8 May 2024, Wednesday

ലാലാ ലജ്പത് റായിയുടെ ദീര്‍ഘവീക്ഷണം

സി ദിവാകരൻ
December 17, 2022 4:15 am

രിത്രത്തിന്റെ വല്ലാത്ത ഒരു ദശാസന്ധിയിലാണ് എഐടിയുസി രൂപംകൊണ്ടത്. സ്വാതന്ത്യ്രത്തിനുവേണ്ടി ജനങ്ങൾ പട്ടാളവുമായി തെരുവിൽ ഏറ്റുമുട്ടുന്ന സംഭവങ്ങൾ അരങ്ങേറി. ഗ്രാമങ്ങളിൽ ജന്മിമാർക്കെതിരെ കർഷകരുടെ കലാപങ്ങൾ തുടങ്ങി. യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ ഇന്ത്യൻ ജവാന്മാരുടെ ജീവിതം ദുരിതപൂർണമായിരുന്നു. നിരാശരായ അവരും സ്വാതന്ത്യ്രസമരത്തിൽ പങ്കാളികളായി. പടുകൂറ്റൻ പണിമുടക്കങ്ങൾ ആരംഭിച്ചു. റെയിൽവേ, പോസ്റ്റ് ആന്റ് ടെലഗ്രാഫ്, ചണവ്യവസായം, ടെക്സ്റ്റൈൽസ്, ഖനികൾ, തോട്ടം മേഖല എന്നീ രംഗങ്ങളിലെ പതിനായിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കത്തിലേർപ്പെട്ടു. പിന്നീട് അവ ജനകീയ സമരങ്ങളായി പടർന്നുപിടിച്ചു. ബ്രിട്ടീഷ് ഭരണാധികാരികൾ പട്ടാളത്തെയും പൊലീസിനെയും ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനാരംഭിച്ചു. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല ഇതിന് ഉദാഹരണമാണ്. ജംഷഡ്പൂരില്‍ പണിമുടക്കിലേർപ്പെട്ടവരുടെയും, തോട്ടം തൊഴിലാളികളുടെയും നേർക്കു വെടിവച്ചു. നിരവധി തൊഴിലാളികൾ കൊല്ലപ്പെട്ടു. ഗ്രാമങ്ങളിൽ സമരം ചെയ്ത കർഷകർക്കെതിരെ ബോംബ് വർഷിക്കാൻ തുടങ്ങി. പഞ്ചാബിലെ റെയിൽവേസ്റ്റേഷൻ ബ്രിട്ടീഷ് പട്ടാളം തന്നെ തീയിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ദേശീയ നേതാക്കളെ പഞ്ചാബിലേക്ക് കടത്തിവിടാൻ അനുവദിച്ചില്ല. തൊഴിലാളി-കർഷക-ബഹുജന ഐക്യം സ്വാഭാവികമായി രാജ്യത്ത് ഉയർന്നുവന്നു. ബ്രിട്ടീഷ് ഭരണകൂടം അമ്പരന്നുപോയി. അവർ പുതിയ ചില അവകാശങ്ങൾ നല്കാൻ സന്നദ്ധമാണെന്ന വാഗ്ദാനത്തോടെ കോൺഗ്രസിനെ സ്വാധീനിച്ചു.


ഇതുകൂടി വായിക്കൂ: ചെങ്കൊടി ആദ്യമുയര്‍ന്ന ചരിത്ര സമ്മേളനം


ഭരണഘടനാപരമായ ചില സൗജന്യങ്ങൾ എന്ന നിർദേശം മുന്നോട്ടുവച്ചത് മോണ്ടേഗ് ചെംസ് ‍ഫോര്‍ഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. അലയടിച്ചുയർന്നുവന്ന ദേശീയവിപ്ലവത്തെ വഴി തിരിച്ചുവിടാൻവേണ്ടി കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ഒരു ആലോചനയായിരുന്നു അത്. എന്നാൽ 1919ലെ കോൺഗ്രസിന്റെ അമൃത്‌സർ സമ്മേളനത്തിൽ ഉപാധികളോടെയുള്ള ഒരു ഒത്തുതീർപ്പിനും ലോകമാന്യ തിലക് സന്നദ്ധനായില്ല. ഗാന്ധിജി ഈ വിഷയത്തിൽ അർധസമ്മതം മൂളിയെങ്കിലും പിന്നീട് തിലകന്റെ അഭിപ്രായത്തോട് ഒത്തുനിന്നു. ഈ പശ്ചാത്തലത്തിൽ 1920 സെപ്റ്റംബറിൽ കോൺഗ്രസിന്റെ സ്പെഷ്യൽ സമ്മേളനം കൽക്കട്ടയിൽ ചേർന്നു. ലാലാ ലജ്പത് റോയി അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് ഒന്നിന് ലോകമാന്യ തിലകിന്റെ മരണം സമ്മേളനത്തെ കാര്യമായി ബാധിച്ചു. തുടർന്നുള്ള സ്വരാജ് സമരപരിപാടികൾക്കു രൂപം നൽകാൻ ഡിസംബറിൽ നാഗ്പൂരിൽ സമ്മേളനം തീരുമാനിച്ചു.
നാഷണൽ കോൺഗ്രസിലെ ദേശീയ നേതാക്കളായ ലോകമാന്യ തിലക്, ലാലാ ലജ്പത് റായ്, ബിബിൻചന്ദ്ര പാൽ, എന്നിവരുടെ ശക്തമായ ഇടപെടലും നിർദേശങ്ങളും എഐടിയുസി രൂപീകരണത്തിൽ നിർണായകമായിരുന്നു. എന്നാൽ മഹാത്മാഗാന്ധി ഇപ്രകാരം ഒരു തൊഴിലാളി സംഘടന രൂപീകരിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. പിൽക്കാലത്ത് ഗാന്ധിജി എഐടിയുസിക്ക് ബദലായി മറ്റൊരു തൊഴിലാളി സംഘടനയുടെ രൂപീകരണത്തിന് മുൻകൈ എടുത്തുവെന്നതും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കിയിട്ടുള്ള സമരങ്ങളെയും രാഷ്ട്രീയ സംഭവവികാസങ്ങളെയും എഐടിയുസി നേതൃത്വം എന്നും ജാഗ്രതയോടെ പിന്തുടർന്നിരുന്നു. ഇന്ത്യയെ പിടിച്ചുകുലുക്കിയ നിസഹകരണ പ്രസ്ഥാനത്തിൽ തൊഴിലാളിവർഗം ഒരു കൊടുങ്കാറ്റുപോലെയാണ് കടന്നുവന്നത്. 1921 ഡിസംബർ ഒന്നിന് ഝാരിയായിൽ ചേർന്ന എഐടിയുസിയുടെ രണ്ടാം സമ്മേളനം അംഗീകരിച്ച പ്രമേയം ശ്രദ്ധേയമായിരുന്നു- “ഈ ട്രേഡ് യൂണിയൻ സമ്മേളനം പ്രഖ്യാപിക്കുന്നു ഇന്ത്യയ്ക്ക് സ്വരാജ് കൈവരിക്കാനുള്ളസമയം സമാഗതമായിരിക്കുന്നു. ഇന്ത്യൻ ജനതയ്ക്ക് ഇനിയും കാത്തിരിക്കാനാവില്ല.” ഈ പ്രമേയം നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തെ ശക്തമായി സ്വാധീനിച്ചു. ഈ വസ്തുത അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം കൂട്ടാക്കിയില്ല. കോൺഗ്രസിന്റെ പ്രമേയം ഇപ്രകാരമായിരുന്നു- “സ്വരാജ് നേടുക എന്നത് ന്യായമായ ഒരാവശ്യമാണ്. എന്നാൽ സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രം.”


ഇതുകൂടി വായിക്കൂ: നാടിനെ ചുവപ്പിച്ച തൊഴിലാളി സമരങ്ങള്‍


എഐടിയുസിയുടെ രണ്ടാം ദേശീയസമ്മേളനം ഝാരിയായിൽ നടക്കുമ്പോൾ ഇന്ത്യയിൽ തൊഴിലാളിവർഗത്തിന്റെ നിരവധി സമരങ്ങൾ പടർന്നുപിടിക്കുന്ന അന്തരീക്ഷമായിരുന്നു. തേയിലത്തോട്ടം തൊഴിലാളി സമരത്തിലേക്ക് വെടിവച്ചു തൊഴിലാളികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ദേശീയതലത്തില്‍ ഈ സംഭവം തൊഴിലാളികളെ പ്രകോപിതരാക്കി. 1920 ഒക്ടോബറിൽ എഐടിയുസിയുടെ ബോംബെ സമ്മേളനം മുതൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പതിനായിരക്കണക്കിന് തൊഴിലാളികൾ ഒഴുകിയെത്തി.
വെയിത്സ് രാജകുമാരന്റെ ഇന്ത്യൻ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദേശവ്യാപകമായ പണിമുടക്കങ്ങളും ഹർത്താലും പ്രതിഷേധ പ്രകടനങ്ങളും കൊണ്ട് രാജ്യം പ്രകമ്പനം കൊണ്ടു. ഝാരിയാ സമ്മേളത്തിന്റെ പശ്ചാത്തലത്തില്‍ കൽക്കരി ഖനിമേഖലയിൽ പണിയെടുത്തിരുന്ന പതിനായിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കി. ഖനികളെല്ലാം സ്തംഭിപ്പിച്ചുകൊണ്ട് കൂട്ടംകൂട്ടമായി സമ്മേളനറാലിയിൽ പങ്കെടുക്കാനെത്തി. 1921ൽ യഥാർത്ഥത്തിൽ തൊഴിലാളികളെ നയിക്കാൻ സംഘടനയോ നേതാക്കന്മാരോ ഇല്ലാത്ത ഒരു കാലഘട്ടമായിരുന്നു. എന്നിട്ടും ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് ഫാക്ടറികളും, തൊഴിലിടങ്ങളും വിട്ട് തെരുവിലിറങ്ങിയ തൊഴിലാളിവർഗത്തിന്റെ നിർഭയമായ നിലപാടുകണ്ട് അമ്പരന്നുപോയ ബ്രിട്ടീഷ് സർക്കാർ സൈന്യത്തെ സജ്ജമാക്കി നിർത്തി.
1919 മുതൽ 1922 വരെയുള്ള ഇന്ത്യൻ രാഷ്ട്രീയം പ്രക്ഷോഭങ്ങളുടെയും പണിമുടക്കങ്ങളുടെയും ഹർത്താലുകളുടെയും വേലിയേറ്റംകൊണ്ട് സ്ഫോടനാത്മകമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എഐടിയുസിയുടെ 1920 ലെയും 1921 ലെയും ദേശീയസമ്മേളനങ്ങള്‍ നടന്നതെന്നതും പുതിയ വിപ്ലവപ്രസ്ഥാനങ്ങൾ തൊഴിലാളി പ്രസ്ഥാനത്തോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്യ്രസമരരംഗത്ത് അണിനിരന്നതെന്നതും വിസ്മരിക്കാനാവില്ല. ഈ രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുന്നതിൽ എഐടിയുസി നിർവഹിച്ച പങ്ക് പിൽക്കാലത്ത് തമസ്കരിക്കപ്പെട്ടുപോയതിന്റെ കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. സ്വാതന്ത്യ്രസമരത്തിൽ തൊഴിലാളിവർഗം നിർവഹിച്ച ജീവത്യാഗപരമായ പങ്ക് രേഖപ്പെടുത്താത്ത ചരിത്രം ഒരിക്കലും സത്യസന്ധമായ ചരിത്രമാവില്ല. നമ്മുടെ സ്വാതന്ത്യ്രസമരം ഒരു പാർട്ടിയിലും ഒരു നേതാവിലും പരിമിതപ്പെടുത്തിയുള്ള ചരിത്രം യഥാർത്ഥ ചരിത്രമല്ല. കടുത്ത തൊഴിലാളി വർഗവിരുദ്ധ ബുർഷ്വാ മുതലാളിത്തത്തിന്റെ പിടിയിലമർന്ന ചരിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.


ഇതുകൂടി വായിക്കൂ: തിരുവിതാംകൂറിലെ ആദ്യ ട്രേഡ് യൂണിയൻ


1920ലെ എഐടിയുസി രൂപീകരണം ഒരു ചരിത്രസംഭവമായിരുന്നു. തൊഴിലാളികളെ ഒരു വർഗമെന്നനിലയിൽ ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കാൻ എഐടിയുസി പ്രവർത്തനങ്ങളാരംഭിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വിവിധ രംഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കേന്ദ്രീകൃതമായ ഒരു സംഘടനാ രൂപം ഉണ്ടാകണമെന്ന എഐടിയുസിയുടെ നിർദേശമാണ് ട്രേഡ് യൂണിയൻ രംഗത്ത് പ്രകടമായ പ്രാഥമിക സംഘടനാ തത്വം, അഥവാ ട്രേഡ് യൂണിയൻ എന്ന സംഘടനാ രൂപം. സ്വാതന്ത്യ്രസമരരംഗത്ത് തൊഴിലാളി വർഗം ‘പണിമുടക്കം’ എന്ന മൂർച്ചയേറിയ ആയുധവുമായി അണിനിരക്കാൻ തുടങ്ങി.
സ്വാതന്ത്യ്രസമരത്തിന് പുതിയ ആവേശം പകരാൻ തൊഴിലാളിവർഗത്തിനു കഴിഞ്ഞുവെന്നു മാത്രമല്ല അന്നുവരെ ഇന്ത്യൻ സമൂഹത്തിന് വിഭാവനം ചെയ്യാൻപോലും കഴിയാത്ത “മനുഷ്യൻ മനുഷ്യനെ’’ ചൂഷണം ചെയ്യാൻ കഴിയാത്ത ഒരു പുതിയ സാമൂഹ്യ വ്യവസ്ഥയായ സോഷ്യലിസം എന്ന ആശയവും തൊഴിലാളിവർഗം മുന്നോട്ടുവച്ചു. ഇന്ത്യൻ സ്വാതന്ത്യ്രസമരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ തൊഴിലാളിവർഗത്തിന്റെ നിർണായകമായ ഇടപെടലുകൾ ആരംഭിച്ചു. പുതിയ ഉല്പാദകക്രമങ്ങളും സാങ്കേതികരീതികളും തൊഴിൽമേഖലകളിൽ വ്യവസായവിപ്ലവം സൃഷ്ടിച്ച മാറ്റങ്ങളും പഠിക്കാൻ തൊഴിലാളികളോട് എഐടിയുസി ആഹ്വാനം ചെയ്തു. പഴയകാല ഫ്യൂഡൽ വ്യവസ്ഥിതിയുടെ സൃഷ്ടികളായ യാഥാസ്ഥിതിക കുടുംബ ബന്ധങ്ങളിൽനിന്നും ജാതിമത വിഭാഗീയചിന്തകളിൽനിന്നും വിട്ടുനില്കാനും തൊഴിലാളികളോട് അഭ്യർത്ഥിച്ചു. തൊഴിലാളി എന്ന ഒരു പുതിയ മനുഷ്യനും ട്രേഡ് യൂണിയൻ എന്ന ഒരു പുതിയ സംഘടനയും ഇന്ത്യയുടെ സാമൂഹ്യരംഗത്ത് പ്രകടമായി. ഇന്ത്യയിൽ ഈ മാറ്റത്തിന് തുടക്കം കുറിച്ചത് എഐടിയുസിയാണ്. സംഘടനയുടെ പ്രസിഡന്റ് ലാലാജിയുടെ പ്രസംഗത്തിൽ അദ്ദേഹം ഈ ആശയം അർത്ഥശങ്കയ്ക്കിടമില്ലാതെ ആവർത്തിച്ചുവ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കൂ: ചരിത്രഗണനയില്‍ ചുവപ്പ് ചാലിച്ച സെലീറ്റാ സമരം


“ഏറ്റവും പൗരാണികമായ നമ്മുടെ ഭാരതത്തിന്റെ ചരിത്രത്തിൽ ഈ സമ്മേളനം സമാനതകളില്ലാത്ത ഒരു സംഭവമാണ്. ശതാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ മഹാരാജ്യത്ത് നിരവധി സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സമൂഹത്തിന്റെ നിരവധി പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനും കഴിഞ്ഞിട്ടുമുണ്ടാകാം. മതങ്ങൾ, തത്വചിന്തകൾ, നിയമങ്ങൾ, രാഷ്ട്രീയം എന്നീ വിഷയങ്ങളെക്കുറിച്ച് വിദേശപണ്ഡിതന്മാർ പങ്കെടുത്ത സമ്മേളനങ്ങൾക്കും നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചതായി കാണാം. എന്നാൽ തൊഴിലാളികളുടെ പ്രശ്നങ്ങളും അവരുടെ ക്ഷേമവും ചർച്ചചെയ്യാൻ ഒരു സമ്മേളനം നടന്നതായി ചരിത്രരേഖകളിലൊന്നും കാണുന്നില്ല. നടന്ന സമ്മേളനങ്ങളെല്ലാം ചർച്ച ചെയ്ത മറ്റു വിഷയങ്ങൾ നഗരവികസനമോ ഏതെങ്കിലും പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചോ മാത്രമായിരുന്നു. എന്നാൽ ഭാരതത്തിന്റെ തൊഴിലാളിവർഗത്തിന്റെ പ്രശ്നം ചർച്ച ചെയ്യാൻ ഇതുവരെ ഒരു ദേശീയ വേദി സംഘടിപ്പിച്ചിട്ടില്ല.”
‘നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകം ഒരു പുതിയ വഴിയിലൂടെ സഞ്ചാരം ആരംഭിച്ചുകഴിഞ്ഞു. അതിവേഗം ആ പ്രവാഹത്തിന്റെ ഭാഗമാകാൻ കഴിയാതെപോയാൽ നാം വല്ലാതെ ഒറ്റപ്പെട്ടുപോകും’- ഇതായിരുന്നു 1920 ഒക്ടോബർ 30ന് ബോംബെ എമ്പയർ തിയേറ്ററിൽ ചേർന്ന എഐടിയുസിയുടെ രൂപീകരണസമ്മേളനത്തിൽ ലാലാജി നടത്തിയ ഉദ്ഘാടനപ്രസംഗത്തിലെ അവസാന വാക്കുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.