6 October 2024, Sunday
KSFE Galaxy Chits Banner 2

ആഹ്ളാദത്തിന്റെ ഞായർ

ഡോ. എ മുഹമ്മദ് കബീർ
April 9, 2023 4:00 am

“സ്ഫുടതാരകൾ കൂരിരുട്ടിലു-
ണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ
ഇടർ തീർപ്പതിനേക ഹേതു വ-
ന്നിടയാമേതു മഹാവിപത്തിലും”
(കുമാരനാശാൻ, ചിന്താവിഷ്ടയായ സീത) 

ഇരുൾച്ചിറകടിയൊച്ചയാൽ നാം നെയ്ത കിനാവുകൾ തെറിച്ചുപോവുകയും, വഴിത്തണൽ തേടിയുള്ള യാത്രകൾ അനന്തമാവുകയും ചെയ്യുന്ന വിരുദ്ധകാലത്തും നിലാവിന്റെ പാൽക്കടൽ തീർത്ത് ചില വിശുദ്ധരാവുകൾ നമ്മെ തേടിയെത്തുന്നുണ്ട്. പ്രത്യാശയുടെ ജാലകപ്പഴുതിലൂടെ അരിച്ചെത്തി നമ്മുടെ ഉള്ളകം തണുപ്പിക്കുന്ന ഈ നിലാസ്പർശം കാലം നമുക്കായി കാത്തുവയ്ക്കുന്ന പുണ്യത്തിന്റെ പൂർണകുംഭങ്ങളാകുന്നു. മറ്റുള്ളവർക്കായി സ്വയമെരിഞ്ഞ്, സ്നേഹത്തിന്റെ ഒലീവിലകൊണ്ട് വരുംകാല ലോകത്തിന് തണലൊരുക്കിയ ദൈവപുത്രന്റെ ഉയിർപ്പ് ദിനം വിശ്വാസികൾക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും ആഹ്ളാദത്തിന്റെ നിമിഷങ്ങളാണ്. എല്ലാം നശിച്ചു പോയിട്ടില്ല, പോകില്ലെന്ന് നമ്മെ നിരന്തരം ഓർമിപ്പിക്കുന്ന ഇത്തരം തിരുദിനപ്പിറവികൾ പ്രതീക്ഷയുടെ പൂമരത്തണൽ വിരിക്കുന്നു. ഏതു കൂരിരുളിലും ചില നക്ഷത്രങ്ങൾ വഴികാട്ടുവാനുണ്ടാകും. മഹാസാഗരത്തിൽ ചില തുരുത്തുകൾ പ്രതീക്ഷ നൽകുവാനുണ്ടാകും. ഏതു മഹാവിപത്തിനെയും മറികടക്കാനുള്ള ആത്മബോധം പകരുന്ന ചില സന്ദർഭങ്ങളുണ്ടാകും. അതുകൊണ്ടാണ് മനുഷ്യജീവിതം ഇത്രമേൽ ചലനാത്മകമാകുന്നത്. വർത്തമാനകാല ഇന്ത്യയിൽ നമുക്ക് പ്രതീക്ഷപകരുന്ന ചിന്തകളാണിത്. അങ്ങനെ ഏവർക്കും പുതുപ്രതീക്ഷകൾ പകർന്ന് ഈസ്റ്റർദിനം വീണ്ടുമെത്തുന്നു. 

ആകാശച്ചെരിവിൽ നിറഞ്ഞുമിന്നുന്ന ഓരോ നക്ഷത്രവും വിളംബരം ചെയ്യുന്നത് ക്രിസ്തുദേവന്റെ സ്നേഹവായ്പിനെയാണ്. നക്ഷത്രക്കണ്ണുകളിൽ തെളിയുന്നത് പരിത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഉദാരതയുടെയും മാനവികതയുടെയും തിരുവെഴുത്തുകളാണ്. ഓരോ നക്ഷത്രവും വഴികാട്ടികളാണ്. നീ ഞങ്ങൾക്ക് വഴികാട്ടിയാകുമോയെന്ന് ഓരോ നക്ഷത്രത്തോടും നിശബ്ദമായി നമ്മുടെ മനസ് ചോദിക്കുന്നുണ്ട്. കണ്ണീരുപ്പുപുരളാത്ത, നിലവിളിയും നിരാലംബതയുമില്ലാത്ത, കറുപ്പും കാലുഷ്യവുമില്ലാത്ത, വെല്ലുവിളിയും വേട്ടയാടലുമില്ലാത്ത സമഭാവനയുടെ ലോകത്തെത്താനുള്ള പുതുവഴിതേടിയുള്ള യാത്രയിൽ ഒരു നക്ഷത്രമുദിക്കുന്നു. വഴിയറിത്താവർക്കുള്ള വഴികാട്ടിയാണത്. യേശുദേവനിലേക്കുള്ള വഴി. ആ വഴിയിലെത്തുമ്പോൾ നമ്മളും നക്ഷത്രങ്ങളാകുന്നു. മാനവവിമോചനത്തിലേയ്ക്ക് വഴിനടത്തുന്ന യഥാർഥ നക്ഷത്രങ്ങൾ. ഓർമകളിൽ സുഗന്ധമായി, കാഴ്ചകളിൽ കുളിരായി മനസിൽ മധുവായി ഈസ്റ്ററെത്തി. പുനരുത്ഥാനത്തിന്റെ ഊർജപ്രവാഹമായി. ത്യാഗവും സ്നേഹവും സമന്വയിക്കുന്ന പുണ്യദിനം. 

വിശുദ്ധവാരത്തിൽ ദുഃഖവെള്ളിക്കു മുമ്പുള്ള വ്യാഴമാണ് പെസഹാദിനം. വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിനം. ഹോശാനാ ഞായർ മുതൽ ആരംഭിക്കുന്ന ഒരാഴ്ച ദുഃഖവാരം എന്നും വിശുദ്ധവാരമെന്നും അറിയപ്പെടുന്നു. പന്ത്രണ്ട് ശിഷ്യരോടൊപ്പം യേശു അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനുമുമ്പ് അവരുടെ കാൽകഴുകിയതിന്റെയും ഓർമ്മപുതുക്കൽ കൂടിയാണ് പെസഹാദിനം. നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ ഞാൻ നിങ്ങൾക്ക് മാതൃക തന്നിരിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. ഇതായിരുന്നൂ യേശു ശിഷ്യരോട് പറഞ്ഞത്. ദുഖവെള്ളി കഴിഞ്ഞ് മൂന്നാംനാളാണ് ഈസ്റ്ററിന്റെ വരവ്. അതിരില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രതീകമാണ് ദുഖവെള്ളി. അന്നാണ് മാനവകുലത്തിന്റെ പാപമോചനത്തിനായി ദൈവപുത്രൻ കുരിശിലേറിയത്. സമസ്തലോകത്തിന്റെയും പാപബോധത്തെ സ്വയം ഏറ്റെടുത്ത് വിശുദ്ധനായവൻ. അവന്റെ ചുമലുകളിൽ കുരിശ് അമർന്നിരുന്നു. നിന്ദാപദങ്ങളുടെ തുടർച്ചയാലുള്ള സംബോധനാ സമൃദ്ധികൊണ്ട് ജനക്കൂട്ടം അവനെ അവഹേളിച്ചു. പാപി, നീചൻ, നിഷ്ഠൂരൻ, കള്ളൻ എന്നിങ്ങനെയുള്ള തുടരൻ പ്രയോഗങ്ങൾ. ക്രിസ്തുവിന്റെ ശരീരത്തെ മാത്രമല്ല, മനസിനെയും മുറിവേൽപിക്കലായിരുന്നൂ അവരുടെ ലക്ഷ്യം. രാജ്യദ്രോഹവും മതനിന്ദയും ആരോപിക്കപ്പെട്ട് ചാട്ടവാറടിയേറ്റ് കുരിശുചുമന്ന് ഗാഗുൽത്താമലയിലെത്തിയ ക്രിസ്തുദേവൻ യഹൂദപുരോഹിതരുടെയും പടയാളികളുടെയും ശകാരവാക്യങ്ങളേറ്റ് കുരിശിലേറി. അപ്പോഴും ക്രിസ്തുവിന്റെ മനസ്സ് അചഞ്ചലമായിരുന്നൂ. യഹൂദരുടെ പരിഹാസവും അസഭ്യവർഷവും വെല്ലുവിളിയും ഉയർന്നുകേട്ടപ്പോൾ കുരിശിൽനിന്നും ശാന്തമായ ഒരു ശബ്ദം ഉയർന്നുകേട്ടു. ‘പിതാവേ, ഇവർ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ’. ( ലൂക്കോ 23: 24) 

ജൂതരാജാവായ നസ്രായ ക്രിസ്തുവെന്ന കുറ്റാരോപിത മേലെഴുത്തുള്ള കുരിശിലാണ് ക്രിസ്തുവിനെ തറച്ചത്. ആത്മത്യാഗത്തിലൂടെ ക്രിസ്തു കുരിശിനെ പാവനമാക്കി. പീഢാനുഭവങ്ങളുടെ കുരിശ് രക്ഷയുടെ അടയാളമായി പ്രതീകവൽക്കരിക്കപ്പെടുകയും നമ്മുടെ വിമോചനസ്വപ്നങ്ങൾക്ക് നിറം പകരുകയും ചെയ്തു. പ്രാർഥനയും ഉപവാസവുമായി നാടെങ്ങും വിളംബിതമാകുന്ന തിരുദിനമായി ദുഖവെള്ളി മാറുന്നു. കാൽവരിമലയിലെ കുരിശിൽ പീഡാനുഭവങ്ങളിലൂടെ വിശുദ്ധിയുടെ പുത്തനധ്യായം രചിച്ച ദിനം. ‘ക്രൂൂശിതനായ ദിവസം വൈകുന്നേരമായപ്പോൾ യേശുവിന്റെ ശരീരം പീലാത്തോസിന്റെ അനുമതിയോടെ അരിമത്ഥ്യയിലെ യോസേഫ് വാങ്ങി, ഒരു ശീലയിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയ കല്ലറയിൽ വച്ചു. തുടർന്ന് കല്ലറ വാതിൽക്കൽ കല്ലുരുട്ടി വയ്ക്കുകയും ചെയ്തു. ആഴ്ചവട്ടത്തിന്റെ ഒന്നാംനാൾ അതികാലത്ത് മഗ്ദലനക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും യേശുവിനെ അടച്ച കല്ലറയ്ക്കൽ ചെന്നു. കല്ലറയുടെ വാതിൽക്കൽ നിന്ന് നമുക്കുവേണ്ടി ആര് കല്ലുരുട്ടിക്കളയുമെന്ന് തമ്മിൽ പറഞ്ഞു. അവർ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു, അത് ഏറ്റവും വലുതായിരുന്നു’. 

സ്നേഹിതനു വേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന സന്ദേശം ക്രിസ്തുവിന്റെ മറ്റെല്ലാ വചനങ്ങളും പോലെ വിശുദ്ധമാണ്. ഇരുൾക്കൂടാരത്തിലകപ്പെട്ട മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായി, സ്വയം കുരിശിലേറി, മാനവകുലത്തിന് നല്ല ദിനങ്ങളുണ്ടാകാൻ സ്വജീവിതം സമർപ്പിച്ച വഴികാട്ടിയാണ് ക്രിസ്തു. കുരിശിനെ ചേർത്തുപിടിക്കുന്നതിലൂടെ സംരക്ഷണവും സമാധാനവും രക്ഷയും ഒരുമിക്കുന്നുവെന്ന സന്ദേശമെത്തുന്ന ദിനം കൂടിയാണ് ദുഖവെള്ളി. ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതിയെന്ന കവിവാക്യം ക്രിസ്തുദേവന്റെ കുരിശുമരണത്തിനും എത്രമേൽ അനുയോജ്യമാണ്!. ഒരു കാലത്ത് അപമാനചിഹ്നമായിരുന്ന കുരിശിനെ സ്വന്തം രക്തവും ജീവനും നൽകി പവിത്രമാക്കിത്തീർക്കുകയാണ് ക്രിസ്തുദേവൻ ചെയ്തത്. കുരിശിലൂടെ ഓരോരുത്തരും. വിശുദ്ധിയിലേക്ക് വീണ്ടെടുക്കപ്പെടുന്നു. ‘എല്ലാ മനുഷ്യരും ജീവിക്കാനായി ജനിക്കുന്നു. എന്നാൽ ക്രിസ്തു മരിക്കാനായി ജനിച്ചു.’ (ഫുൾട്ടൻ ജെഷീൻ)
‘ഞാൻ തന്നെ പുനരുദ്ധാനവും ജീവനുമാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല.’(യോഹ. 11.26)

കുരിശുമരണം എല്ലാറ്റിന്റെയും അവസാനമായിരുന്നില്ല. മരണത്തെ തോൽപിക്കാനുള്ള ഇച്ഛാശക്തിയും കരുത്തും നിറച്ച മനസാണ് ക്രിസ്തുദേവന്റെ മൂന്നാം നാളുള്ള ഉയിർപ്പിന് കാരണമായത്. തിരിച്ചടികളും പീഢാനുഭവങ്ങളും താൽക്കാലികം മാത്രം. അചഞ്ചലമായ മനസും സഹിഷ്ണുതയും വിശുദ്ധിയിലേക്കുയർത്തുമെന്ന സന്ദേശം ഈസ്റ്റർ നൽകുന്നു. തിന്മയും അസത്യവും താൽക്കാലികവിജയം നേടിയേക്കുമെങ്കിലും ആത്യന്തികവിജയം എന്നും സത്യത്തിനു മാത്രം. സത്യത്തിനു വേണ്ടി എല്ലാക്കാലവും അടിയുറച്ചുനിൽക്കണമെന്ന് ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നു. അമ്പത്തൊന്നു ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് ഈസ്റ്റർ എത്തുന്നത്. അങ്ങനെയാണ് ഈസ്റ്റർ ആനന്ദത്തിന്റെ ഞായറാഴ്ചയായി മാറുന്നത്. ജീവിവർഗത്തിന്റെ നിതാന്തവൈരി മരണമാണ്. മരണത്തെ തോല്പിക്കൽ വീരോചിതമാണ്. ക്രിസ്തു മരണത്തെ പരാജയപ്പെടുത്തി ഉയിർത്തെഴുനേറ്റത് വലിയ സന്ദേശമാണ് ലോകജനതയ്ക്കു നൽകുന്നത്. വസന്തം വിരുന്നെത്തുന്ന, പൂക്കാലം സംഗീതം നിറയ്ക്കുന്ന, കിളികൾ പറന്നണയുന്ന, തേനുണ്ട വണ്ടുകൾ നൃത്തമാടുന്ന ഹരിതഭംഗിയാർന്ന് പ്രകൃതികാഴ്ചച്ചന്തം തീർക്കുന്ന പുതുജീവിതസൗഭാഗ്യങ്ങളുടെ മധ്യേ എത്തുന്ന ഈസ്റ്റർ അവൻ വീണ്ടും വരുമെന്ന വചനത്തെ സാധൂകരിക്കുന്നു. പ്രകൃതി പുനരുദ്ധാനസന്ദേശം സ്വയം വെളിവാക്കുന്നതുപോലെയാണിത്. പുനരുദ്ധാനത്തിന്റെ സൂചനകൾ ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. ‘ഏതു മനുഷ്യന്റെയും ചരിത്രം മരണം കൊണ്ടവസാനിക്കുന്നു. അവരെക്കുറിച്ചുള്ള സ്മൃതിയിൽ അവരുടെ സമാധിയും (മരണം) തെളിഞ്ഞു നിൽക്കുന്നു. എന്നാൽ കല്ലറയിൽ അവസാനിക്കാത്ത ഒരു ചരിത്രം ക്രിസ്തുവിന് മാത്രമുള്ളതാണ്. മൂന്നാം നാൾ മരണത്തെ ജയിച്ച് തുംഗപ്രതാപനായി അവൻ ഉത്ഥാനം ചെയ്യുകയുണ്ടായി.’ (മാർക്കോ. 10: 32–34)

റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യൂദയായുടെ അഞ്ചാമത്തെ ഭരണാധികാരിയായിരുന്ന പീലാത്തോസ് യേശുവിന്റെ രക്ഷയാഗ്രഹിച്ചു. പക്ഷേ ഭരണാധികാരിയുടെ ഭയം അയാളെ വേട്ടയാടി. ആൾക്കൂട്ടവിചാരണയ്ക്കു മുന്നിൽ പീലാത്തോസിന് കീഴടങ്ങേണ്ടി വന്നു. യഹൂദന്മാരുടെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവർത്തിക്കുവാൻ പീലാത്തോസിന് കഴിഞ്ഞില്ല. പൊതുബോധ തൃപ്തിയാണ് പീലാത്തോസെന്ന ഭരണാധികാരി ആഗ്രഹിച്ചത്. പെസഹാവ്യാഴദിനം ഒരു തടവുകാരനെ മോചിപ്പിക്കാൻ ഭരണാധികാരിക്കു കഴിയുമായിരുന്നു. യേശു പാപിയല്ലെന്ന് അറിയാമായിരുന്ന പീലാത്തോസ് യേശുവിന്റെ മോചനമാണ് ആഗ്രഹിച്ചത്. യേശുവിനെ മോചിപ്പിക്കുന്നതിനു പകരം ജനക്കൂട്ടം ആവശ്യപ്പെട്ടത് കലാപകാരിയായ ബറബ്ബാസിന്റെ മോചനമാണ്. അങ്ങനെ ബറബ്ബാസ് മോചിതനായി. മരണം കാത്തുകിടന്ന ബറബ്ബാസിന് പുതുജീവിതവും ജീവിതം കാത്തു നിന്ന ദൈവപുത്രന് മരണവും വിധിച്ച ഭരണാധികാരനീതി. പാപികൾ മോചിപ്പിക്കപ്പെടുകയും വിശുദ്ധർ വേട്ടയാടപ്പെടുകയും ചെയ്യുന്നത് ലോകനീതിയായി വാഴ്ത്തപ്പെടുന്ന ദുരന്തമാണ് ഇവിടെ നാം കാണുന്നത്. യേശുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് നന്നായി പണിപ്പെട്ടു. ‘ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല’എന്ന. പീലാത്തോസിന്റെ പ്രസ്താവന അക്കാര്യം നന്നായി വെളിപ്പെടുത്തുന്നു. 

ക്രിസ്തുവിന്റെ പാദസ്പർശത്താൽ പുളകം കൊണ്ട ഗലീലിയക്കടലിൽ പീഢാനുഭവ ഓർമകളാൽ നിറഞ്ഞ കണ്ണുനീരിന്റെ തിര ഇപ്പോഴും അടങ്ങിയിട്ടില്ല. നന്മനിറഞ്ഞ എല്ലാ മനസിലും അതിന്റെ ഇരമ്പമുണ്ട്. ആത്മത്യാഗത്തിലൂടെ ഉരുകിയൊലിച്ച ക്രിസ്തുദേവൻ പകർന്ന വെളിച്ചം സ്നേഹസാമീപ്യമായി ഒപ്പമുണ്ടെന്നത് വലിയ ആശ്വാസമാണ്. ഗദ്ഗദത്തിന്റെ ഗാനവുമായി സ്വർഗവാതിൽപ്പക്ഷികൾ ഓർമകളിൽ ചിറകടിച്ചു പറക്കുന്നു. ഒരിക്കലും അവസാനിക്കാത്ത, ഹൃദയഭിത്തികളിൽ നിന്ന് മായ്ക്കാൻ കഴിയാത്ത ചലനങ്ങൾ ബാക്കിയാക്കി ദുഖവെള്ളി നമ്മെ കടന്നുപോകുന്നു. മനുഷ്യർ അവരുടെ പാപക്കറപുരണ്ട ഹൃദയത്താൽ വരണ്ടുപോകാതിരിക്കുവാൻ തന്നെത്തന്നെ മോചനദ്രവ്യമായി സമർപ്പിച്ച് മാനവകുലത്തെ വീണ്ടെടുക്കുകയായിരുന്നൂ ക്രിസ്തു. പ്രതീക്ഷയുടെ തിരയിളക്കവുമായി ഈസ്റ്റർ നമുക്കൊപ്പം ചേരുകയാണ്. ക്രിസ്തു ഒരു പ്രതീകമാണ്… ഈസ്റ്ററും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.