27 April 2024, Saturday

തരംഗമാകാൻ തരാന

നിഖില്‍ എസ് ബാലകൃഷ്ണന്‍
February 8, 2023 5:33 pm

പുരുഷ കേസരികള്‍ അരങ്ങുവാഴുന്ന മ്യൂസിക് ബാന്‍ഡ് രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ എത്തിയിരിക്കുകയാണ് കൊച്ചി കേന്ദ്രീകരിച്ച് ഒരു സംഘം പെണ്‍കുട്ടികള്‍. കേരളത്തിലങ്ങോളമിങ്ങോളം നിലവിലുള്ള മ്യൂസിക് ബാന്‍ഡുകളില്‍ പാടുന്നതും സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതുമെല്ലാം പുരുഷന്മാരാണെങ്കില്‍ അഞ്ച് പെണ്‍കുട്ടികളുടെ മുന്‍കൈയില്‍ രൂപീകരിച്ച തരാന മ്യൂസിക് ബാന്‍ഡില്‍ സര്‍വവും സ്ത്രീമയമാണ്.

പാടുന്നതും സംഗീത ഉപകരണങ്ങൾ വായിക്കുന്നതുമെല്ലാം പെൺകുട്ടികൾ തന്നെ. ഒരുപക്ഷെ കേരളത്തിൽ സ്ത്രീകൾ മാത്രമായി നിയന്ത്രിക്കുന്ന ആദ്യ ബാൻഡാണ് തരാന. ലോക്ഡൗണിൽ ഒരു കൗതുകത്തിന് ആരംഭിച്ച ബാൻഡ് ഇന്ന് കേരളത്തിൽ നിരവധി വേദികൾ കീഴടക്കി കഴിഞ്ഞു. മറ്റ് പരസ്യങ്ങളൊന്നും നൽകാതിരിന്നിട്ടുകൂടി ഇവരുടെ പ്രകടനം കണ്ടും കേട്ടുമറിഞ്ഞാണ് അനവധി സംഘടനകൾ പരിപാടി ബുക്ക് ചെയ്തത്.

പാട്ടിൽ പേരെടുത്ത പ്രമുഖർ കാഴ്ചവയ്ക്കുന്ന അതേ മികവിൽ തന്നെ ഈ പെൺകുട്ടികളും വേദിയിൽ വിസ്മയങ്ങൾ തീർക്കുകയാണ്. ഫിസാ ജഹാംഗീർ, അർച്ചന സത്യൻ, ആൻ മരിയ, കരോളിൻ ലിസ അനിൽ, ആവണി സുരേഷ് എന്നിവരാണ് തരാനയിലെ അംഗങ്ങൾ. പാട്ട് പാടുന്ന ഈ അഞ്ച് പേരിൽ പലരും മാറി മാറിയാണ് സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും. ലോക്ഡൗണിൽ ഒരു മ്യൂസിക് വീഡിയോ തയ്യാറാക്കിയതിലൂടെയാണ് ബാൻഡ് എന്ന ആശയത്തിലേക്ക് വഴി തുറന്നത്. ലോക്ഡൗണിന് പിന്നാലെ നടത്തിയ കൂടിയാലോചനയിലൂടെ തരാന പിറക്കുകയായിരുന്നു. കോളജുകളിലാണ് ഏറെയും പരിപാടികൾ അവതരിപ്പിച്ചിട്ടുളളത്.

ബാൻഡിന്റെ ആവേശം എളുപ്പത്തിൽ ഏറ്റുവാങ്ങാൻ കോളജ് വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നതിനാൽ തരാന വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കോളജുകൾക്ക് പുറമേ സംസ്ഥാനത്തിന്റെ പലകേന്ദ്രങ്ങളിലും വിവിധ പരിപാടികളുടെ ഭാഗമായി തരാന ബാൻഡ് സംഗീതം അവതരിപ്പിച്ചുകഴിഞ്ഞു. ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്ന ഇവരുടെ പ്രകടനത്തിന്റെ വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഈ വീഡിയോകൾ കണ്ടും നിരവധി അന്വേഷണങ്ങളാണ് ഓരോ ദിവസവും ഇവരെ തേടിയെത്തുന്നത്. കൂടുതൽ വേദികൾ ലഭിക്കുന്ന മുറയ്ക്ക് ബാൻഡ് വിപുലീകരിക്കണമെന്നും കഴിവും താല്പര്യവുമുള്ള പെൺകുട്ടികളെ ഒപ്പം കൂട്ടണമെന്നുമാണ് തരാന സംഘത്തിന്റെ ആഗ്രഹം. പിന്തുണയുമായി കുടുംബങ്ങളും കൂടെയുള്ളപ്പോൾ ആഗ്രഹങ്ങൾ എളുപ്പത്തിൽ എത്തിപ്പിടിക്കാമെന്ന് ഇവർ കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.