26 April 2024, Friday

ഇതുവരെ കണ്ടിരുന്നത് ട്രെയിലര്‍; പിക്ചര്‍ അഭി ബാക്കി ഹെ

Janayugom Webdesk
അബുദാബി
October 23, 2021 2:21 pm

ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഫോര്‍മാറ്റാണ് ടി20 ക്രിക്കറ്റ്. ലോകകപ്പ് ഈ മാസം 17ന് ആരംഭിച്ചെങ്കിലും സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. എന്നാല്‍ ഇപ്പോഴിതാ ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഗ്രൂപ്പ് 1 ലെ ഓസ്ട്രേലിയ‑ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് സൂപ്പര്‍ 12ന് തുടക്കമാകുക. വൈകിട്ട് 3.30നാണ് മത്സരം. ഇന്ന് തന്നെ നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ഇംഗ്ലണ്ട് നേരിടും. വൈകിട്ട് 7.30ന് ദുബായില്‍ വച്ചാണ് മത്സരം.

ഗ്രൂപ്പ് എയില്‍ നിന്ന് ശ്രീലങ്കയും ഗ്രൂപ്പ് ബിയില്‍ നിന്ന് സ്‌കോട്‌­ലന്‍ഡും ബംഗ്ലാദേശും യോഗ്യത നേടിക്കഴിഞ്ഞു. നിലവില്‍ ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ നേരത്തെതന്നെ യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞുവന്ന ബംഗ്ലാദേശും ഈ ഗ്രൂ­പ്പിലാണ്. ഗ്രൂപ്പ് ര­ണ്ടി­ല്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ് എന്നിവരാണുള്ളത്.

ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ടീം:
ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ബിജോൺ ഫോർട്ടുയിൻ, റീസ ഹെൻഡ്രിക്സ്,
ഹെൻറിക് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മർകരം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ,
ലുങ്കി എൻഗിഡി, അൻറിച്ച് നോർട്ജെ, ദ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, തബ്രൈസ് വാനി.

ഓസ്‌ട്രേലിയ ടി 20 ലോകകപ്പ് ടീം:
ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍,
മാത്യു വേഡ്, ജോഷ് ഇന്‍ഗിലിസ്, ആഷ്ടന്‍ അഗര്‍, ആദം സാംബ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്,
ഡാനിയേല്‍ ക്രിസ്റ്റ്യന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്വെപ്‌സന്‍.

കന്നിക്കിരീടത്തിനായി ദക്ഷിണാഫ്രിക്കയും തിരിച്ചുവരവിനായി കംഗാരുക്കളുമിറങ്ങുന്നു

 

മരണഗ്രൂപ്പായ ഗ്രൂപ്പ് 1ല്‍ ആണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമുള്ളത്. അതിനാല്‍ തന്നെ വിജയിച്ചുതുടങ്ങിയാല്‍ മാത്രമേ മുന്നോട്ടുള്ള കുതിപ്പിന് സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയൂ എന്ന ബോധത്തോടെയായിരിക്കും ഇരുവരും ഇറങ്ങുക. ലോകകപ്പില്‍ പലപ്പോഴും മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചിട്ടും ഒരു ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല. വമ്പനടിക്കാരനായിരുന്ന എബി ഡിവില്ലിയേഴ്സും മുന്‍ ക്യാപ്റ്റനായിരുന്ന ഫാഫ് ഡുപ്ലെസിയുമില്ലാതെ ഒരു പിടി യുവതാരങ്ങളുമായാണ് ദക്ഷിണാഫ്രിക്കയിറങ്ങുന്നത് സമകാലീന ക്രിക്കറ്റിലെ ടി20 യിലെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. തൊണ്ണൂറുകളുടെ ആരംഭം മുതൽ ദക്ഷിണാഫ്രിക്ക ക്രിക്കറ്റിൽ മുൻനിര ടീമാണെങ്കിലും ഒരു ലോകകപ്പ് കിരീടമെന്ന നേട്ടം ഇപ്പോഴും അവർക്ക് അന്യമാണ്. അതുകൊണ്ടുതന്നെ ഇത്തവണ യുഎഇയിൽ നടക്കുന്ന ലോകകപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും അവരെ തൃപ്തരാക്കില്ല. 2014 ലോകകപ്പിൽ അവർ നാലാം സ്ഥാനം നേടിയതാണ് ടി20 ലോകപോരാട്ടത്തിൽ അവരുടെ മികച്ച പ്രകടനം.

മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ഇന്ത്യയോട് പരാജയപ്പെട്ടു. അതേ സമയം കരുത്തരായ പാകിസ്ഥാനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

കരുത്തരായ താരനിരയാണെങ്കിലും ഓസ്‌ട്രേലിയയുടെ ഉറക്കം കെടുത്തുന്നത് താരങ്ങളുടെ ഫോമാണ്. ഓപ്പണിങ്ങില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഫോമിലല്ലെന്നതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വാര്‍ണര്‍ക്ക് സന്നാഹ മത്സരങ്ങളിലും തിളങ്ങാനായിട്ടില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാനും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരവുമാണ് വാര്‍ണര്‍. എന്നാല്‍ സമീപകാലത്തെ ഫോം ആശങ്കപ്പെടുത്തുന്നതാണ്.

ENGLISH SUMMARY:t20-cricketmatch-starts
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.