June 6, 2023 Tuesday

സ്ലാപ്സ്റ്റിക് കോമഡി കാഴ്ചകൾ ആർക്കുവേണ്ടി

ഡോ. രശ്മി അനില്‍കുമാര്‍
January 16, 2022 7:18 am

ജീവ് പാഴൂരിന്റെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ ദിലീപ് എന്ന താരത്തിന്റെ വേഷപ്പകർച്ചകളെയാണ് ആവിഷ്ക്കരിക്കുന്നത്. സാമ്പത്തിക ബാധ്യതകൾ പേറുന്ന തറവാടും വീടിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രാരാബ്ദപ്പെടുന്ന കുടുംബനാഥനും അയാളുടെ അമളികളും എന്ന, ആവർത്തന വിരസമായിത്തീർന്ന പശ്ചാത്തലത്തിൽ തന്നെയാണ് കേശു നിർമ്മിക്കപ്പെട്ടത്.
ഒരു ദിലീപ് ചിത്രത്തിൽ നിന്നു പ്രതീക്ഷിക്കാവുന്ന നർമങ്ങളും ആഘോഷങ്ങളും ചേർത്തൊരുക്കിയ സിനിമയാണ് ‘കേശു ഈ വീടിന്റെ നാഥൻ’. കാരിക്കേച്ചർ സ്വഭാവമുള്ള കേശുവും അയാളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളും അവയിലൂടെ കേശുവിനുണ്ടാകുന്ന പരിവർത്തനവുമാണ് സിനിമയുടെ പ്രമേയം. ഒട്ടും ടെൻഷനടിക്കാതെ കുടുംബവുമൊത്ത് കണ്ടിരിക്കാവുന്ന ചിത്രം എന്ന നിലയിൽ പരിചരിച്ചിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. അച്ഛന്റെ ചിതാഭസ്മം നിമജ്ഞനത്തിന് രാമേശ്വരം പോകുന്ന കേശു തനിക്ക് ലോട്ടറിയടിച്ചതിനെത്തുടർന്ന് കാട്ടിക്കൂട്ടുന്ന വെകിളിത്തരങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

മധ്യവയസു പിന്നിട്ട കേശുവിന്റെ പല തരത്തിലുള്ള പ്രകടനങ്ങൾ ചിത്രത്തെ ആകർഷകമാക്കാൻ വേണ്ടി ഉള്ളതാണെങ്കിലും സാമാന്യമായി പ്രേക്ഷകനെ ബോറടിപ്പിക്കുന്നു.ഒരു ലോട്ടറി അടിച്ചതിന്റെ പേരിൽ നില വിട്ടു പെരുമാറുന്ന കേശു ഭാര്യയെ മർദ്ദിക്കുകയും അയൽവാസിയെ പരിക്കേൽപ്പിക്കുകയും ചെയ്യുക വഴി ക്രിമിനൽ കേസിലെ പ്രതിയായി മാറുകയും ചെയ്യുന്നു. ഒടുവിൽ ഭാഗ്യം പോലെ നഷ്ടപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന ലോട്ടറി ടിക്കറ്റ് കേശുവിന് തിരികെ ലഭിക്കുമ്പോൾ ചിത്രത്തിന്റെ ഹാപ്പി എൻഡിങ്ങും സംഭവിക്കുന്നു.

ദിലീപിന്റെ ഭാര്യ രത്നമ്മയായി ഉർവശി എത്തുന്നു. മക്കളായി നസ്ലൻ, വൈഷ്ണവി എന്നിവരും അളിയന്മാരായി എത്തുന്ന കോട്ടയം നസീർ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളുമാണ് എത്തുന്നത്. മലയാളസിനിമയ്ക്ക് ഏറെ പരിചിതമായ സ്വത്ത് മോഹവുമായി ഭാര്യവീടിന്റെ പരിസരത്തു കറങ്ങുന്ന ടിപ്പിക്കൽ അളിയന്മാരെ ഓർമ്മിപ്പിക്കുന്ന കഥാപാത്രങ്ങൾ മാത്രമായി ഇവർ ചുരുങ്ങിപോകുന്നു. ഇവർക്കൊപ്പം ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, മോഹൻ ജോസ്, ഗണപതി, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലംസുധി, നന്ദുപൊതുവാൾ, അനുശ്രീ, സ്വാസിക, പ്രിയങ്ക, ഷെെനി സാറാ, സീമാ ജി നായർ, വത്സല മേനോൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

പ്രാരാബ്ധക്കാരനായ മൂത്ത സഹോദരൻ, സ്വത്തിന്റെ ഭാഗം ചോദിക്കുന്ന സഹോദരിമാരും അളിയന്മാരും എന്ന ടിപ്പിക്കൽ കുടുംബ കഥയുടെ പ്ലോട്ടിൽ നിൽക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന് പുതുമയോ ഫ്രഷ് കോമഡികളുടെ നിറവോ ഒന്നും അവകാശപ്പെടാനില്ല. അമർ അക്ബർ അന്തോണി മുതൽ കേശു ഈ വീടിന്റെ നാഥൻ വരെയുള്ള നാദിർഷ ചിത്രങ്ങൾ പരിശോധിച്ചാൽ ചിത്രങ്ങളുടെ സ്വീകാര്യത വലിയ അളവിൽ കുറഞ്ഞു വരുന്നത് വ്യക്തമാകും. ‘മേ രാം നാം ഷാജി‘ക്കു ശേഷം കേശുവും നിരാശപ്പെടുത്തുന്നു എന്ന യാഥാർത്ഥ്വത്തെ വിസ്മരിക്കാനാകില്ല. തൊണ്ടിമുതലും ദ്യക്സാക്ഷിയുമെന്ന ചിത്രത്തിലൂടെ പ്രതീക്ഷകൾ നൽകിയ സജീവിന്റെ തിരക്കഥ അതീവ ദുർബലമായിരുന്നു എന്ന യാഥാർത്ഥ്യത്തെയും ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.

ആൾക്കൂട്ടത്തിന്റെ കലയെന്നും സാമ്പത്തികവും സാങ്കേതികതയും സർഗ്ഗാത്മകതയും ഇഴചേരുന്ന കലയെന്നും പറയുന്ന സിനിമയ്ക്ക് ആൾക്കൂട്ടത്തിന്റെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് തന്നെയാണ് ആത്യന്തികമായ ലക്ഷ്യം. കേശുപോലെയൊരു ചിത്രത്തിൽ നിന്നും ഉദാത്തമായ കാഴ്ചാനുഭവങ്ങളൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ലെങ്കിൽ പോലും കാണികളെ പരിഹസിക്കാതിരിക്കുക എന്ന നിലപാട് പോലും ഈ ചിത്രം വിസ്മരിക്കുന്നുണ്ട്, നഷ്ടപ്പെട്ടുപോയ ജനപ്രിയനായകൻ എന്ന ഇമേജ് തിരിച്ചുപിടിക്കാൻ ദിലീപ് എന്ന നടൻ നടത്തുന്ന പ്രകടനങ്ങളായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.