മുളകുകള്‍ പലതരമുണ്ട്. അതുകൊണ്ടുതന്നെ ചിലയിനം മുളകുകളോട് ഇഷ്ടവും വേറെ ചിലതിനോട് അനിഷ്ടവും പുലര്‍ത്തുന്നവരുണ്ട്. ഉദാഹരണത്തിന് കുരുമുളക് ഇഷ്ടപ്പെടുന്നവര്‍ വറ്റല്‍ മുളക് ഇഷ്ടപ്പെടണമെന്നില്ല. പക്ഷെ ഒരാള്‍ കുരുമുളക് ഇഷ്ടപ്പെടുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ എരിവിനെ മുഴുവന്‍ ഇഷ്ടപ്പെടാത്ത ആളാണെന്നു വിധിക്കരുത്. ഇതുപോലെ രാമായണങ്ങള്‍ പലതുണ്ട്. അതുകൊണ്ടുതന്നെ പലവിധത്തിലുള്ള രാമായണ സമീപനങ്ങളും ഉണ്ടാവും. പല രാമായണങ്ങളില്‍ ചിലതിനെ ഇഷ്ടപ്പെടുന്നവര്‍ വേറെ രാമായണങ്ങളെ ഇഷ്ടപ്പെടുന്നവരല്ല എന്നതുകൊണ്ട് അവര്‍ രാമായണത്തെ അപ്പാടെ വെറുക്കുന്നവരാണെന്ന് വിധിക്കരുത്, വിധിക്കാന്‍ ആരെയും അനുവദിക്കുകയും അരുത്.
പല രാമായണങ്ങളുള്ള ഭാരതത്തില്‍ വാല്മീകി രാമായണത്തെ ഇഷ്ടപ്പെടാനും അധ്യാത്മ രാമായണത്തെ ഇഷ്ടപ്പെടാതിരിക്കാനും കഴിയുന്നവര്‍ ഉണ്ടാവും. ഈ രണ്ടു രാമായണങ്ങളെയും ഇഷ്ടപ്പെടാതെ തമിഴ് ഭാഷയിലെ കമ്പ രാമായണമോ ഹിന്ദിയിലെ തുളസീദാസ രാമായണമോ ഇഷ്ടപ്പെടുന്നവരും ഉണ്ടാവും. ഇത് വകവച്ചു കൊടുക്കാനുള്ള സന്നദ്ധത ഉണ്ടായിരിക്കുക എന്നതാണ് ചുരുക്കത്തില്‍ മനഃസ്ഥിതിക്കുണ്ടാവേണ്ട ജനാധിപത്യം. മനഃസ്ഥിതിയില്‍ ജനാധിപത്യമുള്ളവര്‍ക്കേ വ്യവസ്ഥിതിയില്‍ ജനാധിപത്യം നിലനിര്‍ത്താനാകൂ. പലതരം മുളകുകളുണ്ടെന്നതു പോലെ പലവിധ രാമായണങ്ങളുണ്ടെന്ന് അംഗീകരിക്കാനാകാത്ത മനഃസ്ഥിതിയുള്ളവരുടെ രാഷ്ട്രീയമോ മതപരമോ ആത്മീയമോ സാംസ്കാരികമോ ആയ ഏതു സംഘ ശക്തിയും ജനാധിപത്യത്തിനും പലവിധ രാമായണങ്ങളുടെ ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിനും വിരുദ്ധമാണ്.
മുളകുകള്‍ പല തരമുണ്ടെങ്കിലും എല്ലാറ്റിലും സാമാന്യമായി എരിവ് എന്ന ഗുണം പൊതുവിലുണ്ടല്ലോ. ഇതുപോലെ പല രാമായണങ്ങളില്‍ പൊതുവേയുള്ള ഗുണമേതാണ് ? ആ ഗുണത്തെ കുടുംബധര്‍മ്മം എന്നു വിളിക്കാം- മനുസ്മൃതിയുടെ ഭാഷയില്‍ ജ്യേഷ്ഠാശ്രമ ധര്‍മ്മം എന്നും പറയാം. ജ്യേഷ്ഠമായ ആശ്രമമായി മനു കാണുന്നത് കുടുംബജീവിതത്തെയാണ്. ഈ നിലയില്‍ കുടുംബജീവിത വ്യവസ്ഥ നിലനില്‍ക്കുവോളം നിലനില്‍ക്കാന്‍ വേണ്ടുന്ന സര്‍ഗാത്മക പ്രകൃതങ്ങളുള്ള സാഹിതീ സംഭവങ്ങളാണ് ഏതു രാമായണവും എന്നു പറയാം.
ചാതുര്‍വര്‍ണ്യ വ്യവസ്ഥ തകര്‍ന്നാലും രാമായണ സാഹിത്യങ്ങള്‍ നിലനില്‍ക്കും; എന്നാല്‍ കുടുംബ ജീവിത വ്യവസ്ഥ ഇല്ലാതായാല്‍ വേരറ്റ വന്മരങ്ങള്‍ പോലെ എല്ലാ രാമായണങ്ങളും വീണടിയും. അതിനാല്‍ രാമായണം ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ സംരക്ഷിക്കുന്ന കൃതിയാണോ എന്നതിനെക്കാള്‍ രാമായണത്തെ സംരക്ഷിക്കുന്നത് കുടുംബ ജീവിത വ്യവസ്ഥയാണ് എന്നു പറയുന്നതാകും കൂടുതല്‍ പ്രസക്തം. അതുകൊണ്ട് വിത്തിനു നല്ല ഭൂമിയെന്നപോലെ രാമായണങ്ങള്‍ക്ക് നന്നായി മുളച്ചുവളര്‍ന്ന് വിളയാടാന്‍ ഇടവരുത്തിയ സനാതനമായ സാമൂഹിക വ്യവസ്ഥ എന്നത് കുടുംബജീവിത വ്യവസ്ഥയാണ് എന്നു പറയാം. കുടുംബജീവിത വ്യവസ്ഥയും തദനുബന്ധമായ മൂല്യങ്ങളുമാണ് രാമായണത്തിന്റെ സനാതന മാഹാത്മ്യത്തിനുള്ള ബാഹ്യകാരണം. ആന്തരിക കാരണം, രാമായണ ഗ്രന്ഥങ്ങള്‍ ചമച്ച ഋഷി കവികളുടെ അതിശയനീയ പ്രതിഭാപ്രഭാവവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.