27 May 2024, Monday

വന്യജീവി ആക്രമണം- അടിയന്തര നടപടികളിലെ വെല്ലുവിളികൾ

എ കെ ശശീന്ദ്രൻ 
വനം-വന്യജീവി വകുപ്പ് മന്ത്രി
February 27, 2024 4:15 am

കേരളത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ കുറെ കാലങ്ങളായി വന്യജീവി ആക്രമണങ്ങളും അതോടനുബന്ധിച്ചുള്ള മരണങ്ങളും കൃഷി–കന്നുകാലി നാശനഷ്ടങ്ങളും ഉള്‍പ്പെടെ വ്യസനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ട് എന്നത് രാജ്യത്തെ മനുഷ്യ–വന്യജീവി സംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും സംബന്ധിച്ച് അടിയന്തരമായി പുനർവിചിന്തനം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്.
ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടായിട്ടും അപ്രകാരം ചെയ്യുന്നില്ല എന്ന പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 (1‑എ)യും വന്യജീവികളെ നേരിടുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കർശനനിയന്ത്രണങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഏതു സാഹചര്യത്തിലാണ് കേന്ദ്ര നിയമത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടും നിയമഭേദഗതി ആവശ്യപെട്ടുകൊണ്ടും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് എന്നും പൊതുജനങ്ങൾക്കു മുമ്പിൽ വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അപകടകാരിയായ വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടുന്നതിന് മുമ്പ് അത്തരം വന്യമൃഗങ്ങളെ പിടികൂടാനോ മയക്കുവെടിവയ്ക്കാനോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് ബോധ്യപ്പെട്ടുവെന്ന് കാര്യകാരണ സഹിതം രേഖപ്പെടുത്തണം. മാത്രവുമല്ല ഇങ്ങനെ പിടികൂടുന്ന മൃഗങ്ങളെ തടവിൽപ്പാർപ്പിക്കാനോ മൃഗങ്ങൾക്ക് പരിക്കു പറ്റാനോ പാടില്ല. മറ്റ് നടപടികളെല്ലാം പരാജയപ്പെട്ടാൽ മാത്രമേ അവസാന വഴി എന്ന നിലയിൽ മനുഷ്യജീവൻ രക്ഷിക്കാൻ മറ്റ് നിവൃത്തിയില്ലെന്ന് കാണുമ്പോൾ പട്ടിക ഒന്നിൽ പെട്ട വന്യജീവിയെ കൊല്ലാൻ പാടുള്ളു.
2018 നവംബർ രണ്ടിന് പണ്ടർ കൗഡയില്‍ പതിമൂന്നോളം മനുഷ്യരെ കൊന്നു എന്ന് പറയപ്പെടുന്ന ‘അവനി’ എന്ന പെൺകടുവയെ കൊല്ലാൻ മഹാരാഷ്ട്ര ചീഫ് വൈൽഡ് ലൈഫ് വാർഡൻ ‘ഷൂട്ട് അറ്റ് സൈറ്റ്’ഓഡർ പുറപ്പെടുവിച്ചു. ഒരു മനുഷ്യ ശരീരത്തിന്റെ 60ശതമാനവും കടുവ ഭക്ഷിച്ചു എന്നായിരുന്നു ഇതിനു കാരണം. എന്നാൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഈ കേസ് പരിഗണിക്കവെ കടുവ ‘മാൻ ഈറ്റർ’ അഥവാ ‘നരഭോജി’ ആണ് എന്നതിനുള്ള തെളിവുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും വെടിവച്ചയാൾക്കെതിരെയും ഉള്ള ഈ കേസ് അവസാനിച്ചിട്ടില്ല.


ഇതുകൂടി വായിക്കൂ: നരഭോജികളെ തളയ്ക്കാം നിയമനിർമ്മാണത്തിലൂടെ


ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രമേ ഒരു വന്യജീവിയെ കൊല്ലാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 അനുവദിക്കുന്നുള്ളുവെന്നും വന്യജീവികൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ 133-ാം വകുപ്പ് ജില്ലാ കളക്ടറെ അനുവദിക്കുന്നില്ല എന്നും ഫെബ്രുവരി 19ലെ ഉത്തരവിൽ കേരള ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത നിയമത്തിലെ ഈ വ്യവസ്ഥ മാത്രമല്ല പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. ഇത്തരം നടപടിക്രമങ്ങൾ വീണ്ടും കർശനമാക്കിക്കൊണ്ട് 2013 ജനുവരി 30ന് കേന്ദ്ര സർക്കാരും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും പുറപ്പെടുവിച്ച, ജനവാസ മേഖലകളിൽ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി), കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഗൈഡ് ലൈൻസ് എന്നിവയും പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.
കടുവ/പുലി ഇറങ്ങിയാൽ ആദ്യപടി എന്ന നിലയിൽ ഒരു ആറംഗ സമിതി രൂപീകരിക്കണം. ഇതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് പുറമെ ദേശീയ കടുവാ സംരക്ഷണ അതാേറിട്ടിയുടെ പ്രതിനിധി, മൃഗഡോക്ടർ, പ്രദേശത്തെ സന്നദ്ധസംഘടനാ പ്രതിനിധി, പഞ്ചായത്ത് പ്രതിനിധി, ഡിഎഫ്ഒ തുടങ്ങിയവർ ഉണ്ടായിരിക്കണം. ഇതൊരു സ്ഥിരം സമിതി ആയി രൂപീകരിക്കാൻ പാടില്ല. കാമറ വച്ച് അതിൽ ലഭിക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയാൻ നടപടി സ്വീകരിക്കണം. പ്രദേശത്ത് കന്നുകാലികൾക്ക് ഉണ്ടായിട്ടുള്ള പരിക്ക്, ഗുരുതരമായ ഏറ്റുമുട്ടൽ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ടെങ്കിൽ അവ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം എന്നിവ നിശ്ചയിക്കുന്നതിന് വിശദമായ ഗവേഷണവും നടത്തണം.


ഇതുകൂടി വായിക്കൂ: കേരളത്തിനുനേരെ മർക്കട മുഷ്ടി


മനുഷ്യനും വളർത്തുമൃഗങ്ങൾക്കും പരിക്ക്, പരസ്പരം ഏറ്റുമുട്ടൽ എന്നിവ ഉറപ്പുവരുത്തിയാൽ ഓട്ടോമാറ്റിക് വാതിലുള്ള കെണി (കൂട്) വയ്ക്കാൻ നടപടി സ്വീകരിക്കണം. കൊല്ലപ്പെടുന്ന സ്ഥലത്തിനരികെ മൃഗത്തെ തിരിച്ചറിയാൻ കാമറ ട്രാപ്പ് സ്ഥാപിക്കണം. വന്യമൃഗത്തിന്റെ ദിവസേനയുള്ള ചലനം മനസിലാക്കാൻ പ്രഷർ ഇംപ്രഷൻ പാഡുകൾ സ്ഥാപിക്കണം. സ്ഥലത്ത് 144 പ്രഖ്യാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കണം. കൂട് വയ്ക്കുന്നതും കെണിവയ്ക്കുന്നതും തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രം മയക്കുവെടി വയ്ക്കാൻ നിർദേശിക്കാം. മയക്കുവെടി വയ്ക്കപ്പെട്ട കടുവ/പുലി ആരോഗ്യമുള്ളതാണോ അല്ലയോ എന്നത് പ്രസ്തുത സമിതി പരിശോധിച്ച് ഉറപ്പ് വരുത്തണം. ആരോഗ്യമുള്ളതാണെങ്കിൽ അതിന് റേഡിയോ കോളർ ഘടിപ്പിച്ച് കടുവാ സംരക്ഷണ അതാേറിട്ടിയെ അറിയിച്ച് വനത്തിലേക്ക് തുറന്നുവിടണം. പരിക്കേറ്റതാണെങ്കിൽ മൃഗശാലയിലേക്ക് മാറ്റണം. സ്ഥിരമായി മനുഷ്യന്റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കിൽ യാതൊരു കാരണവശാലും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാൻ പാടില്ല.
‘മനുഷ്യജീവന് ഭീഷണിയായിട്ടുള്ള’ മൃഗങ്ങളെ നേരിടുന്നതിനുള്ള മാർഗനിർദേശങ്ങൾ അനുബന്ധം രണ്ടിൽ വിശദീകരിച്ചിരിക്കുന്നു. മനുഷ്യജീവന് ഭീഷണി എന്ന് പറയാവുന്ന സാഹചര്യങ്ങൾ, നരഭോജി ആകുന്നത് എപ്പോൾ എന്നും വിശദീകരിക്കുന്നുണ്ട്. ഇത്തരം കേന്ദ്ര നിർദേശങ്ങൾ മുഴുവന്‍ ഇവിടെ വിവരിക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളുടെ വെബ്സൈറ്റുകളിൽ നിന്നും അവ മനസിലാക്കാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരം മാർഗനിർദേശങ്ങളും എസ്ഒപിയും നിലവിലുണ്ട്. ആനയെ തിരിച്ചറിയുന്നതിനുള്ള നടപടികൾ, അതിന്റെ ചലനം നിരീക്ഷിക്കൽ, കാമറകൾ സ്ഥാപിക്കൽ തുടങ്ങിയവ അതിൽ ചിലത് മാത്രം. കാട്ടാന മനുഷ്യജീവനും സ്വത്തിനും അപകടകാരിയാണെന്ന് ബോധ്യപ്പെട്ടാൽ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കേന്ദ്ര നിയമപ്രകാരം അതിനെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. ഇതിനായി ‍ഡിഎഫ്ഒ അല്ലെങ്കിൽ വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ട്, അത് ശുപാർശ ചെയ്തുകൊണ്ട് സിസിഎഫിന്റെ റിപ്പോർട്ട് എന്നിവ ലഭിച്ചാൽ മാത്രമേ മയക്കുവെടി വച്ച് പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാൻ സാധിക്കുകയുള്ളൂ.


ഇതുകൂടി വായിക്കൂ: വന്യജീവി ആക്രമണം: ശാശ്വത പരിഹാരം വേണം


മേൽ പ്രസ്താവിച്ച നടപടിക്രമങ്ങൾ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പോലും കാലതാമസം നേരിടുന്നതും പൊതുജനങ്ങളുടെ പരാതിക്ക് കാരണമാകുന്നതും. കേന്ദ്രനിയമത്തിന്റെ പട്ടിക രണ്ടിൽ പറഞ്ഞ കാട്ടുപന്നിയെ പോലും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ ഏതുവിധേനയും കൊല്ലുന്നതിന് നിരവധി തവണ സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ ആവർത്തിച്ച് അനുമതി നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നും എല്ലാ കർശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണമെന്നും നിയമസഭാ പ്രമേയം വഴി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളത്. രാജ്യത്തെ 11 സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയ പ്രകാരമാണ് 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാർലമെന്റ് പാസാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിന് മാത്രം സാധിക്കില്ല എന്നതും ശ്രദ്ധേയമാണ്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾക്ക് പകരം വന്യജീവി ആക്രമണം ഫലപ്രദമായി തടയുന്നതിനുള്ള നിയമവ്യവസ്ഥകളും നിയമഭേദഗതികളും ഉണ്ടാക്കേണ്ടതും കേന്ദ്ര പദ്ധതികുളും പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്റ് എന്നിവ പ്രകാരം സംരക്ഷിത പട്ടികയില്‍ പെടുന്ന കടുവ, കാട്ടാന എന്നിവയുടെ ആക്രമണം തടയുന്നതിന് മതിയായ ധനസഹായം കേന്ദ്രസർക്കാർ അനുവദിക്കേണ്ടതുമാണ്. രാഷ്ട്രീയഭേദമന്യേ കൂട്ടായ ശ്രമവും കേന്ദ്ര സർക്കാരിന്റെ പ്രായോഗിക നടപടികളും ഉണ്ടായാല്‍ മാത്രമേ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.