22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022

ശ്രീലങ്ക — ഒരു ദ്വീപിന്റെ ദുഃഖം

പി എ വാസുദേവൻ
കാഴ്ച
April 15, 2022 6:00 am

രാമായണത്തില്‍ ലങ്കാദഹനത്തെക്കുറിച്ച് വിശദമായെഴുതിയിട്ടുണ്ട്. ഹനുമാന്‍ കെട്ടിടങ്ങളില്‍ നിന്ന് കൊട്ടാരങ്ങളിലേക്ക് ചാടി തീയിട്ടതും പൂങ്കാവനങ്ങള്‍ പിച്ചിച്ചീന്തിയതും തുടങ്ങി സകല വീരസ്യകഥകളുമുണ്ട്. “അഹമഹമികാധിയാ, പാവകജ്വാലക- ളംബരത്തോളമുയര്‍ന്നു ചെന്നുമുദാ” എന്നാണ് ആചാര്യന്റെ വിവരണം. അന്നതൊരു സല്‍ക്കര്‍മ്മമായാണ് എഴുതിയത്. അഗ്നി ഉയര്‍ന്നത് സന്തോഷത്തോടെ എന്നായിരുന്നു. പിന്നെയും ലങ്കാദഹനങ്ങള്‍ പലതവണ നടന്നു. സിംഹളികളും ‘ഏല’ക്കാരും കൊന്നും തീയിട്ടും നശിപ്പിച്ച രാവണപുരി ഇതാ വീണ്ടും മറ്റൊരു വന്‍ അഗ്നിയിലാണ്. ഇത്തവണ കെടുകാര്യസ്ഥത, അറിവുകേട്, അധികാരത്തിന്റെ അഹങ്കാരം, കുടുംബാധിപത്യം തുടങ്ങിയവയാണ് കാരണം. വെറും സാമ്പത്തിക അധഃപതനമല്ല. അതുകൊണ്ട് അടിത്തറയില്‍ സാമ്പത്തിക തകര്‍ച്ച തന്നെ. ആശുപത്രികളില്‍ സര്‍ജറികള്‍ നടത്താന്‍ സൗകര്യങ്ങളില്ല, മരുന്നില്ല, വൈദ്യുതിയില്ല, വെള്ളമില്ല, കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കടലാസും മഷിയുമില്ല, വാഹനങ്ങളോടാന്‍ പെട്രോളില്ല, ബേക്കറികളില്‍ പാചകവാതകമില്ല, പട്ടാളത്തിന് ശമ്പളം കൊടുക്കാനില്ല, പകുതിയിലധികം ജനങ്ങള്‍ പട്ടിണിയില്‍. ഇതൊരു സ്ഥൂലചിത്രം മാത്രം. ശ്രീലങ്ക കടുത്ത ദൗര്‍ഭിക്ഷ്യത്തിലും ദാരിദ്ര്യത്തിലുമാണ്. രാജപക്സെ കുടുംബം, മന്ത്രിസഭയുടെ 60 ശതമാനവും കയ്യടക്കി, സ്വേച്ഛാധിപത്യപരമായി പെരുമാറിയതോടെ സമ്പദ്ഘടന തകര്‍ന്നു. പുറം വരുമാനത്തിന്റെ 90 ശതമാനം നല്കുന്ന ടൂറിസം നിലംപറ്റി. നല്ല ഹോട്ടലുകളും വാഹനസൗകര്യങ്ങളുമില്ലാത്ത നാട്ടില്‍ ആരുവരും. വരുന്നവര്‍ തന്നെ ചെലവഴിച്ചാലല്ലേ പുറം പണം കിട്ടു. ഒരു കുടുംബം ആകെ സമ്പദ്ഘടനയും രാഷ്ട്രീയ സ്ഥാപനങ്ങളും കയ്യടക്കി. സ്വത്തിന്റെ കേന്ദ്രീകരണം ഉണ്ടായി. മധ്യതല, താഴ്‌തലക്കാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ പോലും ഇല്ലാതായി. അരിയുണ്ടായിട്ടും പാചകവാതകമില്ലാത്തതുകൊണ്ട് ഭക്ഷണത്തിനു വഴിയില്ലാത്തതിന്റെ കഥ പലരും പൊതുമാധ്യമങ്ങളില്‍ പറയുന്നു. കെടുകാര്യസ്ഥതയും അറിവില്ലായ്മയും കുടുംബാധിപത്യവും തന്നെയാണ് രാവണ രാജ്യത്തെ തകര്‍ത്തത്. ഗതികെട്ട ജനം പ്രസിഡന്റ് ഗോതബയയുടെ വീട്ടിനു മുന്നില്‍ കലാപം തുടങ്ങി. പ്രസിഡന്റ് രാജിവയ്ക്കണം എന്നായിരുന്നു ആവശ്യം. പ്രശ്നം പരിഹരിക്കാന്‍ അശക്തനായ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മന്ത്രിമാര്‍ ഒന്നൊന്നായി രാജിവച്ചൊഴിഞ്ഞു. സമ്പദ്ഘടന തകര്‍ന്നപ്പോള്‍ ധനമന്ത്രിയില്ലാത്ത സ്ഥിതിക്ക് കൈകാര്യം ഒരു കമ്മിറ്റിയെ ഏല്പിച്ചു.


ഇതുകൂടി വായിക്കാം; ശ്രീലങ്കയെ ആര്‍ക്കാണ് രക്ഷിക്കാന്‍ കഴിയുക?


ശ്രീലങ്കന്‍ തകര്‍ച്ച പ്രതിരോധമില്ലാത്തതായിരുന്നു. കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങി ആഘോഷിച്ചു. മന്ത്രിസഭ അതൊക്കെ ഉല്പാദനക്ഷമമല്ലാത്ത വിധം ചെലവഴിച്ചതോടെ കടഭാരം കനത്തു. തിരിച്ചടവ് വഴിമുട്ടി. കടക്കെണി മുറുകി, ശ്രീലങ്കന്‍ കറന്‍സി, വിനിമയ നിരക്കില്‍ ഡോളറുമായി 300=1 എന്ന നിലയിലെത്തി. കരിഞ്ചന്തയില്‍ അത് നാനൂറ് ലങ്കന്‍ രൂപയായി. അതോടെ അത്യാവശ്യ ഇറക്കുമതി നിലച്ചു. ഇറക്കുമതിക്ക് ഇത്തരം ഘട്ടത്തില്‍ കൂടുതല്‍ ലങ്കന്‍ രൂപ നല്കേണ്ടിവരുമെന്നാണല്ലോ ധനശാസ്ത്ര പ്രമാണം. നിലവിലുള്ള കടത്തിന്റെ രൂപക്കണക്കിലെ ബാധ്യതയും കൂടി. കടം സര്‍വീസിങ്ങും കൂടി. നാലു രാജപക്സെ സഹോദരങ്ങളും ഒരു മകനും അടങ്ങുന്ന ഭരണകൂടം ഈ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയില്ല. മനസിലാക്കിയാലും പരിഹാരത്തിലെത്താനുള്ള അറിവും ഭരണപരിചയവും അവര്‍ക്കില്ലതാനും. പ്രശ്നങ്ങള്‍ അതീവഗുരുതരമായി കൈവിട്ടുപോയി. സര്‍ക്കാരിന്റെ അറിവില്ലായ്മ തുടക്കം മുതലേ വ്യക്തമായിരുന്നു. വിദേശനാണ്യ കരുതല്‍ വര്‍ധിപ്പിക്കാനായി ഇറക്കുമതി കുറച്ചതോടെ അവശ്യനിവേശങ്ങളില്ലാതെ വ്യവസായ ആരോഗ്യ, ഭക്ഷ്യമേഖലകള്‍ ബുദ്ധിമുട്ടിലായി. കൃഷിക്കാവശ്യമായ നിവേശങ്ങള്‍ കിട്ടാതായി. അതോടെ തൊഴില്‍സാധ്യതയും കുറഞ്ഞു. ഭക്ഷ്യസുരക്ഷ അപകടകരമായതോടെ പൊതുവികാരം സര്‍ക്കാരിനെതിരായി. രാസവളം നിരോധിച്ച്, ഓര്‍ഗാനിക് ഫാമിങ് പ്രചരിപ്പിച്ചതോടെ ഭക്ഷ്യധാന്യ ഉല്പാദനം കുറഞ്ഞതും ദാരിദ്ര്യ വര്‍ധനവിന് കാരണമായി. ഉള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ കയ്യില്‍ പണവും ഇല്ലാതായതോടെ ചിത്രം പൂര്‍ത്തിയായി. സര്‍ക്കാരിന് തത്വാധിഷ്ഠിതമായൊരു ഇറക്കുമതി നയമില്ലായിരുന്നു. ഭക്ഷ്യോല്പാദനം വര്‍ധിപ്പിക്കാതെ അതിന്റെ ഇറക്കുമതി നിരോധിച്ചാല്‍ വിപണിയില്‍ ഉണ്ടാവുന്ന ദൗര്‍ഭിക്ഷ്യം കണ്ടറിയാന്‍ കഴി‍ഞ്ഞില്ല. നെല്ലുല്പാദനത്തില്‍ മാത്രം 45 ശതമാനം കുറവുണ്ടായി. ഓര്‍ഗാനിക് ഫാമിങ്ങിലേക്ക് പെട്ടെന്ന് മാറിയതോടെ വരാന്‍ പോകുന്ന ദൗര്‍ഭിക്ഷ്യം വിദഗ്ധര്‍ പ്രവചിച്ചിരുന്നു. അത്രത്തോളം അറിയാനുള്ള അറിവും വകതിരിവും രാജപക്സെ കുടുംബത്തിനില്ലായിരുന്നു. ഇതിനിടയിലും അവര്‍ കുടുംബഭരണം ആഘോഷിക്കുകയായിരുന്നു. സമ്പദ്ഘടന അതോടെ തകര്‍ന്നു തരിപ്പണമായി. അരിവില കുതിച്ചുകയറിയതോടെ അതൊന്നു സ്റ്റെബിലൈസ് ചെയ്യാന്‍ പല രാജ്യങ്ങളെയും സമീപിച്ചു. ഇന്ത്യയില്‍ നിന്ന് മൂന്ന് ലക്ഷം ടണ്‍, മ്യാന്മറില്‍ നിന്ന് ഒരു ലക്ഷം ടണ്‍ അരി, ചൈന 2,000 ടണ്‍ അരി നല്കി. ഇതിനുപുറമെ ഇന്ത്യ 2.4 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായമായി വാഗ്ദാനം ചെയ്തു. ചൈന 2.8 ബില്യണ്‍ ഡോളര്‍ സഹായവുമായെത്തി. ഇതിനുപുറമെ ഇപ്പോള്‍ ശ്രീലങ്ക ഐഎംഎഫിന്റെ പടിക്കല്‍ എത്തിനില്ക്കുകയാണ്. ഐഎംഎഫിന്റെ കടം കിട്ടിയാലും ചെലവു ചുരുക്കുക, നികുതി വര്‍ധിപ്പിക്കുക എന്ന നിര്‍ദേശം അവര്‍ വയ്ക്കും. ഇതു രണ്ടും ഇപ്പോഴത്തെ അവസ്ഥയില്‍ ലങ്കന്‍ കുഴപ്പം അപകടകരമായ അവസ്ഥയിലെത്തിക്കും. കടം വേണോ ഇതു ചെയ്യണം. ഇത് രണ്ടും അനുസരിച്ചാല്‍ സമ്പദ്ഘടന തകരും.


ഇതുകൂടി വായിക്കാം; ശ്രീലങ്ക: രാഷ്ട്രീയ പ്രതിസന്ധിയായി മാറിയ സാമ്പത്തിക കുഴപ്പം


ലങ്കന്‍ കുഴപ്പം തീരുന്നമട്ടില്ല. വന്‍കടം കൊണ്ട് നടപ്പിലാക്കിയ പദ്ധതികള്‍ മിക്കതും പ്രത്യുല്പാദനപരമല്ലാത്തതിനാല്‍ തിരിച്ചടവ് ബാധ്യത പൊതുജനങ്ങളിലായി. കാര്‍ഷിക‑വ്യാവസായിക മേഖലകളില്‍ ഉല്പാദനവര്‍ധന ഉണ്ടായതുമില്ല. ലങ്കന്‍ പ്രതിസന്ധിയുടെ അടിസ്ഥാന സ്വരൂപമിതാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ‘ഭക്ഷ്യ അടിയന്തരാവസ്ഥ’ നിലവില്‍ വന്നു. പാചകവാതകം, ധാന്യങ്ങള്‍, മരുന്ന് തുടങ്ങിയവയൊന്നും ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യ കരുതലും ഇല്ലാതായതോടെ പ്രശ്നം അപരിഹാര്യമായ സ്ഥിതിയിലായി. അത്യാവശ്യങ്ങളൊന്നും കിട്ടാതായതോടെ പ്രശ്നത്തിന്റെ രൂപം തെരുവു കലാപങ്ങളിലെത്തി. ഒരു ചായയ്ക്ക് 150 രൂപ. പെട്രോള്‍ ലിറ്ററിന് 540 രൂപ. പച്ചക്കറി വിലയൊക്കെ ഉയര്‍ന്നുകൊണ്ടേയിരുന്നു. പലതും പണം കൊടുത്താലും കിട്ടാനില്ലാതായി. പണിയില്ലാതായതോടെ കൊടുക്കാന്‍ പണവും ഇല്ല എന്ന സ്ഥിതി വന്നു. ഒരു വീണ്ടെടുക്കല്‍ എളുപ്പമല്ല. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നു വാങ്ങിയ കടം ധൂര്‍ത്തടിച്ചും പ്രത്യുല്പാദനശേഷിയില്ലാത്ത വന്‍ പദ്ധതികളില്‍ ഇറക്കിയും ഋണഭാരം ദുസ്സഹമാക്കി. 2009ലെ യുദ്ധശേഷം ശ്രീലങ്ക കുറേയൊക്കെ ഭേദപ്പെട്ടതായിരുന്നു. സ‍ഞ്ചാരികള്‍ ധാരാളമായി വന്നു. വന്‍കിട ഹോട്ടലുകളും ഇടത്തരം വ്യാപാരവും സമൃദ്ധമായി വന്നു. എന്നാല്‍ അതൊക്കെ നൈമിഷികമായിരുന്നു. 2011 ലെ 9.1 ശതമാനം വളര്‍ച്ചയില്‍ നിന്നും 2019 ആയപ്പോഴേക്കും വളര്‍ച്ചനിരക്ക് 2.9 ശതമാനമായി പതിച്ചു. ചൈനീസ് സഹായത്തോടെ ആരംഭിച്ച വന്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ പ്രയോജനമില്ലാതായി. മഹിന്ദ രാജപക്സെ, ചൈനീസ് സഹായത്തോടെ ആരംഭിച്ച ഹംബന്‍ടോട്ട തുറമുഖം അമ്പേ അബദ്ധമായിരുന്നു. തിരിച്ചടവിനു ഗതിയില്ലാതെ വന്നപ്പോള്‍ ഈ തുറമുഖം 99 വര്‍ഷത്തേക്ക് ചൈനയുടെ അധീനതയിലായി. പൊതുകടം കൂടി. ഇന്ന് പൊതുകടം ജിഡിപിയുടെ 119 ശതമാനമാണ്. വിദേശനാണ്യ ശേഖരം ശോഷിച്ചു. അത്യാവശ്യ ഇറക്കുമതിക്കും വഴിയില്ലാതായി. ഈ വര്‍ഷം ഇവര്‍ 690 കോടി ഡോളര്‍ വിദേശകടം തിരിച്ചടയ്ക്കണം. അതിന്റെ പകുതിപോലും കയ്യിലില്ല. അവിടത്തെ പ്രധാന പാര്‍ട്ടികളായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയും നിയന്ത്രിക്കുന്നത് രാജപക്സെ കുടുംബമാണ്- പ്രധാനമായും മഹിന്ദ രാജപക്സെയും ഗോതബയ രാജപക്സെയും. അന്തംവിട്ട അഴിമതി, അധികാര കേന്ദ്രീകരണം, വിവരമില്ലാത്ത നാടുവാഴികള്‍, അസ്വസ്ഥരായ ജനത- ഒരു നാട് തകരാന്‍ ഇനിയെന്തുവേണം. മറ്റൊരു ലങ്കാദഹനമാണ് സംഭവിക്കുന്നത്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.