2 May 2024, Thursday

Related news

April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024

ഒമ്പതു വര്‍ഷത്തെ മോഡി ഭരണകൂടത്തിന്റെ ഒമ്പത് കോട്ടങ്ങള്‍; കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2023 3:46 pm

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ മോഡി സര്‍ക്കാര്‍ ഭരണത്തിന്റെ കോട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍. നരേന്ദ്ര മോഡി അധികാരത്തിലേറിയശേഷം കൈക്കൊണ്ട നടപടികളാണ് രാജ്യത്തെ ദുരിതത്തിലാഴ്ത്തിയതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പുല്‍വാമ ഭീകരാക്രമണം മുതല്‍ മണിപ്പൂര്‍ കലാപം വരെയുള്ള അവസ്ഥ ചിത്രങ്ങളിലൂടെ വിവരിച്ച് നല്കി, ബിട്ടു ശര്‍മ്മ എക്സില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

2014 മെയ് 20 ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും 26ന് സത്യപ്രതി‍ജ്ഞ ചെയ്യുകയും ചെയ്തതിന് പിന്നാലെ രാജ്യത്ത് വിവിധ മേഖലകളിലെ ജനങ്ങളാണ് ദുരിതമനുഭവിച്ച് വരുന്നത്. 2019 ല്‍ ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവന്മാരാണ് വീരമൃത്യു വരിച്ചത്. പിന്നീട് ഗോരഖ്പൂര്‍ കലാപം, നോട്ട് നിരോധനം, ലോക്ഡൗണ്‍, ഡല്‍ഹി കലാപം, കര്‍ഷക പ്രതിഷേധം, കോവിഡ് പ്രതിസന്ധി, ചൈനീസ് കടന്നുകയറ്റം, മണിപ്പൂര്‍ കലാപം തുടങ്ങി ഒമ്പത് ദുരന്തങ്ങള്‍ക്കാണ് ഇന്ത്യന്‍ സമൂഹം സാക്ഷ്യം വഹിച്ചത്.

മോഡി അധകാരത്തിലേറിയതുമുതല്‍ രാജ്യത്തെ മഹാഭൂരിപക്ഷത്തിനും ദുരന്തകാലമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

ആദ്യ മോഡി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച കാലയളവ് അവസാനിക്കുന്നത് ഈ വര്‍ഷമാണ്, 2022. എന്നാല്‍ നിലനില്പിന് വേണ്ടി പ്രക്ഷോഭത്തിനിറങ്ങേണ്ട സാഹചര്യമാണ് മോഡി സൃഷ്ടിച്ചത്. സമ്പത്തിന്റെ അസമമായ വിതരണം മാത്രമല്ല ഭരണ നയങ്ങളുടെ പിന്തുണയോടെയുള്ള കൊള്ളയും അതിസമ്പന്നരുടെ ആസ്തി വര്‍ധനക്കു പിന്നിലുണ്ടെന്ന് അദ്ദേഹം പറ‍ഞ്ഞു. ദുരന്തസമാനമായ മുതലാളിത്തവും അതിന് എല്ലാ സഹായങ്ങളും നല്കുന്ന ഭരണകൂടവുമാണ് സാധാരണക്കാരന്റെ ജീവിതത്തെ തകര്‍ത്തെറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അപ്രതീക്ഷിതമായ നോട്ട് നിരോധനം രാജ്യത്തെ ജനങ്ങളെ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കള്ളപ്പണം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയിട്ട് നടത്തിയ നോട്ട് നിരോധനം നിരവധി ആളുകളെ നിലയില്ലാ കയത്തിലാഴ്ത്തി. നോട്ട് നിരോധനം പരാജയമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പോലും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം വിപണിയില്‍ വ്യാജ നോട്ടുകള്‍ പരക്കുകയും ചെയ്യുന്നുണ്ട്.  2016 നവംബർ എട്ടിന് രാത്രിയാണ് 135 കോടി ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. കണക്കിൽപ്പെടാത്ത സമ്പത്തും കള്ളപ്പണവും കണ്ടെത്തുമെന്ന് മോഡി പറഞ്ഞു. പെട്ടെന്നുള്ള ഈ നീക്കം അരാജകത്വത്തിന് കാരണമായി. നിരോധിച്ച നോട്ടുകൾ മാറാൻ ബാങ്കുകൾക്ക് പുറത്ത് ക്യൂ നിൽക്കാൻ ആളുകളെ നിർബന്ധിതരാക്കി. കൂടാതെ പണത്തെ ആശ്രയിക്കുന്ന നിരവധി വ്യാപാരങ്ങൾ നശിക്കുകയും ചെയ്തു.

കോവിഡ് കാലത്തെ കെടുകാര്യസ്ഥതമൂലം നിരവധി ജീവനുകളാണ് ഇന്ത്യയില്‍ പൊലിഞ്ഞത്. അന്യനാട്ടില്‍ താമസിച്ചുവന്നിരുന്ന തൊഴിലാളികള്‍ ലോക്ഡൗണ്‍ കാലത്തെ, വീടണയാനുള്ള ആഗ്രഹത്തിനിടെ ട്രെയിന്‍ തട്ടി മരിച്ചതുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളാണ് ഇന്ത്യയില്‍ നടന്നത്.  കോവിഡ് എന്ന മാരക രോഗം കൈകാര്യം ചെയ്യുന്നതിലുണ്ടായ അപകാതമൂലം മരിച്ചവരുടെ എണ്ണം ഇതിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഗംഗാനദി, ശവഗംഗയായി മാറിയതെല്ലാം ഇന്ത്യയില്‍നിന്നുള്ള ഞെട്ടിക്കുന്ന കോവിഡ് കാല കാഴ്ചകളായിരുന്നു.

2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. 1992ലെ സാമുദായിക സംഘര്‍ഷമാണ് ഈ പ്രദേശത്തെ ആദ്യമായി അസ്വസ്ഥമാക്കിയത്. എന്നാല്‍ അതിനു ശേഷവും ഹിന്ദുക്കളും മുസ്ലിങ്ങളും സഹവർത്തിത്വത്തിലായിരുന്നു. എന്നാൽ 2020ലെ കലാപം 28 വർഷത്തെ വിശ്വാസത്തെ ഇല്ലാതാക്കി. മുസ്ലിങ്ങളെ ലക്ഷ്യംവച്ച് രേഖപ്പെടുത്തിയ കേസുകളില്‍ ആകെ മൂന്നിലൊന്നുമാത്രമാണ് ഇന്നും തീര്‍പ്പായത്.

അരുണാചൽ പ്രദേശിൽ ചൈന 101 ഓളം വീടുകളടങ്ങിയ ഗ്രാമം നിർമ്മിച്ചതായി ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ജനുവരിയിൽ തന്നെ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായി അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്തായിരുന്നു ഈ നിര്‍മ്മാണങ്ങള്‍. ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന തന്ത്രപരമായ നീക്കങ്ങളും നിർമ്മാണങ്ങളും തുടരുന്നതായി യുഎസിന്റെ റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ അതിര്‍ത്തി സംരക്ഷണത്തിലെ വീഴ്ചകള്‍ മോഡി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഭരണ, സൈനിക നേതൃത്വങ്ങളില്‍ ആശയക്കുഴപ്പം തുടരുകയാണ്. അതേസമയം അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കാര്യം അരുണാചൽപ്രദേശ് സർക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിരവധിപേരുടെ ജീവനും ജീവിതവും ഇല്ലാതാക്കി ഇന്നും തുടരുന്ന മണിപ്പൂര്‍ കലാപം. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ കുക്കി വിരുദ്ധ നിലപാടുകളും മെയ്തി അനുകൂല മനോഭാവവും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പുമാണ് കലാപാന്തരീക്ഷത്തിലേക്ക് നയിച്ചതെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി വേണമെന്ന ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചപ്പോള്‍തന്നെ കുക്കി വിഭാഗത്തിനായി സ്വയംഭരണ കൗണ്‍സില്‍ രൂപീകരിക്കുവാനും സായുധസംഘങ്ങളുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനും ധാരണയാകുന്ന ഇരട്ട നിലപാടാണ് ഇരുസര്‍ക്കാരുകളും സ്വീകരിച്ചത്. ഉടമ്പടിക്ക് സന്നദ്ധമായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാണ് മ്യാന്‍മറില്‍ നിന്നെത്തിയ കുക്കികളാണ് കലാപത്തിന് പിന്നിലെന്ന നിലപാട് ഇപ്പോള്‍ പാര്‍ലമെന്റില്‍ പറഞ്ഞതെന്നതും വൈരുധ്യം വ്യക്തമാക്കുന്നു.

 

Eng­lish Sum­ma­ry: Nine years of Modi admin­is­tra­tion has only result­ed in mis­ery; The social media

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.