഈയിനത്തിലുള്ളത്. കേരള ബാങ്ക് രൂപീകരണത്തിന് മുൻപ് കേരളത്തിന് ഈയിനത്തിൽ ലഭിക്കുമായിരുന്ന സംഖ്യ 3000 കോടിയിൽ താഴെയാണ്. സംസ്ഥാനത്തെ കർഷകരിലേക്ക് അത്രയും പണം ചുരുങ്ങിയ പലിശക്ക് കൂടുതലായി എത്തിച്ചേർന്നു എന്നതാണ് നേട്ടം. ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിൽ വലിയ കുറവ് വന്നു. രൂപീകരണ ശേഷമുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലും ബാങ്ക് പ്രവർത്തന ലാഭം നേടുകയും ചെയ്തു. സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളുടെ മൊത്തം ബിസിനസ് 3.83 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.10 ലക്ഷം കോടി ( 28.72%) കേരള ബാങ്കിന്റേതാണ്‌. രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കായി മാറുന്നതിന് കേരള ബാങ്കിന് കഴിഞ്ഞുവെന്നര്‍ത്ഥം. സഹകരണ ബാങ്കിങ് മേഖലയിൽ നടത്തിയ മികച്ച പ്രവർത്തനത്തിന് ദേശീയ ഫെഡറേഷന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും ബാങ്കിന് കഴിഞ്ഞു.
സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പ്രകാരം കേരളത്തിലെ ബാങ്കുകൾ 24.55 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകളിലായി അനുവദിച്ചത് 32,716 കോടി രൂപയുടെ കാർഷിക വായ്പയാണ്. ഇതിൽ 25 ശതമാനം കാർഡുകളും 20 ശതമാനം തുകയും കേരള ബാങ്കിന്റേതാണ്. ചെറുകിട കാർഷിക മേഖലയിൽ സഹകരണ ബാങ്കുകൾ എത്രയേറെ സ്വാധീനം ചെലുത്തുന്നു എന്നതിന് ഉദാഹരണമാണ് ഇത്. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നബാർഡ് പിന്തുണയോടെ ഒരു ശതമാനം പലിശ നിരക്കിലാണ് കേരള ബാങ്ക് വായ്‌പ നൽകി വരുന്നത്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളാണ് ഈ പദ്ധതിയുടെ ഗുണ ഭോക്താക്കൾ.


ഇതുകൂടി വായിക്കൂ: കേരളാബാങ്ക് സാധ്യതകൾ, പരിമിതികൾ


നബാർഡ് പിന്തുണയോടെ തന്നെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് (FPOs) പ്രത്യേക വായ്പാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരിന്റേയും റിസർവ് ബാങ്കിന്റെയും ചില പുതിയ നീക്കങ്ങൾ കാർഷിക വായ്പാ മേഖലയിൽ നിന്നും സഹകരണ ബാങ്കുകളെ പടിപടിയായി ഒഴിവാക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2022 സെപ്റ്റംബർ മുതൽ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബ് യൂണിയൻ ബാങ്കും ഫെഡറൽ ബാങ്കുമായി ചേർന്ന് തമിഴ്‌നാട്ടിലെയും മധ്യപ്രദേശിലേയും തിരഞ്ഞെടുത്ത ജില്ലകളിൽ പൈലറ്റ് പദ്ധതിയായി കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾ ഡിജിറ്റലൈസ് ചെയ്ത് അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. ഈ രീതി വിജയകരമാണെന്നുകണ്ടാൽ രാജ്യവ്യാപകമാക്കുന്നതിനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ദുർബലമായ കാർഷിക വായ്പാ സംഘങ്ങളുടെ പുനരുദ്ധാരണ പദ്ധതി, മികച്ച കാർഷിക വായ്പാ സംഘങ്ങൾക്ക് അവാർഡ്, സംസ്ഥാനത്തെ മികച്ച കർഷകർക്ക് അവാർഡ് തുടങ്ങിയ പദ്ധതികളും കാർഷിക മേഖലയ്ക്കായി കേരള ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്തിനു ശേഷം സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടി കാലയളവിലും അതിനു ശേഷം നടപ്പാക്കിവരുന്ന “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയിലും കേരള ബാങ്ക് വലിയ തോതിൽ സംരംഭക വായ്പകൾ അനുവദിച്ചു. ചെറുകിട‑സൂക്ഷ്‌മ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 50,952 ഗുണഭോക്താക്കൾക്കായി 2,500 കോടി രൂപയോളം ബാങ്ക് നൽകി. വനിതാ സരംഭകത്വ വികസനം, വനിതാ ക്ഷേമം എന്നിവ മുൻനിർത്തി 10 വായ്പാ പദ്ധതികളും, ക്ഷീര കർഷകർക്കായി പലിശ സബ്സിഡിയോടെയുള്ള വായ്പാ പദ്ധതിയും ഇക്കാലയളവിൽ ആരംഭിച്ചു. സ്റ്റാർട്ട് അപ്പ് സംരംഭകർക്കും വായ്പാ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാനിധി സമ്പാദ്യ പദ്ധതിയിൽ ഇതിനകം 53,000 കുട്ടികൾ അംഗങ്ങളായി. അടുത്ത വർഷത്തിൽ ബാങ്ക് മുഖ്യമായും പ്രാധാന്യം നൽകുന്നത് സഞ്ചിതനഷ്ടം പൂർണമായും നികത്തി അറ്റ ലാഭത്തിൽ എത്തുന്നതിനാണ്. എന്നാൽ മാത്രമേ ഓഹരി ഉടമകളായ സംഘങ്ങൾക്ക് ഡിവിഡന്റ് നൽകാനാവൂ. 13 ശതമാനത്തിലധികം വരുന്ന നിഷ്ക്രിയ ആസ്‌തിക്ക് ആനുപാതികമായി റിസർവ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള കരുതൽ സൂക്ഷിക്കേണ്ടിവരുന്നതുകൊണ്ടാണ് ബാങ്ക് നഷ്ടത്തിൽ തുടരുന്നത്. നിഷ്ക്രിയ ആസ്തി ഏഴ് ശതമാനത്തില്‍ താഴെ ആയാലേ പ്രവാസി നിക്ഷേപം ബാങ്കിലേക്ക് എത്തുകയുള്ളൂ. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കുടിശിക വായ്പകൾ വലിയ ഇളവുകളോടെ തീർപ്പാക്കി ഈ പ്രശ്‍നം മറികടക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. 2022 ഓഗസ്റ്റില്‍ നടപ്പാക്കിയ ‘മിഷൻ 100 ഡേയ്‌സ്’ എന്ന പദ്ധതിയിലൂടെ 100 ദിവസം കൊണ്ട് 253 കോടി രൂപയുടെ വായ്പാകുടിശിക പിരിച്ചെടുക്കാൻ കഴിഞ്ഞത് ഈ ദിശയിലുള്ള പ്രവർത്തനത്തിന്റെ ശുഭസൂചനയാണ്.


ഇതുകൂടി വായിക്കൂ: കേരള ബാങ്ക്: ജനകീയ ബദലിന് അനിവാര്യ വിജയം


കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരണം സാധ്യമാക്കാനാണ് സർക്കാർ വിഭാവനം ചെയ്തത്. എന്നാൽ ചില രാഷ്ട്രീയ കാരണങ്ങളാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിക്കുന്നതിൽ നിന്നും വിട്ടുനിന്നു. ഇതുമൂലം കേരള ബാങ്കിലൂടെ മലപ്പുറം ജില്ലയ്ക്ക് ലഭിക്കുമായിരുന്ന കർഷകർക്കുള്ള സബ്‌സിഡി വായ്‌പ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിച്ച് ഈ പ്രശ്നവും അടുത്ത ഒരുവർഷത്തിനുള്ളിൽ പരിഹരിക്കാനാണ് ശ്രമം. നിക്ഷിപ്‌ത താല്പര്യങ്ങളാൽ കേരള ബാങ്ക് രൂപീകരണം തടസപ്പെടുത്താൻ തുടക്കം മുതൽ വലിയ ശ്രമങ്ങളാണ് നടന്നത്. ജില്ലാ സഹകരണ ബാങ്കുകൾ ഇല്ലാതായതുമൂലം കേരളത്തിലെ സഹകരണ മേഖല വലിയ പ്രയാസം നേരിടുന്നു എന്ന തരത്തിൽ ഇപ്പോഴും ഒറ്റപ്പെട്ട പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അത് തെറ്റാണ്. കേരള ബാങ്ക് രൂപീകരിച്ചില്ലായിരുന്നുവെങ്കിൽ പകുതിയോളം ജില്ലാ ബാങ്കുകൾ റിസർവ് ബാങ്ക് ലൈസൻസ് നഷ്ടപ്പെട്ട് തകർച്ചയെ നേരിടുമായിരുന്നു. അത്രകണ്ട് ദുർബലമായിരുന്നു അവയുടെ സാമ്പത്തിക സ്ഥിതി. കേരളത്തിലെ ജനകീയ ബാങ്കിങ് മേഖല തകരാതെ മുന്നോട്ട് പോകാൻ കേരള ബാങ്ക് രൂപീകരണം ഇടയാക്കി എന്നതാണ് യാഥാർത്ഥ്യം. ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കുന്നതോടെ വരും കാലങ്ങളിൽ കേരള ബാങ്ക് കൂടുതൽ കരുത്താർജിക്കുകയും സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി മാറുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.