30 April 2024, Tuesday

പോരാട്ട വീഥിയിലെ ഏകാന്ത താരകം

മഹേഷ് കക്കത്ത്
October 2, 2022 2:58 am

1943 മേയ് 23 മുതൽ ജൂൺ ഒന്ന് വരെ ബോംബെയിൽ നടന്ന സിപിഐയുടെ ഒന്നാം പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്ത പീപ്പിൾസ് വാറിന്റെ ജൂൺ 13ന്റെ മുഖപേജിൽ സമ്മേളനത്തിൽ പങ്കെടുത്ത ശ്രദ്ധേയരായ ഏഴ് പ്രതിനിധികളെക്കുറിച്ച് ഫോട്ടോ സഹിതം കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലൊരാളായിരുന്ന പി യശോദയെ പീപ്പിൾസ് വാർ ഇങ്ങനെ പരിചയപ്പെടുത്തി ‘ദരിദ്ര കർഷക കുടുംബത്തിലെ അംഗം, സ്കോളർഷിപ്പിന്റെ സഹായത്തോടെ പഠിച്ച് അധ്യാപക ജോലി സമ്പാദിക്കുകയും കോൺഗ്രസ് പ്രവർത്തകയാവുകയും ചെയ്തു. കേരളത്തിൽ ഏറ്റവും ആദ്യം പാർട്ടി അംഗമായിത്തീർന്ന വനിതകളിൽ ഒരാൾ, ഇപ്പോൾ പൂർണസമയ മഹിളാസംഘാടകയും പാർട്ടി വനിതാ ഘടകത്തിന്റെ സെക്രട്ടറിയുമാണ്.’
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ എഴുന്നൂറ് വനിതാ അംഗങ്ങളെ പ്രതിനിധീകരിച്ച് ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പതിമൂന്ന് സ്ത്രീസഖാക്കളിൽ ഒരാളായിരുന്ന യശോദ ടീച്ചർക്ക് അന്ന് പ്രായം ഇരുപത്തിയേഴ്. കേരളത്തിൽ നിന്ന് പങ്കെടുത്ത ഏക വനിതയായിരുന്നു അവർ. പി കൃഷ്ണപിള്ള, ഇഎംഎസ്, സി ഉണ്ണിരാജ, കെ സി ജോർജ്, കെ എ കേരളീയൻ, ടി സി നാരായണൻ നമ്പ്യാർ, കെ വി പത്രോസ്, എ കെ തമ്പി, പി കെ കുഞ്ഞനന്തൻ തുടങ്ങിയവരായിരുന്നു ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മറ്റ് നേതാക്കൾ. പാർട്ടി കോൺഗ്രസിൽ നടന്ന ചർച്ചയിലും പങ്കെടുത്ത് സംസാരിക്കാൻ ടീച്ചർക്ക് അവസരം ലഭിച്ചു.
അടച്ചിട്ട വാതിലിന് പുറത്ത് ഒറ്റുകാരായ ഗുണ്ടകളുടെയും പൊലീസിന്റെയും അട്ടഹാസം. ചവിട്ടിപ്പൊളിക്കുന്നതിന് മുൻപ് അമ്മ വാതിൽ തുറന്നു. പരിചിത മുഖങ്ങളാണ് ഏറെയും. ഈ രാത്രയിൽ നിങ്ങളെന്തിനാണ് വന്നത്? ചോദ്യത്തിന് മറുപടി പറയാതെ ഗുണ്ടകൾ അകത്തുകയറി. അമ്മയുടെ കൺമുന്നിൽ വച്ച് മകളുടെ മുടികുത്തിപ്പിടിച്ച് തല ചുമരിലിട്ടടിച്ചു. പൊലീസും ഗുണ്ടകളും ചേർന്ന് അവരെ മർദ്ദിച്ച് അവശയാക്കി. നിലത്തുവീണ മകളെ വീട്ടിൽ നിന്നിറക്കി പറമ്പിലൂടെ മുടിക്ക് പിടിച്ചുവലിച്ച് തൊട്ടുതാഴെയുള്ള വയലിലേക്ക് കൊണ്ടുപോയി.
കയ്യും കാലും ലാത്തിയുമെല്ലാം ഉപയോഗിച്ച് ഒരു സ്ത്രീയെ അനേകരൊന്നിച്ച് മർദ്ദിക്കുന്ന കാഴ്ച കണ്ട് ചെയ്യരുതേ എന്ന് ഉറക്കെ വിളിച്ചുപറയാൻ പറ്റാതെ ആകാശത്തിലെ നക്ഷത്രങ്ങൾ ലജ്ജിച്ചു കണ്ണ് ചിമ്മി. കെെകളും ലാത്തികളും പെരുമാറി തളർന്നപ്പോൾ മൃതദേഹമെന്ന് കരുതി അവരെ ആ വയലിൽ ഉപേക്ഷിച്ചു.
അക്രമികളുടെ ആരവമടങ്ങിയപ്പോൾ ആളുകൾ അന്വേഷിച്ചു കണ്ടുപിടിച്ചു. വസ്ത്രങ്ങളെല്ലാം വലിച്ചുകീറിയ നിലയിൽ ദേഹമാസകലം ചതഞ്ഞ്, ജീവച്ഛവമായി പാലോട്ടുകാവിന്റെ മുൻവശത്തെ കീച്ചേരി തവ (ചതുപ്പ്)യിൽ കിടക്കുന്ന അവൾക്ക് ചെറിയൊരു ഞെരക്കം മാത്രമാണ് ബാക്കിയുണ്ടായത് (പി യശോദ കനൽ വഴി താണ്ടിയ ആദ്യ പഥിക- ശാന്ത കാവുമ്പായി).
പി യശോദ ടീച്ചറുടെ ഉജ്ജ്വല ചരിത്രത്തിലെ അനുസ്മരണീയ സംഭവങ്ങളിൽ ഒന്നു മാത്രമാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യപഥികയുടെ ധീരജീവിതം സമാനതകളില്ലാത്തതാണ്. കൊടിയ പീഡനങ്ങൾ, ക്രൂരമർദ്ദനങ്ങൾ, ഒളിവ് ജീവിതവും പോരാട്ടങ്ങളും. സഹനവും സമരവും പി യശോദയെന്ന കമ്മ്യൂണിസ്റ്റുകാരിയുടെ കൂടപ്പിറപ്പായിരുന്നു. കേരളത്തിലെ സമരചരിത്രത്തിൽ ഒരുവിധത്തിലും സമാനതകളോ പൂർവമാതൃകകളോ ഇല്ലാത്ത വ്യക്തിയാണ് പി യശോദ ടീച്ചർ. ഇന്നാലോചിക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്ന എന്നാൽ ആരിലും ആവേശം നിറയ്ക്കുന്ന ഒട്ടേറെ പോരാട്ടങ്ങൾക്കാണ് അവർ നേതൃത്വം നല്കിയത്.
ജാതിയും ജന്മിത്വവും കൊടുകുത്തിവാണ പഴയ ബ്രിട്ടീഷ് മലബാറിലെ ചിറക്കൽ താലൂക്കിലെ കീച്ചേരിയിലെ അടിയേറ് വീട്ടിൽ ജാനകിയുടെയും ധർമ്മടത്തെ പയ്യനാടൻ ഗോവിന്ദന്റെയും രണ്ടാമത്തെ മകളായി 1916 ഫെബ്രുവരി 12ന് യശോദ ജനിച്ചു. പെൺകുട്ടികൾ പഠിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പലതരം വിലക്കുകൾ ഉണ്ടായിരുന്ന കാലത്ത് ഇഎസ്എസ്എൽസി പഠിച്ചു. ക്ലാസിലെ ഏകപെൺകുട്ടി.
‘ക്ലാസിൽ അവൾ ഒറ്റയ്ക്ക്, കുസൃതിക്കാരായ ആൺകുട്ടികൾക്ക് ചുറ്റും അവൾ മാത്രം. ചിലരുടെ തമാശകൾ അതിരുവിട്ടു. ബെഞ്ചിൽ യശോദ ഇരിക്കുന്നിടത്ത് ചുവന്ന മഷി ഒഴിക്കുക പതിവായി. ഇതുകണ്ട് ഹെഡ്മാസ്റ്റർ ശങ്കരൻ നമ്പ്യാർ അവൾക്ക് പ്രത്യേക ഇളവുകൾ നല്കി. രാവിലെ ബെല്ലടിച്ച് അഞ്ചുമിനിട്ട് കഴിഞ്ഞ് ക്ലാസിലെത്തിയാൽ മതി. അഞ്ച് മിനിട്ട് മുൻപ് ക്ലാസ് വിടുകയും ചെയ്യാം. ക്ലാസിലെ ഏകപെൺകുട്ടിയെ നിലനിർത്താനായിരുന്നു ഹെഡ്മാസ്റ്ററുടെ കനിവുകൾ (സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ‑എ വി അനിൽകുമാർ).
1931ൽ കീച്ചേരിയിലെ കാരാടന്റെ സ്കൂളിൽ (കല്യാശേരി സൗത്ത് സ്കൂൾ) അധ്യാപികയായി ചേരുമ്പോൾ പ്രായം പതിനഞ്ച്. നാട്ടിലെ ആദ്യ അധ്യാപിക. 1934ൽ മഹാത്മാഗാന്ധി പയ്യന്നൂരിൽ വന്നപ്പോൾ കാണാൻ പോയതിന്റെ പേരിൽ അമ്മയുടെ തല്ല് വാങ്ങിയ പെൺകുട്ടി പിന്നീട് ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായി. 1934 ഓഗസ്റ്റ് 23ന് കാരാടന്റെ സ്കൂളിൽ വിളിച്ചുചേർത്ത ചിറക്കൽ താലൂക്ക് അധ്യാപക സംഘടന രൂപീകരണത്തിൽ പങ്കെടുത്ത പതിമൂന്ന് പേരിൽ ഒരേ ഒരു സ്ത്രീയായിരുന്നു യശോദ ടീച്ചർ. അന്നത്തെ ചിറക്കൽ താലൂക്ക് അധ്യാപക യൂണിയനിലെ ആദ്യ വനിത അംഗമായി മാറി. 1935 ഫെബ്രുവരി 17ന് തലശേരി ബ്രണ്ണൻ കോളജിൽ വച്ച് രൂപീകരിച്ച മലബാർ എയിഡഡ് എലിമെന്ററി സ്കൂൾ അധ്യാപക യൂണിയന്റെ സ്ഥാപക അംഗമായി അവർ. യൂണിയൻ പ്രസിഡന്റ് പി എം കുഞ്ഞിരാമൻ നമ്പ്യാരും സെക്രട്ടറി പി ആർ നമ്പ്യാരും. അധ്യാപകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് നടന്ന സമരങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഏക അധ്യാപിക യശോദ ടീച്ചറായിരുന്നു. അധ്യാപക സമരത്തിന്റെ പേരിൽ 1939ൽ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യപ്പെട്ട് നാല് വർഷത്തോളം പുറത്തുനിൽക്കേണ്ടി വന്നെങ്കിലും മാപ്പെഴുതിക്കൊടുത്ത് ജോലിയിൽ പ്രവേശിക്കാൻ യശോദ ടീച്ചർ തയാറായില്ല.
സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നതിക്കായി സ്ഥാപിച്ച ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ പ്രധാന പ്രവർത്തകയായിരുന്ന പി യശോദ നാട്ടിലെങ്ങും മഹിളാസമാജം കെട്ടിപ്പടുക്കാൻ ഓടിനടന്നു. ആ സമയത്ത് കോൺഗ്രസിന്റെ പാപ്പിനിശേരിയിലേക്ക് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ശെെശവ വിവാഹം നിരോധിക്കൽ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടി പോരാടാൻ അവർ സ്ത്രീകൾക്ക് പ്രേരണ നല്കി. കർഷകസംഘത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തനങ്ങൾക്കൊപ്പം തന്നെ മലബാറിൽ മഹിളാസംഘങ്ങളും രൂപീകരിച്ച് സജീവ നേതൃത്വമായി. 1940ൽ ചെർപ്പുളശേരിയിൽ ആര്യപള്ളത്തിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ വച്ച് അഖില മലബാർ മഹിളാസംഘം രൂപീകരിക്കുന്നതിനും എത്രയോ മുൻപ് ടീച്ചറുടെ നേതൃത്വത്തിൽ മഹിളാസംഘടന രൂപീകരിച്ചിരുന്നു. 1937ൽ കീച്ചേരിയിലും സമീപപ്രദേശങ്ങളിലും സ്ത്രീകളെ സംഘടിപ്പിച്ച് മലബാറിലെ ആദ്യത്തെ ഇടതുമഹിളാ സംഘടനയായ കീച്ചേരി മഹിളാസംഘം രൂപീകരിച്ചു. കല്യാണി ടീച്ചർ പ്രസിഡന്റും യശോദ ടീച്ചർ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. കുടുംബത്തിൽ പോലും സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാത്ത കാലത്താണ് അവകാശങ്ങൾക്കുവേണ്ടി സംഘടിക്കുവാനും സമരം ചെയ്യാനും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനും സ്ത്രീകളെ വീട്ടിന് വെളിയിലേക്കിറക്കിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യപഥിക മാത്രമല്ല കമ്മ്യൂണിസ്റ്റ് പത്രപ്രവർത്തനത്തിൽ ആദ്യ ലേഖികയായി ചരിത്രത്തിൽ ഇടം നേടിയ പി യശോദ നാല്പതുകളിൽ മലബാറിലെ വിവിധ ഗ്രാമങ്ങളിൽ നടന്ന ചെറുത്തുനില്പ് സമയത്ത് അതിസാഹസികമായി ദേശാഭിമാനി പത്രത്തിന് റിപ്പോർട്ട് ചെയ്തു. മലയാള പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ആദ്യ ലേഖികയായാണ് ടീച്ചറെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.
തൂക്കുമരം കാത്തുകഴിഞ്ഞ കയ്യൂർ സഖാക്കളെ കണ്ണൂർ സെൻട്രൽ ജയിലിൽ കാണാനെത്തിയ ഏക സ്ത്രീ യശോദ ടീച്ചറായിരുന്നു. കയ്യൂർ രക്തസാക്ഷികളായ സഖാക്കൾ അപ്പുവിനെയും ചിരുകണ്ടനെയും അബൂബക്കറെയും കുഞ്ഞമ്പുനായരെയും തൂക്കിലേറ്റിയ 1943 മേയ് 30ന് ദിവസങ്ങൾക്ക് മുൻപ് ജയിലിലെത്തിയ പി യശോദ, പ്രത്യേകമായി അടച്ചിരുന്ന സെല്ലുകൾക്ക് മുന്നിലെത്തി സഖാക്കളെ കണ്ടു സംസാരിച്ചു. കണ്ണീരിന്റെ നനവുള്ള ആ കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ ദേശാഭിമാനിയിലേക്ക് പകർത്തി. വികാരസാന്ദ്രവും വിപ്ലവാവേശവും നിറഞ്ഞ ആ റിപ്പോർട്ട് പുറത്തുവന്നതോടെ ദേശാഭിമാനിയിലെ സ്വ. ലേ (സ്വന്തം ലേഖിക) ചരിത്രമായി. പത്രപ്രവർത്തനത്തിനിടയിൽ മർദ്ദനമേൽക്കുകയും അപമാനിതയാവുകയും നാടുവിടേണ്ടിവരികയും ചെയ്ത വ്യക്തിയായിരുന്നു പി യശോദടീച്ചർ.
1939ൽ കെപിസിസിയുടെ പത്താം കേരള സംസ്ഥാനസമ്മേളനം ബക്കളത്ത് നടന്നപ്പോൾ യശോദ ടീച്ചർ വോളന്റിയറായിരുന്നു. പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളഘടകം രൂപീകരിച്ചതിനുശേഷം പാപ്പിനിശേരിയിലെ അരോളിയിൽ 1941ൽ സംഘടിപ്പിച്ച പാർട്ടി സെല്ലിൽ യശോദ ടീച്ചർ അംഗമായി. 2009 ജൂലെെ 27ന് അന്തരിക്കുന്നതുവരെ അവർ സിപിഐ അംഗമായിരുന്നു.
1942 നവംബർ ഒന്നു മുതൽ പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കോഴിക്കോട് പുതിയ റയിൽവെച്ച് നടന്ന മഹിളാ ക്യാമ്പിൽ വച്ചാണ് കേരള മഹിളാ സംഘം രൂപീകരിച്ചത്. ഒ ടി ശാരദ കൃഷ്ണൻ പ്രസിഡന്റും തങ്കമ്മ കൃഷ്ണപിള്ള സെക്രട്ടറിയുമായി നിലവിൽ വന്ന കമ്മിറ്റിയിലെ അംഗങ്ങൾ പി യശോദ, ആര്യപള്ളം, പി സി കാർത്ത്യായനിക്കുട്ടിയമ്മ, ഭവാനിയമ്മ, കെ ദേവയാനി, മിസിസ് ടി സി, മിസിസ് എംആർബി എന്നിവരായിരുന്നു.
1943ൽ ബോംബെയിൽ നടന്ന സിപിഐയുടെ ഒന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 20, 21 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ വളണ്ടിയർ സേനയുടെ ക്യാപ്റ്റനായി പ്രവർത്തിച്ചത് യശോദ ടീച്ചറാണ്. നാല്പത്തി മൂന്നിൽ ഹൈദരാബാദിൽ നടന്ന അഖില ഭാരത വനിതാ കോൺഗ്രസ്, ഡിസംബറില്‍ കറാച്ചിയിലെ സിന്ധിൽ നടന്ന ഓൾ ഇന്ത്യ വിമെൻസ് കോൺഫറൻസ്, 1954ൽ കൽക്കത്തയിൽ നടന്ന ദേശീയ മഹിളാ ഫെഡറേഷന്റെ (എൻഎഫ്ഐഡബ്ല്യു) രൂപീകരണസമ്മേളനം തുടങ്ങി സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഇന്ത്യ മുഴുവൻ യാത്ര ചെയ്ത സ്ത്രീ പോരാളിയായിരുന്നു പി യശോദ എന്ന ധീര വനിത.
1948ലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ കാലം. യശോദയും പൊലീസ് പിടിയിലകപ്പെട്ടു. പറശിനിക്കടവിൽ പി എം ഗോപാലന്റെ വീട്ടിൽ ഒളിവിൽ കഴിയവേ അവർ എംഎസ് പി സംഘത്തിന്റെ കൈകരുത്തിൽ പിടഞ്ഞുവീണു. മുടികുത്തിപ്പിടിച്ച് നിലത്തുവീഴ്ത്തി. പലവട്ടം തല ചുമരിലിട്ടടിച്ചു. കൂടാതെ അസഭ്യവാക്കുകളും കളിയാക്കലുകളും മർദ്ദനത്തിന് അകമ്പടിയായി. അവരുടെ വയറ്റിൽ ആഞ്ഞടിക്കുമ്പോൾ പൊലീസുകാർ ആക്രോശിച്ചു. “നീ പ്രസവിക്കരുത്, നീ പ്രസവിച്ചാൽ അതും കമ്മ്യൂണിസ്റ്റാകും.” അവിടെ നിന്നും ഒരുവിധം രക്ഷപ്പെട്ടു. പിന്നെ ഏറെക്കാലം ഒളിവിൽ കഴിഞ്ഞുള്ള പ്രവർത്തനമായിരുന്നു.
1952 മെയ് എട്ടിന് സിപിഐ കണ്ണൂർ താലൂക്ക് കമ്മിറ്റി ഓഫീസിൽ വച്ച് കാന്തലോട്ട് കുഞ്ഞമ്പുവും പി യശോദ ടീച്ചറും വിവാഹിതരായി. വിവാഹചടങ്ങിനേക്കാൾ പ്രധാനമായത് യശോദ ടീച്ചറിന്റെ അമ്മ അടിയേരി ജാനകിയുടെ പ്രഖ്യാപനമായിരുന്നു. വധൂവരന്മാരെ പാർട്ടിക്ക് സംഭാവന നൽകുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. വിവാഹത്തിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ആ പ്രഖ്യാപനം സ്വീകരിച്ചത്.
അന്തിക്കാട്ടെ ചെത്തുതൊഴിലാളിക്കിടയിൽ പ്രവർത്തിച്ചിട്ടുണ്ട് യശോദ ടീച്ചർ. സ്ത്രീകളെയും കുട്ടികളെയും സംഘടിപ്പിച്ച് യശോദ ടീച്ചർ രൂപീകരിച്ച മഹിളാ കലാസംഘം ചെത്തുതൊഴിലാളി സമരത്തിന്റെ പ്രചരണത്തിനായി തെരുവിലേക്കിറങ്ങി. “വരനില്ലാത്ത വിവാഹം” പോലുള്ള ചടങ്ങിനെതിരെ നിശാപാഠശാലകളിലൂടെ യശോദ ടീച്ചറും സഖാവും ശക്തമായ പ്രചരണം നടത്തി. അനാചാരങ്ങളുടെ തടവറയിൽ കഴിഞ്ഞ ചെത്തു തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് അവരുടെ ഇടപെടൽ ഏറെ സഹായകരമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.