6 May 2024, Monday

പുന്നപ്ര വയലാർ സമരത്തിന് 75 ആണ്ട് രക്തപുഷ്പ്പങ്ങളായവർ

ടി കെ അനിൽകുമാർ
October 24, 2021 4:16 am

രുംതലമുറയുടെ ഭാവി ശോഭനമാക്കുവാൻ നിറതോക്കുകൾക്ക് മുന്നിൽ രക്തപുഷ്പങ്ങളായവരുടെ ഓർമ്മകൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ ചുവന്ന മണ്ണിൽ ജ്വലിച്ചു നില്‍ക്കുന്നു. ഐക്യ കേരളമെന്ന മലയാളികളുടെ സ്വപ്നത്തെ തിരുവിതാംകൂറിലെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിയ പുന്നപ്ര വയലാർ സമരം 75 വർഷങ്ങൾക്ക് മുൻപ് മാറ്റിയെഴുതിയത് നാടിന്റെ ചരിത്രം കൂടിയായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക ജീവിതം ഉടച്ചുവാർക്കാൻ ഹൃദയരക്തം നൽകിയ രക്തസാക്ഷികൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് തലമുറ ഭേദമന്യേ ജനസഞ്ചയം ഇപ്പോഴും രക്തസാക്ഷി കുന്നുകളിലേക്ക് ഒഴുകിയെത്തും. ബ്രിട്ടീഷ് ഭരണാധികാരികളുടെ കണ്ണിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നു തിരുവിതാംകൂർ എന്ന നാട്ടുരാജ്യം. ‘ബ്രിട്ടന്റെ വളർത്തു മകൻ’ എന്ന വിളിപ്പേരുള്ള സർ സി പി രാമസ്വാമി അയ്യരെയാണ് തിരുവിതാംകൂറിനെ ബ്രിട്ടീഷ് ഭരണകൂടത്തിനൊപ്പം നിലനിർത്തുവാൻ ഭരണാധികാരികൾ നിയോഗിച്ചത്. ജാതീയത കൊടികുത്തി വാഴുന്ന കാലം. സ്ത്രീകൾക്ക് മാറ് മറക്കാൻ അവകാശമില്ല. ജാതിയിൽ കുറഞ്ഞ പുരുഷന്മാർക്ക് കുപ്പായം ഇടാനും കഴിയില്ല. രാവന്തിയോളം പണിയെടുത്താലും ദിവാന്റെ പിണിയാളുകൾ തരുന്നത് വാങ്ങി പൊയ്ക്കോണം. പാവങ്ങൾക്ക് വഴിനടക്കാൻ അവകാശവുമില്ല. ഭർത്താക്കൻമാരെ മർദിച്ച് അവശനാക്കി തെങ്ങിൽ കെട്ടിയിട്ട ശേഷം സ്ത്രീകളെ മാനഭംഗപ്പെടുത്തുന്ന കാലം. സർ സി പി രാമസ്വാമിഅയ്യരുടെ ഭരണം ഇങ്ങനെ നീളവേ തിരുവിതാകൂറിനായി ഒരു ഭരണ പരിഷ്ക്കാരം അവതരിപ്പിച്ചു. സമരശക്തി ക്ഷയിച്ച സ്റ്റേറ്റ് കോൺഗ്രസിനെ കൊണ്ട് അത് അംഗീകരിപ്പിച്ചാൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി തിരുവിതാംകൂറിനെ നിലനിർത്താം എന്നതായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ തിരുവിതാകൂറിലെ സ്വാതന്ത്ര്യ, നവോത്ഥാന പ്രസ്ഥാനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമാകുന്നത് ബ്രിട്ടീഷ് ഭരണകൂടം അറിഞ്ഞിരുന്നില്ല. പുന്നപ്ര ചുവക്കുന്നു കൊല്ലവർഷം 1122 തുലാം 7 തിരുവിതാംകൂർ മഹാരാജാവിന്റെ ജന്മദിനമാണ്. ആ ദിനം അമേരിക്കൻ മോഡൽ ഭരണപരിഷ്ക്കാര പ്രഖ്യാപന ദിനമാക്കണമെന്നായിരുന്നു സർ സിപിയുടെ തീരുമാനം.

സമരം ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തേയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അടിച്ചമർത്താനുള്ള ഒരു അവസരമായാണ് സർ സിപി ഈ ദിനത്തെ കണ്ടത്. അതുകൊണ്ടുതന്നെ അത് പൊളിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും തയ്യാറായി നിന്നു. പുലർച്ചെ തന്നെ തൊഴിലാളികൾ നിശ്ചയിച്ച ക്യാമ്പുകളിൽ തടിച്ചുകൂടി. ചെങ്കൊടികെട്ടിയ വാരികുന്തങ്ങൾ കയ്യിലേന്തിയ വാളന്റിയർമാരാൽ ആലപ്പുഴ നിറഞ്ഞു. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തൊഴിലാളികൾ മാർച്ച് ആരംഭിച്ചു. ഇടത്തരക്കാരും വിദ്യാർത്ഥികളും ചെറുകച്ചവടക്കാരും പട്ടാളത്തിൽ നിന്ന് പിരിഞ്ഞുവന്നവരും കമ്മ്യൂണിസ്റ്റ് വിരോധികളല്ലാത്തവരും ആ മാർച്ചിൽ പങ്കെടുത്തു. പട്ടാള ചിട്ടയിൽ കമ്മ്യൂണിസ്റ്റ് വാളണ്ടിയർമാർ റോഡ് നിറഞ്ഞ് പടയണി തീർത്തപ്പോൾ അതൊരു പ്രവാഹമായി മാറി. വാളണ്ടിയർമാർക്ക് രക്ഷാകവചമേന്തി ആയിരങ്ങളും തെരുവിൽ അണിനിരന്നു. ഈ സമയം പട്ടാളം റോന്തുചുറ്റിയെങ്കിലും ജനങ്ങളുടെ വർധിത വീര്യം കണ്ട് ഏറ്റുമുട്ടൽ ഒഴിവാക്കി പിൻവാങ്ങി. ആലപ്പുഴയിലെ വിവിധ വാർഡുകളിലെ തൊഴിലാളികൾ പുന്നപ്ര പൊലീസ് ക്യാംപ് ലക്ഷ്യമാക്കിയാണ് നീങ്ങിയത്. അപ്പോൾ പുന്നപ്രയിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് പതിനായിരങ്ങൾ പങ്കെടുത്ത ജാഥയും വാരിക്കുന്തമേന്തി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നീങ്ങി. ദിവാൻ ഭരണം അവസാനിപ്പിക്കുക, പട്ടാളത്തെ പിൻവലിക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങൾ. ആ സമയം പുന്നപ്ര പൊലീസ് ക്യാമ്പിൽ 29 റിസർവ്വ് പൊലീസുകാരും ഒരു പൊലീസ് ഇൻസ്പെക്ടറുമാണ് ഉണ്ടായിരുന്നത്. തിരുവമ്പാടിയിൽ വെച്ച് ജാഥയ്ക്ക് എതിരെ വന്ന പട്ടാളവണ്ടി സമരക്കാർ തടഞ്ഞുനിർത്തി. മാർച്ചിന്റെ മുൻനിരയിൽ നിന്ന രണ്ടുപേരെ വെടിവെച്ചുവീഴ്ത്തി. പുന്നപ്രയിലെ പൊലീസ് ക്യാമ്പിനെ ലക്ഷ്യമാക്കി ജനസഞ്ചയം പിന്നെയും വന്നുകൊണ്ടേയിരുന്നു. ആ മനുഷ്യ മഹാസമുദ്രം ക്യാമ്പിന് ചുറ്റും അണിനിരന്നപ്പോൾ സർ സിപിയുടെ പൊലീസ് വിറച്ചു. ക്യാമ്പിന്റെ ചുറ്റും തയ്യാറായി നിന്ന പൊലീസ് തൊഴിലാളികൾ പിരിഞ്ഞുപോകണമെന്ന് മെഗാഫോണിലൂടെ വിളിച്ചുപറഞ്ഞു. വെടിവെയ്ക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടും അവർ ഒറ്റ മനസ്സായി നിലകൊണ്ടു. ആദ്യവെടി പൊട്ടിയപ്പോൾ കമഴ്ന്ന് വീണ് നിലംപറ്റി കിടന്ന് മുന്നോട്ട് നീങ്ങാൻ നേതാക്കൾ മുന്നറിയിപ്പ് കൊടുത്തു. ഇടതടവില്ലാതെ വെടി പൊട്ടുകയാണ്. എന്നാൽ പതിനായിരങ്ങൾ വരുന്ന വാരിക്കുന്തമേന്തിയ സഖാക്കളുടെ വീര്യത്തിന് മുന്നിൽ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പൊലീസുകാർ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടലിൽ നിരവധി സമരക്കാരും മരിച്ചു. ഒന്നര മണിക്കൂർ നീണ്ട ആ സംഘട്ടനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം എഴുതി ചേർത്തു. സമരക്കാർ പരിഞ്ഞുപോയതിന് ശേഷം അവശരായി കിടന്ന നിരവധിപേരെ പൊലീസും പട്ടാളവും ചേർന്ന് തല്ലിക്കൊന്നു. ഇവരെ ആലപ്പുഴ വലിയചുടുകാട്ടിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് സംസ്ക്കരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ്കാരുടെ തീർത്ഥാടന കേന്ദ്രമായ വലിയചുടുകാട്ടിൽ പുന്നപ്രയിലെ രണധീരർക്കൊപ്പമാണ് പി കൃഷ്ണപിള്ള ഉൾപ്പടെയുള്ള പല കമ്മ്യുണിസ്റ്റ് നേതാക്കളും അന്തിയുറങ്ങുന്നത്. ദീപ്ത സ്മരണയായി അനഘാശയൻ ആയിരങ്ങൾ മരിച്ചുവീണ പുന്നപ്ര വയലാർ സമരത്തിന്റെ ദീപ്ത സ്മരണയാണ് അനഘാശയൻ എന്ന 12 കാരൻ. പുന്നപ്രവയലാർ സമരത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളാലാണ് മേനാശേരി സമരത്തെ ആലേഖനം ചെയ്തിരിക്കുന്നത്. പുന്നപ്ര വെടിവെയ്പിന് ശേഷം സി കെ കുമാരപണിക്കരും കെ സി വേലായുധനും മേനാശ്ശേരി ക്യാമ്പ് സന്ദർശിച്ചു. ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ക്യാമ്പിലുള്ളവരുടെ അഭിപ്രായം ആരായുകയായിരുന്നു ലക്ഷ്യം. ക്യാമ്പ് പിരിച്ചുവിട്ട് സർ സി പിയുടെ പൊലീസിന്റെയും പട്ടാളത്തിന്റെയും ക്രൂരമർദ്ദനത്തിന് വിധേയനാകുന്നതിനേക്കാൾ നല്ലത് പൊലീസിനെ നേരിട്ട് ധീരമായി മരിക്കുന്നതാണെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ ഒളതല ക്യാമ്പിന് നേരേയും ആക്രമണം നടന്നു. അവിടെ ഉണ്ടായിരുന്ന ധീരരായ സഖാക്കൾ വാരിക്കുന്തവുമായി പട്ടാളത്തെ നേരിട്ടു. 1122 തുലാം 10നാണ് മേനാശേരിയിലെ ധീരൻമാർക്ക് നേരെ പട്ടാളം വെടിയുതിർത്തത്. 400ഓളം വരുന്ന സമരക്കാരെ നൂറോളം വരുന്ന പട്ടാളക്കാർ നിറതോക്കുകളുമായി ആക്രമിക്കുകയായിരുന്നു. പൊന്നാംവെളി തോട് വഴിയാണ് പട്ടാളം മേനാശേരിയിലെത്തിയത്. ഇതറിഞ്ഞ സമരക്കാർ ക്യാമ്പ് സ്ഥലത്തുനിന്നും മണൽകൂനകളും തോടുകളും താണ്ടി വടക്കോട്ട് നീങ്ങി. ഇതിനിടയിൽ ആകാശത്തേക്ക് വെടിവച്ച് പട്ടാളക്കാർ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആ ധീര വിപ്ലവകാരികൾ പിൻമാറിയില്ല. ക്യാമ്പിനെ വളഞ്ഞാക്രമിക്കാനുള്ള നീക്കമാണ് പട്ടാളം നടത്തിയത്. വാളണ്ടിയർമാർ അത് തടയുന്നതിന് വേണ്ടി വടക്കോട്ട് നീങ്ങി. 45 പേരുള്ള ഒരു കൂട്ടം സഖാക്കൾ അടുത്തുണ്ടായിരുന്ന കുറ്റിക്കാടിന് പിന്നിൽ മറഞ്ഞു. മറ്റുള്ളവർ കമഴ്ന്ന് കിടന്നു. പിന്നീട് തുരുതുരാ വെടിപൊട്ടാൻ തുടങ്ങി. ചിലർ വെടിയേറ്റ് പിടഞ്ഞപ്പോൾ മറ്റുള്ളവർ ധീരമായി നേരിട്ടു. ക്യാമ്പിനോട് ചേർന്നുള്ള നിലവറയിൽ അഭയം തേടിയവർക്ക് നേരെ നടന്ന വെടിവെപ്പാണ് കൂടുതൽ ദയനീയമായത്. നിലവറയിലുണ്ടായിരുന്ന 14 പേരിൽ 11 പേരും വെടിയേറ്റ് മരിച്ചു. മരിച്ച് വീണവരെയും പരിക്കേറ്റ് വീണവരെയുമടക്കം പട്ടാളക്കാർ കുളത്തിൽ മൂടി. ക്യാമ്പിൽ അംഗങ്ങളെ സഹായിക്കാനെത്തിയ അനഘാശയനും വെടിയേറ്റ് മരിച്ചു. കടക്കരപ്പള്ളി കനാശേരിയിൽ നിന്നാണ് അനഘാശയൻ പോരാട്ടത്തിനെത്തിയത്. മേനാശേരി ക്യാമ്പിലെ സ്കൗട്ട് ആയിരുന്നു ആ കൊച്ചുസഖാവ്. ശത്രുക്കളുടെ നീക്കങ്ങളും മറ്റും മണത്തറിഞ്ഞ് റിപ്പോർട്ട് ചെയ്യുന്നത് അനഘാശയൻ എന്ന ധീര വിപ്ലവകാരിയായിരുന്നു. പ്രതിരോധത്തിന്റെ മാരാരിക്കുളം മോഡൽ തുലാം ഒന്‍പതിനാണ് മാരാരിക്കുളത്ത് വെടിവെയ്പ് നടന്നത്. പട്ടാളഭരണം പ്രഖ്യാപിക്കപ്പെട്ട എട്ടിന് വയലാർ ഭാഗത്ത് പട്ടാളത്തെ ആക്രമിക്കുവാൻ പദ്ധതിയിടുന്നതായി അവർക്ക് സൂചന കിട്ടി. ഇതിനെ തുടർന്ന് വയലാറിലേയ്ക്ക് കൂടുതൽ പട്ടാളത്തെ അയയ്ക്കാൻ തീരുമാനിച്ചു. ഇത് തടയുന്നതിന് വേണ്ടി മാരാരിക്കുളത്തെ പാലം രാത്രിയിൽ വാളണ്ടിയർമാർ പൊളിച്ചു. കരമാർഗ്ഗം ഈ വഴിയല്ലാതെ വയലാറിലേയ്ക്ക് പട്ടാള വണ്ടിക്ക് കടക്കുവാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു.

പിന്നീട് ഇവിടെയെത്തിയ പട്ടാളക്കാർ ഒരു താൽക്കാലിക പാലം പണിയാൻ ആരംഭിച്ചു. പട്ടാളക്കാർ പാലം പുതുക്കി പണിയുന്ന വിവരം ക്യാമ്പിലെത്തി. ഇതിനെ തുടർന്ന് കണ്ണർകാട് വാളണ്ടിയർ ക്യാപ്റ്റൻ കരുണാകരൻ മറ്റുള്ളവരുമായി ആലോചിച്ച് അതിനെ നേരിടാൻ തീരുമാനിച്ചു. വളരെ കുറച്ച് പട്ടാളക്കാർ മാത്രമേ പാലം പണിയുന്നിടത്ത് ഉള്ളൂവെന്ന ധാരണയായിരുന്നു അവർക്ക്. പൂജവെളി, മുഹമ്മ, കണ്ണാർകാട് ക്യാമ്പുകളിൽ നിന്ന് പരിശീലനം നേടിയ മുന്നൂറോളം വാളണ്ടിയർമാരും നാട്ടുകാരും മാരാരിക്കുളത്തേയ്ക്ക് മാർച്ച് നടത്തി. പാലം പണിതുകൊണ്ടിരുന്ന പട്ടാളക്കാരെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ നാല് ഭാഗത്ത് നിന്നും വെടിമുഴങ്ങി. നിരവധി പട്ടാളക്കാർ സമീപമുള്ള വീടുകളിലും പ്രദേശങ്ങളിലും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പിന്നെ പട്ടാളവും വാളണ്ടിയർമാരും തമ്മിൽ ഉജ്ജ്വലമായ പോരാട്ടത്തിന് മാരാരിക്കുളം സാക്ഷ്യം വഹിച്ചു. വീര വയലാർ ഗർജ്ജിക്കുന്നു അനേകം ധീരന്മാരുടെ രക്തപ്പുഴ ഒഴുകിയ വീരവയലാർ ഇന്ത്യൻ സ്വാതന്ത്യ്ര സമര ചരിത്രത്തിലെ രക്തനക്ഷത്രമാണ്. മേനാശ്ശേരിയിലേയും ഒളതലയിലേയും അക്രമം നടത്തിയ സമയം തന്നെ വയലാർ ക്യാമ്പിനെയും ആക്രമിക്കാനായിരുന്നു പട്ടാളം തീരുമാനിച്ചത്. മാരാരിക്കുളം പാലം പുനസ്ഥാപിക്കാത്തതിനാൽ കരയിലൂടെ വയലാറിലെത്താൻ കഴിയില്ല. തുടർന്ന് കായലിൽ കൂടി ബോട്ടിൽ വയലാറിലെത്തി ആക്രമിക്കുവാൻ തീരുമാനിച്ചു. തുലാം ഒൻപതിന് പാതിരാത്രി ബോട്ടിൽ പട്ടാളം വയലാറിനെ ലക്ഷ്യമാക്കി നീങ്ങി. ഇതറിഞ്ഞ സഖാക്കൾ കരിങ്കൽ ചീളുകൾകൊണ്ട് ആക്രമിച്ചപ്പോൾ അവർ തിരികെ പോയി.

തുലാം 10ന് ഉച്ചയ്ക്ക് 12 മണിക്ക് പട്ടാളം ക്യാമ്പ് ചെയ്തിരുന്ന ചേർത്തല ടിബിയിൽ നിന്നും അവർ ബോട്ടിൽ കയറി. ഡി എസ് പി വൈദ്യനാഥ അയ്യരായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അഞ്ചോളം ബോട്ടുകളിലായി അഞ്ഞൂറോളം പട്ടാളക്കാർ വയലാറിനെ ലക്ഷ്യമാക്കി നീങ്ങി. ക്യാമ്പിലുള്ള സഖാക്കൾ 12.30 ഓടെ ആഹാരം കഴിക്കാൻ ഒരുങ്ങവേയാണ് ആ ഇരമ്പൽ ശബ്ദം കേട്ടത്. വയലാറിനെ ലക്ഷ്യമാക്കി കിഴക്കുനിന്നും വരുന്ന ബോട്ടുകൾ അവർ കണ്ടു. വാളണ്ടിയർമാരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി പല സ്ഥലത്താണ് ബോട്ട് അടുപ്പിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ പട്ടാളക്കാർ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇറങ്ങി. പരിശീലനം സിദ്ധിച്ച 200 ഓളം വാളണ്ടിയർമാർ മാത്രമാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ സമരത്തിൽ അവരെ കൂടാതെ ആയിരക്കണക്കിന് നാട്ടുകാരും പട്ടാളത്തെ നേരിടാൻ രംഗത്തെത്തി. പട്ടാളക്കാർ തുരുതുരാ നിറയൊഴിച്ചു. മൂന്ന് വശത്തുനിന്നും പാഞ്ഞടുക്കുന്ന വെടിയുണ്ടകൾ നിരവധി മനുഷ്യരുടെ ജീവനെടുത്തു. കയ്യിലുള്ള വാരിക്കുന്തങ്ങളും ഇരുമ്പുവടികളും വെട്ടുകത്തിയും കോടാലിയും കരിങ്കൽ ചീളുകളും കൊണ്ട് വാളണ്ടിയർമാർ പട്ടാളത്തെ നേരിട്ടു. ആദ്യമായി വെടിയേറ്റത് സഖാവ് ശ്രീധരനായിരുന്നു. നെറ്റിയിൽ നിന്നും ചോര ഒഴുകിയപ്പോൾ അത് തടുക്കാൻ ശ്രമിച്ച സഖാവിനോട് ശ്രീധരൻ പറഞ്ഞത് “ഇത് സാരമില്ല, നിങ്ങൾ മുന്നോട്ട് പോകൂ…” എന്നായിരുന്നു. വെടിവെയ്പിനിടയിൽ ഒരു വാളണ്ടിയർ പട്ടാളക്കാരുടെ മുന്നിൽ എഴുന്നേറ്റ് നിന്നുകൊണ്ട് ഇങ്ങനെ അലറിക്കൊണ്ട് വിരിമാറുകാട്ടി “സഖാക്കളെ ഞങ്ങൾ ജീവിക്കാൻ വേണ്ടിയാണ് മരിക്കാൻ തയ്യാറായത്, നിങ്ങൾക്ക് ജീവിക്കാൻ ഞങ്ങളെ കൊല്ലണമെങ്കിൽ വെടിവെച്ചോളൂ…” ധീരത അടയാളമാക്കിയ ആ വിപ്ലവകാരിയുടെ മുന്നിൽ ഒരുനിമിഷം പട്ടാളക്കാർ പതറിനിന്നു. തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിൽ നിന്നും ഡി എസ് പി വൈദ്യനാഥ അയ്യർ വെടിവെയ്ക്കാൻ അലറി വിളിച്ചപ്പോഴാണ് വീണ്ടും തോക്കുകൾ ശബ്ദിച്ചത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ആ മനുഷ്യകുരുതി വൈകിട്ട് 5 വരെ തുടർന്നു. ആയിരങ്ങളുടെ ജീവനെടുത്ത ശേഷമാണ് തോക്കുകൾ നിശബ്ദമായത്. സമര പോരാട്ടങ്ങളുടെ ഭാഗമായി പാതി ജീവൻ നഷ്ട്ടപെട്ടു ജീവിച്ചവരും അംഗഭംഗം വന്നവരും നിരവധി. 75 ആണ്ടുകൾ കഴിയുമ്പോഴും പുന്നപ്ര വയലാർ സമര സേനാനികൾ ഉന്നയിച്ച മുദ്രാവാക്യത്തിന് ഇന്നും പ്രസക്തിയേറെയാണ്. സാമ്പത്തികവും സാമൂഹികവുമായ 27 ഇന ആവശ്യങ്ങളാണ് അവർ ഉയർത്തിയത്. സമര നായകൻ ടി വി തോമസ് അന്ന് പുറത്തിറക്കിയ സർക്കുലർ ഇത് വെളിപ്പെടുത്തുന്നു. പ്രായ പൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധി സഭ രൂപീകരിക്കുക, ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിനിധികളെ അയക്കുക തുടങ്ങിയവ ആയിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. എന്നാൽ സമരക്കാരുമായി ചർച്ച നടത്തിയ സർ സി പി രാമസ്വാമി അയ്യർ, അത്തരം രാഷ്ട്രീയ ആവശ്യങ്ങൾ പിൻവലിക്കണമെന്നും കൂലി വർധനവും ബോണസും ഉൾപ്പടെയുള്ള തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കുന്നുവെന്നും ഉറപ്പ് നൽകി. എന്നാൽ വ്യക്തി താല്പര്യങ്ങളെക്കാൾ നാടിന്റെ സ്വാതന്ത്ര്യമാണ് വലുതെന്ന നിലപാടായിരുന്ന അമരത്വം നേടിയ ആ ധീര യോദ്ധാക്കളുടേത്. കാലം എത്ര കഴിഞ്ഞാലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് രണശോഭ ചാർത്തിയ പോരാളികളുടെ വീര ചരിത്രം ജനമനസുകളിൽ നിലനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.