26 April 2024, Friday

ലങ്ക കത്തിച്ച ശ്രേയസ് ഉയരെ

Janayugom Webdesk
ദുബായ്
March 2, 2022 9:52 pm

ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ശേഷം ടി20 റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ട് രോഹിത് ശര്‍മ. 11 -ാം സ്ഥാനത്തുണ്ടായിരുന്ന താരം രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി. നിലവില്‍ 13-ാം സ്ഥാനത്താണ് രോഹിത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 50 റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ ഇതേ പരമ്പരയില്‍ ഇന്ത്യയുടെ ഹീറോയായി മാറിയ ശ്രേയസ് അയ്യര്‍ റാങ്കിങില്‍ വലിയ കുതിപ്പാണ് നടത്തിയത്. മൂന്നു അപരാജിത അര്‍ധസെഞ്ചുറികളടക്കം 174 സ്‌ട്രൈക്ക് റേറ്റോടെ 204 റണ്‍സ് അടിച്ചെടുത്ത താരം പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു. ഇതോടെ ടി20 ബാറ്റര്‍മാരുടെ പുതിയ റാങ്കിങില്‍ വലിയ മുന്നേറ്റം നടത്താന്‍ ശ്രേയസ് അയ്യര്‍ക്കായി. ഒറ്റയടിക്കു 27 സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയിരിക്കുന്നത്. പുതിയ റാങ്കിങില്‍ ശ്രേയസ് 18-ാമതെത്തുകയും ചെയ്തു. 

പരിക്കിനെ തുടര്‍ന്ന് ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിട്ടുനിന്ന് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും നാല് സ്ഥാനങ്ങള്‍ നഷ്ടമായി. നിലവില്‍ പത്താം സ്ഥാനത്താണ് അദ്ദേഹം. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും രാഹുല്‍ തന്നെ. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു റാങ്കിങില്‍ തിരിച്ചടി നേരിട്ടു. ആദ്യ പത്തില്‍ നിന്നും കോലി പുറത്തായി. 

അഞ്ചു സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹം 15-ാം റാങ്കിലേക്കു വീണു. ടി20 റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ബാബര്‍ അസം (പാകിസ്ഥാന്‍), മുഹമ്മദ് റിസ്‌വാന്‍ (പാകിസ്ഥാന്‍), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), ഡേവിഡ് മലാന്‍ (ഇംഗ്ലണ്ട്), ഡെ­വോണ്‍ കോണ്‍വെ (ന്യൂസിലന്‍ഡ്) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ആ­രോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ), റാസി വാന്‍ ഡര്‍ ഡസ്സന്‍ (ദക്ഷിണാഫ്രിക്ക), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലന്‍ഡ്) എന്നിവരാണ് എട്ട് വരെയുള്ള സ്ഥാനങ്ങളില്‍. ശ്രീലങ്കയ്ക്കെതിരേ ഇതേ പരമ്പരയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ബൗളര്‍മാരുടെ റാങ്കില്‍ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം 17-ാമതെത്തി.

Eng­lish Summary:Shreyas iyer ranking
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.