വിദ്വേഷ പ്രചരണത്തിനായി ബിജെപിയും മോഡി സര്‍ക്കാരും സമൂഹമാധ്യമ ഭീമനായ ‘മെറ്റ’യെയും കൂട്ടുപിടിച്ചതായി പഠനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുസ്ലിങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ക്ക് അനുമതി നല്‍കിയ മെറ്റ, നരേന്ദ്ര മോഡിക്കെതിരായ പരസ്യങ്ങള്‍ക്ക് നയപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയും ചെയ്തു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ (എഐ) നിര്‍മ്മിച്ച ബിജെപിയുടെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്കും മെറ്റ അനുമതി നല്‍കിയിട്ടുണ്ട്.
“നമുക്ക് ഈ കീടങ്ങളെ കത്തിക്കാം”, “ഹിന്ദു രക്തം ചൊരിയുന്നു, ഈ നുഴഞ്ഞുകയറ്റകാരെ ചുട്ടുകളയണം” എന്നിങ്ങനെ ഇന്ത്യയിലെ മുസ്ലിങ്ങളെ അപമാനിക്കുന്ന പരസ്യങ്ങളും രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഹിന്ദുമേധാവിത്ത ഭാഷയിലുള്ള സന്ദേശങ്ങളും അടങ്ങിയ പരസ്യങ്ങൾ ഫേസ്ബുക്ക് അംഗീകരിച്ചതായി പഠനം പറയുന്നു.
ഹിന്ദുക്കളെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കണമെന്ന് പ്രതിപക്ഷനേതാക്കളില്‍ ഒരാള്‍ പറഞ്ഞെന്ന വ്യാജ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലണമെന്ന പരസ്യത്തിന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അനുമതി നല്‍കി. ഈ പരസ്യത്തില്‍ സന്ദേശങ്ങള്‍ക്കൊപ്പം പാകിസ്ഥാന്‍ പതാകയുടെ ചിത്രവും കാണിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ നിര്‍ദേശത്തെത്തുടർന്ന് ബിജെപിയുടെ കർണാടക ഘടകം പങ്കിട്ട ഒരു ആനിമേറ്റഡ് വീഡിയോ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് അടുത്തിടെ നീക്കം ചെയ്തതിന് പിന്നാലെ ഗാര്‍ഡിയന്‍ പത്രമാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. മൂന്നും നാലും ഘട്ട വോട്ടെടുപ്പിനിടെ, മേയ് എട്ട് മുതല്‍ 13 വരെയാണ് പഠനം നടത്തിയത്.
വിദ്വേഷ രാഷ്ട്രീയ ഉള്ളടക്കം കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും മെറ്റയ്ക്കുള്ള സംവിധാനം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സിവിൽ വാച്ച് ഇന്റർനാഷണലും (ഐസിഡബ്ലുഐ) കോർപ്പറേറ്റ് അക്കൗണ്ടബിലിറ്റി ഓർഗനൈസേഷനായ ഇകെഒയും കമ്പനിയുടെ പരസ്യ ലൈബ്രറിയിലേക്ക് ഇത്തരം പരസ്യങ്ങൾ കൈമാറി. പലനേതാക്കളും നടത്തിയ വിദ്വേഷപ്രസംഗങ്ങളെയും തെറ്റായ വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ് പരസ്യങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. നിലവിലുള്ള വര്‍ഗീയ പ്രസംഗങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് മികച്ച ഉദാഹരണമാണ് ഇവയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ ഭാഷകളിലുള്ള 22 പരസ്യങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് ഐസിഡബ്ല്യുഐയും ഇകെഒയും മെറ്റയെ അറിയിച്ചു. ഇതില്‍ 14 എണ്ണത്തിന് 24 മണിക്കൂറിനകം മെറ്റ അനുമതി നല്‍കിയതാണ്. മറ്റ് മൂന്നെണ്ണം ചെറിയ മാറ്റങ്ങൾ വരുത്തി അംഗീകരിച്ചു. അംഗീകൃത പരസ്യങ്ങളിലെല്ലാം എഐ കൃത്രിമത്വമുള്ള ചിത്രങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിൽ മെറ്റ പരാജയപ്പെട്ടുവെന്നും രണ്ട് സ്ഥാപനങ്ങളും നടത്തിയ ഗവേഷണം പറയുന്നു.
English Summary:META’s misleading ‘advertisement’ support for BJP’s anti-Muslim bias
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.