14 October 2024, Monday
KSFE Galaxy Chits Banner 2

നെല്ല് സംഭരണം: വസ്തുതകളും യാഥാർത്ഥ്യങ്ങളും

അഡ്വ. ജി ആര്‍ അനില്‍
ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പുമന്ത്രി
May 24, 2022 6:00 am

അധികം വിദൂരമല്ലാത്ത ഭൂതകാലത്തിൽ കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും നെൽകൃഷിയെ ആശ്രയിച്ചാണ് ജീവിച്ചുവന്നിരുന്നത്. ഉല്പാദനക്രമവും സമ്പദ്‌വ്യവസ്ഥയും മാത്രമല്ല മലയാളിയുടെ സംസ്കാരവും കാർഷിക കേന്ദ്രീകൃതമായിരുന്നു. കാലാവസ്ഥ വലിയ വ്യതിയാനങ്ങളില്ലാതെ നിലനിർത്തുന്നതിലും പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും ഈ കാർഷിക വ്യവസ്ഥ വലിയ പങ്കാണ് വഹിക്കുന്നത്. ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ കർഷകരും അവരുടെ പ്രസ്ഥാനങ്ങളും നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയുന്നതല്ല. ജന്മിമാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി യഥാർത്ഥ കർഷകരിലെത്തിക്കുന്നതിനുള്ള വിപ്ലവകരമായ നിയമനിർമ്മാണ പ്രക്രിയ 1957 ലെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്താരംഭിച്ചെങ്കിലും പൂർത്തീകരിക്കപ്പെട്ട് യാഥാർത്ഥ്യമായത് 1970 ലെ സി അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ്. ജന്മിത്വം അവസാനിപ്പിച്ച് അരനൂറ്റാണ്ട് പിന്നിടുമ്പോൾ കൂടുതൽ സങ്കീർണമായ സാമൂഹ്യ സാമ്പത്തിക ക്രമത്തിലാണ് നാം ജീവിക്കുന്നത്. ഇതര മേഖലകളിലെന്നപോലെ, ഉദാരവല്ക്കരണ നയങ്ങൾക്കെതിരായ ജനപക്ഷ ബദൽ സമീപനങ്ങളിലൂന്നിയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ കർഷകരെ സഹായിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. അക്കൂട്ടത്തിൽ സുപ്രധാനമാണ് നെല്ലുസംഭരണ പദ്ധതി. വിപണിയുടെ മേധാവിത്വത്തിൽ നിന്നും നെൽ കർഷകരെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ഒരു ചുവടുവയ്പ് എന്ന നിലയിലാണ് 2006–2007 വർഷത്തിൽ എൽഡിഎഫ് സർക്കാർ നെല്ല് സംഭരണം ആരംഭിച്ചത്. ആ വ‍ർഷം 17,246 കർഷകരിൽ നിന്നായി 45,176 ഹെക്ടർ വിസ്തൃതിയുള്ള പാടങ്ങളിൽ 74,237 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഇത് ക്രമാനുഗതമായി വർധിച്ചു. 2019–2020 വർഷത്തിൽ 2.2 ലക്ഷം കർഷകരിൽ നിന്നായി 1.74 ലക്ഷം ഹെക്ടർ വിസ്തൃതി വരുന്ന പാടങ്ങളിൽ നിന്നായി 7.094 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി 1911.82 കോടി രൂപ കർഷകർക്ക് ലഭിച്ചു. 2020–2021 വർഷത്തിൽ 1.91 ലക്ഷം ഹെക്ടർ പാടങ്ങളിൽ നിന്നായി 2.52 ലക്ഷം കർഷകരിൽ നിന്ന് 7.6488 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും ഇതിന്റെ വിലയായി 2102 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സിവിൽ സപ്ലൈസ് കോർപറേഷനാണ് നെല്ല് സംഭരിക്കുന്നത്. സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന മില്ലുകൾ വഴിയാണ് സംഭരണം. ഇപ്രകാരം സംഭരിച്ച നെല്ല് മില്ലുകൾ അരിയാക്കി തിരികെ നൽകുകയും അത് പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുകയും ചെയ്യുന്നു. 57 മില്ലുകളുമായിട്ടാണ് സർക്കാർ ഈ വർഷം കരാറിലേ‍ര്‍പ്പെട്ടിട്ടുള്ളത്. ഇതിൽ ഒന്ന് പൊതു മേഖലയിലും ഒന്ന് സഹകരണ മേഖലയിലുമാണ്. ബാക്കി 55 സ്വകാര്യ മില്ലുകളാണ്. സംഭരിക്കുന്ന നെല്ലിന്റെയും അത് സംസ്ക്കരിച്ച് കിട്ടുന്ന അരിയുടെയും ഗുണമേന്മ പരിശോധിക്കുന്നത് കൃഷി വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ്. നിലവിൽ കിലോഗ്രാമിന് 28 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം 19.40 രൂപയും സംസ്ഥാന സർക്കാരിന്റെത് 8.60 രൂപയുമാണ്. 100 കിലോ നെല്ലിന് 64.5 കിലോ അരിയാണ് മില്ലുകൾ തിരികെ തരേണ്ടത്. കേന്ദ്ര സർക്കാർ ഇത് 68കിലോ എന്ന നിരക്കിലാണ് നിശ്ചയിച്ചത്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് ഇവിടെ 64.5 കിലോയായി നിശ്ചയിച്ചു. ഈ 3.5 കിലോ ഗ്രാമിന്റെ വ്യത്യാസം ഉണ്ടാക്കുന്ന ബാധ്യതയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കർഷകർ നെല്ല് സംഭരണത്തിനായി http://supplycopaddy.in എന്ന വെബ് സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്ക് വേണ്ടി മില്ലുകൾ കർഷകന് പിആർഎസ് (പാഡി റസീപ്റ്റ് ഷീറ്റ്) നൽകുന്നു. ഇത് പാഡി മാർക്കറ്റിങ് ഓഫീസർമാർ പരിശോധിച്ച് അംഗീകരിക്കുന്നു. അതിൽ ഉൾപ്പെട്ടിട്ടുള്ള തുക ബാങ്കുകൾ സപ്ലൈകോയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള കർഷകർക്ക് വായ്പയായും നൽകുന്നു. ഈ തുക പലിശ സഹിതം ബാങ്കുകൾക്ക് സപ്ലൈകോ നൽകും. ഇപ്രകാരം കർഷകന് സമയബന്ധിതമായി നെല്ലിന്റെ വില ലഭ്യമാകുന്നു.


ഇതുകൂടി വായിക്കാം; ഭക്ഷ്യ- പൊതുവിതരണ വകുപ്പ് ഒരാണ്ട് പിന്നിടുമ്പോൾ


മുൻകാലങ്ങളെക്കാളും വിജയകരമായി നെല്ലുസംഭരണം ഈവർഷം പൂർത്തീകരിക്കപ്പെടുകയാണ്. ആറര ലക്ഷം മെട്രിക് ടൺ സംസ്ഥാനത്താകെ സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്. നെല്ലുസംഭരണം വിജയകരമായി പൂർത്തിയാക്കുന്നതിന് വിപുലമായ മുന്നൊരുക്കങ്ങളാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷി വകുപ്പും യോജിച്ച് നടത്തിയത്. ഉദ്യോഗസ്ഥ വിന്യാസം നേരത്തെ പൂർത്തിയാക്കി. മില്ലുടമകളുമായി ആവശ്യമായ ആശയവിനിമയം നടത്തുകയും മിൽ അലോട്ട്മെന്റ് സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്തു. 57 മില്ലുടമകളാണ് സർക്കാരുമായി കരാറിൽ ഒപ്പിട്ടിട്ടുള്ളത്. സംഭരണം മികച്ച നിലയിൽ മുന്നോട്ട് പോകുമ്പോഴാണ് പ്രതികൂലമായ കാലാവസ്ഥ തടസങ്ങൾ സൃഷ്ടിച്ചത്. സംഭരിക്കേണ്ടിയിരുന്നതിൽ മഹാഭൂരിപക്ഷവും സംഭരിച്ചതിന് ശേഷമാണ് ഈ പ്രതികൂല സ്ഥിതി ഉണ്ടായതെന്ന് ചുവടെ നൽകിയ പട്ടികയിൽ നിന്നും വ്യക്തമാകുന്നു. എന്നിരുന്നാലും അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിക്കുകയും സംഭരണത്തിൽ നിന്ന് മില്ലുടമകളും ഏജന്റുമാരും വിട്ടു നിൽക്കുന്നതായി ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി പ്രശ്നപരിഹാരത്തിനായി ഇടപെട്ടു. നെല്ല് കൊയ്തിട്ടിരിക്കുന്ന പാടങ്ങൾ നേരിൽ സന്ദർശിക്കുകയുണ്ടായി. കർഷകരുമായി ആശയ വിനിമയം നടത്തി. മേയ് 13 ന് നാല് മണിക്ക് തിരുവല്ല റസ്റ്റ് ഹൗസിൽ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പ്രാഥമികമായ വിലയിരുത്തൽ നടത്തി. അന്ന് തന്നെ വൈകിട്ട് ആറ് മണിക്ക് ചങ്ങനാശേരി ടിബിയിൽ ചേർന്ന വിപുലമായ യോഗത്തിൽ മന്ത്രി വി എൻ വാസവൻ, ജോബ് മൈക്കിൾ എംഎൽഎ, സപ്ലൈകോ സിഎംഡി എന്നിവർ പങ്കെടുത്തു. മില്ലുടമകൾ ഓൺലൈനിൽ യോഗത്തിൽ ചേർന്നു. മുഴുവൻ നെല്ലും എത്രയും വേഗം സംഭരിക്കണമെന്ന നിർദേശം മില്ലുടമകൾ അംഗീകരിച്ചു. തുടർന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി വകുപ്പ് മന്ത്രിമാർ പങ്കെടുത്തുകൊണ്ട് മേയ് 15ന് ചേർന്ന യോഗത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാരും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും പാഡി മാർക്കറ്റിങ് ഓഫീസർമാരും മില്ലുടമകളും പങ്കെടുത്തു. ഈ യോഗതീരുമാനപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, പാഡി മാർക്കറ്റിങ് ഓഫീസർമാർ എന്നിവ‍ർ അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു.

 

 

ഒരു ഡെപ്യൂട്ടി കളക്ടറും കൃഷി ഓഫീസറും ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ തൽസമയം കളക്ടറെ ധരിപ്പിക്കാനും തീരുമാനമായി. കൃഷി — പൊതു വിതരണ സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരടങ്ങിയ ഉന്നതതല സമിതി രണ്ടു ദിവസത്തിലൊരിക്കൽ സ്ഥിതി വിശകലനം ചെയ്ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകി. ഈ അടിയന്തര ഇടപെടലിന്റെ ഫലമായി കർഷകർ ചെന്നുപെട്ട ദുർഘടാവസ്ഥയും തത്ഫലമായുണ്ടായേക്കാവുന്ന സംഘർഷവും കൂടാതെ ഈ സീസണിലെ നെല്ലുസംഭരണം മിക്കവാറും പൂർത്തിയാക്കാൻ കഴിഞ്ഞു. വേനൽമഴയടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ കേരളത്തിൽ എപ്പോഴും പ്രതീക്ഷിക്കേണ്ടതാണ്. വിളവിറക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ മഴമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളും സംഭരിക്കുന്നതിലുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളും നമുക്ക് ഒഴിവാക്കാൻ കഴിയും. കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള കാർഷിക കലണ്ടർ കൃത്യതയോടെ പിൻതുടരാൻ കർഷകരെ സജ്ജരാക്കുവാൻ കഴിയണം. ഇതിനുള്ള ജാഗ്രത കർഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പുഞ്ചവിളവെടുപ്പിന്റെ ഭാഗമായി സംഭരിക്കേണ്ടിയിരുന്ന 1,51,386 നെല്ലിൽ 1,46,509മെട്രിക് ടൺ ഇതിനോടകം സംഭരിച്ചു കഴിഞ്ഞു.(*പട്ടിക 1) നെല്ലുസംഭരണം സംഘാടനത്തിലും നടത്തിപ്പിലും ക്ലേശകരമായ വിവിധ ഘട്ടങ്ങൾ ഉൾപ്പെട്ട ഒരു സങ്കീർണമായ പ്രക്രിയയാണ്. കർഷകർ, മില്ലുടമകൾ, ഉദ്യോഗസ്ഥർ, ചുമട്ടുതൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ താല്പര്യങ്ങളും ആവശ്യങ്ങളും അവ തമ്മിലുള്ള വൈരുധ്യങ്ങളും അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിന്റെ സുഗമമായ നടത്തിപ്പിനെ പലപ്പോഴും പ്രതിസന്ധിയിലാക്കുന്നു. എന്നാൽ സർക്കാർ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകും. നെൽകൃഷി നമ്മുടെ സമൂഹത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് മാത്രമല്ല പാരിസ്ഥിതികവും ജൈവികവുമായ സന്തുലനം നിലനിർത്താനും അത്യന്താപേക്ഷിതമാണ്. കൃഷി ചെയ്യുന്ന ഭൂവിസ്തൃതി കുറഞ്ഞുവരികയും കർഷകർ ലാഭകരമല്ലാത്ത കൃഷിയുപേക്ഷിച്ച് മറ്റ് ജീവിത മേഖലകളിൽ ചേക്കേറുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്തിന് വിനാശകരമായി വളർന്ന ഘട്ടത്തിൽ അതിനെതിരെ കൈക്കൊണ്ട കാര്യക്ഷമമായ ഒരു പദ്ധതിയാണിത്. അതിനെ സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും വേണം. കേരള സർക്കാ‍ർ കർഷകർക്കൊപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.