2 May 2024, Thursday

Related news

March 8, 2024
February 16, 2024
January 23, 2024
December 14, 2023
November 28, 2023
November 17, 2023
October 11, 2023
October 1, 2023
August 23, 2023
March 19, 2023

‘നേച്ചേഴ്സ് ഫ്രഷ്’: വിഷരഹിത ഉല്പന്നങ്ങളുമായി കുടുംബശ്രീയുടെ കാർഷിക ഔട്ട്‌ലറ്റുകൾ

Janayugom Webdesk
തിരുവനന്തപുരം
January 23, 2024 9:36 pm

വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവർധിത ഉല്പന്നങ്ങളും കേരളത്തിലെമ്പാടും വിപണനത്തിന് സജ്ജമാക്കി കുടുംബശ്രീയുടെ കാർഷിക ഔട്ട്‌ലറ്റുകൾ സംസ്ഥാനത്ത് പ്രവർത്തനമാരംഭിക്കുന്നു. കഫേ കുടുംബശ്രീ മാതൃകയിൽ ‘നേച്ചേഴ്സ് ഫ്രഷ്’ എന്ന ബ്രാൻഡിലാണ് കുടുംബശ്രീ കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള കിയോസ്കുകളുടെ ശൃംഖല വരുന്നത്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്‌ലി ഹുഡ് പദ്ധതിയുടെ ഭാഗമായാണ് ഔട്ട്‌ലറ്റുകളുടെ തുടക്കം.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും ഔട്ട്‌ലറ്റുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടമായി നൂറ് കിയോസ്കുകൾ പ്രവർത്തനമാരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് 25ന് ഉച്ചയ്ക്ക് മൂന്നിന് വർക്കല ചെറുന്നിയൂരിൽ നിർവഹിക്കും. കുടുംബശ്രീയുടെ കാർഷിക സംരംഭകരുടെ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനും നേച്ചേഴ്സ് ഫ്രഷ് ഔട്ട്‌ലറ്റുകൾ പ്രയോജനപ്പെടും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ 81,034 കർഷക സംഘങ്ങളിലായി 3,78,138 വനിതാ കർഷകർ വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്. 12,819.71 ഹെക്ടറിലെ കൃഷിയിലൂടെ ലഭിക്കുന്ന കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിന് ഇതു വരെ പ്രധാനമായും നാട്ടുചന്തകളെയാണ് ആശ്രയിച്ചിരുന്നത്. ഏകീകൃത സ്വഭാവത്തില്‍ നേച്ചേഴ്സ് ഫ്രഷ് കിയോസ്കുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ മൂല്യവർധിത ഉല്പന്നങ്ങൾക്കടക്കം കൂടുതൽ പ്രചാരണവും മൂല്യവും ഉറപ്പാക്കാനാകും. ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ലഭ്യമാകുന്നത് വഴി ഉപഭോക്താക്കൾക്കും പദ്ധതി ഗുണകരമാകും. അതത് സിഡിഎസുകളുടെ നേതൃത്വത്തിലാണ് നേച്ചേഴ്സ് ഫ്രഷ് കിയോസ്കുകളുടെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്.

കുടുംബശ്രീ മിഷൻ ഓരോ കിയോസ്കിനും രണ്ട് ലക്ഷം രൂപ വീതം സിഡിഎസുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്കിലും വിപണന ചുമതലയുണ്ടായിരിക്കും. ഇവർക്ക് പ്രതിമാസം 3600 രൂപ ഓണറേറിയവും ലാഭത്തില്‍ നിന്ന് മൂന്നു ശതമാനവും വേതനമായി ആദ്യ ഒരു വർഷത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള കമ്മ്യുണിറ്റി റിസോഴ്സ് പേഴ്സൺമാർ വഴിയാണ് ഉല്പന്ന സംഭരണം.

കെട്ടിടങ്ങൾ നിലവിലുള്ള ബ്ലോക്കുകളിൽ കുറഞ്ഞത് 150 ചതുരശ്ര അടിയും കെട്ടിട സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ 100 ചതുരശ്ര അടിയും ആണ് വിസ്തീർണം നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം (9), കൊല്ലം (8), പത്തനംതിട്ട (5), ആലപ്പുഴ (5), ഇടുക്കി (8), കോട്ടയം (8), എറണാകുളം (6), തൃശൂർ (8), പാലക്കാട് (4), മലപ്പുറം (8), കോഴിക്കോട് (8), കണ്ണൂർ (8), വയനാട് (5), കാസർകോട് (10) എന്നിങ്ങനെ ജില്ലകളിൽ ഔട്ട്‌ലറ്റുകൾ ആരംഭിക്കുക.

Eng­lish Sum­ma­ry: Kudum­bashree­’s agri­cul­tur­al outlets
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.