20 September 2024, Friday
KSFE Galaxy Chits Banner 2

ഇന്ത്യക്കെതിരെ വീണ്ടും മാലദ്വീപ്

Janayugom Webdesk
മാലി
February 3, 2024 11:18 pm

സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ബോട്ടുകളില്‍ തീരദേശസേന പരിശോധന നടത്തിയ സംഭവത്തില്‍ മാലദ്വീപ് ഇന്ത്യയോട് വിശദീകരണം തേടി. മൂന്ന് മാലദ്വീപിയന്‍ മത്സ്യബന്ധന ബോട്ടുകള്‍‍ക്കുള്ളില്‍ കടന്നുകയറി ഇന്ത്യന്‍ തീരദേശസേന പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഔദ്യോഗികമായി വിശദീകരണം തേടിയിരിക്കുന്നത്. 

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ദിദ്ദുഹുയുടെ വടക്ക് കിഴക്ക് 72 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവമെന്ന് മാലദ്വീപ് പ്രതിരോധമന്ത്രാലയം അറിയിച്ചു. തീരദേശസേനയുടെ 246, 253 കപ്പലില്‍ നിന്നുള്ള നാവികരാണ് പരിശോധന നടത്തിയത്. വിവിധ വിഷയങ്ങളില്‍ ഇന്ത്യ‑മാലദ്വീപ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. അതിനിടെ മാലദ്വീപില്‍ സേന സാന്നിധ്യം നിര്‍ബന്ധപൂര്‍വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ‑മാലദ്വീപ് കോര്‍ ഗ്രൂപ്പിന്റെ രണ്ടാം യോഗത്തിലാണ് ഇതുസംബന്ധിച്ച് കൂടുതല്‍ ധാരണയുണ്ടായത്. ആദ്യസംഘം മാര്‍ച്ച് 10ന് മാലദ്വീപില്‍ നിന്ന് പിന്മാറും. മേയ് 10നകം മാലദ്വീപില്‍ നിന്ന് പൂര്‍ണമായും ഇന്ത്യന്‍ സേന പിന്‍വാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. പകരം സിവിലിയന്‍മാരെ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാലദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികര്‍ മാലദ്വീപിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേന ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലദ്വീപ് സേനയെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. 

Eng­lish Summary:Maldives again against India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.