26 April 2024, Friday

ലക്ഷ്യം ഫിലിംമേക്കര്‍

മഹേഷ് കോട്ടയ്ക്കൽ
March 12, 2023 4:26 pm

സിനിമ എന്താണോ പറയാന്‍ ആഗ്രഹിക്കുന്നത് അത് സസ്‌പെന്‍സ് ചോരാതെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന രീതിയില്‍ ടൈറ്റിലുകള്‍ ഒരുക്കി ശ്രദ്ധനേടുകയാണ് വിനീത് വാസുദേവന്‍. ഈയിടെ തിയേറ്ററുകളിലെത്തിയ ‘വെടിക്കെട്ടി‘ന്റെ ടൈറ്റിലും വിനീത് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം ‘കുറുപ്പി‘ന്റെ ടൈറ്റിലും ഏറെ ശ്രദ്ധനേടിയിരുന്നു. കുറ്റാന്വേഷണ രംഗത്തെ മുഖ്യതെളിവായ വിരലടയാളത്തില്‍ തന്നെ കുറുപ്പ് എന്ന പേര് ഒരുക്കിയത് സിനിമ ആസ്വാദകര്‍ക്കിടയിലും ചര്‍ച്ചയായി മാറി. ‘കാമുകി’, ‘വിജയ് സൂപ്പറും പൗര്‍ണമിയും’, ‘ബ്രദേഴ്‌സ് ഡേ’, ‘കുറുപ്പ്’, ‘കാപ്പേള’, ‘പ്യാലി’, ‘പഴഞ്ചന്‍ പ്രണയം’, ‘ഗോഡ്‌സ് ട്രാവല്‍’, ‘വെടിക്കെട്ട്’, ‘ഏകന്‍ അനേകന്‍’ എന്നീ ചിത്രങ്ങളില്‍ ടൈറ്റിലും പോസ്റ്ററും കൂടാതെ ‘കുമ്പളങ്ങി നൈറ്റ്‌സ്’, ‘ജോസഫ്’ എന്നീ ചിത്രങ്ങളില്‍ ആര്‍ട്ട് വിഭാഗത്തിലും ഭാഗമായി. മണലിപ്പറമ്പില്‍ വാസുദേവന്‍ ശാന്തകുമാരി ദമ്പതികളുടെ മകനാണ് വിനീത്. വൈശാഖ്, നീതു എന്നിവര്‍ സഹോദരങ്ങളാണ്. 10 വര്‍ഷത്തോളമായി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനീതിന് സ്വന്തം തിരക്കഥയില്‍ ഒരു സിനിമ എന്നതാണ് സ്വപ്‌നം. തന്റെ സിനിമ സ്വപ്‌നങ്ങള്‍ ജനയുഗത്തോട് പങ്കുവയ്ക്കന്നു.

ടൈറ്റില്‍ ഡിസൈനുകളിലേക്ക് കൂടുതല്‍ ശ്രദ്ധ ?

സത്യത്തില്‍ പോസ്റ്ററുകളായാലും ടൈറ്റിലുകളായാലും രണ്ടും ഞാന്‍ ചെയ്യാറുണ്ട്. രണ്ടും ഒരു പോലെ കൊണ്ടു പോകാനാണ് എനിക്ക് ആഗ്രഹം. കൂടുതലും ടൈലുകളിലൂടെയാണ് ഞാന്‍ മേഖലയില്‍ അറിയപ്പെടുന്നത്. ചെയ്തവയെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു എന്ന് അറിയുമ്പോളും സമൂഹമാധ്യമങ്ങളില്‍ അടക്കം അവ ഷെയര്‍ ചെയ്യുമ്പോഴും പറയാന്‍ കഴിയാത്തത്ര സന്തോഷമാണ്. ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ വലിയൊരു ഭാഗവും ടൈറ്റിലും പോസ്റ്ററും ഞാന്‍ തന്നെയാണ് ചെയ്യുന്നത്.

കുറുപ്പ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഏറെ ശ്രദ്ധനേടിയിരുന്നു?

ശരിയാണ് കുറുപ്പിന്റെ ടൈറ്റില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍, ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരു ചിത്രം. അതും ആളുകള്‍ ഏറെ ആകാംക്ഷാപൂര്‍വ്വം നോക്കിക്കണ്ട സുകുമാര കുറിപ്പിന്റെ കഥ. ആ ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും, ടൈറ്റില്‍ ശ്രദ്ധ നേടിയതും എന്റെ കരിയറിലെ തന്നെ വലിയൊരു ഭാഗമായി കാണുന്നു. സംവിധായകന്‍ ശ്രീനാഥ് ഏട്ടന്റെ സജഷന്‍ ആയിരുന്നു ഫിഗര്‍ പ്രിന്റ് ഉപയോഗിച്ചുള്ള ടൈറ്റില്‍.

സ്വന്തം തിരക്കഥയില്‍ ഒരു സിനിമ?

തീര്‍ച്ചയായും സ്വന്തമായൊരു സിനിമ അതൊരു സ്വപ്‌നം തന്നെയാണ്. തിരക്കഥകളുടെ എഴുത്ത് നടന്ന് കൊണ്ടിരിക്കുകയാണ്. ഡിസൈനിങ്ങിന്റെ കൂടെ തന്നെ തിരക്കഥകളുടെ ചര്‍ച്ചയും നടക്കുന്നുണ്ട്. ബിഗ് സ്‌ക്രീനിന് മുന്നോടിയായി ‘തൈര്’ എന്ന പേരില്‍ ഒരു സീരീസ് അടുത്ത് തന്നെ പുറത്തിറങ്ങും. അത് പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന് വിശ്വാസത്തിലാണ് ഞാനും സുഹൃത്തുക്കളും. ഒരു ഫിലിംമേക്കറാവുക എന്നതുതന്നെയാണ് എന്റെ വലിയൊരു സ്വപ്‌നം. വൈകാതെ അത് സംഭവിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

അടുത്ത ചിത്രം?

ആറില്‍ പരം ചിത്രങ്ങള്‍ ഇറങ്ങാനുണ്ട് അവയുടെ ടൈറ്റിലുകളും പോസ്റ്ററുകളും ഞാന്‍ തന്നെയാണ് ഒരുക്കിയിരിക്കിയിട്ടുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളടക്കം വരും ദിവസങ്ങളില്‍ പുറത്തിറങ്ങും.

ഫാമിലി സപ്പോര്‍ട്ട് ?

പറഞ്ഞറിയിക്കാന്‍ പറ്റാത്തതിലും അപ്പുറത്താണ് ഫാമിലി എനിക്ക് തരുന്ന സപ്പോര്‍ട്ട്. പഠിത്തം കഴിഞ്ഞ് സിനിമ സ്വപ്‌നം കണ്ട് നടന്ന എനിക്ക് പൂർണ സപ്പോർട്ടുമായി കട്ടയ്ക്ക് കൂടെ തന്നെ ഉണ്ടായിരുന്നു എന്റെ ഫാമിലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.