21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

ശബരിപ്പാത പദ്ധതി അട്ടിമറിക്കുന്നു; പകരം ആകാശപ്പാത

ബേബി ആലുവ
കൊച്ചി
October 25, 2022 9:17 pm

മലയോര മേഖലയുടെ ചിരകാല സ്വപ്നമായ ശബരി റയിൽപ്പാത പദ്ധതി അട്ടിമറിക്കാൻ ശക്തമായ നീക്കം. 25 വർഷത്തിനു മുമ്പ് നടപടികൾക്ക് തുടക്കമായതും പാലവും പാതയും സ്റ്റേഷനുമടക്കം കുറെ ജോലികൾ പൂർത്തിയായതുമായ പദ്ധതി തള്ളി, അതിന്റെ മൂന്നിരട്ടി ചെലവ് വരുന്നതും ജനങ്ങൾക്ക് പ്രയോജനമില്ലാത്തതുമായ മറ്റൊരു പദ്ധതിക്കായാണ് നീക്കം തകൃതിയാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാരും, തുടക്കം മുതൽ ശബരി പദ്ധതിക്ക് തുരങ്കം വയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പണച്ചാക്കുകളും ഒത്തുചേർന്നുള്ള കളി, ബിജെപി നേതാവും സാങ്കേതിക വിദഗ്ധനുമായ ഇ ശ്രീധരനെ മുൻ നിർത്തിയാണെന്നാണ് വാർത്തകൾ. പമ്പ‑ചെങ്ങന്നൂർ അതിവേഗ ആകാശപ്പാതയ്ക്കു വേണ്ടിയുള്ള ശ്രീധരന്റെ ആവശ്യത്തെ, ശബരി റയിൽപ്പാത പദ്ധതി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നിശിതമായി വിമർശിച്ചിരുന്നു. 187 ലക്ഷം രൂപ മുടക്കി ആകാശപ്പാതയുടെ ലൊക്കേഷൻ സർവേ നടത്തി പദ്ധതി രേഖയ്ക്കുള്ള നടപടികൾ തുടങ്ങിയതാണ് വിവരം.

13,000 കോടി രൂപ ചെലവഴിച്ച് ചെങ്ങന്നൂരിൽ നിന്ന് തുടങ്ങിപമ്പ നദിയിലൂടെയും പെരിയാർ കടുവ സങ്കേതത്തിലൂടെയും കടന്നുപോകുന്ന 75 കിലോമീറ്റർ ഹൈസ്പീഡ് ആകാശപ്പാതയാണ് ശബരി റയിലിന് ബദലായി ലക്ഷ്യമിടുന്നത്. ശബരിപ്പാത തുടങ്ങുന്നത് കാലടിയിൽ നിന്നാണെങ്കിൽ ആകാശ പ്പാത ചെങ്ങന്നൂരിൽ നിന്ന്. ചെലവ് ശബരി പദ്ധതിയുടെ ഏതാണ്ട് നാലിരട്ടി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്നതും അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ നീളം വരുന്നതുമാണ് ശബരി പ്പാത. പദ്ധതി പ്രാവർത്തികമാകുമ്പോൾ ദിവസേന 40, 000 യാത്രക്കാരെ ലഭിക്കുമെന്ന്, പദ്ധതി രേഖയുടെ ഭാഗമായ ഗതാഗത റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിലധികവും ശബരിമല തീർത്ഥാടകരുമായിരിക്കും. മലയോര മേഖലയുടെ വലുതായ വികസനത്തിനും പദ്ധതി ഗണ്യമായ പങ്ക് വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അതീവ താത്പര്യത്തോടെ നിരീക്ഷിക്കുന്ന സ്വപ്ന പദ്ധതികളിലൊന്ന് എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഭാഷ്യം. ആ പദ്ധതിയാണ് ഇപ്പോൾ ധനലോബിയെ തൃപ്തിപ്പെടുത്താൻ പാതിവഴിയിൽ ഉപേക്ഷിക്കാൻ തിരക്കിട്ട് ശ്രമിക്കുന്നത്.

97‑ൽ അനുമതിയായ ശബരി റയിൽപ്പാത പദ്ധതിയുടെ അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴ് കിലോമീറ്റർ പാതയുടെയും കാലടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെയും കാലടി റയിൽവേ സ്റ്റേഷന്റെയും നിർമ്മാണമാണ് 25 വർഷത്തിനുള്ളിൽ പൂർത്തിയായത്. തുടക്കത്തിൽ 550 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ 3,447.35 കോടി രൂപയായി. കാലടി മുതൽ രാമപുരം വരെയുള്ള 63 കിലോമീറ്റർ ദൈർഘ്യം വരുന്ന ഭൂമി മരവിപ്പിച്ചിരിക്കുന്നതിനാൽ വീട് വയ്ക്കാനോ ഭൂമി വില്ക്കാനോ സ്ഥലമുടകൾക്കു കഴിയുന്നില്ല എന്ന പരാതി പ്രബലമാണ്. ഈ ഭാഗത്ത ഭൂമി ഏറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആക്ഷൻ കൗൺസിൽ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല.

ശബരി റയിൽ പദ്ധതി യുടെ കാര്യത്തിൽ കേരളം അലംഭാവം കാണിച്ചെന്ന കേന്ദ്ര റയിൽവേ മന്ത്രിയുടെ പ്രസ്താവന, പദ്ധതി അട്ടിമറിച്ചെന്ന പേരുദോഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനറും മുൻ എംഎൽഎയുമായ ബാബു പോൾ പറഞ്ഞു. റയിൽവേയും കേന്ദ്രവും മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും അംഗീകരിക്കുകയും ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനം തയ്യാറാവുകയും ചെയ്തിട്ടും കേന്ദ്രം ഒളിച്ചുകളി തുടരുകയാണെന്നും ബിജെപി ഇതര സംസ്ഥാന സർക്കാരുകളോട് അനുവർത്തിക്കുന്ന നയത്തിന്റെ ഭാഗമാണ് ഇതെന്നും ബാബു പോൾ കുറ്റപ്പെടുത്തി.

Eng­lish Sum­ma­ry: sabari rail project
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.