23 May 2024, Thursday

രക്ഷ

പൂന്തോട്ടത്ത്‌ വിനയകുമാർ
July 25, 2022 7:18 pm

രാത്രിയുടെ മൂന്നാം യാമത്തിൽ ഏതോ ഒരു വെളിപ്പാട് പോലെ ശാന്ത ഭർത്താവിനെ ഉറക്കത്തിൽ നിന്നും കുലുക്കിയുണർത്തി അക്കാര്യം പറഞ്ഞത് …
ഗാഢ നിദ്രയിൽ നിന്നും പൂർണ്ണമായി ഉണരാത്ത അവസ്ഥയിൽ ഭാര്യ പറഞ്ഞതൊന്നും തന്നെ ആദ്യം സുകേശന് മനസിലായില്ലായിരുന്നു…
വീണ്ടും ഒരു ചെറിയ ഇടവേളയിലെ ആലസ്യം വിട്ടൊഴിഞ്ഞപ്പോൾഴാണ് അയാൾക്ക് സ്ഥലകാല ബോധമുണ്ടായത് .…കണ്ണുകൾ തുറന്നു ലൈറ്റിട്ടപ്പോൾ അവൾ ഉണർന്നു കിടന്ന് വലിയ ആലോചനയിലായിരുന്നു…
അവളോട് വീണ്ടും കാര്യം ചോദിച്ചപ്പോൾ ശാന്ത വിശദീകരിച്ചു …
രാവിലെ അതൊക്കെ ആലോചിക്കാം എന്ന് പറഞ്ഞെങ്കിലും അയാൾക്ക്‌ പിന്നെ ഉറക്കം വന്നതുമില്ല.…
അവൾ ഒരു വശം ചരിഞ്ഞു കിടന്നുറങ്ങുകയും ചെയ്തു.
അടുത്ത വീട്ടിലെ സതിയാണത്രെ അവളോടിക്കാര്യം പറഞ്ഞത് .….
” ഇതൊക്കെ തട്ടിപ്പായിരിക്കു ” മെന്നു അയാൾ ഭാര്യയോട് പറയുകയും ചെയ്തതാണ്…
പക്ഷെ അവൾ അതിനു ബദലായി ചില തെളിവുകൾ നിരത്തി …
ഷീലയുടെ മകൾ ഒരു പൊട്ട മൊബൈലും വെച്ച് പഠിച്ചിട്ടും പ്ലസ് ടൂ ഈസിയായിട്ട് ജയിച്ചില്ലേ …
നമ്മളോ….
കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും കടമെടുത്തു മകൾക്ക് പുതിയ മൊബൈൽ മേടിച്ചു കൊടുത്തിട്ടും മൊബൈൽ നമ്പരുപോലെ അല്ലേ ഓരോ വിഷയത്തിനും മാർക്ക് ലഭിച്ചത്……
അവൾ … പഠിക്കുന്നവളായിരുന്നല്ലോ…
നിങ്ങളും കാണുന്നതല്ലായിരുന്നോ…അവൾ എപ്പൊഴും മൊബൈലിൽ പഠിക്കുന്നത് .….
ഭാര്യ പറഞ്ഞപ്പോൾ അയാൾക്കും അവൾ പറയുന്നത് ശരിയാണെന്നു തോന്നി.… ..പക്ഷെ പത്രത്തിലും ന്യൂസിലും ഒക്കെത്തന്നെ നിരന്തരം വരുന്ന തട്ടിപ്പുകൾ കാണുമ്പോൾ .…
പക്ഷെ , ആ സംശയങ്ങൾക്ക് അറുതി വരുത്താനുള്ള ഉദാഹരണങ്ങൾ ശാന്ത അയാളുടെ മുൻപിൽ പുട്ടിന് തേങ്ങാ തിരുമ്മിയിടുന്നത്പോലെ ഒന്നൊന്നായി നിരത്തി വെച്ചു…
“ ദേ…നോക്കിക്കേ , ഷീലയുടെ മകൾ ജയിച്ചത് വെറുതെയല്ല ….സിദ്ധൻ ജപിച്ചു കൊടുത്ത ചരട് ധരിച്ചിട്ടാണ്.….
അതിന് പകരം അദ്ദേഹം ഒന്നും വാങ്ങിയുമില്ലത്രേ.…”
ധനമോഹിയല്ല .… അത് തന്നെ …ദിവ്യനാ …ദിവ്യൻ..”- ഭാര്യ പറഞ്ഞു കൊണ്ടിരുന്നു.
അയാൾ മച്ചിൽ നോക്കി വെറുതെ കിടന്നു…ശരിയായിരിക്കും…രാപകലോളം നോക്കാതെ ഓടി നടന്നു കഷ്ടപ്പെടുന്നു.എന്നിട്ടും ദുരിതം മാത്രം…
കടം പെരുകിയും വരുന്നു… എന്തെങ്കിലും അൽപ്പം മിച്ചം പിടിക്കാമെന്നു വെച്ചാൽ ശനിയാഴ്ച കവലയിൽ വരുന്ന വട്ടിപ്പലിശക്കാരന് കൊടുക്കാൻ തന്നെ തികയുകയില്ല… പിന്നെ ഇപ്പോഴുള്ള ഏക സമാധാനം ഓരോ ആഴ്ച്ചയും ലോട്ടറി എടുക്കക എന്നുള്ളതാണ്…
എപ്പോഴാണ് അടിക്കുക എന്ന് പറയാൻ കഴിയില്ലല്ലോ…???
ചിലവുകൾ ദിനം തോറും കൂടുകയാണ്…
കറണ്ട്, പാൽ , മൊബൈൽ റീചാർജ് അങ്ങനെ എന്തെല്ലാം.…
…ഇനി ഒരു പക്ഷെ, ശാന്ത പറഞ്ഞതുപോലെ സിദ്ധന്റെ ഒരു ജപച്ചരടിലോ ജപമാലയിലോ ആണ് താൻ രക്ഷപ്പെടുന്നതെങ്കിലോ…
ഒരു ശരാശരി മലയാളിയുടെ ചിന്തകൾ അയാളിലും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി .…..
പിറ്റേ ദിവസം രാവിലെ കിടക്കപ്പായയിൽ നിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നപ്പോൾ കട്ടൻ ചായ തരുന്നതിന് മുൻപ് തന്നെ ശാന്ത അയാളോട് ചോദിച്ചു…….” സിദ്ധന്റെ അടുത്ത് വരെ നമുക്കും ഒന്ന് പോയാലോ…”
ഒടുവിൽ സുകേശൻ ഒരു തീരു മാനത്തിലെത്തി. ദിവ്യനായ സിദ്ധനെ ചെന്ന് ഒന്ന് കാണുക.. അധികം ദൈവ വിശ്വാസിയല്ലെങ്കിലും ശാന്ത പറഞ്ഞതിത്തിലും ചില കാര്യങ്ങൾ കാണും…
ഇനി അതൊന്നു പരീക്ഷിച്ചു കളഞ്ഞില്ലെന്ന് വേണ്ട.…..
ദൂരെ ദിക്കുകളിൽ നിന്നൊക്കെ ആളുകൾ ആളൂകളൊക്കെ വരാറുണ്ട് എന്നും സിദ്ധന്റെ അനുഗ്രഹം വാങ്ങാറുണ്ടെന്നും ശാന്ത ആവേശത്തോടെ അയാളോട് പറഞ്ഞു…
സിദ്ധന്റെ കഴിവ് കൊണ്ട് കള്ളൻ കട്ട് കൊണ്ട് പോയ മകന്റെ സൈക്കിൾ തിരിച്ചു കിട്ടിയ അമ്മിണി ചേച്ചിയുടെയും ചൊവ്വ ദോഷം കാരണം വിവാഹം നടക്കാതിരുന്ന കടവിനക്കരെയുള്ള രാജന്റെ മകളുടെ വിവാഹം ഒത്തതും മുക്കവലയിലെ ബാർബർ മണിയന് ഗൾഫിൽ പോകാൻ സാധിച്ചതുമെല്ലാം സിദ്ധന്റെ മന്ത്ര ചരടിന്റെയും തകിടിന്റെയും ഫലമാണെന്ന് കൂടി ശാന്ത ആവേശത്തോടെ പറഞ്ഞു ….
ഇതിലൊന്നും അധികം വിശ്വാസമില്ലെങ്കിലും …
ചിലപ്പോൾ അവൾ പറയുന്നത് പോലെ രക്ഷപ്പെട്ടാലോ…
പോകാതിരുന്നിട്ട് പിന്നെ പറയുന്നതിൽ അർത്ഥവുമില്ല.…
ശാന്തയുടെ സംസാരത്തിൽ നിന്നുള്ള കാര്യങ്ങൾ അയാൾ അപഗ്രഥിച്ചു നോക്കി…
പുരോഗമന ചിന്താധാരയിലൂടെ സഞ്ചരിക്കുന്ന ഒരു പ്രസ്ഥാനത്തിലുള്ള ആൾ എന്ന നിലയിൽ താൻ സിദ്ധനെ കാണാൻ പോകുന്ന കാര്യം ആരും അറിയാനും പാടില്ലല്ലോ.…
പത്തിരുപത്തായഞ്ചു കിലോമീറ്റർ അകലെയാണ് ശാന്ത പറഞ്ഞ സിദ്ധന്റെ ആശ്രമം .….
ഇനി ഇവൾ പറയുന്നത് പോലെ നല്ലതു സംഭവിച്ചാൽ ഇപ്പോൾ പ്രവർത്തിക്കുന്ന യാതൊരു ഗുണവുമില്ലാത്ത പ്രസ്ഥാനത്തിൽ നിന്നും പുറത്തു പോയാലും കുഴപ്പവുമില്ല.….
ഇതിപ്പോ പാവപ്പെട്ട തന്നെപ്പോലുള്ള ആൾ കൊടിയും പിടിക്കണം അടിയും കൊള്ളണം .….
നേതാവും ഭാര്യയും മക്കളും സുഖമായി കഴിയുകയും ചെയ്യും.…
ആകെ കൂടിയുള്ള ഗുണം തൊട്ടടുത്തുള്ള സഹകരണ ബാങ്കിൽ നിന്നും വട്ടിപ്പലിശയോളം വരുന്ന പലിശയ്ക്ക് കുറച്ചു തുക ലോൺ കിട്ടും എന്നുള്ളതാണ് ……അതിലാണ് കുടുങ്ങിക്കിടക്കുന്നതും.
അതും കൃത്യമായും അടക്കുകയും വേണം …ഇല്ലെങ്കിൽ നേതാക്കന്മാരുടെ സ്വഭാവം അറിയും…ജീവിതം ആകെ കൂടി മടുത്തു നിൽക്കുമ്പോഴാണ് ശാന്ത ഇത് അവതരിപ്പിച്ചത്.…
ഒരു ‘ടേണിങ് പോയിന്റ് ‘അയിരിക്കും ചിലപ്പോൾ .…
കഴിഞ്ഞ കാലത്തെ തന്റെ അനുഭവങ്ങൾ പരിശോധിച്ചാൽ ശരിയുമാണ്…
ചിലതെല്ലാം താൻ ഒഴിവാക്കിയിരുന്നു …അന്നത് ചെയ്തിരുന്നെകിൽ ഇന്ന് നല്ലൊരു ഗതിയിൽ എത്തിച്ചേർന്നിരുന്നേനേം .….
അയല്പക്കത്തെ സമപ്രായക്കാരായ പിള്ളേർ പിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കുമ്പോൾ താൻ കൊടിയും പിടിച്ചു നടക്കുകയായിരുന്നു.…
തിളച്ചു മറിയുന്ന മുദ്രാവാക്യങ്ങൾ ഏറ്റുപറയുമ്പോൾ ഏതോ ഒരു മായിക ലോകത്തായിരുന്നു.…
വീട്ടിൽ നിന്ന് പറഞ്ഞു …
നീയും പോയി വല്ലതും പഠിച്ചു..ഒരു സർക്കാർ ജോലി വാങ്ങാൻ .…
“ഇപ്പൊ കിട്ടും .…അവർ പഠിച്ചാൽ .…”
മുഖം കോട്ടി താൻ പറഞ്ഞത് അയാളോർത്തു …ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർക്കോരോരുത്തർക്കും നല്ല ജോലി കിട്ടി…അതും സർക്കാർ സർവീസിൽ തന്നെ .……!!
അമ്മാവൻ ദുബായിലേക്ക് ഒരു ‘വിസ’ തരാമെന്നു പറഞ്ഞപ്പോഴും മനസ് മുഴുവൻ പ്രസ്ഥാനമായിരുന്നു… അവിടെ ഇൻക്വിലാബ് മാത്രമായിരുന്നു നിറഞ്ഞു നിന്നത്. ബൊളീവിയൻ കാടുകളിൽ പിടഞ്ഞണഞ്ഞ വിപ്ലവ നക്ഷത്രത്തിന്റെ പാത പിന്തുടരണണമെന്നുറച്ച കാലം….
കൊടിയുടെ വീര്യത്തിൽ മയങ്ങി താൻ നടന്നു.…
താൻ ഇപ്പോൾ ദുബായിലേക്ക് പോയാൽ പ്രസ്ഥാനത്തിന്റെ കലണ്ടർ പ്രകാരം ഇനിയും ചെയ്തു തീർക്കേണ്ട പതിന്നാലുകൂട്ടം കാര്യങ്ങൾ
അയാൾക്കു മുൻപിൽ ഒരു ചോദ്യ ചിഹ്നമായി നിലനിന്നിരുന്നു .
പോലീസ് സ്റ്റേഷൻ ഉപരോധം..
ഗതാഗതം സ്തംഭിപ്പിക്കൽ
രണ്ടു ഹർത്താലുകൾ.…
പ്രധിഷേധ ജാഥ .….
സംഭാവന പിരിവ്.….
മരിച്ച പ്രവർത്തകന്റെ കുടുംബ സഹായധന സമാഹരണം…
അങ്ങനെയുള്ളപ്പോൾ എങ്ങനെ.…
എല്ലാവരും ഗൾഫിൽ പോയിട്ടാണോ ജീവിക്കുന്നത്…
താൻ വളർന്നത് തന്റെ അച്ഛൻ ഗൾഫിൽ പോയി സമ്പാദിച്ചിട്ടാണോ.…
ആ വിസയിൽ ചീട്ടുകളിയും പെണ്ണ് പിടിയുമായി നടന്ന കൊച്ചപ്പന്റെ മകൻ ശശി ഗൾഫിലേക്ക് പറന്നു.…ഇപ്പോൾ അവൻ ‘ദുബായ് ശശി ‘ ആയപ്പോൾ താൻ നാട്ടിലെ ‘ശശി ‘യാവുകയായിരുന്നു.
ഒടുക്കം വീട്ടുകാരുടെ നിർബനത്തിനു വഴങ്ങി കല്യാണവും കഴിച്ചു… കുട്ടികളുമായി .…..
ഭാര്യയും കുട്ടികളുമുള്ള ബാധ്യതയുള്ള ആളുകളെ പ്രസ്ഥാനം അത്ര പരിഗണിക്കുന്നില്ലായെന്നയാൾക്ക് അടുത്ത കാലത്തായി തോന്നിത്തുടങ്ങിയിരുന്നു……..
നിറഞ്ഞു നീറുന്ന അവസ്ഥയിൽ ആരോടോ ഉള്ള പക പോക്കുപോലെ.
അയാൾ ‘ഇൻക്വിലാബ് ‘ ഉറക്കെ വിളിച്ചു.…
കഴിഞ്ഞ പഞ്ചായത്തു എലെക്ഷനിൽ ചോദിച്ചു ചെന്നിലെങ്കിലും ഒരു സീറ്റ് അയ്യാൾ പ്രതീക്ഷിച്ചതുമാണ്…എന്ത് ചെയ്യാൻ ഇന്നലെ വന്ന ഒരു പയ്യൻ ആ സീറ്റിൽ മത്സരിച്ചു പഞ്ചായത്തു മെമ്പറായപ്പോൾ ……..അനുസരണയുള്ള ഒരു കുഞ്ഞാടായി … അയാൾ നിന്നു.…
കോ ഓപ്പറേറ്റീവ് ബാങ്കിലെ കടവും കൂട്ടുപലിശയും അയാളെ നോക്കി പല്ലിളിച്ചു കൊണ്ടിരുന്നു …പറയത്തക്ക മറ്റു വരുമാനവുമില്ലല്ലോ ..
ഏതു പ്രസ്ഥാനത്തിൽ പ്രവർത്തിച്ചാലും ചിലതെല്ലാം വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ടു തന്നെ കിടക്കുന്നു…
അത് എത്ര മോസ്റ്റ് മോഡേൺ ആയാലും .…
സുകേശന് ജീവിത സാഹചര്യങ്ങളിലെ ബുദ്ധിമുട്ടുകൾ മൂലം ഉള്ളിന്റെയുള്ളിൽ ഈശ്വരന്മാരോട് അമ്പലങ്ങളിൽ പോയി മുട്ടിപ്പായി പ്രാര്ഥിക്കണമെന്നാഗ്രഹവുമുണ്ട് .…പക്ഷെ , താൻ പ്രവർത്തിക്കുന്ന പ്രസ്ഥാനനത്തിനതില്ലാത്തിടത്തോളം കാലം തനിക്കതിനു കഴിയുകയുമില്ലല്ലോ…
ശാന്ത, ഇത്രയും പറഞ്ഞ സ്ഥിതിക്ക് സിദ്ധനെ ഉള്ളു..ഇനി ഏക പോം വഴിയെന്നയാൾ അൽപ്പം ശങ്കയോടെയാണെങ്കിലും… ഇപ്പോൾ വിചാരിക്കുന്നു .….
ശങ്കയ്‌ക്ക്‌ കാരണം പൂർവ അനുഭവങ്ങൾ തന്നെ…
ആദ്യം തേക്ക് കൃഷി പദ്ധതിയുമായി വന്നത് ഏതാനും പരിചയക്കാരായിരുന്നു…
കുറച്ചു തുക ഇപ്പോൾ മുടക്കിയാൽ പതിനഞ്ചു വർഷങ്ങൾ കഴിയുമ്പോൾ ലക്ഷങ്ങൾ .…ഭാര്യ …ശാന്തയുമായി ആലോചിച്ചു ..
“.ഇപ്പൊ കുറച്ചു എങ്ങനെയെങ്കിലും മുടക്കിയാൽ പിന്നെ ഒന്നും ചെയ്യേണ്ടല്ലോ …അത് മാത്രവുമല്ല , കിഴക്കേപ്പാടത്തെ ഗിരിജയും താഴത്തെ പറമ്പിലെ അമ്പിളിയും ഒക്കെ ചേർന്നിട്ടുമുണ്ട് …”
എന്നവൾ പറഞ്ഞപ്പോൾ പിന്നെ, വീട്ടിൽ ഉണ്ടായിരുന്ന നല്ല കായ്‌ഫലമുള്ള പ്ലാവ് വെട്ടി വിറ്റു…തേക്ക് കൃഷിക്ക് നൽകി …ഒടുക്കം തേക്ക് മില്ല കൊടുത്ത പൈസയുമില്ല ..തേപ്പു കിട്ടിയത് മാത്രം .……
കുറച്ചു നാൾ കഴിഞ്ഞപ്പോൾ മാഞ്ചിയം പദ്ധതിയുമായി അമ്മാവന്റെ മകൻ ഒരാളെ പരിചയപ്പെടുത്തി വീട്ടിൽ വന്നു…
ഇപ്പോൾ ഒന്നിനുമില്ലെന്ന് പറഞ്ഞിട്ടും അവരുടെ ഒന്നൊര മണിക്കൂറിന്റെ വിശദീകരണ ക്ലാസ്സിന് ശേഷം മനസ് വീണ്ടും ആടിയുലഞ്ഞു…
ഒരു ലക്ഷം ഇപ്പോൾ മുടക്കുക , സ്വസ്ഥമായിട്ടിരിക്കുക .…
പത്തു പതിനഞ്ചു വര്ഷം കഴിയുമ്പോൾ പത്തിരട്ടി തുക തിരികെ ..”.വേറെതിൽ മുടക്കിയാൽ ഇത്രയും ഒറ്റയടിക്ക് കിട്ടും .…”
ഇരുനൂറു പേജുള്ള ഒരു നോട്ടു ബുക്ക്‌ നിറയെ വന്നവർ ലാഭപ്പെരുമഴയുടെ കണക്കുകൾ പഴയ അച്ചടിശാലയിൽ അക്ഷരങ്ങൾ നിരത്തുന്നതുപോലെ കണ്ടയാളും ഭാര്യയും അന്തം വിട്ട് കുന്തം വിഴുങ്ങിയിരുന്നു .….
പിന്നെ അമാന്തിച്ചില്ല …ഉണ്ടായിരുന്ന കുറെ നല്ല ആടുകളെ വിറ്റും കുറെ കടം വാങ്ങിയും ശാന്തയുടെ ആകെയുണ്ടായിരുന്ന ഒരു സ്വർണ്ണ വളവിറ്റും ലക്ഷം സ്വരൂപിച്ചു മാഞ്ചിയംകാർക്ക് കൊടുത്തു.…
ഇനിയും സ്വസ്ഥമായിട്ടു പ്രവർത്തിക്കാമല്ലോ എന്ന് വിചാരിച്ചു …ലക്ഷങ്ങളല്ലേ വരാൻ പോകുന്നത്.…
ഇതൊക്കെ പ്രവർത്തിക്കുന്ന പ്രസ്ഥാനം അറിയാതെയാണ് കേട്ടോ.…
ഭാര്യയുടെ പേരിലാണ് മാഞ്ചിയം പദ്ധതിയിൽ ചേർന്നതും.
നാളുകൾ കൊഴിഞ്ഞപ്പോൾ മാഞ്ചിയംകാരുടെ ഒരനക്കവുമുണ്ടായില്ല …. മാത്രമല്ല…
അവരെക്കുറിച്ചൊരു വിവരവുമില്ല…സ്വകാര്യമായി അന്വേഷിച്ചു മടുത്തപ്പോൾ മാഞ്ചിയം മൂഞ്ചിയതായയാൾ അറിയുന്നു.…
ആട് കിടന്നിടത്തു പൂടപോലും ഇല്ലാത്തത് മിച്ചവും .…..
കൈയിലിരുന്ന വളയും പോയി .. കൂട്ടിലുണ്ടായിന്ന ആടും പോയി…….കടവും…
ആ കലിപ്പിൽ അയാൾ പ്രസ്ഥാനത്തിനുവേണ്ടി “ഇങ്കിലാബ് ” ഉറക്കെ വിളിച്ചു പ്രധിഷേധം തീർത്തു .….
ആയിടെയുണ്ടായ ഹർത്താലിൽ തുറന്നു കിടന്ന പീടിക അടിച്ചു തകർത്തു ..നിരത്തിലോടിയ വാഹനത്തിന്റെ ടയറിന്റെ കാറ്റഴിച്ചു വിട്ടു… ജീവിതത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പരാജയത്തിന്റെ ബഹിർസ്ഫുരണങ്ങളായിരിന്നു അതൊക്കെയെന്ന് അയാൾക്കും അറിയാമായിരുന്നു..
ഇതെവിടെയെങ്കിലുമൊക്കെ തീർക്കേണ്ടേ….?
പണ്ട് കാലത്തെ ഒരു പഴമൊഴി പ്രകാരം ..‘കാമം കഴുത കരഞ്ഞു തീർക്കും ’ എന്നതുപോലെ…….
പിന്നെ കുറേനാളുകൾക്ക് ശേഷം ആണ് അടുത്ത ഒരു സംഭവം സുകേശന്റെയും ശാന്തയുടെയും ജീവിതത്തിൽ നടക്കുന്നത് ….
അയല്പക്കത്തെ മേരിചേടത്തിയുടെ വീട് പുതുക്കിപ്പണിയുന്നത്‌ ശാന്ത അറിയുന്നത് …ഇവർ ശരിക്കും കടക്കെണിയിലായിരുന്നല്ലോ …?..
.അവൾക്കിരിക്കപ്പൊറുതി കിട്ടിയില്ല …അന്വേഷണത്തിനൊടുവിൽ ഒരു കാര്യം മനസിലായി …അവർ ആരുടെ കൂടെയോ പുതിയ ഒരു പദ്ധതിയിൽ ചേർന്നിരിക്കുന്നു.…!!
‘ആട് ബിസിനസ്’
“നമ്മൾ ഒന്നും അറിയേണ്ട കാര്യമില്ല …ഒരു തുക കൊടുക്കുക .…ആടിനെ വാങ്ങി ..പരിപാലിച്ചു…ലാഭമെടുത്തു …അതും വമ്പൻ ലാഭം …അത് നമുക്ക് ആറുമാസങ്ങൾ കഴിയുമ്പോൾ മാസാ മാസം അവർ നമ്മുടെ കൈകളിൽ എത്തിച്ചു തരും ”
.…അങ്ങനെ കിട്ടിയ തുകയാണിത്…
കള്ളി ചേടത്തി…
ഇതൊക്കെ ഒന്ന് പറയേണ്ടേ.…
ഏറെ നിർബന്ധിച്ചപ്പോഴാണ് ചേടത്തി ശാന്തയോട് ആ രഹസ്യം പറഞ്ഞത് തന്നെ…ഇളയ മരുമകന്റെ ചില സുഹൃത്തുക്കളാണ് ഇതിന്റെ നടത്തിപ്പുകാരെന്നതും……..
പിന്നെ വൈകിയില്ല,
ശാന്ത, സുകേശന്റെ അടുത്ത് കാര്യം ഭംഗിയായി അവതരിപ്പിച്ചു …
“ഇനി ഒന്നും നോക്കാനില്ല.…വേറെ ആരെങ്കിലും അറിയുന്നതിന് മുൻപ്…”
കുറെയൊക്കെ ആലോചിച്ചെങ്കിലും തെളിവുകൾ അനുകൂലമായിരുന്നു…
ശരിയാണ്.. മേരിചേടത്തിയുടെ സാമ്പത്തിക നില ഈയിടെയായി പുരോഗമിച്ചിട്ടുണ്ട് …വീട് പുതുക്കുന്നു…മോഡി കൂടുന്നു…
ഇപ്പൊ ഒരു തുക കടമെടുത്തായാലും മുടക്കിയാൽ ആറ് മാസം കഴിയുമ്പോൾ തൊട്ട് പ്രതീക്ഷിക്കാത്തത്ര ലാഭ വിഹിതം കൈ നീട്ടി വാങ്ങിയാൽ മാത്രം മതി…
ആശ്രയമായ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വസ്തു പണയം വെച്ച് രണ്ടു ലക്ഷം രൂപ തരപ്പെടുത്തി ഇടപാടുകാർക്ക് കൊടുത്തപ്പോൾ …അവർ ചോദിച്ച ചോദ്യം അയാൾക്കു നന്നേ ഇഷ്ട്ടപ്പെട്ടു .…
” ആറു മാസം കഴിയുമ്പോൾ , ഓരോ മാസവും ആട് ബിസിനസ്സിന്റെ ലാഭ വിഹിതം കൈ നീട്ടി വാങ്ങുന്നത് കൊണ്ട് വല്ല ബുദ്ധിമുട്ടും ഉണ്ടോന്ന്‌…”
“-എന്ത് ബുദ്ധിമുട്ട് …”
കൊടുത്ത തുക ഒരു സ്യൂട്ട് കേസിലാക്കി വന്നവർ പടിയിറങ്ങിയപ്പോൾ…
സുകേശന്റെയുള്ളിൽ നിറയെ പെറ്റുപെരുകിക്കൊണ്ടിരുന്ന ജമുന പ്യാരി ആടുകളും അവയിൽ നിന്നും ലഭിക്കുന്ന ആയിരങ്ങളുടെ വരുമാനവുമായിരുന്നു.
അന്നാണ് അവർ ആദ്യമായി സിദ്ധനെ കാണാനായി ചെല്ലുന്നത്.…..
വലിയ ആളും ബഹളവുമൊന്നുമില്ല…
ആശ്രമത്തിന്റെ വരാന്തയിൽ കുറെ നേരം കാത്തു നിന്നതിനു ശേഷമാണു അകത്തേക്ക് ചെല്ലാനായി അവസരം ലഭിച്ചത്…
സിദ്ധൻ കണ്ണടച്ച് പ്രാര്ഥനയിലായിരുന്നു ..
ശാന്ത കൈകൂപ്പി കണ്ണുകളടച്ചു തൊഴുതു നിന്നു.
‘ഇൻക്വിലാബ് ‘ മാത്രം വിളിക്കാൻ ശീലിച്ച കൈകൾ കൊണ്ട് അവൾ അയാളെക്കൊണ്ട് കൈ കൂപ്പി തൊഴുതു നിർത്തി.…
അയാൾ കണ്ണ് മിഴിച്ചു തന്നെ നിന്നു…
ചെറുപ്പത്തിലല്ലാതെ അയാൾ അമ്പലത്തിൽ പോയിട്ടുണ്ടായിരുന്നില്ലല്ലോ…
സിദ്ധൻ കണ്ണുകൾ തുറന്നു.…
“ഒരുപാട് കടങ്ങൾ ഉണ്ടല്ലേ.”-..
ആ അരുളപ്പാടിൽ അയാളുടെ കണ്ണുകൾ വീണ്ടും പുറത്തേക്കുന്തി …
“ഇതെങ്ങനെ സിദ്ധന് മനസിലായി …”-
അപ്പോഴേക്കും സിദ്ധൻ തുടർന്നു…
ഒരുപാട് വിഷമങ്ങളുമുണ്ടല്ലേ മനസ്സിൽ .….
ശാന്ത ഒരു വിജയിപ്പോലെ’ കണ്ടില്ലേ’ എന്നർത്ഥത്തിൽ അയാളെ പാളി നോക്കി .…
സുകേശന്റെ ചിന്തകളിലേക്ക് കടന്നു വന്നത് രണ്ടു ചോദ്യങ്ങളാണ്
കടം ഇല്ലാത്ത സാധാരണക്കാരുണ്ടോ …?
മനസ്സിൽ ഒരു വിഷമം ഇല്ലാത്തവരായി ഭൂലോകത്തിൽ ആരെങ്കിലും ഉണ്ടാകുമോ…?
അവയ്ക്കുത്തരം അയാൾ തന്നെ കണ്ടെത്തുന്നതിന് മുൻപായി സിദ്ധൻ ഒരു വാഴകീറിൽ ഭസ്മം കൊടുത്തു കഴിഞ്ഞു .…
ശാന്ത അയാളെ തട്ടി ദക്ഷിണ കൊടുക്കാൻ ആവശ്യപ്പെട്ടു…
പോക്കറ്റിൽ കരുതിയിരുന്ന അഞ്ഞൂറിന്റെ നോട്ട് അയാൾ സിദ്ധന്റെ തട്ടിലേക്കിട്ടു…ഒരാഴ്ച അരി വാങ്ങിക്കഴിക്കാനുള്ള പൈസയാണ് .…
പുറത്തിറങ്ങി , പിന്നാലെ വന്ന സിദ്ധന്റെ സഹായിയെ പറഞ്ഞു രക്ഷക്കുള്ള ഏർപ്പാടും ചെയ്‌ത്‌ അതിനുവേണ്ടി രണ്ടായിരം രൂപയും കൊടുത്തു…
‘ഇത് ഏഴു ദിവസത്തെ പൂജയ്ക്കുള്ളതാണ് ‘…സിദ്ധന് ഒന്നും വേണ്ടല്ലോ…
കുറച്ചു ദിവസങ്ങൾക്കു ശേഷം കിട്ടിയ ‘രക്ഷ’ കെട്ടിയ ചരട് ആരും കാണാതെ അയാൾ അരയിൽ ഭദ്രമായി കെട്ടി.…
തന്റെ ജീവിതത്തിൽ പുതിയ ഒരർത്ഥം വന്നത് പോലെ അയാൾക്ക്‌ തോന്നി…
സിദ്ധന്റെ രക്ഷയുടെ ഫലം കണ്ടു തുടങ്ങി…
തലേ ആഴ്ചയെടുത്ത ലോറി ടിക്കറ്റിന് ആയിരം രൂപ സമ്മാനം അടിച്ചിരിക്കുന്നു …ഇന്ന് വരെ ഒരൊറ്റ പൈസ ആ ഇനത്തിൽ കിട്ടിയിട്ടുകൂടിയില്ല…
പിന്നെയും അടുത്തത്…തിരികെ കിട്ടുകയിലായെന്നു ഉപേക്ഷിച്ച രണ്ടായിരം രൂപ രൂപയുമായി അയല്പക്കക്കാരൻ രാവിലെ വീട് വാതില്കൽ …
സിദ്ധനെ നമഹ .…
കൊള്ളാമല്ലോ , രക്ഷയുടെ ഗുണങ്ങൾ .….
ശാന്ത എന്നും ഇപ്പോൾ ആശ്രമത്തിൽ സിദ്ധനെ കാണാൻ പോകാറുണ്ട്…
ഒക്കെ നല്ലതിന് തന്നെ.….

രക്ഷ കെട്ടിയിട്ട് മാസം രണ്ടു മൂന്നായിരിക്കുന്നു …
പുറത്തു പോയിട്ട് തിരികെ വന്ന അയാളുടെ കൈയിൽ അടുത്ത വീട്ടിലെ അമ്മിണിച്ചേച്ചി ഒരു കത്ത് നീട്ടി…
അത് അയാളുടെ ഭാര്യ ശാന്തയുടെയായിരുന്നു …
അതിൽ ഇപ്രകാരം എഴുതിയിരുന്നു …
“ഞാൻ സിദ്ധന്റെ കൂടി പോവുകയാണ് …ലോക ക്ഷേമത്തിന് വേണ്ടി …..ഞങ്ങളെ ഒരിടത്തും അന്വേഷിക്കേണ്ട…താഴത്തെ അമ്മിണിച്ചേച്ചിയുടെ കൈയിൽ നിന്നും അയ്യായിരം രൂപയും കടം മേടിച്ചിട്ടുണ്ട് …അത് കൊടുത്തേക്കണേ…നിങ്ങൾ അരയിലെ രക്ഷ കെട്ടിയ ചരട് കളയാതെ നോക്കണേ…”-
അവളുടെ രക്ഷയും ചരടും.…പല്ലു കടിച്ചയാൾ വാതിൽക്കൽ തളർന്നിരുന്നു.…
പിന്നെ അരയിലെ രക്ഷ കെട്ടിയ ചരട് വലിച്ചു പൊട്ടിച്ചു അടുത്ത പറമ്പിന്റെ വേലിക്കകത്തേക്കെറിഞ്ഞു.….…പിന്നെ കൈ അന്തരീക്ഷത്തിലേക്കുയർത്തി
പലയാവർത്തി ഉറക്കെ വിളിച്ചു ‘ഇൻക്വിലാബ് സിന്ദാബാദ് “-
അയാളുടെ രോഷങ്ങളെല്ലാം ആ മുദ്രാവാക്യത്തിൽ അലിഞ്ഞു ചേരുകയായിരുന്നു. ഇടവേളക്ക് വിരാമമിട്ടുകൊണ്ട് അവിടെ വീണ്ടും ഇൻക്വിലാബ് പൂക്കുകയായിരുന്നു.….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.