26 April 2024, Friday

Related news

April 23, 2024
April 21, 2024
April 20, 2024
April 20, 2024
April 18, 2024
April 17, 2024
April 16, 2024
April 15, 2024
April 6, 2024
April 5, 2024

ഓര്‍ഡനന്‍സ് ഫാക്ടറി സ്വകാര്യവല്‍ക്കരണം രാജ്യദ്രോഹം: ഡി രാജ

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2021 9:41 pm

220 വര്‍ഷത്തെ പാരമ്പര്യമുള്ള ഓര്‍ഡനന്‍സ് ഫാക്ടറികളെ ഇല്ലാതാക്കിക്കൊണ്ടുള്ള നടപടി ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ ആഘോഷത്തിന്റെ ഭാഗമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. 41 ഓര്‍ഡനന്‍സ് ഫാക്ടറികളെ തിരക്കുപിടിച്ച് ഏഴ് പുതിയ പ്രതിരോധ കമ്പനികളാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സിപിഐ അപലപിച്ചു. രാജ്യത്തിന്റെ പ്രതിരോധ തയാറെടുപ്പുകളില്‍ സുപ്രധാന പങ്കുവഹിച്ച ഓര്‍ഡനന്‍സ് ഫാക്ടറികള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കോര്‍പറേഷനുകളാക്കി മാറ്റാനുള്ള തീരുമാനം രാജ്യവിരുദ്ധവും രാജ്യസുരക്ഷയെയും പ്രതിരോധ മുന്‍കരുതലുകളെയും ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും ഡി രാജ ചൂണ്ടിക്കാട്ടി.
സിപിഐ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെയും പ്രതിരോധ മേഖലയിലെ ജീവനക്കാരുടെ സംഘടനകളുടെയുമെല്ലാം ശക്തമായ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ലജ്ജയേതുമില്ലാതെ പ്രധാനമന്ത്രി പുതിയ കമ്പനികള്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം ബഹിഷ്കരിച്ച നാല് ലക്ഷം ജീവനക്കാരും അവരുടെ കുടുംബങ്ങളുമുള്‍പ്പെടെയുള്ളവരെ സിപിഐ അഭിവാദ്യം ചെയ്യുന്നതായും ഡി രാജ പ്രസ്താവനയില്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതും സായുധസേന അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നതും കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനര്‍ചിന്തയ്ക്ക് വിധേയമാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

 

ബിഎസ്എഫിന്റെ അധികാരപരിധി: ഏകപക്ഷീയമായ തീരുമാനമെന്ന് സിപിഐ

 

ന്യൂഡല്‍ഹി: ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിക്കാനുള്ള ഏകപക്ഷീയമായ തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. പഞ്ചാബ്, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സി(ബിഎസ്എഫ്)ന്റെ അധികാരപരിധി അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ കൂടി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അപലപിച്ചു. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും സിപിഐ കുറ്റപ്പെടുത്തി. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും സിപിഐ ആവശ്യപ്പെട്ടു.

 

ബംഗ്ലാദേശ് സംഘര്‍ഷം: സിപിഐ ആശങ്ക രേഖപ്പെടുത്തി

 

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സാമുദായിക സംഘര്‍ഷത്തില്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രദേശത്തെ സമാധാനവും സ്വൈരജീവിതവും അപകടത്തിലാക്കുന്ന തരത്തിലാണ് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ശക്തമായിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തണമെന്നും അവരുടെ നീക്കങ്ങള്‍ പരാജയപ്പെടുത്തണമെന്നും എല്ലാ വിഭാഗം ജനങ്ങളോടും സിപിഐ അഭ്യര്‍ത്ഥിച്ചു. ഇത്തരം സംഭവങ്ങള്‍ മുളയിലേ നുള്ളാന്‍ കര്‍ശനമായ നടപടികള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

 

Eng­lish Sum­ma­ry: Ord­nance Fac­to­ry Pri­va­ti­za­tion Trea­son: D Raja

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.